ശിക്കാര്‍

ദൂരേ നിന്ന് തന്നെ ഫാം ഹൌസിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ജീപ്പ് സണ്ണിക്കുട്ടി കണ്ടു. ചേട്ടായിയും കൂട്ടരും അതിരാവിലെ തന്നെ എത്തിയിട്ടുണ്ട്. തലേന്ന് തറവാട്ടില്‍ വച്ച് വനത്തിലേയ്ക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നു. ശിക്കാറിന് പോയിട്ട് കുറേ നാളായി. ചേട്ടായിയുടെ കൂടെയാണെങ്കില്‍ ബഹുരസമാണ്`. ഇരട്ടക്കുഴല്‍ത്തോക്കിന്റെ ഗര്‍ജ്ജനം , ഒപ്പം ചേട്ടായിയുടെ അലര്‍ച്ച. രണ്ടും കൂടിയാകുമ്പോള്‍ ഇര വീണിരിക്കും . അത്ര ഉന്നമാ . ഒരിക്കലും തെറ്റില്ല.

വിചാരിച്ചത് പോലെ ഒരുക്കങ്ങള്‍ നടക്കുകയാണ് ഫാം ഹൌസില്‍ . ചേട്ടായിയുടെ പക്കല്‍ തോക്ക് നാലെണ്ണമുണ്ട്. ഒരെണ്ണത്തിനേ ലൈസന്‍സുള്ളൂ. നിലത്തിരുന്ന് തിര നിറയ്ക്കുകയാണ് ചേട്ടായി.

" ഡാ.. സാധനം കൊണ്ടന്നോടാ സണ്ണിക്കുട്ടീ? " ചേട്ടായി ദൂരെ എവിടേയ്ക്കോ ഉന്നം പിടിച്ചുകൊണ്ട് ചോദിച്ചു. സണ്ണിക്കുട്ടി തോള്‍സഞ്ചി നിലത്ത് വച്ച് മൂന്ന് കുപ്പികള്‍ പുറത്തെടുത്തു. ചേട്ടായി ഒരെണ്ണം തുറന്ന് മണപ്പിച്ച് നോക്കി.

" നമ്മടെ തോട്ടത്തിലെയല്ലേടാ ? "

" ആണ് ചേട്ടായി "

" ഉം ... അതാ നല്ല വാസന. ഈ ഫോറിനൊക്കെ എന്തിനാടാ...ഇത് പോരേ "

ഒരു കവിള്‍ കുടിച്ച് ഇഷ്ടപ്പെട്ടെന്ന ആംഗ്യം കാട്ടി.

" ചേട്ടായി നല്ല മൂഡിലാണല്ലോ "

" ആണെടാ...കാര്യം ണ്ട് "

" എന്തോന്നാ?"

" അവന്‍ പൊങ്ങീട്ട്ണ്ട് ടാ..ആ ഒലഹന്നാന്‍ "

" അവനാ?" സണ്ണിക്കുട്ടിയ്ക്ക് ദേഷ്യം അടക്കാനായില്ല.

" അപ്പോ എങ്ങനാ കാര്യങ്ങളൊക്കെ ചേട്ടായീ?"

" ഡാ..ഈ തോക്ക് കണ്ടാ നീ...ഇതിനൊരു വിശേഷൊണ്ട്... ചുമ്മാ നിറച്ച് വച്ചാ മതി...ഇര താനെ വന്ന് മുന്നെ നിക്കും ... ഒന്ന് ചുടുവോന്നും പറഞ്ഞ്."

" അത് നേരാ " സണ്ണിക്കുട്ടി ചിരിച്ചു.

