കുട്ടികള് ‍

മൌനം മൂടിയ ഉച്ചനേരമായിരുന്നു. ഗ്രാമത്തില്‍ ഉച്ചയുറക്കത്തില്‍പ്പെട്ടവരുടെ നിശ്ശബ്ദമായ വീടുകള്‍ . തെങ്ങോലയുടെ തണലില്‍ പശുക്കള്‍ അയവിറക്കിക്കിടക്കുന്നു. ഉറുമ്പുകളുടെ ഒരു നിര വേലിപ്പഴുതിലൂടെ തൊടിയിലേയ്ക്ക് നുഴഞ്ഞ് കയറുന്നു. പൊള്ളുന്ന മണല്‍ നിറഞ്ഞ പാത. കാലുകള്‍ നിലത്ത് കുത്താനാകാതെ തുള്ളിത്തുള്ളിയാണ്‌ ഞങ്ങള്‍ നടക്കുന്നത്.

ഞങ്ങള്‍ കുട്ടികളാണ്‌. ഞങ്ങള്‍ക്ക് കുട്ടിത്തമുണ്ട്. ഒരുവന്‍ പമ്പരത്തിന്റെ ചാട്ട മുറുക്കിയും അഴിച്ചും അക്ഷമ കാണിക്കുന്നു. വേറൊരുത്തന്‍ ഒരു കല്ലെടുത്ത് ഒരു ലക്ഷ്യവുമില്ലാതെ എറിഞ്ഞു. ഗ്രാമം കടന്ന് പാടത്തേയ്ക്കിറങ്ങിയപ്പോള്‍ പരന്ന ആകാശം കണ്ടു. ഉണങ്ങിയ നെല്‍പ്പാടങ്ങള്‍ക്കിടയില്‍ പൊടിഞ്ഞ് തുടങ്ങിയ വരമ്പുകള്‍ . വിമാനത്താവളത്തിലെപ്പോലെ റണ്‍വേകള്‍ . അതിലേയ്ക്ക് വെളുത്ത കൊറ്റികള്‍ പറന്നിറങ്ങി. ദൂരെ ആകാശത്ത് പരുന്തുകള്‍ റോന്ത് ചുറ്റുന്നുണ്ടായിരുന്നു.

ഞങ്ങള്‍ പരസ്പരം നോക്കി. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ്‌ എല്ലാവരും . പമ്പരം കളിക്കാനിറങ്ങിയതായിരുന്നു. വെയില്‍ തലയ്ക്കടിച്ച് പാതിമയക്കത്തിലായിരുന്നു. അവന്‍ രണ്ടാമതും ഒരു കല്ലെറിഞ്ഞു. ഇത്തവണ അത് കൊറ്റികള്‍ നില്‍ക്കുന്ന വരമ്പിലാണ്‌ വീണത്. കൊറ്റികള്‍ വെള്ളച്ചിറകുകള്‍ വീശി പറന്നുയര്‍ന്നു. വരമ്പ് പെട്ടെന്ന് വിജനമായി. ഞങ്ങള്‍ രണ്ട് പേരും അവനെ രൂക്ഷമായി നോക്കി. അവന്‍ മൂന്നാമതെറിയാന്‍ എടുത്ത കല്ല്` താഴെയിട്ടു.

വെയില്‍ ഞങ്ങളെ തളര്‍ത്താന്‍ തുടങ്ങി. പഴുത്ത പറങ്കിമാങ്ങയുടെ മണം എവിടെനിന്നോ എത്തി മത്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു. ദാഹം കൊണ്ട് തൊണ്ട വരണ്ടു. ഞങ്ങള്‍ തിരിച്ചോടി. കുളത്തിലേയ്ക്ക് പാഞ്ഞു.പടവുകള്‍ ചേര്‍ന്ന് ചെറുമീനുകള്‍ വെയില്‍ കായുന്നുണ്ടായിരുന്നു. വേലിപ്പടര്‍പ്പില്‍ പൊന്മാനുകള്‍ ഉന്നം പിടിയ്ക്കുന്നു. ഞങ്ങള്‍ അദ്യം കാലുകള്‍ വെള്ളത്തില്‍ മുക്കി. ചൂട്. ജലപ്പരപ്പിലേയ്ക്കെടുത്ത് ചാടി. മുങ്ങാങ്കുഴിയിട്ട് അടിയിലേയ്ക്ക് ചെന്നു. ഞങ്ങള്‍ പരസ്പരം കണ്ടുപിടിക്കാന്‍ ശ്രമിച്ചു. തൊടാറാകുമ്പോള്‍ വെട്ടിനീങ്ങി. മുങ്ങി നിവര്‍ ന്നപ്പോള്‍ വെയില്‍ തട്ടി ഞങ്ങള്‍ തിളങ്ങി. മീനുകളെപ്പോലെ.

തിരിച്ച് ഗ്രാമത്തിലേയ്ക്ക് പോയി. പമ്പരത്തിന്റെ ചാട്ട വീശി സങ്കല്പത്തിലെ ശത്രുക്കളെ തുരത്തി ഒരുവന്‍ . കല്ലെടുത്ത് വീണ്ടും ലക്ഷ്യമില്ലാതെ എറിയുന്ന വേറൊരുവന്‍ . ഗ്രാമം അപ്പോഴും ഉറക്കമായിരുന്നു.

തെങ്ങോലകളുടെ തണലില്‍ അപ്പോഴും പശുക്കള്‍ അയവിറക്കുണ്ടായിരുന്നു. ഉറുമ്പുകള്‍ അതിര്‍ത്തി കടന്ന് കഴിഞ്ഞു. അമ്പലത്തിലെ കൊടിമരത്തിന്‌ മുകളില്‍ വിശ്രമിക്കുന്ന പരുന്ത്.

ഉണങ്ങിന പുല്ലിന്‌ മീതെ ഞങ്ങള്‍ ആകാശം നോക്കി കിടന്നു. വെളിച്ചത്തില്‍ കണ്ണ്‌ മഞ്ഞളിച്ചു. വീണ്ടും നോക്കി. ആകാശം കടല്‍പ്പരപ്പാണെന്ന് തോന്നി. വെള്ളത്തില്‍ വെളിച്ചം ഓളം തെറ്റി വരുന്നത് കണ്ടു. സൂചി പോലെ കൂര്‍പ്പിച്ചാണ്‌ വെളിച്ചം . അടുത്തെത്തുമ്പോള്‍ പടര്‍ന്ന് ഒരു ചുഴി പോലെയാകും . ഞങ്ങള്‍ക്കത് ഇഷ്ടപ്പെട്ടു. വെള്ളത്തിന്‌ നല്ല തണുപ്പുണ്ടായിരുന്നു. കടല്‍ ജീവികളായി ഞങ്ങള്‍ എഴുന്നേറ്റു. പവിഴപ്പുറ്റുകള്‍ തേടിയൊഴുകി. നേര്‍ത്ത കുമിളകളിലൂടെ സംസാരിച്ചു. കടല്‍പ്പാമ്പുകള്‍ ചുരുണ്ടുറങ്ങുന്ന വീടുകളിലേയ്ക്ക് ഭയത്തോടെ എത്തി നോക്കി. മുകള്‍പ്പരപ്പിലൂടെ പറക്കുന്ന വിമാനത്തിന്റെ നിഴലിനെ പിടിക്കാനോടി. കുറ്റിച്ചെടികള്‍ക്കിടയില്‍ ഒളിച്ചും പാത്തും കളിച്ചു. കടല്‍പ്പരുന്തിനെ എറിഞ്ഞോടിച്ചു. പമ്പരം കൈയ്യിലുള്ളവന്‍ ചാട്ട കൊണ്ട് തിരണ്ടിയെ പിടിക്കാന്‍ ശ്രമിച്ചു. കടലുറുമ്പുകളുടെ മാളങ്ങളില്‍ മണ്ണ്‌ നിറച്ചു. കടല്‍പ്പശുക്കളെ കയറൂരിവിട്ടു. ഞങ്ങള്‍ വിയര്‍ത്തു. പുറ്റുകള്‍ക്കരികില്‍ വിശ്രമിച്ചു. അപ്പോള്‍ കടല്‍ക്കൊറ്റികള്‍ വരമ്പുകളിലേയ്ക്ക് തിരിച്ചെത്തി.

പുറ്റുകളില്‍ നിന്നും മീനുകള്‍ പുറത്തിറങ്ങി. ചെകിളകളിളക്കി അവര്‍ ഞങ്ങളോടൊപ്പം കൂടി. പൂക്കളെ ഇളക്കിക്കൊണ്ട് നീന്തി നീന്തി ഞങ്ങള്‍ കളിച്ചു.

ഞങ്ങള്‍ തളര്‍ന്നു. തിരിച്ച് പോകാമെന്ന് ആരോ പറഞ്ഞു. വീടുകളിലേയ്ക്ക് തിരിച്ച് നീന്തുന്നതിനിടയില്‍ പെട്ടെന്നൊരു വല ഞങ്ങളെ പൊതിഞ്ഞു. മുറുകി മുറുകി അത് ഞങ്ങളെ ശ്വാസം മുട്ടിച്ചു. ആകാശം വരെയെത്തിയിരുന്നു. പരന്ന കടല്‍ കാണാം . അവര്‍ വഞ്ചിയിലിരുന്ന് ചിരിച്ചു. വല ഉയര്‍ത്തി. ഇപ്പോള്‍ ആകാശം കാണാം . കുറച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങളെല്ലാം ചത്ത് പോയി.

പിറ്റേന്ന് ഗ്രാമത്തില്‍ മീനുകളുടെ ലേലം വിളി.
കുട്ടികള് ‍ കുട്ടികള് ‍ Reviewed by Jayesh/ജയേഷ് on January 28, 2010 Rating: 5

3 comments:

 1. മീനുകളുടെ കഥ കൊള്ളാം. വായിക്കുന്നതിന് അല്പം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
  ആശംസകള്‍.

  ReplyDelete
 2. nalla kuttitham niranja bhaavana ... nannaayi aaswadichu... aashamsakal

  ReplyDelete
 3. ജനുവരി ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്

  ReplyDelete