ഏകാകികൾക്ക് ഒരു പൂവ്

1

എപ്പോഴും യന്ത്രങ്ങളുടെ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന, ആസ്മാരോഗിയെപ്പോലെയുള്ള, എപ്പോഴും മലമൂത്രാദികളുടെ ഗന്ധമുള്ള നഗരത്തിലെ ഒരു കോളനിയിലെ ഭൂമിയെക്കാൾ പുരാതനമായ കെട്ടിടത്തിന്റെ ടെറസ്സിലെ തന്റെ ഒറ്റമുറിയിലേയ്ക്ക് ദേവവ്രതൻ എന്ന ചെറുപ്പക്കാരൻ കയറി. പകൽ മുഴുവൻ വെയിലേറ്റ് ചൂട് നിറഞ്ഞ മുറിയിൽ അയാളൊറ്റയ്ക്കായിരുന്നു താമസം. കോളനിയിലെ എപ്പോഴും കലഹിച്ച് കൊണ്ടിരിക്കുന്ന അയൽ വാസികൾ അന്നത്തെ യുദ്ധങ്ങൾ അവസാനിപ്പിച്ച് തങ്ങളുടെ കൂടുകളിലേയ്ക്ക് ചേക്കേറിയിരുന്നു. തനിക്ക് മുറ്റമായി ഉപയോഗിക്കാവുന്ന ടെറസ്സിലേയ്ക്ക് അയാൾ നോക്കി. ഇരുട്ടായിട്ടും പട്ടം പറത്തൽ നിർത്താൻ കൂട്ടാക്കാത്ത കുട്ടികൾ, കാമുകിയ്ക്ക് എസ് എം എസ് അയയ്ക്കുന്ന കാമുകൻ എന്നിവരെ കണ്ടു. എന്നിട്ടും വിഷാദമായിരിക്കുന്ന ആ അന്തരിക്ഷത്തെ ഉപേക്ഷിച്ച് , മുഷിഞ്ഞ് ഒരു ദിവസത്തിന്റെ വാടയുള്ള തന്റെ ശരീരത്തെ അയാൾ നാല് ചുവരുകൾക്കുള്ളിലാക്കി വാതിലടച്ചു.

ഏത് നാട്ടിലും കാണാവുന്ന തരത്തിലുള്ള ഒരു ചെറുപ്പക്കാരൻ തന്നെയായിരുന്നു ദേവവ്രതൻ. എന്നും രാവിലെ അലക്കിത്തേച്ച വസ്ത്രങ്ങൾ ധരിച്ച് കൃത്യസമയത്താണെങ്കിൽ സാവധാനം നടന്നും വൈകിയാണെങ്കിൽ മാരത്തോൺ ഓട്ടക്കാരനെപ്പോലെയും പോകുന്ന അയാൾ വൈകുന്നേരമോ രാത്രിയോ തിരിച്ചെത്തുന്നു. ദുരിതം നിറഞ്ഞതും നിർഭാഗ്യകരവുമായ ജീവിതം നയിക്കുന്നതിന്റെ നൈരാശ്യം ഏത് വേഷത്തിലാണെങ്കിലും അയാളുടെ മുഖത്ത് തെളിഞ്ഞ് കാണാമായിരുന്നു. പകൽ മുഴുവൻ അയാൾ എന്ത് ചെയ്യുകയാണെന്ന് ആർക്കും അറിയില്ലായിരുന്നു. അധികമാരോടും സംസാരിക്കാതെ , കോളനിയിലെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് വൈരാഗിയെപ്പോലെ ജീവിക്കുന്ന ഇയാളെ ഏത് നാട്ടിലും കാണാവുന്നതാണ്. ചിലർ അവരെ ദേവവ്രതൻ എന്നും മറ്റ് നാടുകളിൽ പല പേരുകളിലും വിളിക്കുന്നു. മറ്റുള്ളവർ തന്നെ എന്ത് വിളിക്കുന്നെന്നത് ഒരു വിഷയമല്ലാത്തത് പോലെ അവർ തങ്ങളുടെ ഒറ്റമുറിയിലെ ഉഷ്ണം നിറഞ്ഞ ഏകാന്തതയിൽ സ്വയം തിരഞ്ഞ് കൊണ്ടിരിക്കുന്നു.

എത്രയൊക്കെ വിശദീകരിച്ചാലും ദേവവ്രതന്മാരെപ്പറ്റി കുറച്ച് കൂടി അടുത്തേയ്ക്ക് വിളിച്ച് പരിചയപ്പെടുത്തിയാലേ കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വ്യക്തത ലഭിക്കൂ. ദേവവ്രതനെപ്പറ്റി കുറച്ച് വ്യക്തിപരമായ കാര്യങ്ങൾ ഇതാ:

പേര് : ജി. ദേവവ്രതൻ

വയസ്സ് : 31

സ്വദേശം : തെക്കൻ മലബാറിലെ ഒരു കുഗ്രാമം. ( കൃത്യസ്ഥലം പറയരുതെന്ന് അയാൾ അപേക്ഷിക്കുന്നു)

വിദ്യാഭ്യാസം : ബിരുദം

കുടും ബം : അച്ഛൻ, അമ്മ, അനുജത്തി

ജോലി : ഉത്തരേന്ത്യയിലെ ഒരു നഗരത്തിലെ വൻ കിട ബിസിനസ്സുകാരനായ മദൻ ലാൽ എന്ന മാർവാഡിയുടെ പേഴ്സണൽ സെക്രട്ടറി

മറ്റ് താല്പര്യങ്ങൾ : പ്രത്യേകിച്ചൊന്നുമില്ല. വല്ലപ്പോഴും ഹിന്ദി സിനിമ കാണും, റേഡിയോയിലെ മുഷിപ്പൻ പരിപാടികൾ കേൾക്കും. അല്ലെങ്കിൽ കിടന്നുറങ്ങും.

മേൽ‌പ്പറഞ്ഞ ദേവവ്രതൻ അന്നത്തെ ജോലി കഴിഞ്ഞ് തന്റെ മുറിയിലെത്തിരിക്കുകയാണ്. വരുന്ന വഴിയ്ക്ക് വഴിയോരത്തെ തട്ടുകടയിൽ നിന്നും ദോശ കഴിച്ചിരുന്നത് കൊണ്ട് ഇനി ഉറക്കം മാത്രമാണ് അന്നത്തേയ്ക്ക് അവശേഷിച്ചിരിക്കുന്നത്.

അയാൾ ഉറങ്ങാൻ കിടന്നു.

2

മദൻ ലാൽ എന്റർപ്രൈസസിന്റെ വിശാലമായ ഓഫീസിൽ ജോലികൾ ചൂട് പിടിച്ച് വരുന്നു. പേപ്പട്ടികളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നവർ, കമ്പ്യൂട്ടറുകൾക്ക് മുന്നിൽ തപസ്സിരിക്കുന്നവർ, കസ്റ്റമേഴ്സിനെ എത്രയും വേഗം ഒഴിവാക്കി ശ്വാസം തിരിച്ചെടുക്കാൻ കൊതിക്കുന്നവർ, എ.സിയുടെ കുളിർമ്മയിലും വിയർക്കുന്നവർ..അങ്ങിനെയൊരു ലോകത്തിലേയ്ക്ക് കടന്ന് ചെല്ലുമ്പോൾ തോന്നുന്ന വിരക്തി ദേവവ്രതനുണ്ടായി, എന്നും അനുഭവിക്കുന്നതാണെങ്കിലും. തുടർച്ചയായി ഛർദ്ദിച്ചുകൊണ്ടിരിക്കുന്നവരുടെ ഇടയിലൂടെയെന്ന പോലെ അയാൾ സേഠുവിന്റെ കാബിനിലേയ്ക്ക് നടന്നു. അദ്ദേഹം വരുമ്പോഴേയ്ക്കും അന്നത്തെ കാര്യപരിപാടികൾ എണ്ണമിട്ട് മേശപ്പുറത്ത് നിരത്തി വച്ചിരിക്കണം.

കാണുന്നവർക്ക് ഉഷ്ണം തോന്നുന്ന രീതിയിൽ വസ്ത്രം ധരിച്ച്, തടിച്ച് കൊഴുത്ത്, തൊട്ടാൽ ചോര വരുമെന്ന് തോന്നുന്ന മദൻ ലാൽ എന്ന സേഠ് ഓഫീസിലെത്തി. സിംഹാസനം തോറ്റ് പോകുന്ന തന്റെ കസേരയിലിരുന്ന് കിതച്ചു. പടികൾ കയറാൻ അദ്ദേഹത്തിന് പ്രയാസമാണ്. ലിഫ്റ്റിൽ കയറാൻ ഭയവും. കിതപ്പാറ്റി സ്വയം വീണ്ടെടുത്ത ശേഷം അദ്ദേഹം വിളിച്ചു

‘ ദേവ് ‘

കാബിന് പുറത്ത്, അരികിലായിത്തന്നെ ഇരിക്കുകയായിരുന്ന ദേവവ്രതൻ വിളി കേട്ടു.


