ലസ്സി

"എത്ര പെട്ടെന്നാണ് കാര്യങ്ങള് കുഴഞ്ഞത് "

" ഉം "

" നിനക്കെന്താ ഒരു ഉഷാറില്ലാത്ത പോലെ... ഞാന് വിളിച്ചത് ഇഷ്ടമായില്ലേ ? "

" ഏയ്...നീ എന്താ ഇങ്ങനെയൊക്കെ ... "

" ഓക്കെ...വൈകുന്നേരം കാണില്ലേ ? "

" പക്ഷേ എവിടെ ? "

" കെ ബി ആര് പാര് ക്കില് ..."

" അവിടത്തെ കാര്യം നിനക്കറിയാവുന്നതല്ലേ? "

" അറിയാം ... പക്ഷേ വേറെ എവിടെ വച്ചും നിന്നെ കാണുന്നത് അത്ര സുഖം വരില്ലഡാ "

" ഉം "

" ശെരി..ഞാന് വൈകുന്നേരം വിളിക്കാം ...അപ്പോഴേയ്ക്കും മൂഡ് ശരിയാക്കി വയ്ക്ക് "

" ഉം "

സുമി ഫോണ്‍ കട്ട് ചെയ്തു. അവള്‍ ക്കെന്തോ നല്ല സുഖം തോന്നിയില്ല. പതിവില്ലാത്തതായിരുന്നു രതിപ്രിയയുടെ പ്രതികരണം . സാധാരണ അവള്‍ തന്റെ നമ്പര്‍ കാണുമ്പോള്‍ എന്ത് ഉല്സാഹത്തോടെയാണ്‌ സം സാരിക്കുക. ഇന്നെന്ത് പറ്റിയോ എന്തോ! ചിലപ്പോള്‍ വാലന്റ്റൈന് സ് ഡേയ്ക്ക് സുമേഷിനുണ്ടായ അനുഭവം കേട്ടിട്ടായിരിക്കണം . അവന്‍ കാമുകിയുമൊത്ത് പാര്‍ ക്കില്‍ പോയതായിരുന്നു. പാര്‍ ക്ക് കാവല്‍ ക്കാര്‍ അവരെ അകത്തേയ്ക്ക് വിട്ടില്ല. അവരുടെ വിവാഹം കഴിഞ്ഞതല്ലെങ്കില്‍ ഇങ്ങനെ ഒന്നിച്ച് നടക്കരുതെന്ന് പറഞ്ഞ് വഴക്കുണ്ടാക്കി. സുമേഷ് ജേര്‍ ണലിസ്റ്റ് ആണ്‌. ചോരത്തിളപ്പും ആവോളം ഉണ്ട്. അവന്‍ പ്രശ്നമുണ്ടാക്കി. അപ്പോള്‍ ആരോ കുറേ ആളുകള്‍ ഓടിയെത്തി അവരെ വളഞ്ഞു. പ്രശ്നം അവര്‍ ഏറ്റെടുത്തു.

"ദാറ്റ് ഫക്കിങ് മോറേല്‍ പോലീസ്..അത് തന്നെയായിരുന്നു അവര്‍ ... എന്നാലും ഇത്ര ഭീകരമായി കാര്യങ്ങളെന്ന് ഞാനറിഞ്ഞിരുന്നില്ല." സുമേഷ് ഫോണില്‍ കത്തുകയായിരുന്നു. പ്രശ്നം വഷളായി. അവരെ അപ്പോള്‍ തന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങൂയെന്ന് വന്നവര്‍ . ഒരു തരത്തില്‍ രണ്ട് പേരും രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് സം ഭവം പത്രത്തില്‍ റിപ്പോര്‍ ട്ട് ചെയ്യാന്‍ സുമേഷിനെ സമ്മതിച്ചില്ല. അതില്‍ രോഷം പൂണ്ട് ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് പോയിരിക്കുകയാണ്‌ അവന്‍ .

ഈ വാര്‍ ത്ത കേട്ടപ്പോള്‍ തന്നെ രതിപ്രിയ അപ് സെറ്റ് ആയി. വൈകുന്നേരം കുറേ നേരം ഫോണില്‍ കരഞ്ഞു. വല്ലാതെ പേടിച്ച് പോയിരുന്നു കുട്ടി. തന്റെ സമാധാനങ്ങളൊന്നും അവളുടെ പേടി മാറ്റിയില്ല.