അയാള്‍ക്ക് ആകെ കോരിത്തരിക്കുന്നുണ്ടായിരുന്നു. ചേട്ടായിയെ കബളിപ്പിച്ച് ആരുമറിയാതെ സ്ഥലം വിട്ടതാണ് ഉലഹന്നാന്‍ . അതിര്‍ത്തിത്തര്‍ക്കവും കുടുംബവഴക്കുമെല്ലാം വേറെയാള്‍ക്കാരുമായിട്ടാണ്. മലമുകളില്‍ ആന്റോസ് എന്നാണ് അവന്റെ പേര്. പക്ഷേ പണി തന്നത് വരുത്തന്‍ ഉലഹന്നാനും ... കൈ നിറച്ച് കിട്ടിക്കാണും . അവന്‍ എന്തൊക്കെ ശ്രമിച്ചിട്ടും ചേട്ടായിയോട് പിടിച്ച് നില്ക്കാന്‍ പറ്റിയില്ല. ഒടുക്കം ഒരു തന്തയില്ലായ്മ കാണിച്ച് പെടുത്തി. ചേട്ടായി അകത്ത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പുല്ല് പോലെ ഇറങ്ങി വന്നു ചേട്ടായി. പൊളിറ്റിക്സിലൊക്കെ അത്ര ഹോള്‍ഡല്ലാരുന്നോ.

വന്നതും അവനെ അന്വേഷിച്ചാണ് ചേട്ടായി പോയത്. അപ്പോഴേയ്ക്കും മംഗലാപുരത്തേയ്ക്കോ മറ്റോ അവന്‍ മുങ്ങിയിരുന്നു. തപ്പിയെടുക്കാന്‍ ചേട്ടായിയ്ക്ക് കഴിയാഞ്ഞിട്ടല്ല. അതല്ല അങ്ങേര്ടെ രീതി. ഇര താനേ മുമ്പില്‍ വരും. എന്നിട്ടാണ് വിധിയെഴുത്ത്. ശവം പോലും കിട്ടില്ലെന്ന് ചുരുക്കം .

രണ്ടാമത്തെ കുപ്പിയും കാലിയാക്കി ഒരു സിഗരറ്റ് കത്തിച്ചു ചേട്ടായി.

" ഡാ സണ്ണിക്കുട്ടീ... എനിക്കറിയാര്‍ന്നെടാ അവന്‍ വരൂന്ന്..വെറുതേയാണോ നമ്മടെ പിള്ളേരെ അവന്റെ പെണ്ണുമ്പിള്ളേന്റെ ചുറ്റും പറത്തിച്ചത്. അവളെക്കാണാന്‍ അവന്‍ വരൂന്ന് നല്ല ഒറപ്പുണ്ടാരുന്നു. നമ്മടെ അവറാനുമായി അവളൊന്ന് അടുപ്പമായെന്നും കേട്ടു...ആണോടാ അവറാനേ? "

ബാഗ് ശരിയാക്കുകയായിരുന്ന അവറാന്‍ ചമ്മിയ ഒരു ചിരി ചിരിച്ചു.

" ഒക്കുമാരുന്നു മൊതലാളീ... മൊതലാളി തടഞ്ഞിട്ടല്ലേ ഞാന്‍ .. "

" ങാ... എനിക്കേ അവനേയാ വേണ്ടത്...അവന്റെ ഭാര്യേനെ അല്ല"

" നീ വരുന്നോടാ വനത്തിലേയ്ക്ക്? "

" വന്നേക്കാം ചേട്ടായീ...ഇവടെരുന്നിട്ടിപ്പോ എന്നാ കാണിക്കാനാ "

" ങാ..എന്നാ പോരേ "

ശിക്കാറിനുള്ള സാമഗ്രികള്‍ നിറച്ച സഞ്ചി സണ്ണിക്കുട്ടി എടുത്തു. ചേട്ടായി അവറാനും കൂട്ടര്‍ക്കും നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് വിട്ടു. എല്ലാം പ്ലാനാണ്. ഉലഹന്നാനെ പൂട്ടാനുള്ള പ്ലാന്‍ .

" നിന്നോട് ഞാന്‍ കാര്യമൊന്നും പറഞ്ഞില്ല..അല്ലേടാ?"

" എന്തോന്നാ ചേട്ടായീ? "

നമ്മള്‍ അവടെയെത്തുമ്പോഴേയ്ക്കും പിള്ളേര്‍ പോയി അവനെ കൊണ്ടരും .."

" അതെങ്ങനാ?"

" കള്ളത്തടി ഏജന്റുമാരാണെന്നും പറഞ്ഞ് അവന്മാര്‍ അവനെ പറഞ്ഞ് ശരിയാക്കീട്ട്ണ്ട്...തടി വിലപേശാന്‍ അവന്‍ വരും ... എന്റെ വായിലോട്ട് " എന്നിട്ട് ചേട്ടായി ആകാശം മുഴങ്ങെ ഒരു ചിരി ചിരിച്ചു.

" അവടെ വച്ച് തട്ടാനാണോ ചേട്ടായീ?"

" അല്ലാതെ വളര്‍ത്താനാന്നോ? "

അവര്‍ ഓരോന്നും പറഞ്ഞ് മല കയറി. കുറേ നടക്കാനുണ്ട് വനം കയറണമെങ്കില്‍ . ദൂരേ നിന്നേ കാണാം ഇരുട്ട് നിറഞ്ഞ മരക്കൂട്ടങ്ങള്‍.

" ഡാ..സണ്ണിക്കുട്ടീ ..." ചേട്ടായി നടത്തം നിര്‍ത്തി വിളിച്ചു. സണ്ണിക്കുട്ടിയും നടത്തം നിര്‍ത്തി എന്താണെന്ന് നോക്കി

" അത് അവളല്ലേടാ? ആ ഒലഹന്നാന്റെ ഭാര്യ? "

" അതേ ചേട്ടായി "

" അവളെന്നായെടുക്കുവാ? "

" ആ "

അവരെ കണ്ടപ്പോള്‍ അവള്‍ ഓടിവന്നു. കരഞ്ഞ് കലങ്ങിയിരുന്നു കണ്ണുകള്‍ . അവള്‍ നേരെ ചേട്ടായിയുടെ കാലില്‍ വീണു.

" മൊതലാളീ...അങ്ങേരോട് പൊറുക്കണം ... ഞാന്‍ പറഞ്ഞതാ വേണ്ടാന്ന്...എന്നിട്ടും അയാള്‍`....എന്നേം പിള്ളേരേം മൊതലാളി ആരുമില്ലാതാക്കര്‌ത്."

" അവന്റെ അടവാ...ചാകുന്നായപ്പോ പെണ്ണുമ്പിള്ളേം പറഞ്ഞ് വിട്ടേക്കണു... " ചേട്ടായി അവളെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു.

" അയ്യോ....അതിയാന്റെ കാര്യമൊക്കെ ഏതാണ്ട് പോലെയാ മൊതലാളീ..എനിക്കൊന്നുമറിഞ്ഞൂടായേ.."

അവള്‍ കരച്ചില്‍ തുടര്‍ന്നു.

" എങ്കിലേ..ഇന്നത്തേം കൂടേയൊള്ളൂ..." ചേട്ടായി.

" അയ്യോ...അതിയാന്‍ പോയാപ്പിന്നെ ഞങ്ങക്കാരുമില്ലേ...."

" നിനക്ക് ഞാനുണ്ടാകൂടീ പെണ്ണേ...നിന്നെ ഞാന്‍ പൊന്ന് പോലെ നോക്കിക്കോളാം .. "

സ്വിച്ചിട്ടപോലെ അവള്‍ കരച്ചില്‍ നിര്‍ത്തി. എന്നിട്ട് ഒന്നും മനസ്സിലാകാത്ത പോലെ നോക്കി.

ചേട്ടായി ഉറക്കെ ചിരിച്ചു. എന്നിട്ട് നടത്തം തുടര്‍ന്നു.

" അവള് കൊള്ളാല്ലേടാ..ആര്‍ക്കും ഒരു മോഹമൊക്കെ തോന്നിപ്പോകും "

" ചേട്ടായി ഇതെന്നാ ഭാവിച്ചാ?

" ഓ..ചുമ്മാ പറഞ്ഞതാഡേ"

സണ്ണിക്കുട്ടി തലചൊറിഞ്ഞ് കൊണ്ട് പിന്നാലെ നടന്നു.

" എന്നാലും ... അവള്ടെ വീടിന് ചുറ്റും സന്ധ്യ കഴിഞ്ഞാ കുറേപ്പേര് കറങ്ങുന്നുണ്ടെന്നാ കേട്ടത് " സണ്ണിക്കുട്ടി പറഞ്ഞു.

" എങ്ങനെ ചുറ്റാതിരിക്കുമെഡാ...അവളൊരു മാലാഖയല്ലേ..നമക്കൊരു കാര്യം ചെയ്യാം അവനെ തട്ടിയേച്ച് അവളെ നമ്മടെ തറവാട്ടിക്കൊണ്ടന്ന് പാര്‍പ്പിക്കാം ..ചുമ്മാ ഒരു നേരമ്പോക്കിനേ "

സണ്ണിക്കുട്ടിയ്ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല.

ഇങ്ങനെയൊക്കെ പറയുമെങ്കിലും ചേട്ടായിയുടെ മനസ്സിലെന്താണെന്ന് ആര്‍ക്കും കണ്ടുപിടിക്കാന്‍ പറ്റില്ല.

വനത്തിനുള്ളിലേയ്ക്ക് കടന്നപ്പോള്‍ വെളിച്ചം കുറഞ്ഞു. പന്തലിച്ച് കിടക്കുന്ന മരച്ചില്ലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം മാത്രം. ചേട്ടായിയ്ക്ക് വനത്തിനുള്ളിലെ വഴികളെല്ലാം കാണാപ്പാഠമാണ്. ഏതിരുട്ടിലും വഴി തെറ്റില്ല. എതിരേ രണ്ട് ഫോറസ്റ്റ്കാര്‍ വരുന്നുണ്ടായിരുന്നു. ചേട്ടായിയെക്കണ്ടപ്പോള്‍ അവര്‍ ചെറുതായി ചിരിച്ച് വഴിമാറി നിന്നു.

" ശിക്കാറിനാരിക്കും മൊതലാളി " അവര്‍ കുശലം പറഞ്ഞു.

" ങാ...വല്ലാത്തൊരു ശിക്കാറിനാ "

അവര്‍ തലയാട്ടിയിട്ട് നടന്നകന്നു. നടന്ന് തളര്‍ന്നപ്പോള്‍ സണ്ണിക്കുട്ടി ഒരു മരച്ചുവട്ടില്‍ ഇരുന്നു. ചേട്ടായി ബാക്കിയുണ്ടായിരുന്ന കുപ്പി തുറന്ന് കുറച്ച് കുടിച്ചു. കോഴിക്കാല്` ചുട്ടെടുത്തതും കൊണ്ടുവന്നിട്ടുണ്ടായിരുന്നു.

" നല്ല എരി " കോഴിക്കാല് കടിച്ച് പറിച്ച് കൊണ്ട് സണ്ണിക്കുട്ടി പറഞ്ഞു. ചേട്ടായി ഒന്നും മിണ്ടാതെ കുടിച്ച് കൊണ്ടിരുന്നു.

" അവന്മാരോടിവടാ വരാന്‍ പറഞ്ഞത്..അടുത്തെങ്ങാനും കാണും " ചേട്ടയി വിരല്‍ നാക്കിനിടയില്‍ തിരുകി ചൂളമടിച്ചു. അപ്പോള്‍ ശിഖരങ്ങളില്‍ ഇരുന്നിരുന്ന പക്ഷികള്‍ പേടിച്ച് പറന്ന് പോയി.

" ഇവടൊണ്ടേ" ആരോ വിളിച്ച് പറഞ്ഞു.