‘ സേഠ്ജീ’. ദേവവ്രതൻ കാബിനിൽ ചെന്നു. അദ്ദേഹത്തെ അങ്ങിനെ വിളിക്കാൻ ഓഫീസിൽ അധികാരമുള്ള ഒരേയൊരാൾ ദേവവ്രതനാണ്. പേഴ്സണൽ സെക്രട്ടറി എന്ന നിലയിൽ സേഠുവിന്റെ ദൌർബല്യങ്ങളും കൊള്ളരുതായ്മകളും കണ്ടില്ലെന്ന് നടിക്കുന്നതിനൊപ്പം അതിനൊക്കെ കൂട്ടുനിൽക്കുക എന്ന തന്റെ ജോലി കൃത്യമായി ചെയ്യുന്നതു കൊണ്ട് കിട്ടിയ സ്വാതന്ത്ര്യം. ദേവവ്രതന്റെ അച്ഛനും സേഠുവിന്റെ ജോലിക്കാരനായിരുന്നു. ഡ്രൈവർ. മരിക്കുന്നത് വരെ തന്റെ മുതലാളിയുടെ കാരുണ്യത്തെക്കുറിച്ച് പറയുമായിരുന്നു അച്ഛൻ. ദേവവ്രതനെ സേഠുവിന്റെ അടുത്ത് ജോലിയ്ക്ക് ചേർത്തതും അച്ഛൻ തന്നെ. കാഴ്ചയ്ക്ക് സുന്ദരനും അഭ്യസ്ഥവിദ്യനുമായ ദേവവ്രതനെ മദൻ ലാൽ എന്ന സേഠ് തന്റെ പേഴ്സണൽ സെക്രട്ടറിയാക്കി നിയമിച്ചു. നന്ദി പറഞ്ഞ് തീരാതെ അച്ഛന്റെ ജീവനൊടുങ്ങിയപ്പോൾ അമ്മയും അനുജത്തിയും നാട്ടിലേയ്ക്ക് തിരിച്ച് പോയി. അന്ന് മുതൽ ഒറ്റപ്പെട്ടവരും അസംതൃപ്തനുമായി ജീവിക്കുന്ന ദേവവ്രതൻ സേഠുവിന്റെ എല്ലാ കാര്യങ്ങൾക്കും ഒത്താശ ചെയ്യുന്ന വിശ്വസ്ഥനായ സെക്രട്ടറിയായി ജീവിക്കുന്നു.

‘ ദേവ്..ഇന്ന് നമ്മുടെ ഗസ്റ്റ് വരുന്നെന്ന് അറിയാമല്ലോ..എല്ലാം ഏർപ്പാടാക്കിയിട്ടില്ലേ? ‘

‘ ഉവ്വ് സേഠ്ജീ.. മുറികൾ ബുക്ക് ചെയ്തിട്ടുണ്ട്. ബാക്കിയെല്ലാം പറയുന്ന പോലെ ഏർപ്പാടാക്കാം ‘

‘ ഠീക്ക് ഹേ..നീ ആദ്യം അവരെ കൊണ്ട് ചെന്ന് ഹോട്ടലിലാക്ക്..ബാക്കി ഞാൻ പറയാം . അറിയാമല്ലോ, ഇവർ വളരെ പ്രധാനപ്പെട്ട ആളുകളാണ്. ഒരു കുറവും ഉണ്ടായിക്കൂടാ ‘ സേഠ് ചിരിച്ചു. എന്നിട്ട് തുടർന്നു “ ഒരു കുറവും ..ഹും ?’

‘ മനസ്സിലായി സേഠ്ജീ..ഞാൻ എല്ലാം നോക്കിക്കോള്ളാം ‘

സേഠ് തലയാട്ടി. ദേവവ്രതൻ കാബിന് പുറത്ത് വന്നു. അസ്വസ്ഥയുണ്ടാകും വിധം ജോലി ചെയ്യുന്ന സഹപ്രവർത്തകരെ നോക്കി. സേഠിന്റെ സാമീപ്യം അവരെ കൂടുതൽ കർമ്മനിരതരാക്കിയിരുന്നു. ഇപ്പോൾ കുഴഞ്ഞ് വീഴുമെന്ന പോലെ ജോലി ചെയ്യുന്നവരെ നോക്കി അയാൾ ഓഫീസിന് പുറത്തെത്തി.

‘ ബൽ റാം ‘ അയാൾ വിളിച്ചു. ഡ്രൈവർ ബൽ റാം വലിച്ച് കൊണ്ടിരുന്ന ബീഡി താഴെയിട്ട് ഓടിവന്നു.

‘ എയർ പോർട്ടിൽ പോകണം..വണ്ടി കൊണ്ടുവരൂ….ഗസ്റ്റുണ്ട്… ‘

ബൽ റാമിനറിയാം ഗസ്റ്റിനെ കൊണ്ടുവരാൻ ഏത് വണ്ടി എടുക്കണമെന്ന്. അയാൾ ബി.എം .ഡബ്ല്യൂ തന്നെ കൊണ്ടു വന്നു. കറുത്ത ആഡംഭരക്കാറിലിരുന്ന് യാത്ര ചെയ്യുമ്പോൾ ദേവവ്രതന് വല്ലാത്ത വല്ലായ്മ തോന്നി. ഓഫീസിലേയ്ക്ക് താൻ തിരക്കിട്ടെത്തിയത് ലൈൻ ബസ്സിലാണെന്നോർത്തപ്പോൾ. സേഠുവിന്റെ അതിഥികൾ വരുമ്പോൾ കിട്ടുന്ന സൌഭാഗ്യമാണ് ഈ വിലപിടിച്ച കാറിലുള്ള യാത്ര. അവർ പോകും വരെ ഇഷ്ടം പോലെ തനിക്ക് കാറുപയോഗിക്കാം. അല്ലാത്തപ്പോൾ കൂലിക്കാരനായി വിയർപ്പും ദുർഗന്ധവും നിറഞ്ഞ തിരക്ക് പിടിച്ച ലൈൻ ബസ്സിൽ ഒരു കാൽ പോലും നിലത്ത് കുത്താനാകാതെ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്ത് മുറിയിലെത്തുമ്പോൾ അന്നത്തെ ജോലിയേക്കാൾ ക്ഷീണമുണ്ടാക്കുന്നത് യാത്രയായിരിക്കും.

സിംഗപ്പുരിൽ നിന്നും വരുന്ന ഫ്ലൈറ്റിലാണ് അതിഥികൾ. സേഠുവിന്റെ പുതിയ കച്ചവട പങ്കാളികൾ. സിംഗപ്പൂരിലേയ്ക്ക് ബിസിനസ്സ് വികസിപ്പിക്കാനുള്ള താക്കോലാണ് വരാനിരിക്കുന്നവർ എന്ന് ദേവവ്രതന് അറിയാം. അവർ ദൈവങ്ങളാണ്. ദൈവങ്ങളേക്കാൾ വലുതാണ്. കാരണം, സേഠു എന്നും രാവിലെ പൂജാമുറിയിൽ വിളക്ക് കൊളുത്തുന്നതോടെ ദൈവത്തോടുള്ള ഇടപാട് കഴിയും. പക്ഷേ ഇവർ എത്തുമ്പോൾ അങ്ങിനെയല്ല. നഗരത്തിലെ ഏറ്റവും മുന്തിയ ഹോട്ടലിൽ താമസം, ഭക്ഷണം, വില കൂടിയ മദ്യം, പിന്നെ വില കൂടിയ പെണ്ണും. അവരാവശ്യപ്പെടുന്ന എന്തും, അമ്പിളിയമ്മാവനാണെങ്കിൽ അതും, കിട്ടിയിരിക്കും.

ഫ്ലൈറ്റ് വരാൻ അരമണിക്കൂർ കൂടിയുണ്ട്. ദേവവ്രതൻ ബൽ റാമിനേയും കൂട്ടി ചായ കുടിക്കാൻ പോയി.

3

മദൻ ലാൽ എന്റർപ്രസസിൽ നിന്നും കൃത്യം രണ്ടര കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലം. അവിടെയുള്ള ഒരു സോഫ്റ്റ്വേർ കമ്പനിയിൽ ജോലി നോക്കുന്നവളായ രതിപ്രിയ ടീം ലീഡറിന്റെ കാബിനിലേയ്ക്ക് ചെല്ലുന്നു. തന്റെ സൌന്ദര്യത്തിൽ മയങ്ങിയിരിക്കുന്ന ടീം ലീഡർ സുരേഷ് പണ്ഠിറ്റ് താൻ വരുത്തിയ തെറ്റിന് ശകാരിക്കാനാണ് വിളിപ്പിച്ചതെന്ന് അവൾക്കറിയാമായിരുന്നു. ഉള്ളിൽ നുര പൊങ്ങുന്ന ഭയത്തെ മറയ്ക്കാൻ ശ്രമിച്ച് അവൾ കാബിനിലേയ്ക്ക് കടന്നു. കോപം കൊണ്ട് വീർത്ത് പൊട്ടാനായ ബലൂൺ പോലെയിരിക്കുന്ന സുരേഷിനെ കണ്ടപ്പോൾ അവൾക്ക് കരച്ചിൽ വന്നു.

‘സർ’ അവൾ വിളിച്ചു. മോണിറ്ററിൽ കുത്തി നിർത്തിയിരുന്ന നോട്ടത്തെ പിൻ വലിച്ച് സുരേഷ് തലയുയർത്തി.