മാസങ്ങള്‍ ക്ക് മുമ്പ് ഒരു പെയിന്റിങ് എക്സിബിഷനില്‍ വച്ചാണ്‌ അവള്‍ രതിപ്രിയയെ കണ്ടുമുട്ടിയത്. പെയിന്റിങിലൊന്നും താല്പര്യമില്ലാത്ത അവള്‍ കൂട്ടുകാരുടെ നിര്‍ ബന്ധത്തിന്‌ വഴങ്ങി വന്നതാണ്‌. ആദ്യകഴ്ചയില്‍ തന്നെ സുമിയ്ക്ക് അവളോട് വല്ലാത്ത വാല്സല്യം തോന്നി. അല്പം കറുത്ത് മിനുസമുള്ള കുട്ടി. എപ്പോഴും വാടിയ ചെമ്പകപ്പൂ പോലെ മുഖം . മെലിഞ്ഞ് ശരാശരി ഉയരം ഉള്ള അവളെ ചുറ്റുമുള്ള ചെറുപ്പക്കാരുടെ കണ്ണുകള്‍ കാര്‍ ന്ന് തിന്നുന്നുണ്ടായിരുന്നു.

അധികം ആരോടും സം സാരിക്കാതെ ഒരോ പെയിന്റിങും അലസമായി നോക്കി നോക്കി നടക്കുകയായിരുന്നു അവള്‍ . സുമി രണ്ട് കപ്പ് ചായ എടുത്ത് അവളുടെ അടുത്തേയ്ക്ക് പോയി.

സ്വയം പരിചയപ്പെടുത്തിയപ്പോളാണ്‌ അവള്‍ ക്ക് ഇത്ര മനോഹരമായി പുന്ചിരിക്കാന്‍ കഴിയുമെന്ന് മനസ്സിലായത്. അവളെക്കുറിച്ചുള്ള സകല മുന്‍ വിധികളും തകര്‍ ത്തെറിയുന്ന പുന്ചിരി.

കൂടുതല്‍ സം സാരിച്ചതില്‍ നിന്നും അവള്‍ നഴ്സിങ് വിദ്യാര്‍ ഥിനിയാണെന്നും വല്ലാത്ത ഏകാന്തത അനുഭവിക്കുന്നവളാണെന്നും എല്ലാം മനസ്സിലായത്.

സുമിയും ഏതാണ്ട് ഒറ്റപ്പെടല്‍ അനുഭവിക്കുകയായിരുന്നു. രതിപ്രിയയുമായി സമയം ചിലവഴിക്കുമ്പോള്‍ അവള്‍ ക്ക് വല്ലാത്ത ആശ്വാസം കിട്ടിയിരുന്നു. സമയം കിട്ടുമ്പോഴെല്ലാം അവര്‍ പരസ്പരം കാണാന്‍ ശ്രമിച്ചു. വൈകുന്നേരങ്ങളില്‍ നഗരത്തില്‍ ചുറ്റിയടിച്ചു. പാര്‍ ക്കിലും ഐസ് ക്രീം പാര്‍ ലറിലുമെല്ലാം മണുക്കൂറുകളോളം സം സാരിച്ചിരുന്നു.

ഒരിക്കല്‍ സുമിയാണ്‌ അവളെ സിനിമയ്ക്ക് കൂട്ടിക്കൊണ്ട് പോയത്. വല്ലാതെ മടിച്ചാണ്‌ അവള്‍ സമ്മതിച്ചത്.

" എനിക്ക് നിന്നോടൊപ്പം വരാന്‍ നാണമാകുന്നു " രതിപ്രിയ പറഞ്ഞു.

" നാണമോ? എന്തിന്‌ ? "

" ആ അറിയില്ല... എന്തോ ഒരു "

സുമിയ്ക്ക് മനസ്സിലായി. ആദ്യമായി അവര്‍ ക്ക് സം സാരിക്കാന്‍ വിഷമമുണ്ടായി. ലോകത്തിലെ എല്ലാ വിഷയങ്ങളും തീര്‍ ന്ന് പോയത് പോലെ. ആദ്യമായി പ്രണയം വെളിപ്പെടുത്തിയ കമിതാക്കളെപ്പോലെ അവര്‍ സിനിമയ്ക്ക് കയറി. ഒന്നും മിണ്ടാതെ, പക്ഷേ പരസ്പരം സാന്നിധ്യം അറിയിക്കാന്‍ വെമ്പല്‍ കൊണ്ട്.