" ഇങ്ങോട്ട് വാടാ"

അഞ്ചാറ് പേരുണ്ടായിരുന്നു അവര്‍ . ഉലഹന്നാനെ കെട്ടിയിട്ടിരിക്കുകയായിരുന്നത് വലിച്ചിഴച്ചാണ് കൊണ്ടുവന്നത്. അവന്‍ പേടിച്ച് പാതി ജീവന്‍ പോയ മട്ടിലായിരുന്നു.

" അഴിച്ച് വിടെടാ പന്നീനെ"

കെട്ടഴിഞ്ഞതും ഉലഹന്നാന്‍ ഓടിവന്ന് ചേട്ടായിയുടെ കാലില്‍ വീണു.

" എന്നെ കൊല്ലരുത് മൊതലാളീ..ഒര് അബദ്ധം പറ്റിയതാണേ "

" ഡാ..ചുമ്മാ ഒന്ന് തോണ്ടിയാ ഞാനങ്ങ് തോറ്റുപോകുന്ന് വിചാരിച്ചോടാ? ഇന്നത്തോടെ നിന്റെ പരുപാടി നിര്‍ത്തിത്തരാ "

ഉലഹന്നാന്റെ കരച്ചില്‍ വലുതായി.

" എണീപ്പിച്ച് നിര്‍ത്തെടാ ശവത്തിനെ" ചേട്ടായി അലറി.

രണ്ട് പേര്‍ ചേര്‍ന്ന് അവനെ പൊക്കിയെണീപ്പിച്ചു. അവന്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ദേഹത്ത് അടി കൊണ്ട പാടുകള്‍ .

ചേട്ടായി തോക്ക് അവന്` നേരെ ചൂണ്ടി. അവന്‍ കിലികിലാ വിറച്ചു. മുഖത്ത് രക്തം വറ്റി.

" ഉം ... ഓടെടാ..." ചേട്ടായി ആജ്ഞാപിച്ചു.

" മൊതലാളീ..എന്നെ കൊല്ലല്ലേ"

" ഓടാനല്ലേടാ പറഞ്ഞേ..ഇല്ലെങ്കി ഇവിടെ വെടിവച്ചിടും "

അവന്‍ പതിയെ ഓടാന്‍ തുടങ്ങി.

" വേഗത്തിലോടെടാ.." ചേട്ടായി അലറി. അവന്‍ ഓട്ടം വേഗത്തിലാക്കി

ഏത് നിമിഷവും മുതുക് തുളയ്ക്കാന്‍ പോകുന്ന വെടിയുണ്ടയെ പ്രതീക്ഷിച്ച്.

പക്ഷേ ചേട്ടായി വെടിവെച്ചില്ല. തോക്ക് താഴെ വച്ചു. തിരിഞ്ഞ് നോക്കി ഓടുകയായിരുന്ന ഉലഹന്നാന് വിശ്വാസം വരാതെ ഓട്ടാം പിന്നേയും വേഗത്തിലാക്കി.

" അവനെ വെറ്തെ വിടുവാന്നോ?" സണ്ണിക്കുട്ടി ചോദിച്ചു

" പോട്ടെടാ..നമ്മള്‍ കാരണം ആ പെണ്ണുമ്പിള്ളയ്ക്ക് ആരുമില്ലാതാകണ്ട..ഇങ്ങനെയൊക്കെയല്ലേടാ നമക്കൊക്കെ വല്ലപ്പോഴും അവസരം കിട്ടുന്നേ" കുപ്പിയില്‍ ബാക്കിയുണ്ടായിരുന്നത് കുടിച്ച് ചേട്ടായി തോക്കെടുത്ത് ആകാശത്തിലേയ്ക്ക് വെടി വച്ചു.

കാട് നടുങ്ങി.

" അവന് ഞാന്‍ വച്ച്ട്ട് ണ്ടെടാ.. ആ മലമുകളില്‍ ആന്റോസിന്"
ശിക്കാര്‍ ശിക്കാര്‍ Reviewed by Jayesh/ജയേഷ് on June 13, 2009 Rating: 5

No comments: