പാപി

ആമുഖം
ഇന്ന് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ എന്നെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. രാവിലെ ഓഫീസിൽ ചെന്നപ്പോൾ ആദ്യം കാണുന്നത് പിരിച്ച് വിടൽ അറിയിപ്പ് എന്റെ മേശപ്പുറത്തിരിക്കുന്നതാണ്. ഞാൻ എത്ര ചുഴിഞ്ഞാലോചിച്ചിട്ടും ഒന്നും മനസ്സിലായില്ല. അവർക്ക് തെറ്റ് പറ്റിയാതാകും എന്ന് കരുതി മാനേജർ വരുന്നത് വരെ കാത്തിരുന്നു. അയാൾ വന്നയുടൻ എന്നെ രൂക്ഷമായി നോക്കിയിട്ട് കാബിനിലേയ്ക്ക് പോയി. എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. അതെന്താണെന്ന് ചോദിക്കാൻ കാബിനിലേയ്ക്ക് ചെന്ന എന്നെ അതിക്രൂരമായിട്ടാണ് മാനേജർ നേരിട്ടത്. ഞാൻ ഇത് വരെ കമ്പനിയെ ചതിക്കുകയായിരുന്നെന്നും, എന്റെ യോഗ്യതയും പ്രവൃത്തിപരിചയവും വ്യാജമാണെന്നും ഞാൻ കമ്പനിയെ ഇത്രയും കാലം വഞ്ചിക്കുകയായിരുന്നെന്നും അയാൾ പറഞ്ഞു. രണ്ട് തവണ ബെസ്റ്റ് എം പ്ലോയീ അവാർഡ് നേടിയ ഞാൻ എങ്ങിനെ വഞ്ചകനാകുമെന്നും 2002 ഇൽ കോഴിക്കോട് സർവ്വകാലാശാലയിൽ നിന്നും ബിരുദധാരിയായതാണെന്നും അതിന് ശേഷം കമ്പ്യൂട്ടറിൽ ഡിപ്ലോമ എടുത്തതാണെന്നും ഞാൻ പറഞ്ഞു. അവർ എല്ലാം അന്വേഷിച്ചെന്നും എല്ലാം നുണയാണെന്നും മനേജർ എന്നെ അറിയിച്ചു. എനിക്കെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസ് ഉണ്ടാകുമെന്ന് അയാൾ പറഞ്ഞു. ഏതാണ്ട് മോഹാലസ്യത്തിലായ എന്നെ സെക്യൂരിറ്റി ഓഫീസർ വലിച്ചിഴച്ച് പുറത്തേയ്ക്കെറിഞ്ഞു. അപമാനിതനും പീഢിതനുമായ ഞാൻ വേറെ വഴിയൊന്നും കാണാഞ്ഞ് തൽക്കാലം മുറിയിലേയ്ക്ക് പോയി ശാന്തമായി ചിന്തിക്കാമെന്നും എല്ലാത്തിനും പരിഹാരം കാണാമെന്നും വിശ്വസിച്ച് പൊരിവെയിലത്ത് മുറി ലക്ഷ്യമാക്കി നടന്നു.

പോകുന്ന വഴിയിലെല്ലാം ആളുകൾ എന്നെ വെറുപ്പോടെ നോക്കുന്നുണ്ടായിരുന്നു. ചിലർ കാർക്കിച്ച് തുപ്പി. ചിലർ അസഭ്യവർഷം നടത്തി. പീഢനക്കേസിൽ അകപ്പെട്ടവനെപ്പോലെ തല കുനിച്ച് ഞാൻ നടന്നു. ഒരു കൊച്ച് ചെറുക്കൻ എന്നെ കല്ലെറിഞ്ഞു. ഭാഗ്യത്തിന് അവന് ഉന്നം തെറ്റി. ഞാൻ നടത്തം വേഗത്തിലാക്കി. ഇടയ്ക്ക് ദാഹിച്ചപ്പോൾ വെള്ളം ചോദിച്ചതിന് ഒരു കടക്കാരൻ എന്റ്റെ അപ്പനും അമ്മയ്ക്കും എല്ലാം വിളിച്ചു.

അവശനും വെറുക്കപ്പെട്ടവനുമായി മാറിയ എന്നെ കണ്ടതും വീട്ടുടമ കുരച്ച് കൊണ്ട് വന്നു. എന്റെ ബാഗ് തെരുവിലേയ്ക്ക് വലിച്ചെറിഞ്ഞിട്ട് ഇനി ആ ഭാഗത്ത് കണ്ട് പോകരുതെന്ന് പറഞ്ഞു. പക്ഷേ, രണ്ട് മാസത്തെ വാടക മുൻ കൂറായി ഞാൻ കൊടുത്തിട്ടുണ്ടായിരുന്നു. ഇറങ്ങിപ്പോകണമെങ്കിൽ അത് തിരിച്ച് തരണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ഒരു നയാപ്പൈസ പോലും തരില്ലെന്ന് പറഞ്ഞ് അയാൾ എന്നെ അടിക്കാനോങ്ങി. എങ്കിൽ ഞാൻ പോലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞു. എന്റെ കൈയ്യിൽ രസീത് ഉണ്ടായിരുന്നു. അപ്പോൾ അയാൾ ഗുഹ്യഭാഗത്ത് നിന്ന് എന്തോ പറിച്ചെടുക്കുന്നത് പോലെ ആംഗ്യം കാണിച്ച് എന്നെ അപമാനിച്ചു.
ഞാൻ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.അന്യനാട്ടുകാരനാ‍യതിനാൽ ഏത് പോലീസ് സ്റ്റേഷനിലാണ് പരാതി കൊടുക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ആരോടും ചോദിക്കാനും വയ്യാത്ത അവസ്ഥ. എന്തായാലും ഏറ്റവും അടുത്തുള്ള പുണ്യപുരം പോലീസ് സ്റ്റേഷനിൽ ആദ്യം പോകാൻ തീരുമാനിച്ചു.

പുണ്യപുരം പോലീസ് സ്റ്റേഷൻ

ദൂരെ നിന്ന് നോക്കിയാൽ ഒരു ആരാധനാലയം പോലെ കാണപ്പെടുന്ന കെട്ടിടമാണ് പു.പു.പോ.സ്റ്റേ. അടുത്തെത്തിയാലും വേറെയൊന്നും തോന്നില്ല. ഗേറ്റ് കടന്ന് വരാന്തയിലേയ്ക്ക് ചെല്ലുമ്പോഴേയ്കും കർപ്പൂരത്തിന്റെ വാസന അനുഭവപ്പെട്ടിരുന്നു. വാതിൽക്കൽ പാറാവ് നിൽക്കുന്നയാൾ നെറ്റിയിൽ ഭസ്മം പൂശിയിരുന്നു. തോക്ക് പിടിച്ച് ആ നിൽ‌പ്പ് കണ്ടാൽ സാക്ഷാൽ പരമശിവൻ യൂണിഫോം അണിഞ്ഞ് നിൽക്കുകയാണെന്നേ തോന്നൂ. തോക്കിലും ചന്ദനം, കുങ്കുമം തുടങ്ങിയവ പുരട്ടിയിട്ടുണ്ട്. നടരാജനെ ഞാൻ തൊഴുതു. ക്ഷിപ്രകോപി എന്നെ രൂക്ഷമായി നോക്കി. എന്നെ മുമ്പ് പരിചയമുള്ളത് പോലെ നെറ്റി ചുളിച്ചു. എന്നിട്ട് എന്നോട് അവിടെ നിൽക്കാൻ ആജ്ഞാപിച്ചിട്ട് അകത്തേയ്ക്ക് പോയി.

മുറ്റത്തുള്ള വേപ്പ് മരത്തിന്റെ തണലിൽ ഞാൻ കാത്ത് നിന്നു. അവിടെ വേറേയും മരങ്ങൾ ഉണ്ടായിരുന്നു. ഒരു ആശ്രമത്തിന്റെ അന്തരീക്ഷം . ഏറെ നേരം കാത്ത് നിന്നിട്ടും എന്നെ വിളിപ്പിക്കാത്തതിൽ മുഷിഞ്ഞ് ഞാൻ ഒരു ബീഡി കത്തിക്കാനൊരുങ്ങി. അപ്പോൾ എവിടെ നിന്നോ ഒരു പോലീസുകാരൻ ഓടിയെത്തി എന്നെ തടഞ്ഞു. എന്റെ കൈയ്യിലെ ബീഡിക്കെട്ടും തീപ്പെട്ടിയും അയാൾ വാങ്ങിച്ചെടുത്തു. എന്നിട്ട് ഒന്നും മിണ്ടാതെ പോയി. ഞാൻ എന്തൊക്കെ പരാതികളാണ് കൊടുക്കേണ്ടതെന്ന് ആലോചിച്ചു. കമ്പനിക്കെതിരെ :- അകാരണമായി പിരിച്ച് വിടൽ, ഇല്ലാത്ത കുറ്റമാരോപിക്കൽ, പിരിഞ്ഞ് പോരുമ്പോൾ കിട്ടാനുള്ള ആനുകൂല്യങ്ങൾ നിഷേധിക്കൽ, മാനഹാനി, മാനസികസമ്മർദ്ദം എന്നിവ തീരുമാനിച്ചു. വീട്ടുടമയ്ക്കെതിരെ :- അകാരണമായി ഇറക്കിവിടൽ, മുൻ കൂർ വാടക നിഷേധിക്കൽ, അസഭ്യവാക്കുകൾ ഉപയോഗിച്ചത്, മാനഹാനി, മാനസികസമ്മർദ്ദം എന്നിവ തീരുമാനിച്ചു.

അപ്പോൾ സ്റ്റേഷനകത്ത് നിന്ന് മണിയടി ശബ്ദം കേട്ടു. പൂജാവേളയിൽ കേൾക്കുന്ന പോലെ. ഞാൻ പതിയെ ചെന്ന് വാതിലിനരികിൽ പറ്റി നിന്ന് അകത്തേയ്ക്ക് നോക്കി. അവിടെ എന്തോ പൂജ നടക്കുകയായിരുന്നു. പോലീസുകാർ കൈകൂപ്പി നിൽക്കുന്നുണ്ടായിരുന്നു. എന്നെ അവരിലൊരാൾ കണ്ടു. അയാൾ കൈ കൂപ്പിക്കൊണ്ട് തന്നെ എന്നോട് അവിടെ നിന്ന് പോകാൻ ആംഗ്യം കാണിച്ചു. ഞാൻ തിരിച്ച് വേപ്പ് മരത്തിന്റെ തണലിൽ നിന്നു.

പരാതി

നടരാജൻ, ക്ഷിപ്രകോപി, ജഢാധാരി തിരിച്ച് വന്നു. തോക്ക് തൂണിൽ ചാരിവച്ച് എന്നെ കൈകൊട്ടി വിളിച്ചു. ഞാൻ ചെന്നു.

‘ --- എന്നല്ലേ പേര്? ‘ അയാൾ ചോദിച്ചു.

‘ അതേ’

‘ എന്താ ഇത്രേം വൈക്യേ?’

‘ മനസ്സിലായില്ല’

‘ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിട്ട് വരാൻ ഇയാൾക്കെന്താ ഇത്ര താമസംന്ന്?’

‘ അയ്യോ ആര് വിളിപ്പിച്ചൂ? എപ്പോൾ?’

‘ ശുംഭൻ..അറസ്റ്റ് വാറണ്ട് തയ്യാറായിരിക്കണ്ട്…എന്തായാലും താൻ വന്നത് നന്നായി..ഇനീപ്പോ അത്രേടം വരാതെ കഴിഞ്ഞൂല്ലോ’ പോലീസുകാരൻ വായിലെ മുറുക്കാൻ കോളാമ്പിയിലേയ്ക്ക് തുപ്പിയിട്ട് അകത്തേയ്ക്ക് പോകാൻ ആംഗ്യം കാണിച്ചു.

‘---- അല്ല്യേ?’ എസ് ഐ ചോദിച്ചു. അയാളും വെറ്റില ചവയ്ക്കുന്നുണ്ടായിരുന്നു.

‘ അതേ’

‘ ഹും..ആളെ വിട്ടാലൊന്നും താൻ വരാൻ കൂട്ടാക്കില്ല അല്ലേ? ‘

‘ എനിക്കൊന്നും മനസ്സിലാകുന്നില്ല സർ. എന്നെ ആരും അന്വേഷിച്ച് വന്നില്ല’

‘ വന്നിരുന്നല്ലോ, മൂന്ന് പ്രാവശ്യം ആളെ വിട്ടിര്ന്നു. അപ്പോഴൊന്നും കാണാതായപ്പോ അറസ്റ്റ് തന്നെ വഴീന്ന് നോമും നിരീച്ചു.’

‘ എന്തിനാ അറസ്റ്റ്? എന്താ എന്റെ പേരിലുള്ള കുറ്റം?’

‘ ഓഹ്, അപ്പോ ഒന്നും അറീല്ലല്ല്യേ? നോം പറയാം..ആദ്യം തന്റെ ആ കമ്പനിക്കാര്, എന്താപ്പോ പേര്, മറന്നു, താനെന്തോ കൃത്രിമം കാണിച്ചൂന്നോ മറ്റോ..പിന്നെ ഒരു വീട്ടുടമ. താൻ ആഭാസനാണെന്നോ, അയാളെ പറ്റിച്ചെറ്ന്നോ മറ്റോ..ന്താ കുറ്റം നിഷേധിക്കാൻ തോന്നണ്ണ്ടോ?’

‘ ഉവ്വ്. ഞാൻ അവർക്കെതിരെ പരാതി തരാൻ വന്നതാണ്’

‘ ഹാ..ഭേഷായി… ഡോ പീ.സീ ഇങ്ങ് വര്വാ…ദാ കേക്കണോ ഫലിതം?’

പോലീസ് കോൺസ്റ്റബിൾ റാൻ മൂളിക്കൊണ്ട് വന്നു.

‘ ഈ മാന്യൻ കുറ്റം നിഷേധിക്ക്യാത്രേ..ഇയാൾക്ക് പരാതി തരണംന്നാ പറേണേ..’

‘ അടിയൻ എന്താ‍ണാവോ വേണ്ടേ?’ പീ.സി പഞ്ചപുഛമടക്കി നിന്നു.