ഒരു പ്രണയസിനിമയായിരുന്നു അത്. നായികയുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച് നായകന്‍ അവളെ ചും ബിക്കാനാഞ്ഞപ്പോള്‍ രതിപ്രിയയുടെ കൈ അറിയാതെ സുമിയുടെ മടിയില്‍ സ്പര്‍ ശിച്ചു. അവര്‍ സിനിമ കാണുന്നത് മതിയാക്കി തിയേറ്റരില്‍ നിന്നിറങ്ങി. അവര്‍ സുമിയുടെ മുറിയിലേയ്ക്ക് പോയി. മുറിയിലെത്തിയപ്പോഴേയ്ക്കും രതിപ്രിയ പനിച്ച് വിറയ്ക്കുന്നുണ്ടായിരുന്നു. പേടിച്ച് പൂച്ചക്കുട്ടിയെപ്പോലെ അവള്‍ സുമിയെ പറ്റിപ്പിടിച്ച് കിടന്നു. അവളെ നന്നായി പുതപ്പിച്ച് മൂര്‍ ദ്ധാവില്‍ ചും ബിച്ചു സുമി. അപ്പോള്‍ അവളുടെ നെന്ചിടിപ്പ് തന്റെ മാറില്‍ സുമിയറിഞ്ഞു.

ഹോസ്റ്റലിലെ താമസം മതിയാക്കി തന്റെ മുറി പങ്കിടാന്‍ സുമി പല പ്രാവശ്യം നിര്‍ ബന്ധിച്ചതാണ്‌. പക്ഷേ രതിപ്രിയയ്ക്ക് സങ്കോചമായിരുന്നു. എല്ലാവരും തന്നെ സം ശയദൃഷ്ടിയോടെ നോക്കുന്നു എന്ന് അവള്‍ പറഞ്ഞു.

" എല്ലാം നിന്റെ തോന്നലാണ്‌ മോളേ.. ഇവിടെ എത്രയോ പെണ്‍ കുട്ടികള്‍ വീട് വാടകയ്ക്കെടുത്ത് ഒന്നിച്ച് താമസിക്കുന്നു. അവര്‍ ക്കൊന്നും ഒരു കുഴപ്പവുമില്ലല്ലോ " സുമി ആവുന്നത്ര പറഞ്ഞ് നോക്കി.

അവള്‍ ഒരു തരത്തിലും വഴങ്ങിയില്ല. ഒടുവില്‍ വാരാന്തങ്ങളില്‍ ഒന്നിച്ചിരിക്കാമെന്ന് രതിപ്രിയ സമ്മതിച്ചു.

അവള്‍ തൊട്ടാച്ചിണുങ്ങിയായിരുന്നു. മുറിയില്‍ വന്നാല്‍ മാറാല തട്ടല്‍ , പാത്രം കഴുകല്‍ , പുസ്തകങ്ങള്‍ അടുക്കി വയ്ക്കല്‍ എന്നിങ്ങനെ തിരക്കിലാകും അവള്‍ . ഭക്ഷണമുണ്ടാക്കുന്നതും അവള്‍ തന്നെ. വൈകുന്നേരം രണ്ട് പേരും പാര്‍ ക്കിലേയ്ക്ക് പോകും . വളരെനേരം സം സാരിച്ചിരിക്കും . ഇരുട്ടായാല്‍ മുറിയിലേയ്ക്ക് പോയി അത്താഴം കഴിച്ച് ഒരു കട്ടിലില്‍ ഒരേ പുതപ്പിനടിയില്‍ ചേര്‍ ന്ന് കിടക്കും .

പക്ഷേ ഒരു ദിവസം പോലും കാണാതിരിക്കാന്‍ തങ്ങള്‍ ക്കാവില്ലെന്ന് വന്നപ്പോഴും രതിപ്രിയ ഹോസ്റ്റലില്‍ തന്നെ തുടര്‍ ന്നു.