‘ രതിപ്രിയ…എന്താ നിന്റെ കുഴപ്പം? ഇങ്ങനെ അശ്രദ്ധയായാലെങ്ങിനെയാ? നോക്ക് ഫീഡ് ബാക്ക്..ക്ലയന്റ് നേരിട്ട് തെറി വിളിച്ചില്ലെന്നേയുള്ളൂ. നിന്റെ ഭാഗത്താണ് തെറ്റ് മുഴുവൻ…ടെൽ മീ..വാട്ട്സ് രോങ്ങ് വിത് യു? ‘

ഇപ്പോൾ നീരാവിയായിപ്പോകും എന്ന് അവസ്ഥയിലിരുന്ന അവളുടെ കൈയ്യിൽ നിന്നും പെൻസിൽ താഴെ വീണു. അതെടുക്കാൻ കുനിഞ്ഞപ്പോൾ ടീഷർട്ടിനിടയിലൂടെ കാണാൻ കഴിയുന്ന തന്റെ മാറിടത്തിന്റെ കുറച്ച് ഭാഗത്തേയ്ക്ക് സുരേഷിന്റെ കണ്ണുകൾ കൊതിയോടെ അലയുന്നത് അവൾ മനസ്സിലാക്കി. പെൻസിൽ തിരയുന്ന ഭാവത്തിൽ അവൾ അതേ നിലയിൽ കുനിഞ്ഞിരുന്നു. നിവരുമ്പോഴേയ്ക്കും സുരേഷിന്റെ ദേഷ്യമെല്ലാം മായുമെന്ന് അവൾക്കറിയാമായിരുന്നു.

‘ സർ…എന്നോട് ക്ഷമിക്കണം..ഇനി ആവർത്തിക്കില്ല’ അവൾ പറഞ്ഞു. ഒപ്പം സമ്പന്നമായ തന്റെ ശരീരത്തിലേയ്ക്ക് സുരേഷിന്റെ ശ്രദ്ധയെ തിരിച്ച് വിടാനുള്ള തന്ത്രങ്ങളും പ്രയോഗിച്ചു. കാമത്താൽ പരിക്ഷീണിതനായ സുരേഷ് അവളെ വളരെ നേരം ഉപദേശിച്ച ശേഷം പറഞ്ഞയച്ചു.

തന്റെ സീറ്റിൽ തിരിച്ചെത്തിയ രതിപ്രിയയ്ക്ക് കരച്ചിൽ വന്നിരുന്നു. അവളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന ജോലിയായിരുന്നില്ല അത്. തന്റെ മാത്രം വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തെയോർത്ത് മാത്രം അവൾ ജോലി തുടരുകയായിരുന്നു. പലപ്പോഴും പിരിച്ചുവിടലിന്റെ വക്കിൽ വരെയെത്തിയ നിമിഷങ്ങളിൽ സഹായത്തിനെത്തിയത് തന്റെ സൌന്ദര്യം മാത്രമാണെന്ന് അവൾക്ക് നന്നായറിയാം. അത് കൊണ്ട് തന്നെ, പ്രിയപ്പെട്ട വസ്ത്രങ്ങൾ ധരിക്കാതെ ഇറുകിയ ജീൻസും ടീ ഷർട്ടും അവൾ സ്ഥിരമായി ഓഫീസിലേയ്ക്ക് ധരിച്ചു. അളവുകൾ കൃത്യമായ തന്റെ ശരീരത്തെ എടുത്തു കാണിക്കും വിധമുള്ള വസ്ത്രങ്ങൾ. മാനേജറുടേയും സുരേഷിന്റേയും സഹപ്രവർത്തകരുടേയും മുനയുള്ള നോട്ടങ്ങൾ കീറിമുറിക്കുന്ന തന്റെ ശരീരത്തെപ്പറ്റി അവൾ ചിന്തിക്കാതായിട്ട് വളരെ നാളുകളായി. ഭാഗ്യത്തിന് അവളെ കണ്ണുകൾ കൊണ്ട് ഭോഗിക്കുന്നതിനപ്പുറം ആരും ചിന്തിച്ചിട്ടില്ല. അങ്ങിനെ ഒരവസ്ഥ വന്നാൽ താൻ എന്ത് ചെയ്യും ? ഒരിക്കൽ അവൾ ആലോചിച്ചു. കിടന്ന് കൊടുക്കണം..ആരോ അവളുടെ ഉള്ളിലിരുന്ന് പറഞ്ഞു.


രതിപ്രിയമാരെ നമുക്ക് ഏത് നഗരത്തിലും കണ്ടെത്താവുന്നതാണ്. രാവിലെ കൃത്യസമയത്ത് ഓഫീസ് വാഹനം വരുന്നതും കാത്ത്, കഴുത്തിൽ ഓഫീസിന്റെ ടാഗ് തൂക്കിയിട്ട്, ഇല്ലാത്ത പ്രസന്നതയെ മുഖത്ത് വരുത്താൻ ശ്രമിച്ച്, തലേന്ന് അമ്മയുമായോ അനുജനുമായോ ഉണ്ടായ വഴക്കിന്റെ ഹാങ് ഓവർ മാ‍റാതെ ഓഫീസിന്റേതായ ലോകത്തേയ്ക്ക് സ്വയം എറിഞ്ഞ് കൊടുക്കുന്ന ഇവരെ രതിപ്രിയ എന്നും മറ്റ് നാടുകളിൽ വേറെ പേരുകളിലും വിളിക്കപ്പെടുന്നു. ഇവളെ കൂടുതൽ പരിചയപ്പെടുത്തുന്നത് കഥയുടെ ഒഴുക്കിന് സഹായകരമായിരിക്കും എന്ന് കരുതുന്നു.

പേര് : രതിപ്രിയ. പി.എസ്

വയസ്സ് : 25

സ്വദേശം : ഉത്തരേന്ത്യയിലെ ഒരു നഗരം. അവൾ ജോലി ചെയ്യുന്നതും അതേ നഗരത്തിൽ ത്തന്നെ.

വിദ്യാഭ്യാസം : ബിരുദം ( കമ്പ്യൂട്ടർ പ്രോഗ്രാമ്മിങ് )

കുടുംബം : അച്ഛൻ, അമ്മ, അനിയൻ

ജോലി : നഗരത്തിലെ ഒരു സോഫ്റ്റ് വേർ കമ്പനിയിൽ പ്രൊഗ്രാമ്മർ.

മറ്റ് താല്പര്യങ്ങൾ : പാട്ട് കേൾക്കും, സിനിമ കാണും. വേറെ പ്രത്യേകിച്ചൊന്നുമില്ല.മേൽ‌പ്പറഞ്ഞ രതിപ്രിയ തന്റെ സീറ്റിലേയ്ക്ക് തിരിച്ചെത്തി. സുരേഷിന്റെ കൂർത്ത നോട്ടം ഇപ്പോഴും തന്റെ ടീ ഷർട്ടിനകത്ത് പറ്റിപ്പിടിച്ചിരിക്കുന്നത് പോലെ തോന്നി അവൾക്ക്. അവൾക്ക് കരയണമെന്ന് തോന്നി. ഇത്തരമൊരു ചുറ്റുപാടിലേയ്ക്ക് തന്നെ കൊണ്ടുവന്ന വിധിയെക്കുറിച്ചാലോചിച്ചു. ജോലി വിട്ടെറിഞ്ഞാലോയെന്ന് വരെ തോന്നി. പക്ഷേ, തന്റെ മാത്രം വരുമാനത്തെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തെയോർത്തപ്പോൾ….

എപ്പോഴും ചെറുപ്പക്കാരെ ജീവിതത്തിൽ നിന്നും അകറ്റി നിർത്തുന്നതിന് ഇത്തരം ചിന്തകൾക്ക് വലിയ പങ്കുണ്ട്. കരിമ്പിൻ ചാറ് പോലുള്ള യൌവ്വനത്തിൽ അഹ്ലാദങ്ങളെല്ലാം അകറ്റി നിർത്തി ജോലി ചെയ്ത്, കിട്ടുന്നതെല്ലാം വീട്ട്ലേയ്ക്കയച്ച് അതൃപ്തവും ദുരിതം നിറഞ്ഞതുമായ കുറേ വർഷങ്ങൾക്ക് ശേഷം പിന്നീട് വിരക്തിയിൽ പൊതിഞ്ഞ കാലത്തെ പഴിച്ചു കൊണ്ടിരിക്കുന്നു. എപ്പോഴെങ്കിലും തന്റെ ജീവിതത്തെക്കുറിച്ച് ആലോചിക്കാൻ പോലും ധൈര്യം വരാതെ മദൻ ലാലുമാരും സോഫ്റ്റ് വേർ കമ്പനികളും ഊറ്റിയെടുക്കുന്ന ചോരയുടെ ഓർമ്മയിൽ നീറുന്നവർ.


സുരേഷ് തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞ രതിപ്രിയ ജോലിയിലേയ്ക്ക് തിരിച്ച് പോയി, ഒട്ടും താല്പര്യം തോന്നിയില്ലെങ്കിലും.

4

അതിഥികളെ ഹോട്ടലിലെ സ്യൂട്ടിലാക്കി ദേവവ്രതൻ തിരിച്ച് ഓഫീസിലേയ്ക്ക് പോയി. അവർ തിരിച്ച് പോകും വരെ ദേവവ്രതനാണ് എല്ലാത്തിന്റേയും ചുമതല. അവരെ സന്തോഷിപ്പിച്ച് നിർത്തുക, അവരുടെ ആവശ്യങ്ങൾ പൂർത്തീകരിച്ച് കൊടുക്കുക എന്നിങ്ങനെ. നിർദ്ദേശങ്ങൾ സേഠ്ജിയിൽ നിന്നും വന്നുകൊണ്ടിരിക്കും.

‘ ദേവ്..അറിയാമല്ലോ വളരെ പ്രധാനപ്പെട്ട അതിഥികളാണവർ. ഒന്നിനും ഒരു കുറവും ഉണ്ടാകരുത് ‘ സേഠ്ജി ഓർമ്മിപ്പിച്ചു.

‘ എല്ലാം പറഞ്ഞ പോലെ ചെയ്തിട്ടുണ്ട് സേഠ്ജീ’

‘ ഉം..എങ്കിൽ നീ മറ്റേ കാര്യം കൂടി ഏർപ്പാടാക്കിയേക്കൂ..അതും ഏറ്റവും വിലപിടിച്ചത് തന്നെ വേണം ‘ സേഠ്ജി ചെറുതായൊന്ന് പുഞ്ചിരിച്ചു. പെണ്ണിന്റെ കാര്യമാണ് പറയുന്നതെന്ന് ദേവവ്രതനറിയാം. ഇതും അയാളുടെ ജോലിയുടെ ഭാഗമാകുന്നു. പലപ്പോഴായി വരുന്ന അതിഥികൾക്ക് നഗരത്തിലെ ഒന്നം കിട പെണ്ണുങ്ങളെ എത്തിച്ച് കൊടുക്കുക. ഏജന്റുമാരുടേയും മുൻ കൂട്ടി ബുക്ക് ചെയ്താൽ മാത്രം കിട്ടുന്ന വേശ്യകളുടേയും വിശദവിവരങ്ങൾ ദേവവ്രതൻ സൂക്ഷിച്ചിരുന്നു. പലപ്പോഴും കാറിൽ അവരെ ഹോട്ടൽ മുറിയിലെത്തിക്കുന്നതും അയാളാണ്. പ്രൌഢകളായ ആ പെണ്ണുങ്ങളെ കൂടെയിരുത്തി കാറോടിക്കുമ്പോൾ അയാൾക്ക് വല്ലാത്ത സങ്കോചം തോന്നും. മദൻ ലാൽ എന്ന തന്റെ അച്ഛന്റെ ദൈവത്തെ, തന്റെ അന്നദാതാവിനെ സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്യുന്ന നാടകം.

പ്രതാപ് എന്ന ഏജന്റിനെ ദേവവ്രതൻ വിളിച്ചു. പെണ്ണിനെ കൊണ്ട് പോകാൻ താൻ തന്നെ വരാമെന്നേറ്റു.

ബി.എം.ഡബ്ല്യൂ വിന്റെ വിശാലതയിൽ, ശീതളമായ അന്തരീക്ഷത്തിൽ രാജ്ഞിയെപ്പോലെ ഇരിക്കുന്ന ഒരു പെണ്ണിനേയും കൊണ്ട് ദേവവ്രതൻ ഹോട്ടലിലേയ്ക്ക് നീങ്ങി. ഹോട്ടലിന്റെ ഗേറ്റിന് പുറത്ത് വായ് നോക്കികളായ ചെറുപ്പക്കാർ ഉണ്ടായിരുന്നു. പണച്ചാക്കുകളായ കൊച്ചമ്മമാരേയും, വെളുത്ത് കൊഴുത്ത തരുണികളേയും കണ്ട് നയനവ്യായാമം ചെയ്യാനെത്തിയവർ. ഇത്തരക്കാർ കോളേജുകളുടെ മുന്നിലും ബസ്റ്റാന്റിലും സിനിമാ തീയേറ്ററിലുമൊക്കെയായി ജീവിതം കഴിച്ച് കൂട്ടുന്നവരാകുന്നു. ദേവവ്രതന് അവരോട് സഹതാപമേ തോന്നിയിരുന്നുള്ളൂ.

ഗേറ്റ് കടക്കുമ്പോൾ അവർ കാറിനുള്ളിലേയ്ക്ക് എത്തി നോക്കുന്നത് കണ്ട് ഒപ്പമിരുന്ന പെണ്ണ് മുഖം കോട്ടുന്നത് അയാൾ ശ്രദ്ധിച്ചു. പ്രധാനവാതിലിന് മുന്നിൽ കാർ നിർത്തി. അവൾ മേക്ക് അപ്പ് കിറ്റ് എടുത്ത് ചെറുതായൊന്ന് മുഖം മിനുക്കി. ഒരു കൂട്ടം ആണുങ്ങൾ വലിച്ച് കീറാൻ പോകുന്ന ശരീരമാണതെന്ന് ഓർത്തപ്പോൾ അയാൾക്ക് ഓക്കാനം വന്നു. അവളാകട്ടെ രാജ്യം ഭരിക്കാൻ പോകുന്നത് പോലെ തലയുയർത്തി, സെക്യൂരിറ്റി ഗാഡിനെ പുച്ഛത്തോടെ നോക്കി ദേവവ്രതന്റെ മുന്നിൽ നടന്നു.

അവളെ കണ്ടപ്പോൾ അതിഥികളുടെ മുഖങ്ങൾ പ്രകാശിച്ചു. അവൾ മുറിയിൽ കയറിയതും തന്റെ ഡംഭെല്ലാം മാറ്റി വച്ച് ശൃംഗാരത്തോടെ നിന്നു. ഇന്ന് രാത്രി കഴിയും വരെ അവളുടെ ജോലി ആ മുറിയിലാണ്. ദേവവ്രതൻ എല്ലാം ശരിയായിട്ടുണ്ടെന്നുറപ്പിച്ച് തിരിച്ച് ഓഫീസിലേയ്ക്ക് പോയി.

സേഠ്ജി ഓഫീസിൽ ഇല്ലായിരുന്നു. ഉച്ചയൂണിന് വീട്ടിലേയ്ക്ക് പോയതായിരിക്കും. ദേവവ്രതന് വല്ലാത്ത ക്ഷീണവും മടുപ്പും തോന്നി. അയാൾ പുറത്തേയ്ക്കിറങ്ങി റയിൽ വേസ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. പൊള്ളൂന്ന വെയിലായിരുന്നു. ടൈ കുറച്ച് ലൂസാക്കി ഒരു സിഗരറ്റ് കത്തിച്ച് അയാൾ തണലത്ത് നിന്നു. അപ്പോൾ ഒരാൾ, ദേവവ്രതന്റെ അടുത്തെത്തി.

അതൊരു കൈനോട്ടക്കാരനായിരുന്നു. ദേവവ്രതന് അത്ര താല്പര്യമില്ലാത്ത കൂട്ടരാണ് കൈനോട്ടക്കാരും ജ്യോതിഷികളും. വഴിയരികിലിരുന്ന് പോകുന്നവരേയും വരുന്നവരേയും നോക്കി നല്ല കാലം വരപ്പോറത് എന്ന് വിളിച്ച് പറയുന്നവർ. പക്ഷേ, ഈ വന്നയാൾ ഒന്നും പറഞ്ഞില്ല. ദേവവ്രതന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി. എന്നിട്ട് എന്തോ പിടി കിട്ടിയത് പോലെ തലയാട്ടി.

‘ എന്താ? എന്തിനാ ഇങ്ങനെ സൂക്ഷിച്ച് നോക്കുന്നത് ? ‘ ദേവവ്രതൻ ചോദിച്ചു.

‘ നിങ്ങളുടെ പ്രശ്നം എന്താണെന്ന് നിങ്ങൾക്കറിയില്ല. എന്തായാലും ഉടനെ തന്നെ അതിനൊരു പരിഹാരം ഉണ്ടാകും…’

‘ എനിക്കെന്ത് പ്രശ്നം ? ‘

‘ അതാണ് പറഞ്ഞത് നിങ്ങൾക്കറിയില്ലെന്ന്..ഒരു പെൺകുട്ടി നിങ്ങളുടെ ജീവിതത്തിലേയ്ക്ക് വരാൻ പോകുന്നു. അപ്പോൾ നിങ്ങൾക്ക് പ്രശ്നം എന്തായിരുന്നെന്നും മനസ്സിലാകും, പരിഹാരവും ഉണ്ടാകും ‘

അയാൾ ദേവവ്രതനെ അനുഗ്രഹിക്കുന്നത് പോലെ കാണിച്ചിട്ട് നടന്ന് നീങ്ങി. ഒന്നും മനസ്സിലാകാതെ സിഗരറ്റ് താഴെയിട്ട് ദേവവ്രതൻ ഓഫീസിലേയ്ക്ക് തിരിച്ച് പോയി.

5

വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിച്ച് പോകുകയായിരുന്നു രതിപ്രിയ. ഓഫീസ് വണ്ടിയിൽ കയറാതെ നടക്കുകയാണവൾ ചെയ്തത്. അല്പം വൈകി വീട്ടിലെത്തിലാൽ മതിയെന്ന് അവൾക്ക് തോന്നി. ഓരോ ദിവസവും ഉണ്ടാകുന്ന കടുത്ത അനുഭവങ്ങൾ അവളെ വല്ലാതെ തളർത്തിയിരുന്നു. ഓഫീസ് ജോലി ചെയ്യാൻ മാത്രമുള്ള ഇടമല്ല, വേദനകൾ ഏറ്റ് വാങ്ങാനും കൂടിയുള്ളതാണ്. അവിടെ ഓരോ ദിവസം ചെയ്ത് തീർക്കേണ്ട ജോലികൾക്കൊപ്പം അനുഭവിക്കേണ്ട യാതനകളുടേയും പട്ടിക നിരത്തപ്പെടുന്നു. തിരിച്ച് വീട്ടിലെത്തുമ്പോൾ അവസ്ഥയ്ക്ക് കാര്യമായ മാറ്റമൊന്നുമുണ്ടാകുന്നില്ല. എപ്പോഴും വഴക്ക് കൂടാൻ തയ്യാറായിരിക്കുന്ന വീട്ടുകാർ ഒരിക്കലും വീഴ്ച വരുത്താതെ അവളെ ശകാരിച്ച് കൊണ്ടിരുന്നു. മനം മടുത്ത അവൾ സാവധാനം നടന്നു. വഴിയരികിൽ ആഹ്ലാദത്തോടെ പോകുന്നവരെ അസൂയയോടെ നോക്കി.

വീട്ടിലെത്തിയപ്പോഴേയ്ക്കും അവൾക്ക് കാലുകൾ വേദനിക്കുന്നുണ്ടായിരുന്നു. നീണ്ട ആലോചകൾക്കിടയിൽ മനസ്സ് വേദനിക്കുന്നത് പോലെ. അവൾ വസ്ത്രങ്ങൾ മാറി ചായ കുടിച്ചു. അന്നെന്തോ നിശ്ശബ്ദമായിരുന്നു അന്തരീക്ഷം. അവൾ തന്റെ മുറിയിൽ പോയി കുറച്ച് നേരം കിടന്നു. ക്ഷീണത്തിൽ കണ്ണുകളടയുന്നതും ഉറങ്ങിപ്പോകുന്നതും അറിഞ്ഞതേയില്ല.

സ്വപ്നത്തിൽ അവൾ അവളെത്തന്നെ കണ്ടു. അപരിചിതമായൊരിടത്ത് ഒറ്റയ്ക്കിരിക്കുന്നതായിട്ടായിരുന്നു അത്. അവിടെ പുൽ മേടുകളും അരികിലൂടെ ചെറിയൊരു നദിയും ഉണ്ടായിരുന്നു. തണുത്ത കാറ്റിൽ അവൾ നടുങ്ങിപ്പോയി. ദൂരെ നിന്നും മഞ്ഞിൻ പാടകൾ അടുത്തേയ്ക്ക് വരുന്നത് കണ്ടു. ആകാശം മേഘാവൃതമായി. ഒന്നൊന്നായി മഴത്തുള്ളികൾ വീണു. പെരുമഴയായി. നനഞ്ഞ് തണുത്ത് വിറച്ച് അവൾ അവിടെത്തന്നെ നിന്നു. അന്നേരം മഴത്തുള്ളികൾക്കിടയിൽ നിന്നും ഒരാൾ അടുത്തേയ്ക്ക് വരുന്നത് കണ്ടു. മുഖം വ്യക്തമായില്ലായിരുന്നു. അയാൾ കുറച്ചകലെ നിന്ന് അവളെ നോക്കി.എന്തോ പറയാൻ വെമ്പുന്നത് പോലെ തോന്നി അവൾക്ക്. കുറച്ച് നേരം അതേ നിലയിൽ നിന്നിട്ട് അയാൾ തിരിച്ച് മഴയിലേയ്ക്ക് മറഞ്ഞു. പെട്ടെന്ന് ആകാശത്ത് നിന്നും എന്തോ മുഴക്കങ്ങൾ കേട്ടു. മിന്നൽ‌പ്പിണരുകൾ വീണു. പേടിച്ചരണ്ട് അവൾ അയാളെ ലക്ഷ്യമാക്കി ഓടാൻ തുടങ്ങി. പക്ഷേ അവിടെയെങ്ങും ആരുമില്ലായിരുന്നു.

‘ മോളേ..എണീക്ക്…എന്താ ഇങ്ങനെ അസമയത്ത് ഉറക്കം?’ അമ്മ വിളിച്ചപ്പോൾ അവൾ കണ്ണ് തുറന്നു. സ്വപ്നത്തിൽ കണ്ടയാളുടെ മുഖം ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു അവൾ അന്ന് മുഴുവൻ.

6


സേഠ്ജിയുടെ അതിഥികൾ സന്തുഷ്ടരായിരുന്നു. എല്ലാ ദിവസവും ദേവവ്രതൻ പല തരത്തിലുള്ള പെണ്ണുങ്ങളെ എത്തിച്ച് കൊടുത്തു. പകൽ കുറച്ച് നേരം സേഠ്ജീയുമായി മീറ്റിങ്ങ് ഉണ്ടെന്നൊഴിച്ചാൽ ബാക്കി സമയമെല്ലാം അവർ ആർമ്മാദിക്കുകയായിരുന്നു. ദേവവ്രതന്റെ ദിവസങ്ങൾ നക്ഷത്രവേശ്യകളെ കണ്ടുപിടിക്കുന്നതിലും അവരേയും കൊണ്ട് യാത്ര ചെയ്യുന്നതിലും തുടർന്ന് കൊണ്ടിരുന്നു. അയാൾക്ക് മടുപ്പിനേക്കാൾ നൈരാശ്യമായിരുന്നു കൂടുതലും. സുഗന്ധദ്രവ്യങ്ങളുടെ മണം നിറഞ്ഞ കാർ ഓടിച്ച് പോകുമ്പോൾ തന്നിൽ പുകയുന്ന ഒരു രോദനം ഉണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു അയാൾ. താൻ സേഠ്ജീയുടെ ഒരു കൈയ്യോ കാലോ ആയി മാറിയിരിക്കുന്നു.


മഴ പെയ്യാൻ തുടങ്ങിയിരുന്നു. റോഡ് വിജനമായിരുന്നു. വഴിവിളക്കുകൾക്ക് താഴെ മഴത്തുള്ളികൾ പ്രകാശിക്കുന്നത് നോക്കിക്കൊണ്ട് പതുക്കെ അയാൾ വണ്ടിയോടിച്ചു. അപ്പോൾ ദൂരെയൊരു ബസ്റ്റോപ്പിൽ ആരോ നിൽക്കുന്നത് കണ്ട് അയാൾക്ക് പതിവില്ലാതെ അതിശയം തോന്നി. അത്ഭുതം, അതിശയം, ആഹ്ലാദം തുടങ്ങിയ വികാരങ്ങൾ മറന്ന് പോയതായിരുന്നു. ഇപ്പോൾ ഒറ്റയ്ക്ക് ആരോ നിൽക്കുന്നത് കണ്ടപ്പോൾ അതിശയം തോന്നിയത് തനിക്കെന്തോ കാര്യമായ കുഴപ്പമുള്ളത് കൊണ്ടാണെന്ന് അയാൾക്ക് തോന്നി.

അടുത്തെന്തോറും ദൃശ്യം വ്യക്തമായി വന്നു. അതൊരു പെൺകുട്ടിയായിരുന്നു. ബസ്റ്റോപ്പിൽ കയറി നില്ക്കാതെ മഴ നനയുന്ന അവളെ കണ്ടപ്പോൾ അയാൾക്ക് ഉള്ളിലൊരു ആളലുണ്ടായി. അവൾക്കരികിൽ വണ്ടി നിർത്തി അയാൾ കണ്ണാടി താഴ്ത്തി.

‘ എവിടെയാ പോകേണ്ടത്?’ അയാൾ ചോദിച്ചു. അവൾ ഭയന്ന് പോയി.

‘ പറയൂ..ഞാൻ കൊണ്ടാക്കാം ‘

അവൾ കുറച്ച് നേരം പേടിയോടെ അയാളെ നോക്കി. എന്നിട്ട് സ്ഥലം പറഞ്ഞു. ദേവവ്രതൻ ഡോർ തുറന്ന് കൊടുത്തു. അവൾ മടിച്ച് മടിച്ച് കയറി. നനഞ്ഞ വസ്ത്രങ്ങൾ അവളെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു.

‘ എന്താ പേര്? ‘ അയാൾ ചോദിച്ചു. അവൾ ഒന്ന് ഞെട്ടി.

‘ രതിപ്രിയ’ അവൾ പറഞ്ഞു.

അവളുടെ വീടിന് മുന്നിൽ കാർ നിർത്തി. അവൾ നന്ദിപൂർവ്വം പുഞ്ചിരിച്ച് വീട്ടിലേയ്ക്ക് കയറിപ്പോയി. അയാൾ കാർ മുന്നോട്ട് നീക്കി. ഓഫീസിൽ കാർ ഏൽ‌പ്പിച്ച് ഇനി തന്റെ മുറിയിലേയ്ക്ക് തിരിച്ച് പോകണമായിരുന്നു അയാൾക്ക്.

7

താൻ സ്വപ്നത്തിൽ കണ്ട ആൾ ദേവവ്രതൻ തന്നെയാണെന്ന് അവൾക്ക് മനസ്സിലായി. അയാളോട് അപമര്യാദയായിട്ടാണ് പെരുമാറിയതെന്ന് അവൾക്ക് കുറ്റബോധം തോന്നി. മാത്രമല്ല ഇത്രയും വിലപിടിച്ച കാർ ഓടിച്ച് വന്ന അയാൾ തനിക്ക് യോജിച്ചവനല്ലെന്ന് ബോധം അവളെ കുഴപ്പത്തിലാക്കി.

‘ ഏയ്..എന്താ സ്വപ്നം കാണുകയാണോ?’ സുരേഷിന്റെ ശബ്ദം അവളെയുണർത്തി. അവൾ ചാടിയെഴുന്നേറ്റു.

‘ രതിപ്രിയ…ഇങ്ങനെയായാൽ പറ്റില്ല. തന്നെ ജോലിയിൽ നിന്നും പിരിച്ച് വിടാനുള്ള എല്ലാ അശ്രദ്ധയും താൻ കാണിക്കുന്നുണ്ട്’ സുരേഷ് താക്കീത് നൽകി. അപ്പോൾ അയാളുടെ കണ്ണുകൾ തന്റെ മാറിടത്തിൽ ഒട്ടിച്ച് വച്ചത് പോലെയായിരുന്നെന്ന് അവൾ കണ്ടു.

‘ സോറി സർ..എനിക്ക് നല്ല സുഖമില്ല..ഇന്നലെ കുറേ വൈകിയിട്ടാണ് പോയത്…’

‘ ഉം…എങ്കിൽ ലീവ് എടുക്കാമായിരുന്നില്ലേ? ഓഫീസിൽ വന്ന് വിശ്രമിക്കാനൊന്നും പറ്റില്ല’

അവൾക്ക് ഒന്നും പറയാൻ തോന്നിയില്ല. സുരേഷിന്റെ നോട്ടം അവളെ അത്രമേൽ അസ്വസ്ഥയാക്കിയിരുന്നു. സുരേഷ് പോയ ശേഷം അവൾ ജോലി തുടരാൻ ശ്രമിച്ചു. പറ്റിയില്ല. അരദിവസത്തെ ലീവ് എഴുതിക്കൊടുത്ത് അവൾ പുറത്തേയ്ക്കിറങ്ങി.

തലേന്നത്ത് മഴ കാരണം റോഡെല്ലാം വെള്ളം നിറഞ്ഞിരുന്നു. അടുത്ത മഴയ്ക്കുള്ള ലക്ഷണങ്ങളും ഉണ്ട്. അവൾ ലക്ഷ്യമില്ലാതെ നടന്നു. ഒരു കാപ്പി കുടിക്കണമെന്ന് തോന്നി. ഒറ്റയ്ക്ക് കോഫീ ഷോപ്പിൽ കയറാനുള്ള മടി കാരണം വേണ്ടെന്ന് വച്ചു. അപ്പോൾ വഴിയരികിൽ സിഗരറ്റ് വലിച്ച് നിൽക്കുകയായിരുന്നു ദേവവ്രതൻ.

അവളെക്കണ്ട് അയാൾ സിഗരറ്റ് താഴെയിട്ട് അവൾക്ക് നേരെ നടന്നു.

‘ എന്നെ മനസ്സിലായോ?’

അവൾ വിശ്വാസം വരാത്ത പോലെ നോക്കി. അവൾക്ക് മനസ്സിലായിരുന്നു. പക്ഷേ, പെട്ടെന്നുണ്ടായ പരിഭ്രമം അവളുടെ തൊണ്ട വറ്റിച്ചു.

‘ ഒരു കാപ്പി കുടിക്കുന്നതിൽ വിരോധമുണ്ടോ?’ അയാൾ ചോദിച്ചു. അവൾ സമ്മതിച്ചു.

കോഫീ ഷോപ്പിൽ ഒഴിഞ്ഞ ഒരു കോണിൽ അവർ ഇരുന്നു. താൻ വിചാരിക്കുന്ന പോലത്തെ ആളല്ല ദേവവ്രതൻ എന്നറിഞ്ഞപ്പോൾ അവൾക്ക് ആശ്വാസം തോന്നി. അവർ പരസ്പരം കൂടുതൽ പരിചയപ്പെട്ടു.

‘ അപ്പോൾ നമ്മൾ ഒരേ തൂവൽ പക്ഷികൾ ‘ അയാൾ പറഞ്ഞു. അവൾ ചിരിച്ചു. വളരെ നാളുകൾക്ക് ശേഷമാണ് താൻ ചിരിക്കുന്നതെന്ന് അവളോർത്തു. തനിക്ക് ഒരു പെൺകുട്ടിയോട് ഇത്ര സരസമായി സംസാരിക്കാൻ കഴിയുന്നതെങ്ങിനെയെന്ന് അയാളും ആലോചിച്ചു. അ ന്ന് റയിൽ വേ സ്റ്റേഷനിൽ വച്ച് കണ്ട കൈനോട്ടക്കാരന്റെ വാക്കുകൾ അയാൾക്കോർമ്മ വന്നു.

8

മദൻ ലാൽ എന്റർപ്രൈസസിന്റെ ഓക്കാനമുണ്ടാക്കുന്ന അന്തരീക്ഷത്തിൽ ദേവവ്രതൻ സേഠ്ജീയുടെ വരവിനായി കാത്തിരുന്നു. സേഠ്ജി രാവിലെ അമ്പലത്തിൽ പോകുന്ന ദിവസമായതിനാൽ കുറച്ച് വൈകിയേ വരൂ. അതിഥികൾ തിരിച്ച് പോയത് കൊണ്ട് ദേവവ്രതന് ജോലിയും കുറവായിരുന്നു.അന്നത്തെ ദിവസം അവധി കിട്ടുകയാണെങ്കിൽ രതിപ്രിയയുമൊത്ത് സിനിമയ്ക്ക് പോകാമെന്ന് അയാൾ ആലോചിച്ചു.

സേഠ്ജി വന്നു. അയാൾ വിയർത്തിരുന്നു, കിതയ്ക്കുന്നുമുണ്ടായിരുന്നു. കാബിനിൽ കയറി ഏ.സിയുടേ കുളിർമ്മയിൽ വിശ്രമിക്കുന്ന സേഠ്ജീയോട് അവധിയുടെ കാര്യം സംസാരിക്കണമോയെന്ന് ദേവവ്രതൻ ചിന്തിച്ചു.

‘ എന്താ ദേവ്? എന്തെങ്കിലും കുഴപ്പമുണ്ടോ?’ സേഠ്ജി ചോദിച്ചു.

‘ ഇല്ല സേഠ്ജീ..എല്ലാം നന്നായി പോകുന്നു..എനിക്ക് ഇന്ന് അവധി കിട്ടിയാൽ കൊള്ളാമായിരുന്നു ‘

‘ എന്തിന് ?’

‘ കുറച്ച് ജോലിയുണ്ട്’

‘ നിന്റെ ജോലി ഇവിടെയല്ലേ? വേറെന്താ ഉള്ളത് ?’

‘ അത്..സേഠ്ജീ..പേഴ്സണലാണ്’

സേഠ്ജി പൊട്ടിച്ചിരിച്ചു. അദ്ദേഹത്തിന്റെ കുടവയർ ഓളം തല്ലി. ചിരിച്ച് ചിരിച്ച് മുഖം ചെമ്പരത്തിപ്പൂ പോലെ ചുവന്നു.

‘ ദേവ്..നീ എന്റെ പെഴ്സണൽ സെക്രട്ടറിയാണ്. അതിൽ കൂടുതൽ എന്ത് പെഴ്സണൽ കാര്യമാണ് നിനക്കുള്ളത്? ഇതിന് മുമ്പ് അങ്ങിനെയൊന്നും ഉണ്ടായിട്ടില്ലല്ലോ’

‘ ഒന്നുമില്ല….’

‘ എങ്കിൽ പോയി ജോലി നോക്കൂ..നമ്മുടെ പുതിയ പാർട്ടണറിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കൂ’

ഇത്രയും പറഞ്ഞ് സേഠ്ജി ഫയലുകളിലേയ്ക്ക് നോട്ടം മാറ്റി.

ദേവവ്രതൻ കാബിന് പുറത്തിറങ്ങി. കാന്റീനിൽ പോയി ചായ കുടിച്ചു. പുതിയ പാർ ട്ട്ണറിനെ വിളിച്ച് ചോദിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു.

അതേ സമയം കൃത്യം രണ്ടര കിലോമീറ്റർ അകലെ രതിപ്രിയയുടെ ഓഫീസിൽ അവൾ സുരേഷിന്റെ ശകാരം കേൾക്കുകയായിരുന്നു. അന്ന് അവളുടേതല്ലാത്ത തെറ്റിനായിരുന്നു ശകാരം. വരുന്ന ഞായറാഴ്ച കൂടി ജോലി ചെയ്ത് ടാർഗറ്റ് പൂർത്തിയാക്കിയില്ലെങ്കിൽ ജോലിയിൽ നിന്നും പിരിച്ച് വിടേണ്ടിവരുമെന്ന് സുരേഷ് പറഞ്ഞു. അവൾ അന്ന് ചുരീദാർ ആയിരുന്നു ധരിച്ചിരുന്നത്. ഷാളിന്റെ മറവിലൂടെ തനിക്ക് ആസ്വദിക്കാൻ കഴിയാത്ത ദൃശ്യത്തെക്കുറിച്ച് വിഷമിച്ച് കൊണ്ടാണ് സുരേഷ് ദേഷ്യപ്പെടുന്നതെന്ന് അവൾക്ക് മനസ്സിലായി. ഞായറാഴ്ച ജോലി ചെയ്തോളാമെന്ന് സമ്മതിച്ച് അവൾ തന്റെ സീറ്റിൽ വന്നിരുന്നു. ഇനിയൊരിക്കലും ചുരീദാർ ധരിക്കില്ലെന്ന് അവൾ തീരുമാനിച്ചു. ഓഫീസിൽ ചീത്ത കേൾക്കാതിരിക്കാൻ അതാണ് നല്ലതെന്ന് അവൾക്ക് തോന്നി. ഞായറാഴ്ച ജോലി ചെയ്യാതിരിക്കാനും.
9

വഴിയരികിലിരുന്ന് വിസർജ്ജനം ചെയ്യുന്ന കുട്ടിയേയും മൂത്ത് വരുന്ന ഒരു വഴക്കിനേയും പിന്തള്ളി ദേവവ്രതൻ തന്റെ മുറിയിലേയ്ക്ക് നടന്നു. അയാൾ എന്നത്തേയും പോലെ ക്ഷീണിതനായിരുന്നു. മുറിയ്ക്കുള്ളിലെ ചൂട് നിറഞ്ഞ അന്തരീക്ഷത്തിലേയ്ക്ക് കയറിയപ്പോൾ കുഴഞ്ഞ് വീഴുമെന്ന് തോന്നി. സാധാരണ ജോലി കഴിഞ്ഞ് വന്ന് കുളിച്ച് ഉറങ്ങാൻ കിടക്കാറുള്ള അയാളുടെ പതിവുകൾക്ക് മാറ്റം വന്നിരുന്നു. രതിപ്രിയ സമയത്തെ അപഹരിക്കാൻ തുടങ്ങിയിരുന്നു. അവളുമൊത്ത് സമാധാനമായി ഒന്ന് സംസാരിച്ചിരിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. ഒന്നുകിൽ അവൾ തിരക്കിലായിരിക്കും അല്ലെങ്കിൽ താൻ. തന്നെപ്പോലുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല പ്രണയം എന്ന് വരെ അയാൾ ചിന്തിച്ചു.

സേഠ്ജി യാത്രയിലായത് കാരണം ദേവവ്രതന്റെ ചുമതലകൾ കൂടിയിരുന്നു. ഓഫീസ് കാര്യങ്ങൾ ശ്രദ്ധിക്കണം, ക്ലയന്റ്സിന്റെ സംശയങ്ങൾ തീർത്ത് കൊടുക്കണം എന്നിങ്ങനെ വിശ്രമമില്ലാതെ ദിവസങ്ങൾ കടന്ന് പോകുന്നു. വിഷമം പിടിച്ചതും ഓക്കാനമുണ്ടാക്കുന്നതുമായ ജീവിതം അയാളെ മാനസികമായും ശാരീരികമായും തളർത്തി. പ്രണയം തന്നെ കൂടുതൽ ഏകാന്തതയിലേയ്ക്ക് കൊണ്ട് പോകുകയാണെന്ന് അയാൾക്ക് മനസ്സിലായി. വല്ലപ്പോഴും സിനിമ കാണുമായിരുന്ന, റേഡിയോയിലെ പാട്ടുകൾ കേട്ടുകൊണ്ടിരുന്ന താൻ ഇപ്പോൾ ബാക്കി വരുന്ന സമയം മുഴുവൻ അവളെക്കുറിച്ച് ആലോചിച്ച് വിഷമിക്കാനാണ് ചിലവഴിക്കുന്നതെന്നത് ഒരു തിരിച്ചറിവായിരുന്നു.

അടുത്ത ദിവസം ജോലികൾ വേഗം തീർത്ത് അയാൾ രണ്ടര കിലോമീറ്റർ അകലെയുള്ള രതിപ്രിയയുടെ ഓഫീസിലേയ്ക്ക് പോയി. അവൾ ജോലി കഴിഞ്ഞ് ഇറങ്ങുന്ന സമയമായിരുന്നു. അയാളെ കണ്ടപ്പോൾ അവൾ ക്ഷീണിതയായിരുന്നെങ്കിലും ആശ്വാസത്തോടെ ചിരിച്ചു. കാപ്പി കുടിയ്ക്കാനായി കോഫീ ഷോപ്പിലേയ്ക്ക് പോകുമ്പോൾ അവർ തങ്ങളുടെ പ്രണയത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്ക് വച്ചു. ഇത്രയും നാളായിട്ടും സ്നേഹപൂർവ്വം കണ്ണും നട്ടിരിക്കാനോ, ഒരു സിനിമയ്ക്ക് പോകാനോ, ഫോണിൽ സംസാരിക്കാനോ, ഒരു മണിക്കൂറെങ്കിലും ഒന്നിച്ചിരിക്കാനോ കഴിഞ്ഞിട്ടില്ലായിരുന്നു. കോഫീ ഷോപ്പിലെ ബഹളങ്ങൾക്കിടയിൽ രണ്ട് അപരിചിതരെപ്പോലെ അവർ ഇരുന്നു.

‘ എത്ര നാൾ ഇങ്ങനെ പോകും ദേവാ? ‘ അവൾ ചോദിച്ചു.

‘ അതാ ഞാനും ആലോചിക്കുന്നത്..നമുക്ക് ഒരു ദിവസമെങ്കിലും ഒന്നിച്ചിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ .. ‘

‘ഉം..എനിക്ക് ഇപ്പോൾ ഞായറാഴ്ചയും ജോലി ചെയ്യേണ്ട അവസ്ഥയാണ്. ജോലി വിടാമെന്ന് വച്ചാൽ വീട്ടിലെ കാര്യങ്ങളോർക്കുമ്പോൾ..’

‘ എന്റേയും പ്രശ്നം അതാണ് ..മാത്രമല്ല സേഠ്ജീയുമായി കുറച്ച് പഴയ ബന്ധം ഉള്ളത് കാരണം പെട്ടെന്ന് ഒരു ഇറങ്ങിപ്പോക്ക് പറ്റില്ല’

‘ പിന്നെ നമ്മൾ എന്ത് ചെയ്യും ? ‘

ഉത്തരം കിട്ടാതെ അവർ ഇരുന്നു. ആലോചനകൾ വഴിമാറിപ്പോകുകയായിരുന്നു. അയാൾ ഇനിയും എത്തിയിട്ടില്ലാത്ത കാപ്പിയെക്കുറിച്ചും അവൾ ഏതാണ്ട് ശൂന്യമായ ബാങ്ക് ബാലൻസിനേയും കുറിച്ച് ചിന്തിച്ചിരുന്നു. പുറത്ത് നഗരത്തിന്റെ കൊഴുപ്പ് കൂടിവരുകയായിരുന്നു. വഴിവാണിഭക്കാരും വേശ്യകളും ഹിജഡകളും തീവണ്ടിയിൽ വന്നിറങ്ങിയവരും സായാഹ്നസവാരിക്കിറങ്ങിയവരും ചേർന്ന് റോഡിനെ ചവുട്ടി മെതിച്ചു. മഴമേഘങ്ങൾ നിറഞ്ഞ ആകാശം. പൊടി പറത്തുന്ന കാറ്റ്. അപ്പോൾ കാപ്പി എത്തി. വക്ക് പൊട്ടിയ കപ്പും സോസറും അടുത്തേയ്ക്ക് നീക്കി ദേവവ്രതൻ പറഞ്ഞു.

‘അടുത്ത ഞായറാഴ്ച എന്ത് വന്നാലും നമ്മൾ ഈ നഗരത്തിന് പുറത്ത് പോകുന്നു. ആർക്കും അന്വേഷിച്ചെത്താൻ കഴിയാത്ത ഒരിടത്തേയ്ക്ക്..അവിടെ നമുക്ക് നമ്മുടെ സ്വപ്നങ്ങൾ പങ്ക് വയ്ക്കാം ‘

അവൾ സമ്മതിച്ചു.

അങ്ങിനെ ഞായറാഴ്ച രാവിലെ തന്നെ നഗരത്തിൽ നിന്നും അകലെയുള്ള ഒരു ഹിൽ സ്റ്റേഷനിലേയ്ക്ക് പോകാൻ അവർ തീരുമാനിച്ചു. ആർക്കും സംശയം തോന്നാതിരിക്കാൻ ദേവവ്രതൻ ആദ്യം ബസ്സിലും രതിപ്രിയ പിന്നീട് തീവണ്ടിയിലും അവിടെയെത്താമെന്ന് ഉറപ്പിച്ചു. ആദ്യം എത്തുന്ന ദേവവ്രതന് അവളെ സ്റ്റേഷനിൽ ചെന്ന് കൂട്ടിക്കൊണ്ട് വരാൻ എളുപ്പവുമാണ്.

10

സേഠ്ജി തിരിച്ചെത്തിയത് ഒരു ചുമട് ജോലികളുമായിട്ടായിരുന്നു. പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന്റെ പ്രാരംഭനടപടികൾ. ഏതാനും ദിവസങ്ങൾക്കുള്ളിൽ വരാൻ പോകുന്ന പുതിയ അതിഥികൾ എന്നിങ്ങനെ.

‘ ദേവ്…എല്ലാം ഏർപ്പാടാക്കിക്കോള്ളൂ…അറിയാമല്ലോ..’

‘ ഉവ്വ്..’

‘ പിന്നെ ഈ വരുന്ന ഗസ്റ്റ് അല്പം വിചിത്ര സ്വഭാവക്കാരനാണ്. അതെല്ലാം ഞാൻ വഴിയേ പറയാം..നീ അയാളുടെ കൂടെത്തന്നെ കാണണം’

‘ ശരി സേഠ്ജീ..’

ഹോട്ടൽ മുറി, മദ്യം , പെണ്ണ് ഇതൊക്കെയാണ് പതിവ് ആവശ്യങ്ങൾ. പുതിയ മാന്യന് വേറെന്താണ് വേണ്ടതെന്ന് മനസ്സിൽ ചോദിച്ചുകൊണ്ട് ദേവവ്രതൻ കാര്യങ്ങൾ ഏർപ്പാടാക്കാൻ തുടങ്ങി.

ഇതിനിടയിൽ രതിപ്രിയയുമായുള്ള യാത്രയുടെ കാര്യങ്ങളും ശരിയാക്കണം. അതോർത്തപ്പോൾ അയാൾക്ക് സന്തോഷം തോന്നി. തന്റെ ഇത് വരെയുള്ള ഏകാന്തവും, മുഷിഞ്ഞതുമായുള്ള ജീവിതത്തിൽ നിന്നും മാറി നിൽക്കാൻ പോകുന്നു. ഒരു ദിവസമെങ്കിൽ ഒരു ദിവസം. താൻ കാറിൽ കയറ്റി കൊണ്ട് പോകുന്ന വിലപിടിച്ച വേശ്യകളെപ്പോലെയല്ല രതിപ്രിയ. അവൾ വീട്ടിൽ വളർത്തുന്ന, പാൽ ചുരത്തുന്ന പശുവിനെപ്പോലെയാണ്.

- - - - - - - - - - - -

അതിഥിയെ ഹോട്ടൽ മുറിയിലാക്കി ദേവവ്രതൻ ഓഫീസിലേയ്ക്ക് ചെന്നു. സേഠ്ജി ഫയലുകൾ പരിശോധിക്കുകയായിരുന്നു.

‘ ഹാ..ദേവ്..എന്തായി?’

‘ ഹോട്ടലിലാക്കിയിട്ടുണ്ട്. പിന്നെ എന്തോ പ്രത്യേക ആവശ്യങ്ങളുള്ളയാളാണെന്ന് പറഞ്ഞിരുന്നു..അതെന്താണ്?’

‘ ഓ..അതൊന്നുമില്ല..പിന്നെ പെണ്ണ് വേണ്ട. ഇദ്ദേഹത്തിന് പെണ്ണിൽ താല്പര്യമില്ല’

‘ പിന്നെ?’

സേഠ്ജി ഊറിച്ചിരിച്ചു.

‘ നല്ല കുണ്ടന്മാരെ കിട്ടുമോന്ന് നോക്ക്’

ദേവവ്രതന് തല കറങ്ങുന്ന പോലെ തോന്നി. ഒരു ഫോൺ ചെയ്താൽ ഏതെങ്കിലും പെണ്ണിനെ കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഇതെങ്ങനെ? ഇതിന് മുമ്പ് ഇങ്ങനെ ഒരാവശ്യം വന്നിട്ടില്ലാത്തത് കൊണ്ട് ആരെ വിളിക്കണമെന്നും പെട്ടെന്ന് ഓർമ്മ വന്നില്ല. പിന്നീട് പരിചയത്തിലുള്ള ഏജന്റുമാരെ ഓരോന്നായി വിളിച്ചു. അവർക്കാർക്കും സഹായിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. പെണ്ണിനുള്ള ആവശ്യക്കാർ മറ്റേതിനില്ല. മാത്രമല്ല ഇത്തരക്കാർ തങ്ങളുടെ ആവശ്യത്തിന് വേണ്ടി ചെക്കന്മാരെ കൂടെ കൊണ്ട് നടക്കുകയാണ് പതിവ്.

സേഠ്ജിയോട് പറഞ്ഞാലോയെന്നാലോചിച്ചു. പിന്നീട് വേണ്ടെന്ന് വച്ചു. അതിഥി ദേവാലയങ്ങൾ സന്ദർശിക്കാനായി മൂന്ന് ദിവസത്തെ യാത്രയ്ക്ക് പോയിരിക്കുകയാണ്. തിരിച്ചെത്തുമ്പോഴേയ്ക്കും സംഗതി ഏർപ്പാടാക്കണം.

ദേവവ്രതന് അന്ന് വരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അത്. അതിനെക്കുറിച്ചാലോചിച്ച് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. സേഠ്ജിയാകട്ടെ എല്ലാം തന്നെ വിശ്വസിച്ചിരിക്കുകയാണ്.

വിരസവും പന്നിയെപ്പോലെ വൃത്തികെട്ടതുമായ ദിവസങ്ങൾ. അയാൾ രണ്ട് ദിവസം മുറിയിലിരുന്ന് ആലോചിച്ചു. മൂന്നാം ദിവസം സേഠ്ജി കാബിനിലേയ്ക്ക് വിളിപ്പിച്ചു.

‘ എന്തായി ദേവ്..എല്ലാം ശരിയായി നടക്കുന്നില്ലേ?’

‘ ഉവ്വ് സേഠ്ജീ..പിന്നെ ആ പറഞ്ഞത് മാത്രം..’

‘ എന്ത്?’

‘ ഗസ്റ്റിന്റെ പ്രത്യേക താല്പര്യം..അതിന് ആളെ കിട്ടുന്നില്ല’

‘ ദേവ്..നീയെന്തായീ പറയുന്നത്? നീ വിചാരിച്ചാൽ നടക്കാത്ത കാര്യമോ? എനിക്കൊന്നും കേൾക്കണ്ട. അയാൾ പിണങ്ങിയാൽ എന്ത് നഷ്ടമുണ്ടാകുമെന്ന് ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ?’

‘ ഉവ്വ് സേഠ്ജീ..ഞാൻ ശ്രമിക്കുന്നുണ്ട്.’
11

അതിഥിയുടെ റോയൽ സ്യൂട്ടിലേയ്ക്ക് നടക്കുമ്പോൾ ദേവവ്രതൻ ഏതാണ്ട് മരിച്ച അവസ്ഥയിലായിരുന്നു. മനസ്സ് എവിടേയോ അടിഞ്ഞ് കിടക്കുന്നു. ശരീരം തണുത്തിരിക്കുന്നു. അതിഥിയുടെ മെലിഞ്ഞ് രൂപം അറപ്പുളവാക്കുന്നതായിരുന്നു.

‘ ഹാ..ദേവ്…’ അതിഥി സന്തോഷത്തോടെ ചിരിച്ചു. എന്നിട്ട് വേറെയാരും വന്നിട്ടില്ലേയെന്ന് പുറത്തേയ്ക്ക് എത്തി നോക്കി.

‘ സർ..ഇവിടെ കുറവുകളൊന്നും ഇല്ലല്ലോ അല്ലേ? ‘

‘ ഒരു കുറവുമില്ല..എല്ലാം ഒന്നാന്തരമായിരിക്കുന്നു..പിന്നേ..ആ കാര്യം ?’

പെട്ടെന്ന് ഒരു മറുപടി പറയാൻ ദേവവ്രതനായില്ല. മാത്രമല്ല എന്തെങ്കിലും കാരണം പറഞ്ഞൊഴിയാവുന്ന കാര്യവുമല്ല. അതിഥി ദൈവമാണ്. സേഠ്ജീയുടെ ദൈവം. സേഠ്ജി തന്റെ ദൈവം. അപ്പോൾ അതിഥി ദൈവത്തിന്റെ ദൈവമാണ്. പരമപീഠമാണ്.

‘ ഞാൻ മതിയോ സർ ?’ അത് ചോദിച്ചത് വേറെയാരോയാണെന്ന് ദേവവ്രതന് തോന്നി. അതിഥി അയാളെ ആകെയൊന്ന് നിരീക്ഷിച്ചു. എന്നിട്ട് സന്തുഷ്ടിയോടെ തലയാട്ടി.

‘ നീ സുന്ദരനാണ് ..പക്ഷേ നിനക്ക് ഇങ്ങനെയൊരു താല്പര്യം ഉണ്ടെന്ന് വിചാരിച്ചിരുന്നില്ല’

അതിഥി അയാളെ മദ്യപിക്കാൻ ക്ഷണിച്ചു. സ്കോച്ച് വിസ്ക്കിയുടെ കയ്പ്പിൽ അയാൾ സ്വയം മറക്കാൻ ശ്രമിച്ചു. അതിഥിയുടെ നീണ്ട് മെലിഞ്ഞ് വിരലുകൾ തന്റെ ശരീരത്തിൽ ഓടിനടക്കുന്നത് അറിയുന്നില്ലെന്ന് ഭാവിച്ചു. വസ്ത്രങ്ങൾ ഒരോന്നായി അഴിച്ച് തന്റെ നഗ്നമായ ദേഹത്ത് കൂർത്ത ചുണ്ടുകൾ പതിയുമ്പോൾ ദേവവ്രതൻ തന്റെ കൈകളെ എന്ത് ചെയ്യണമെന്നാലോചിക്കുകയായിരുന്നു. അതിഥിയുടെ മെലിഞ്ഞ ശരീരത്തെ കരവലയത്തിലാക്കണോ അതോ അയാളെ തള്ളിമാറ്റണോ? സേഠ്ജീയുടെ കൊഴുത്ത രൂപം അപ്പോഴെല്ലാം അസിഡിറ്റി പോലെ തൊണ്ടയിൽ കയറിയിറങ്ങി.

‘ നമുക്ക് വേറെയെവിടെയെങ്കിലും പോകാമായിരുന്നു…വല്ല റിസോർട്ടിലോ മറ്റോ..അവിടെ കുറച്ച് കൂടി നന്നായിരിക്കും..കാൻ യു ട്രൈ ഫോർ ദാറ്റ് ?’ മുഖം പിൻ വലിച്ച് അതിഥി ചോദിച്ചു.

‘ ഇത്ര പെട്ടെന്ന് ബുദ്ധിമുട്ടായിരിക്കും സർ..പോരാത്തതിന് ഇന്ന് ഞായറാഴ്ചയല്ലേ..എല്ലായിടത്തും തിരക്കായിരിക്കും ‘

അത്രയും പറഞ്ഞപ്പോഴാണ് ദേവവ്രതന് വെളിപാടുണ്ടായത്. അപ്പോൾ, നഗരാതിർത്തി കഴിഞ്ഞ് മലനിരകളെ ലക്ഷ്യമാക്കി പായുകയായിരുന്നു ഒരു തീവണ്ടി.

( അവസാനിച്ചു )
ഏകാകികൾക്ക് ഒരു പൂവ് ഏകാകികൾക്ക് ഒരു പൂവ് Reviewed by Jayesh/ജയേഷ് on June 16, 2010 Rating: 5

4 comments:

 1. വായിച്ചു കണ്ണ് കഴച്ചു.
  നീണ്ട വായന..!
  മലനിരകളെ ലക്ഷ്യമാക്കി ഞാനും പായട്ടെ.

  ReplyDelete
 2. കണ്ണൂരാൻ, പതുക്കെ സമയമെടുത്ത് വായിച്ചാൽ മതിയായിരുന്നല്ലോ
  ശ്രീക്കുട്ടാ : നോവൽ അല്ല, നീണ്ടകഥ

  രണ്ടാൾക്കും നന്ദി

  ReplyDelete