‘ വഷളനെ ആദ്യം ലോക്കപ്പിലിട്വാ..ബാക്കി പിന്നെ.’

‘ അല്ല, ഏമ്മാനേ, ഇവനെയൊക്കെ ലോക്കപ്പിലിട്വാന്ന് വച്ചാ…അശുദ്ധാവില്ലേ?’

‘ ഓ..നോം അത് മറന്നു. വേണ്ട ഇവടെ നിന്നോട്ടെ…ചോദ്യം ചെയ്യലൊക്കെ ഇവടെ മതി’

‘ പറഞ്ഞ പോലെ ഏമ്മാനേ..അപ്പോ പതിവ് പീഢനവും ഇവിടെത്തന്നെ അല്ലേ?’

‘ ഹാ..അതെങ്ങന്യാ..ഇവനെത്തൊട്ടാ എന്റെ കൈയ്യും അശുദ്ധാവില്ലേ?’

‘ എന്നാലും..നാട്ട് നടപ്പ് തെറ്റിക്കാൻ പാടുണ്ടോ ഏമാന്നേ?’

‘ ഹും..അതും ശര്യന്നേ.. എന്താപ്പോ ചെയ്യാ?’

‘ അടിയൻ വഴി കണ്ടിട്ടുണ്ട്..ഏമ്മാൻ ധൈര്യായിട്ട് പൂശിക്കോളോ’

‘ ഉവ്വോ..എന്നാപ്പിന്നെ അങ്ങനന്നെ’.

എസ്.ഐ. വാച്ച് അഴിച്ച് മേശപ്പുറത്ത് വച്ചു. ഷർട്ട് ഊരി പീ.സിയുടെ കൈയ്യിലേൽ‌പ്പിച്ചു. എന്റെ കുത്തിന് പിടിച്ച് ഇടി തുടങ്ങി. മുതുകത്ത് കൈമുട്ട് കൊണ്ട് കുറേയെണ്ണം, മുട്ട് കൊണ്ട് അടിവയറ്റിൽ, കൈപ്പത്തി നിവർത്തി ചെകിടത്ത് പിന്നേം..ഞാൻ വീണപ്പോൾ അയാൾ നിർത്തി.

‘ പീ.സീ..’ അയാൾ വിളിച്ചു. ഞാൻ താഴെ വീണ് ഞരങ്ങുകയായിരുന്നു. ഇടയ്ക്കെപ്പോഴോ മൂത്രം പോയത് കാരണം എന്റെ പാന്റ് നനഞ്ഞിരുന്നു. എണീറ്റ് നിൽക്കാനാകാതെ നിലത്ത് പുളയുമ്പോൾ പീ.സീ ഒരു മൊന്ത കൊണ്ട് വരുന്നത് കണ്ടു. കുടിക്കാനുള്ള വെള്ളമാണെന്ന് വിചാരിച്ച് ഞാൻ വാ തുറന്നപ്പോൾ അവർ എന്തോ മന്ത്രം ചൊല്ലി എസ് ഐ കൈ കഴുകി.

‘ അപ്പോ..ഇനി മുതൽ ഇങ്ങനെ മതി. മ്ലേച്ഛന്മാർ വന്നാൽ ആദ്യം കൈകാര്യം, പിന്നെ പുണ്യ്യാഹം..അല്ലേ?’

‘ അതേ ഏമ്മാനേ..’

നിലത്ത് വീണ് കിടക്കുന്ന എന്നെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ അവർ പോയി.

ചോദ്യം ചെയ്യൽ

അടുത്ത ദിവസം രാവിലെ വരെ ഞാൻ അതേ കിടപ്പിലായിരുന്നു. മൂലസ്ഥാനങ്ങളിൽ മർദ്ദനമേറ്റത് കാരണം പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. എനിക്ക് ദാഹിച്ചു, വിശന്നു. മൂത്രമൊഴിക്കണമെന്ന് തോന്നി. ഒന്നിനും കഴിയാതെ അനാഥശവം പോലെ ഞാൻ ആരെങ്കിലും വരുന്നതും പ്രതീക്ഷിച്ച് നിമിഷങ്ങളെണ്ണി.

എനിക്ക് ഈ നഗരത്തിൽ കൂട്ടുകാരാരുമില്ല. എന്നെ ജാമ്യത്തിലെടുക്കാനോ മറ്റെന്തെങ്കിലും സഹായം ചെയ്യാനോ ആരുമില്ല. പോലീസുകാരാകട്ടെ കുറ്റപത്രം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. ജഢാധാരി, ക്ഷിപ്രകോപി, ഗംഗാധരൻ ഡ്യൂട്ടി കഴിഞ്ഞ് പോയിക്കഴിഞ്ഞിരുന്നു. പകരം ആരും വന്നതുമില്ല. പീ.സി മേശയിൽ ചാഞ്ഞുറങ്ങുന്നുണ്ട്. ഞാൻ അയാളെ വിളിക്കാൻ ശ്രമിച്ചു. തൊണ്ട വരണ്ടിരിക്കുന്നത് കാരണം ശബ്ദം പുറത്ത് വന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ എസ്.ഐ വന്നു. പിന്നാലെ കൂറ്റൻ ഒരു പട്ടിയുമുണ്ടായിരുന്നു. ഭാസ്ക്കർ എന്നാണ് പട്ടിയുടെ പേരെന്ന് മനസ്സിലായി. അത് കൂർത്ത പല്ലുകളും അതിനേക്കാൾ കൂർത്ത നോട്ടവുമായി എന്റെയരികിലിരുന്നു.

പീ.സീ ഉണർന്ന് എസ് ഐ യെ താണ് വണങ്ങി. എസ്.ഐ പ്രസാദിച്ചു.

‘ വായിക്കൂ’

പീ.സീ എനിക്കെതിരെയുള്ള കുറ്റങ്ങൾ വായിച്ചു. കമ്പനിയെ പറ്റിച്ചെന്നും വീട്ടുടമയെ വഞ്ചിച്ചെന്നും കൂടാതെ ഏതോ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി എന്ന കേസും എന്റെ പേരിൽ ചാർത്തിയിരുന്നു. അത് ഞാൻ ചെയ്തതല്ലെന്ന് പറഞ്ഞപ്പോൾ, തലേന്ന് രാത്രി പെൺകുട്ടി നേരിട്ട് വന്ന് പരാതിപ്പെട്ടതാണെന്നും അവൾ എന്നെ തിരിച്ചറിഞ്ഞെന്നും എസ്.ഐ മൊഴിഞ്ഞു. ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഇത്രയും കുറ്റങ്ങൾ ചെയ്യാൻ കഴിഞ്ഞ എന്നെ നരകത്തീയിലിട്ട് ചുട്ടെടുത്ത് തെരുവുപട്ടികൾക്ക് കൊടുക്കണമെന്നും പറഞ്ഞു. പീ.സീ അത് ശരിയാണെന്ന് തലയാട്ടി. ഭാസ്ക്കർ മുരണ്ടു.

ഇത് ഒരുമാതിരി കാഫ്ക്കയുടെ നോവലിലെപ്പോലെയുണ്ടല്ലോ, ഇതൊന്നും ശരിയല്ല- ഞാൻ പറഞ്ഞു. എസ്.ഐ എന്നെ അതിശയത്തോടെ നോക്കി. നീ മഹാനായ കാഫ്ക്കയെ വായിച്ചിട്ടുണ്ടോ?. ഉണ്ട്, അത് മാത്രമല്ല, ബി.മുരളിയുടെ കഥയും വായിച്ചിട്ടുണ്ട്. വേറേയും പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്.

‘ ഛേ, നിന്റെ കളങ്കപ്പെട്ട കണ്ണുകളും ചെളി പുരണ്ട മനസ്സും കൊണ്ട് നീ ഇവരെയൊക്കെ അപമാനിക്കുകയാണ് ചെയ്തത്. നിനക്കാര് അധികാരം തന്നു ഇതിനൊക്കെ?‘ :- ഇത്തവണ ചോദ്യം ഭാസ്ക്കറിൽ നിന്നായിരുന്നു. ദേഷ്യം കൊണ്ട് നിലത്ത് മാന്തിക്കൊണ്ടായിരുന്നു ഭാസ്ക്കർ സംസാരിച്ചത്.


എനിക്ക് മൂത്രമൊഴിക്കണം, കക്കൂസിൽ പോകണം, ഇപ്പോ അത്രേ പറയാനുള്ളൂ. – ഞാൻ പറഞ്ഞു. അവരെല്ലാവരും എന്തോ അത്ഭുതവാർത്തകേട്ടത് പോലെ അവിശ്വസനീയമായി നോക്കി.

‘ ഓഹോ..അപ്പോ നെനക്ക് ഇതൊക്കേണ്ട്, ല്ലേ’ എസ്.ഐ പരിഹാസത്തോടെ ചോദിച്ചു.

‘ അത് പിന്നെ ഇല്ലാതിരിക്കുമോ? നമ്മുടെ വീരനായകന്മാരൊക്കെ ഇതില്ലാത്തവരായിരുന്നോ? ‘

‘ ഉം..നോം വേണ്ടത് ചെയ്യാം. ന്തായാലും സ്റ്റേഷനിൽ വച്ച് വേണ്ട ല്ലേ പീ.സീ?’

‘ അതെ ഏമ്മാനേ..പരിപാവനമായ നമ്മുടെ സ്റ്റേഷൻ അശുദ്ധമാകും’

’ ഉം..ഭാസ്ക്കർ..ഇയാളെ കൊണ്ട് പോവ്വാ..’

ഭാസ്ക്കർ മുരണ്ടു. എന്നോട് പിന്നാലെ പോകാൻ ആജ്ഞാപിച്ചു. ഞാൻ വളരെ കഷ്ടപ്പെട്ട് നടന്നു.

പുഴുക്കൾ അരിയ്ക്കുന്ന മാലിന്യക്കൂമ്പാരത്തിലേയ്ക്കാണ് എന്നെ കൊണ്ട് പോയത്. നടത്തം നിർത്തിയിട്ട് എന്നോട് മാത്രം മുന്നോട്ട് പോകാൻ ഭാസ്ക്കർ പറഞ്ഞു. ഞാൻ നടന്നു. തല പെരുപ്പിക്കുന്ന ദുർഗന്ധം. പെരുച്ചാഴികൾ നിറഞ്ഞ ഓട. അത്യാവശ്യമായതിനാൽ ഞാൻ ഒന്നും ശ്രദ്ധിച്ചില്ല. പാന്റ് താഴേയ്ക്കൂരി ഞാനിരുന്നു. ഭാസ്ക്കർ എന്നെ നോക്കുന്നുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്.

‘ എന്നെ നോക്കല്ലെ..ആരെങ്കിലും നോക്കിക്കൊണ്ടിരുന്നാൽ എനിക്ക് മുള്ളാനും അപ്പിയിടാനും പറ്റില്ല.’ ഞാൻ ഉറക്കെപ്പറഞ്ഞു.

‘ വെറുക്കപ്പെട്ടവനേ..നീ ഓടി രക്ഷപ്പെട്ടാൽ ഞാൻ കുടുങ്ങും…വേഗം സാധിച്ചിട്ട് വാടാ ‘
ഭാസ്ക്കർ മുരണ്ടു. എന്നിട്ട് ഭീകരമായി കുരക്കുകയും ചെയ്തു. ഒരു ഞെട്ടലിൽ എനിക്കെല്ലാം സുഗമമായി പോയി.

ഗ്രഹനില

അന്നും എന്നെ ക്രൂരമായി മർദ്ദിച്ചിട്ട് എസ്.ഐ കൈ പുണ്യാഹം ചെയ്തു. എന്റെ പേരിൽ ഭവനഭേനക്കുറ്റം കൂടി ചാർത്തിയിട്ടുണ്ടെന്ന് പറഞ്ഞു. രണ്ട് ദിവസമായി സ്റ്റേഷനിൽ നരകിക്കുന്ന ഞാൻ എങ്ങിനെ ഇതൊക്കെ ചെയ്യും എന്ന് ചോദിച്ചപ്പോൾ പരാതിക്കാരനും സാക്ഷികളും ഉണ്ടെന്ന് പറഞ്ഞു. വിരലടയാള വിദഗ്ധർ വന്ന് എന്റെ വിരലടയാളം എടുത്തിട്ട് കൈ പുണ്യാഹം ചെയ്തു.

‘ എന്നെ കോടതിയിൽ കൊണ്ട് പോകണം’ ഞാൻ ആവശ്യപ്പെട്ടു.

‘ പരിപാവനമായ കോടതിയിൽ നിന്നെപ്പോലുള്ള നികൃഷ്ടന്മാരെ കൊണ്ട് പോകാൻ പറ്റില്ല. അശുദ്ധമാകും’ പീ.സി പറഞ്ഞു.

‘ പിന്നെ..എത്ര നാൾ എന്നെയിങ്ങനെ പീഢിപ്പിക്കും നിങ്ങൾ..ഇതിനൊരു അവസാനം വേണ്ടേ?’

‘ കേസ് കോടതിയിൽ നടന്നോളും.. നീ വേണ്ട..ശിക്ഷ വിധിച്ച് കഴിയുമ്പോൾ ഞങ്ങൾ വേണ്ടത് ചെയ്തോളാം’

‘ പക്ഷേ.ഈ പരാതിക്കാരും സാക്ഷികളുമൊക്കെ എങ്ങിയുണ്ടായി? രണ്ട് ദിവസം മുമ്പ് വരെ ഒരു കുഴപ്പവുമില്ലായിരുന്നതാണല്ലോ’

‘ പീ.സീ…’ എസ്.ഐ നീട്ടി വിളിച്ചു. പി.സീ താണ് വണങ്ങി നിന്നു.

‘ ഈ ആഭാസനും വൃത്തികെട്ടവനുമായ ഇവന്റെ സം ശയങ്ങൾ തീർത്ത് കൊടുക്കണോ?’

‘ വേണംന്നില്ല..എങ്കിലും പരിശുദ്ധമായ ഈ സ്റ്റേഷനിൽ വച്ച് ഒരാൾ, അതിപ്പോ കുറ്റവാളിയാണെങ്കിലും ..നമ്മുടെ സനാതന ധർമ്മം..അങ്ങിനെയൊക്കെയല്ലേ ഏമ്മാനേ?’

‘ ഉം..നോം മനസ്സിലാക്കുന്നു..എന്നാ വിളിക്ക്യാ’

പീ.സീ പുറത്തേയ്ക്ക് പോയി ആരേയോ വിളിച്ച് കൊണ്ട് വന്നു. വേറൊരു പോലീസുകാരനായിരുന്നു അത്.

‘ കൈ നീട്ടൂ’ അയാൾ പറഞ്ഞു. ഞാൻ കൈ നീട്ടി. പോക്കറ്റിൽ നിന്ന് ഭൂതക്കണ്ണാടി എടുത്ത് അയാൾ എന്റെ കൈരേഖ പരിശോധിച്ചു.

‘ ഉം…സമയം ശരിയല്ല. കഷ്ടതകൾ ഇനിയും വരും..അപമൃത്യു വരെ കാണുന്നുണ്ട്’

എസ്.ഐ മൂക്കത്ത് കഷ്ടം വച്ചു. പീ.സിയും അതു പോലെ ചെയ്തു.

‘ എന്താ ഒരു പരിഹാരം?’ എസ്.ഐ

‘ പ്രാർഥന. വഴിപാടുകൾ ഒക്കെത്തന്നെ…പിന്നെ..’

‘ വേണ്ട. ഇത്രേം മതി. ഈ പാപിയ്ക്ക് ഇതിനേക്കാൾ കൂടുതൽ സഹായമൊന്നും ചെയ്യണ്ട’ എസ്. ഐ പറഞ്ഞു. താണ് വണങ്ങി ജ്യോത്സ്യൻ പോലീസ് പോയി.

‘ഏമ്മാനേ..ഇന്നത്തെ ചാർത്ത്…’ പീ.സി ഓർമ്മിപ്പിച്ചു.

‘ഓ..നോം മറന്നു..എല്ലാം കൊണ്ടന്നിട്ടില്ല്യേ?’

‘ ഓ..ഉണ്ടേ’

എസ്.ഐ. കൈപ്രയോഗം തുടങ്ങി. എല്ലുകൾ നുറുങ്ങുന്നത് വരെ ഇടിച്ചു. നിലത്ത് ഉരുട്ടി ബൂട്ട് കൊണ്ട് തൊഴിച്ചു. മർമ്മസ്ഥാനങ്ങളിൽ സൂചി കയറ്റി. എല്ലാം കഴിഞ്ഞ് പുണ്യാഹം .


ഭാസ്ക്കർ


ഉച്ചയായപ്പോൾ എല്ലാവരും ഊണ് കഴിക്കാനിരുന്നു. പൊതിച്ചോറായിരുന്നു. എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. രാവിലെ മുതൽ ഒരു തുള്ളി വെള്ളം പോലും അവർ തന്നില്ല.

‘ എനിക്ക് വിശക്കുന്നു’ ഞാൻ പറഞ്ഞു. അവർ എന്നെ അവജ്ഞയോടെ നോക്കി. ഭരണഘടനാപ്രകാരം വിശക്കാൻ നിനക്ക് അവകാശമില്ലെന്ന് പറഞ്ഞു. എന്നോട് ചോദിച്ചിട്ടാണോ എനിക്ക് വിശക്കുന്നതെന്ന് ഞാൻ പ്രതിവചിച്ചു. വിശന്ന് ചത്താൽ ഇക്കണ്ട കേസുകളൊക്കെ പാഴായിപ്പോകുമെന്ന് ഓർമ്മിപ്പിച്ചു. അവർ കൂടിയാലോചിച്ച് ഭാസ്ക്കറിന്റെ ഭക്ഷണം എനിക്ക് തരാൻ തീരുമാനിച്ചു. ഭാസ്ക്കർ പ്രതിഷേധപുർവ്വം നിലത്ത് മാന്തി.

‘ ഭാസ്ക്കരാ..നെനക്ക് നോം ബിരിയാണി വാങ്ങിത്തരാം ട്ട്വോ’ എസ്.ഐ പറഞ്ഞു. അപ്പോൾ ഭാസ്ക്കർ അടങ്ങി. ചളുങ്ങിയ പാത്രത്തിൽ അല്പം ചോറ് മാത്രമായിരുന്നു അവർ തന്നത്. ഇത്തിരി അച്ചാറോ മോരോ വേണമെന്ന് പറഞ്ഞപ്പോൾ എന്നെ ഇടിച്ചു. ചുമരിൽ പറ്റിപ്പിടിച്ചിരുന്ന പല്ലിയെ എന്റെ പാത്രത്തിലിട്ട് തിന്നാൻ പറഞ്ഞു. ഞാൻ പ്രതിഷേധിച്ചപ്പോൾ ബലം പ്രയോഗിച്ച് എല്ലാം എന്റെ വായിൽ കുത്തിത്തിരുകി. എന്നിട്ട് പുണ്യാഹം ചെയ്ത് അവർ പൊതിച്ചോറുണ്ടു.

ഭാസ്ക്കറിന് ബിരിയാണി വാങ്ങിക്കാൻ എസ്.ഐ പോയി. പീ.സീ എനിക്ക് കാവലിരുന്നു. ഭാസ്ക്കർ രോമം നിറഞ്ഞ വാൽ നക്കിക്കൊണ്ടിരുന്നു. എന്റെ പേരിൽ പിന്നേയും കേസുകൾ വന്നിട്ടുണ്ടെന്നും എല്ലാം പരിശോധിച്ച് തെളിവെടുക്കാൻ സമയമെടുക്കുമെന്നും പീ.സീ പറഞ്ഞു. കോടതിയിൽ സാക്ഷിവിസ്താരവും തെളിവ് നിരത്തലും കഴിയുമ്പോഴേയ്ക്കും ഒരു വ്യാഴവട്ടമാകുമെന്നും അറിയിച്ചു. എനിക്ക് പീ.സീയോട് അടുപ്പം തോന്നി. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്ന് പി.സി കളിയാക്കി. അടുത്തെങ്ങും പള്ളിയില്ലെന്നും ഉണ്ടെങ്കിൽ ത്തന്നെ പോകാൻ പറ്റില്ലെന്നും ഭാസ്ക്കർ മുരണ്ടു. എന്നെ കോടതിൽ ഹാജറക്കാതെ എന്ത് വിചാരണയാണ് നടക്കുന്നതെന്ന് ഞാൻ ചോദിച്ചു. അനിശ്ചിതകാലത്തേയ്ക്ക് കോടതി അവധിയായതിനാൽ ഒന്നും പറയാൻ പറ്റില്ലെന്ന് ഭാസ്ക്കർ പറഞ്ഞു. എങ്കിൽ എന്നെ ഇവിടെ വച്ച് കൊന്ന് കളയാൻ ആവശ്യപ്പെട്ടപ്പോൾ പുണ്യപുരാതനമായ പോലീസ് സ്റ്റേഷനിൽ വച്ച് അത് സാധ്യമല്ലെന്നും, എങ്ങിനെ കൊല്ലണമെന്ന് തോന്നുകയാണെങ്കിൽ പറ്റിയ സ്ഥലത്ത് കൊണ്ട് പോയി ചെയ്യുമെന്നും അവൻ വാലാട്ടി.

‘ എങ്കിൽ എനിക്ക് പ്രാഥമികാവശ്യങ്ങൾക്കുള്ള സൌകര്യം ഒരുക്കണം. കോടതി തുറക്കും വരെ ജീവനോടെയിരിക്കാനുള്ള ഭക്ഷണം വേണം’ ഞാൻ പറഞ്ഞു.

‘ അതൊന്നും നടക്കുന്ന കാര്യമല്ല. നിന്റെ പാദസ്പർശം ഏറ്റ മുതൽ അശുദ്ധമായി പോലീസ് സ്റ്റേഷൻ . നിന്റെ കാര്യത്തിൽ ഒരു തീരുമാനമായിട്ട് വല്ല പൂജയോ ഹോമമോ നടത്തി ശുദ്ധികലശം ചെയ്യണം’

‘ അതിനിടയ്ക്ക് ഞാൻ ചത്ത് പോയാലോ?’

‘ ഒരു കുഴപ്പവുമില്ല. കേസ് നടന്നോളും. നീ ചത്ത് പോയാൽ നിന്റെ ആത്മാവിനെ ശിക്ഷിക്കാനുള്ള വകുപ്പുണ്ട്’ പീ.സീ അറിയിച്ചു

ബിരിയാണി വാങ്ങിക്കാൻ പോയ എസ്.ഐ തിരിച്ചെത്തി. ഭാസ്ക്കർ കൊതിയോടെ ബിരിയാണി തിന്നുന്നത് നോക്കി വാത്സല്യത്തോടെ എസ്.ഐ അവന്റെ മുതുകിൽ തലോടി.

സാക്ഷികൾ

‘ എന്നെ ക്രൂരമായി പീഢിപ്പിച്ചു. ഞാൻ അന്ന് വീട്ടിൽ ഒറ്റയ്ക്കായിരുന്നു. പരീക്ഷ അടുത്തതിനാൽ പഠിച്ചു കൊണ്ടിരിക്കുക്കയായിരുന്നു. അപ്പോൾ ഇയാൾ എന്റെ വീട്ടിൽ അതിക്രമിച്ച് കയറി. എന്നിട്ട് എന്നെ വലിയ ഇഷ്ടമാണെന്നും ഞാൻ ഇയാളുടെ കൂടെ ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്നും പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഇയാൾ എന്നെ ബലമായി ഉമ്മ വച്ചു. എന്റെ വസ്ത്രങ്ങൾ വലിച്ച് കീറി..എന്നെ..എന്നെ..’ പെൺകുട്ടി മുഖം പൊത്തി കരഞ്ഞു.

‘ അതെ ..ഞാൻ എല്ലാം കണ്ടതാണ്. അന്നേരം ഞാൻ എതിർവശത്തെ കെട്ടിടത്തിൽ പെയിന്റടിക്കുകയായിരുന്നു. ഇയാൾ പെൺകുട്ടിയെ പീഢിപ്പിക്കുന്നത് ഞാൻ ജനലിലൂടെ കണ്ടു’ സാക്ഷി മൊഴി കൊടുത്തു.

‘ എത്ര മണിക്കായിരുന്നു സംഭവം?’. എസ്.ഐ

‘ രാവിലെ 10.30 ന്’ പെൺകുട്ടി.

‘ ഞാൻ കണ്ടത് 12 മണിക്കാണ്’ സാക്ഷി.

‘ കുഴപ്പമില്ല. കേസിനാസ്പദമായ സംഭവം നടന്നെന്ന് പെൺകുട്ടിയും അത് കണ്ടെന്ന് സാക്ഷിയും പറയുന്നുണ്ടല്ലോ..അത് മതി’

ഇത്രയും ക്രൂരനും മനുഷ്യപ്പറ്റില്ലാത്തവനുമായ എന്നെ കൈകാലുകൾ മുറിച്ച് തെരുവിലെറിയണമെന്ന് പീ.സീ പറഞ്ഞു. എസ്.ഐ തലയാട്ടി. ഭാസ്ക്കർ വാലാട്ടിയതേയുള്ളൂ.

‘ എന്റെ പുതിയ 10 പവൻ വരുന്ന മാല ഇയാൾ തട്ടിയെടുത്തു. കഠാര കാണിച്ച് പേടിപ്പിച്ചാണ് ഇയാൾ മാല കവർന്നത്. എന്റെ ഭാര്യയ്ക്ക് സമ്മാനമായി കൊടുക്കാൻ വാങ്ങിയതായിരുന്നു’ – പരാതിക്കാരൻ

‘ അതെ.ഈ ദുഷ്ടൻ മാല തട്ടിയെടുക്കുന്നത് ഞാൻ കണ്ടതാണ്. അന്നേരം ഞാൻ വഴിയരികിലെ പെട്ടിക്കടയിൽ നിന്ന് സോഡ കുടിക്കുകയായിരുന്നു’ – സാക്ഷി.

‘ എന്നാണ് ഇയാൾ നിങ്ങളുടെ മാല തട്ടിയെടുത്തത്?’ എസ്.ഐ

‘ കഴിഞ്ഞ തിങ്കളാഴ്ച’ – പരാതിക്കാരൻ
‘ കഴിഞ്ഞ ബുധനാഴ്ചയാണ് ഞാൻ കണ്ടത്’ – സാക്ഷി.

‘ സാരമില്ല, മോഷണം നടന്നെന്ന് പരാതിക്കാരനും അത് കണ്ടെന്ന് സാക്ഷിയും പറഞ്ഞല്ലോ. അത് മതി’

അന്നത്തെ വിചാരണ അങ്ങിനെ കഴിഞ്ഞു. പതിവ് പോലെ എന്നെ ഇടിച്ച് പഞ്ചറാക്കിയിട്ട് പുണ്യാഹം ചെയ്ത് എസ്.ഐ പോയി.


കൂടുതൽ കേസുകൾ

നിലവിൽ എന്റെ പേരിലുള്ള കേസുകൾ 36 എണ്ണം മാത്രമാണെന്നും കൂടുതൽ പ്രതീക്ഷിക്കാമെന്നും ഭാസ്ക്കർ പറഞ്ഞു. മോഷണം , പീഢനം തുടങ്ങിയെ ചെറിയ കേസുകൾ കൂടാതെ കള്ളക്കടത്ത്, തീവ്രവാദം തുടങ്ങി അന്താരാഷ്ട്രകേസുകളും വരാനുണ്ടെന്ന് അവൻ അറിയിച്ചു. ഇതൊക്കെ ഞാൻ എപ്പോഴാണ് ചെയ്തതെന്ന് ചോദിച്ചപ്പോൾ അതൊന്നും ആലോചിച്ച് വിഷമിക്കേണ്ടെന്നും അതൊക്കെ ഞങ്ങൾ നോക്കിക്കൊള്ളാമെന്നും അവൻ പറഞ്ഞു.

പോലീസ് സ്റ്റേഷനിൽ അത് എത്രാമത്തെ ദിവസമാണെന്ന് എനിക്കറിയില്ലായിരുന്നു. എന്നും എന്നെ ഇടിക്കുകയും പോലീസ് മുറകളെല്ലാം പ്രയോഗിക്കുക്കയും ചെയ്യുന്നുണ്ടെങ്കിലും ഒരിക്കൽ‌പ്പോലും കുറ്റങ്ങളെല്ലാം സമ്മതിക്കുന്നോയെന്ന് എന്നോട് ആരും ചോദിച്ചില്ലായിരുന്നു. അതിന്റെ ആവശ്യമില്ലെന്നും സമ്മതിച്ചില്ലെങ്കിലും ഞാൻ കുറ്റക്കാരനാണെന്നും പീ.സീ പറഞ്ഞു. ഭാഗ്യമുണ്ടെങ്കിൽ നാളെ കോടതി തുറക്കുമെന്നും അയാൾ അറിയിച്ചു. പക്ഷേ, പാവനമായ കോടതിയിലേയ്ക്ക് എന്നെ കൊണ്ട് പോകുന്ന കാര്യം സ്വപ്നം പോലും കാണേണ്ടെന്ന് ഭാസ്ക്കർ കളിയാക്കി.


‘ പക്ഷേ..നമ്മുടേ കൈയ്യിൽ തെളിയിക്കപ്പെടാത്ത കേസുകൾ ധാരാളമുണ്ടല്ലോ. അതൊക്കെ ഇവന്റെ പേരിലാക്കിയാലോ?’ ഭാസ്ക്കർ ചോദിച്ചു.

‘ അതിപ്പോ..വിഗ്രഹമോഷണമല്ലേ..പരിപാവനമായ ദേവീവിഗ്രഹം മോഷ്ടിച്ചതൊക്കെ ഈ പാപിയുടെ പേരിലാക്കിയാൽ ഭഗവതി കോപിക്കില്ലേ? പീ.സീ

‘ ശരിയാണ്..അതൊന്നും ഈ കൂശ്മാണ്ഠത്തിന്റെ പേരിൽ വേണ്ട. അല്ലെങ്കിൽ ത്തന്നെ പരിശുദ്ധമായ പോലീസ് സ്റ്റേഷൻ അശുദ്ധമാക്കിയിരിക്കാണ്’. എസ്.ഐ പറഞ്ഞു.

അവർ ലാത്തി തൊട്ട് വണങ്ങി.

കോടതി തുറന്ന് എന്റെ കേസുകൾ പരിശോധിക്കാൻ തുടങ്ങിയെന്ന് അറിയിച്ചു. പഠിച്ച് തീരാൻ കുറേ സമയമെടുക്കുമത്രേ. അതിനിടയിൽ പുതിയ കേസുകൾ വരുകയാണെങ്കിൽ അതും പഠിക്കണം. തെളിവ് കാണിക്കണം. പരാതിക്കാരേയും സാക്ഷികളേയും വിസ്തരിക്കണം. അതിന് ശേഷം ജീവപര്യന്തമോ തൂക്കുമരമോ കിട്ടുമായിരിക്കും എന്നും ഭാസ്ക്കർ പറഞ്ഞു.

‘ അതിപ്പോ..ന്താച്ചാല്..നാട്ടിലിപ്പോ കള്ളന്മാരൊന്നൂല്ല്യ. കള്ളവും ചതിയുമില്ലാത്ത നാടാണിത്. ആകെ നീ മാത്രേള്ളൂ ഇതൊക്കെ ചെയ്യാൻ. അപ്പോപ്പിന്നെ ഇക്കണ്ട കേസൊക്കെ വെറ്തേ കളയാൻ പറ്റ്വോ? ‘ എസ്.ഐ.

ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ ഭാഗം വാദിക്കാൻ ആരേയും കിട്ടില്ലെന്ന് ആദ്യമേ അറിയിച്ചതാണ്. എങ്കിൽ ഇത്രയും പരിശോധനയും വിസ്താരങ്ങളും ഒഴിവാക്കി എത്രയും വേഗം ശിക്ഷ വിധിച്ചൂടേന്ന് ഞാൻ ചോദിച്ചു. അത് പറ്റില്ലെന്നും, ഓരോ കുറ്റത്തിനും ഓരോ ശിക്ഷയാണെന്നും, കുറ്റങ്ങളുടെ ആളവനുസരിച്ച് ശിക്ഷ വിധിക്കാൻ സമയമെടുക്കുമെന്നും അവർ പറഞ്ഞു.

‘ എല്ലാത്തിനും അതിന്റെ ഒരു നിയമം ഇല്ലേ? അത് തെറ്റിക്കാൻ ആർക്കും പറ്റില്ല. കാത്തിരിക്കണം’. ഭാസ്ക്കർ വാലാട്ടി.

അന്ന് എന്നെ എസ്.ഐ മാത്രമല്ല, പീ.സീയും ഭാസ്ക്കറും മർദ്ദിച്ചു. ഭാസ്ക്കർ അവന്റെ കൂർത്ത പല്ലുകൾ കൊണ്ട് എന്നെ കടിച്ച് കീറി. ദേഹമാകെ മാന്തിപ്പറിച്ചു. എന്നിട്ട് പുണ്യാഹം ചെയ്ത് ഒരു മൂലയ്ക്ക് പോയിക്കിടന്നു.
വിധി

എന്റെ പേരിലുള്ള 3212 കേസുകളും പരിശോധിച്ച് എല്ലാത്തിലും ഞാൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഇപ്പോൾ അനുഭവിക്കാനുള്ള ശിക്ഷ കഴിയും വരെ പുതിയ കേസുകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തി വച്ചു . ശിക്ഷ എന്താണെന്നറിയാൻ കുറച്ച് ദിവസം താമസിക്കുമെന്ന് എസ്.ഐ പറഞ്ഞു. അത്രയും നാൾ മർദ്ദനം മാത്രമായിരിക്കുമെന്നും അറിയിച്ചു. പുണ്യപുരം സ്റ്റേഷൻ കൂടാതെ, അടുത്തുള്ള സ്നേഹപുരം, ദയാപുരം, പരസഹായന്നൂർ, കനിവായൂർ എന്നിവടങ്ങളിലെ പോലീസുകാരും എന്നെ മർദ്ദിക്കാൻ എത്തുമെന്ന് ഭാസ്ക്കർ പറഞ്ഞു. പറഞ്ഞത് പോലെ എല്ലാവരും വരുകയും എന്നെ ആവോളം മർദ്ദിക്കുകയും ചെയ്തു.

ശിക്ഷ നടപ്പാക്കുന്ന ദിവസം അവർ എന്നോട് കുളിക്കാൻ ആവശ്യപ്പെട്ടു. ചെയ്ത തെറ്റുകൾക്കെല്ലാം പശ്ചാത്തപിക്കാനും മാപ്പ് പറയാനും ഒരു മണിക്കൂർ അനുവദിച്ചു. ഞാൻ കുളിച്ച് ഒരു മണിക്കൂർ വിശ്രമിച്ചു. അവർ എനിക്ക് ഭക്ഷണവും വെള്ളവും തന്നു. വിചാരണയ്ക്കിടയിൽ അപമര്യാദയായി പെരുമാറുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ തങ്ങളോട് ക്ഷമിക്കണമെന്ന് എസ്.ഐ, പീ.സീ, ഭാസ്ക്കർ എന്നിവർ പറഞ്ഞു. എല്ലാം ജോലിയുടെ ഭാഗമാണെന്നും അല്ലാതെ വ്യക്തിപരമായി അവർക്കാർക്കും എന്നോട് ഒരു വിരോധവും ഇല്ലെന്നും പ്രസ്താവിച്ചു. പോരാത്തതിന് എന്നോട് അനുകമ്പയുണ്ടെന്നും അപ്പീൽ കൊടുക്കാൻ നിവൃത്തിയും താല്പര്യവും ഇല്ലാത്തത് കൊണ്ട് അത് ചെയ്യാത്തതാണെന്നും പറഞ്ഞു.

എന്റെ തലയിലൂടെ കറുത്ത തുണി ചുറ്റി അവർ എന്നെ ശിക്ഷ നടപ്പാക്കാൻ കൊണ്ട് പോയി. പോലീസ് വണ്ടിയിൽ മണിക്കൂറുകളോളം യാത്ര ചെയ്ത് എവിടെയോ ഒരിടത്ത് അവർ എന്നെ ഇറക്കി വിട്ടു. വണ്ടി തിരിച്ച് പോകുന്ന ശബ്ദം ഞാൻ കേട്ടു. അവർ എന്റെ കൈകൾ സ്വതന്ത്രമാക്കിയിരുന്നു. ഞാൻ തലയിലെ കെട്ടഴിച്ചു. അപരിചിതമായ ഒരു സ്ഥലമായിരുന്നു. കുറ്റിക്കാടുകളും ഉണങ്ങിയ മരങ്ങളും മാത്രമേ കണ്ടുള്ളൂ. ഞാൻ എങ്ങോട്ടെന്നില്ലാതെ നടന്നു. കുടിക്കാൻ വെള്ളം പോലും കിട്ടാത്ത സ്ഥലമായിരുന്നു അത്. വഴിയിൽ തലയോട്ടികളും എല്ലിൻ കൂമ്പാരങ്ങളും കണ്ടു. മരണത്തോട് മല്ലിടുന്ന മൃഗങ്ങളും തീ കത്തുന്ന വലിയ പുറ്റുകളും കണ്ടു. കടുത്ത ചൂടിൽ ഞാൻ അവശനായി. താഴെ ഇരിക്കാൻ വയ്യ. എല്ലായിടത്തും വെന്ത മാംസം ചിതറിക്കിടന്നിരുന്നു.

കുറേ ദൂരം ചെന്നപ്പോൾ അന്തരീക്ഷം മാറി. ചൂട് കുറഞ്ഞു. ഇലപ്പച്ചകൾ കാണായി. എവിടെയോ നദിയൊഴുകുന്ന ശബ്ദം. ഞാൻ ആ ദിക്ക് ലക്ഷ്യമാക്കി നടന്നു. അത് വെറും മരുപ്പച്ചയായിരുന്നെന്ന് ഞാനറിഞ്ഞിരുന്നില്ല. വഴിയരികിൽ ഒരു ചെറിയ കുടിൽ കണ്ടു. ആൽത്താമസമുണ്ടോയെന്ന് നോക്കാൻ ഞാൻ അങ്ങോട്ട് പോയി. അവിടെ ഒരാൾ കറുത്ത കമ്പിളി പുതച്ചിരിക്കുന്നുണ്ടായിരുന്നു.

‘ ഇത്തിരി വെള്ളം തരാമോ?’ ഞാൻ ചോദിച്ചു. അയാൾ തലയുയർത്തി നോക്കി. എനിക്കയാളെ പരിചയമുള്ളത് പോലെ തോന്നി.

‘ ദൈവമേ’ ഞാൻ അലറി. അത് ദൈവമായിരുന്നു. ദൈവം എന്നെ താല്പര്യമില്ലാത്ത പോലെ നോക്കി.

‘ എന്തിനാണ് ദൈവമേ എന്നോടിങ്ങനെയൊക്കെ ചെയ്തത്? ആർക്കും ഒരു ദ്രോഹവും ചെയ്യാതെ നല്ല രീതിയിൽ ജീവിച്ചിരുന്നതല്ലേ ഞാൻ..എന്നിട്ടും..’ എനിക്ക് കരച്ചിൽ വന്നു.

‘ ഹും’ ദൈവം മുരണ്ടു.

‘ പറയൂ ദൈവമേ…ഞാൻ നിന്നെ പ്രാർഥിക്കാത്ത ദിവസമുണ്ടായിട്ടില്ല.ഇതാണോ നീ നിന്റെ കുട്ടികൾക്ക് കൊടുക്കുന്ന സമ്മാനം?’

‘ ഒന്ന് പോഡാപ്പാ…നിന്നെയൊക്കെ ഉണ്ടാക്കിയ നേരത്ത് പത്ത് വാഴ വച്ചാ മതിയായിരുന്നു’

അത്രയും പറഞ്ഞ് ദൈവം എഴുന്നേറ്റ് ഞൊണ്ടി ഞൊണ്ടി നടന്നകന്നു.
പാപി പാപി Reviewed by Jayesh/ജയേഷ് on May 18, 2010 Rating: 5

8 comments:

 1. വ്യത്യസ്തതയുള്ള ശൈലി. ഇത് വരെ ആരും വായിച്ചില്ല എന്നത്, അല്ലെങ്കിൽ മറിച്ച് അഭിപ്രായം പറഞ്ഞില്ല എന്നത് അത്ഭുതമായി തോന്നുന്നു. ഒരു പക്ഷെ അഗ്രികളിൽ (ജാലകത്തിൽ) ബ്ലോഗ് രജിസ്റ്റർ ചെയ്യാത്തതിനാലാവും ? ഏതായാലും നല്ല എഴുത്ത്.

  ReplyDelete
 2. നീ മഹാനായ കാഫ്ക്കയെ വായിച്ചിട്ടുണ്ടോ?.
  ഉണ്ട്, അത് മാത്രമല്ല, ബി.മുരളിയുടെ കഥയും വായിച്ചിട്ടുണ്ട്. വേറേയും പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്.
  ----
  ‘ ഒന്ന് പോഡാപ്പാ…നിന്നെയൊക്കെ ഉണ്ടാക്കിയ നേരത്ത് പത്ത് വാഴ വച്ചാ മതിയായിരുന്നു’
  ----
  എന്റെ ജയേശാ, ഒരു നോവല്‍ വായിച്ച് തീ‍ര്‍ത്ത പോലെ തോന്നി. ഒരു മഴ തോര്‍ന്ന പോലേയും!

  ReplyDelete
 3. പഹയാ നന്നായി എഴുതി നീളം ഒന്ന് കുറച്ചൂടെ

  ReplyDelete
 4. മനോരാജ് : നീളക്കൂടുതൽ കാരണമായിരിക്കും അത്

  സസിയേട്ടാ: നമ്മൾ ചാറ്റിൽ പറഞ്ഞത് ആവർത്തിക്കുന്നു :)

  ഒഴാക്കൻ : നന്ദി, നീളം കുറയ്ക്കാൻ പറ്റുന്നില്ല.

  ReplyDelete
 5. jayesh a new mode of narration. totally different
  carry on

  ReplyDelete
 6. എന്റെ അമ്മോ വായിച്ചു തീര്‍ത്തു കഴിഞ്ഞപ്പോ വട്ടായി എന്ന് പറഞ്ഞാ മതി , അളിയാ വേറിട്ടൊരു എഴുത്ത് കലക്കി

  ReplyDelete
 7. ജയദേവ്ജീ, അച്ചായോ, ബിഗൂ..നന്ദി

  ReplyDelete