ദിവസങ്ങള് കഴിയുന്തോറും തന്റെയുള്ളില് ഒരു കാട്ടുതീ പോലെ രതിപ്രിയ കത്തിപ്പടരുന്നുണ്ടെന്ന് അവളറിഞ്ഞു. അവള് ക്കും അങ്ങിനെ തന്നെയാണെന്ന് തോന്നിയിരുന്നെങ്കിലും ഒന്നും അത്ര പെട്ടെന്ന് തുറന്ന് സമ്മതിക്കുന്ന കൂട്ടത്തിലല്ലായിരുന്നു അവള് . രതിപ്രിയയ്ക്ക് വേണ്ടി എന്തും ചെയ്യാന് തയ്യാറാണ് താനെന്ന് പലവട്ടം ആണയിട്ട് പറഞ്ഞതാണ്. അപ്പോഴെല്ലാം അവള് പതിവുള്ള നാണത്തില് കലര് ന്ന് പുന്ചിരി സമ്മാനിച്ചതേയുള്ളൂ

രതിപ്രിയയെ തടസ്സപ്പെടുത്തുന്നതെന്താണെന്ന് കണ്ടുപിടിക്കാന് അവള് കുറേ ശ്രമിച്ചു. പക്ഷേ, ബുദ്ധിമതിയായ കാമുകിയെപ്പോലെ അവള് തനിക്ക് ചുറ്റും ഒരു അദൃശ്യവലയം തീര് ക്കുകയും മറ്റാര് ക്കും കണ്ടെത്താനാകാത്ത വിധം തന്റെ ചിന്തകള് ഒളിപ്പിക്കുകയും ചെയ്തു.

എന്തായാലും രതിപ്രിയയ്ക്ക് ഒരു സമ്മാനം കൊടുക്കണമെന്ന് സുമി കരുതിയിരുന്നു. അതിനാണ്‌ പാര്‍ക്കിലേയ്ക്ക് വിളിച്ചതും . പക്ഷേ, കുട്ടി വല്ലാതെ ഭയന്നിരിക്കുന്നു. എല്ലാം തുറന്ന് പറയുകയും വേണം . അവളില്ലാതെ തനിക്കിനി ജീവിക്കാനാവില്ലെന്ന് അവളെ ബോധ്യമാക്കണം . പറ്റിയാല് അപ്പോള് ത്തന്നെ തന്റെ കൂടെ കൊണ്ടുപോകണം . ഇതിനൊന്നും ആയില്ലെങ്കില് തനിക്ക് പ്രണയിക്കാന് അവകാശമില്ലെന്ന് അവള് തീരുമാനിച്ചു


അവള്‍ വീണ്ടും രതിപ്രിയയുടെ മൊബൈലിലേയ്ക്ക് ഡയല്‍ ചെയ്തു.

" നീ വരില്ലെ മോളേ ? "

" എനിക്ക് പേടിയാവുന്നു "

" എന്തിന്‌? "

" സുമേഷിന്റെ കാര്യം അറിഞ്ഞില്ലെ? കാര്യങ്ങള്‍ എല്ലാം കുഴഞ്ഞ് കിടക്കുകയല്ലേ "

" എടീ, അത് അവര്‍ ആണും പെണ്ണും ആയത് കൊണ്ടാ.. നമ്മള്‍ രണ്ട് പെണ്ണുങ്ങള്‍ അല്ലേ..ഒരു കുഴപ്പവുമുണ്ടാവില്ല "

" പക്ഷേ.. അവര്‍ ക്ക് എന്തെങ്കിലും സം ശയം തോന്നിയാല്‍ ? "

" നീ പേടിക്കാതെ വന്നാല്‍ മതി..ഒരു കുഴപ്പവും ഉണ്ടാവില്ല "

" ഉം ശരി...ഞാന്‍ വരാം "

വൈകുന്നേരം സുമി പറഞ്ഞതിനും വളരെ നേരത്തേ തന്നെ തയ്യാറായി. ഇന്ന് ഒരു സുപ്രധാന തീരുമാനം എടുക്കണമെന്ന് അവള്‍ ഉറപ്പിച്ചിരുന്നു. ഇന്ന് മുതല്‍ രതിപ്രിയ തന്റെ കൂടെയായിരിക്കും താമസിക്കുന്നത്. അവള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും

" ഞാന്‍ നിന്റെ " അവള്‍ കണ്ണാടിയില്‍ നോക്കി റിഹേഴ്സല്‍ ചെയ്തു നോക്കി.

" ഞാന്‍ നിന്റെ ... " നിന്റെ ? ബാക്കി എന്ത് പറയണമെന്ന് അവള്‍ ക്ക് അറിയില്ലായിരുന്നു.

പാര്‍ ക്കിന്റെ മുന്നില്‍ കുറച്ച് കമിതാക്കള്‍ നില്‍ ക്കുന്നുണ്ടായിരുന്നു. കുറച്ച് പേര്‍ തിരിച്ച് നടക്കുന്നുമുണ്ടായിരുന്നു. സെക്യൂരിറ്റിക്കാര്‍ ആരേയും അകത്തേയ്ക്ക് വിടുന്നില്ല. നെറ്റിയില്‍ കുങ്കുമം തൊട്ട കാവിവസ്ത്രധാരികള്‍ പാന്‍ മസാലയും ചവച്ച് തുപ്പിക്കൊണ്ട് ഗേറ്റിന്റെ അരികില്‍ നില്‍ ക്കുന്നുണ്ടായിരുന്നു.

രതിപ്രിയ അവിടെയെങ്ങാനും ഉണ്ടോയെന്ന് അവള്‍ പരതി. കാണാതായപ്പോള്‍ മൊബൈലില്‍ വിളിച്ചു,.

" ങാ...ഞാന്‍ ഇവിടെ കോവിലില്‍ ഉണ്ട്.. പെദ്ദമ്മ കോവിലില്‍ "
" നീ വരുന്നില്ലേ ?

" വരുന്നു....15 മിനിറ്റ് "

സുമി കാത്ത് നിന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ ദൂരേ നിന്നും രതിപ്രിയ നടന്നടുക്കുന്നത് കണ്ടു. നാലുമണിവെയിലില്‍ മഞ്ഞ ചുരിദാര്‍ അണിഞ്ഞ് അവളുടെ വരവ് കണ്ടപ്പോള്‍ സുമിയ്ക്ക് എന്തെന്നില്ലാത്ത വികാരങ്ങള്‍ തോന്നി

വല്ലാത്ത ഭയന്ന മുഖവുമായാണ്‌ രതിപ്രിയ നില്ക്കുന്നത്. പെദ്ദമ്മയുടെ പ്രസാദം വലത്തേക്കൈയ്യില്‍ മുറുക്കിപ്പിടിച്ചിരുന്നു.

" അത് കണ്ടോ നീ ? " സുമി ചോദിച്ചു

" ഉം ...അതാ ഞാന്‍ പറഞ്ഞത് "

" വാ..നമുക്ക് അകത്ത് കയറാം .. "

" ഇല്ല...എനിക്ക് പേടിയാവുന്നു. അവര്‍ കണ്ട് പിടിച്ചാലോ ? "

" എന്ത് കണ്ടുപിടിക്കാന്‍ ? "

അത് ചോദിച്ചപ്പോള്‍ രതിപ്രിയയുടെ മുഖം രക്തവര്‍ ണ്ണമായി. നാണിച്ച് മുഖം താഴ്ത്തി അവള്‍ നിന്നു.

" നീ വാ..ഒരു വഴിയുണ്ട് " രതിപ്രിയ സുമിയുടെ കൈ പിടിച്ച് വിളിച്ചു.
പാര്‍ ക്കില്‍ നിന്നും കുറേയകലെ ആളൊഴിഞ്ഞിടത്ത് കൊണ്ട് പോയി.

പടര്‍ ന്ന് പന്തലിച്ച് നില്ക്കുന്ന ഒരു പുളിമരത്തിന്റെ ചുവട്ടില്‍ വച്ച് അവള്‍ വലം കൈ തുറന്നു. പൂജിച്ച് പൂക്കളും മഞ്ഞളും കുങ്കുമവും കൂടാതെ കൈയ്യില്‍ ഒരു മഞ്ഞച്ചരടും ഉണ്ടായിരുന്നു.

"ഉം " രതിപ്രിയ മൂളി. എന്നിട്ട് തല കുനിച്ച് കഴുത്തിന്‌ പിന്നില്‍ വച്ച് മുടി കൂട്ടിപ്പിടിച്ചുയര്‍ ത്തി.

സുമി വിറങ്ങലിച്ച് നില്ക്കുകയായിരുന്നു.

അപ്പോള്‍ കാവിക്കൊടി നാട്ടിയ ജീപ്പുകളില്‍ രാമനാമം ഉറക്കെ വിളിച്ച് പറഞ്ഞ് ഒരു ജാഥ അവരെക്കടന്ന് പോയി
ലസ്സി ലസ്സി Reviewed by Jayesh/ജയേഷ് on July 23, 2009 Rating: 5

No comments: