വേനല്‍ക്കാലം

വെയില്‍ ജനലിലൂടെ മുറിയിലേയ്ക്ക് കൈനീട്ടി. തിളയ്ക്കാന്‍ വച്ച വെള്ളം പോലെ അന്തരീക്ഷം . ജനല്‍ക്കര്‍ട്ടനിലെ ചുവന്ന പൂക്കള്‍ ക്കിടയിലൂടെ വജ്രം പോലെ വെയില്‍ത്തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. ഞാനുണര്‍ന്നപ്പോള്‍ പുതപ്പ് കാണാനില്ലായിരുന്നു. രാത്രി ഉഷ്ണം കൂടിയപ്പോള്‍ വലിച്ച് മാറ്റിയതായിരിക്കും . കിടക്കയില്‍ നിന്നെഴുന്നേറ്റ് ബാത്ത് റൂമില്‍ പോയി മുഖം കഴുകി. ഓറഞ്ചിന്റെ ഫ്ലേവറുള്ള അവളുടെ സോപ്പ് എന്റെ കൈയ്യില്‍ പതഞ്ഞു. തലേന്ന് രാത്രി അവളെ നാരങ്ങാ മണക്കുന്നെന്ന് പറഞ്ഞതോര്‍മ്മ വന്നു. ഒരു വീണ്ടുവിചാരത്തില്‍ വസ്ത്രങ്ങളഴിച്ച് കുളിച്ചു. ഷവറിന്‌ താഴെ ആദാമിനെപ്പോലെ ഞാന്‍ നിന്നു. ഓറഞ്ച് മണമുള്ള സോപ്പ് ദേഹം മുഴുവന്‍ പതപ്പിച്ചു. കുളി കഴിഞ്ഞപ്പോള്‍ എന്താണെന്നറിയില്ല പാപനാശിനിയില്‍ മുങ്ങിയ പോലെ തോന്നി.ഓറഞ്ച് ചെടിയില്‍ പുതുതായി കിളിര്‍ത്ത കനി.


കുളിമുറിയില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ അവളെക്കണ്ടു. കിടക്ക വിരികള്‍ മാറ്റുകയായിരുന്നു." എന്തേ..പോയിട്ട് ധൃതിയുണ്ടോ? " അവള്‍ ചോദിച്ചു." ഇല്ല...വല്ലാത്ത ഉഷ്ണം "" സമ്മര്‍ തുടങ്ങിയില്ലേ..അതാ"അവളും രാവിലെ കുളിച്ചിരുന്നു. ഈറന്‍ മുടി വിരിച്ചിട്ടിരുന്നു. ചുരീദാറിന്റെ പിന്‍ വശത്ത് മുടി അവസാനിക്കുന്നിടത്ത് നനവ്." ഞാന്‍ പോണു""ഇനിയെപ്പഴാ?"അവള്‍ ചോദിച്ചു. പരേഡ് ഗ്രൌണ്ടിലെ കൂറ്റന്‍ വിളക്കുകള്‍ പോലെ അവളുടെ കണ്ണുകള്‍ തിളങ്ങി." സ്റ്റീഫന്‍ വരാന്‍ ഇനി ഒരാഴ്ച കൂടിയുണ്ട്. സീസണ്‍ തുടങ്ങിയാല്‍ പ്പിന്നെ നിനക്കറിയാമല്ലോ, അവനെ കാണാനേ കിട്ടില്ല. "ഞാന്‍ താല്പര്യമില്ലാത്ത പോലെ മൂളി. എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപ്പെടണമെന്നേയുണ്ടായിരുന്നുള്ളൂ.കണ്ടുപിടിക്കപ്പെടാതെ പോകുന്ന കുറ്റകൃത്യമാണ്‌ എന്റെ ജീവിതമെന്ന് തോന്നിത്തുടങ്ങിയിട്ട് കുറേ നാളുകളാകുന്നു. കൃത്യമായി പറഞ്ഞാല്‍ രതിപ്രിയയെ പരിചയപ്പെട്ടതിന്‌ ശേഷം . അവളുടെ വിയര്‍പ്പേറ്റ് വാങ്ങുന്ന ഓരോ നിമിഷവും മനസ്സില്‍ തേനീച്ചകള്‍ കൂട് കൂട്ടുന്നു. ഇത് അവസാനത്തേതെന്നുറപ്പിച്ച് പടിയിറങ്ങുമ്പോള്‍ കൂടിളകി അവ തലച്ചോറിനെ പുതയുന്നു. തിരിച്ച് അവളുടെ മടിയിലെത്തണം എല്ലാം ശാന്തമാകണമെങ്കില്‍ . അവള്‍ ആഭിചാരം ചെയ്യുന്നത് പോലെ, കളിപ്പാവയില്‍ എന്റെ മനസ്സിനെ ആവാഹിച്ച് കളിപ്പിക്കുന്നു. അവളുടെ തോന്നലുകള്‍ ക്കനുസരിച്ച് എന്റെ പാവക്കൂത്ത്. രക്തത്തില്‍ വിഷം പോലെ അലിഞ്ഞിറങ്ങുന്ന രതിപ്രിയ. സ്റ്റീഫന്‍ വീട്ടിലുള്ളപ്പോള്‍ , ഞാന്‍ എന്റെ മുറിയില്‍ ശ്വാസം കിട്ടാതെ ഉഴലുകയായിരിക്കും . കാണാച്ചരടുകളില്‍ തൂങ്ങിയാടുകയായിരിക്കും . അവളുടെ ശബ്ദമെങ്കിലും കേള്‍ ക്കാനായി ശ്രമിക്കുമ്പോള്‍ അവള്‍ ബുദ്ധിപൂര്‍വ്വം പഴുതുകളടയ്ക്കും .എന്റെ പ്രാണനേയും വലിച്ചിഴച്ച് ഒരു ഹിംസ്രജന്തു നഗരവീഥികളില്‍ അലഞ്ഞ് നടക്കും . കൂര്‍ത്ത ദംഷ്ട്രങ്ങള്‍ കാട്ടി പേടിപ്പിക്കും . ചിലപ്പോള്‍ മറുപടിയുമായി സ് റ്റീഫനായിരിക്കും വരുക. അവള്‍ കൊടുത്തയച്ച പലഹാരമോ അന്വേഷണങ്ങളോ എന്റെ മുന്നില്‍ വിളമ്പാന്‍ വേണ്ടി. നിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ വക എന്ന് പറഞ്ഞ്. ആത്മഹത്യ ചെയ്യാനൊരുങ്ങുന്നവനെപ്പോലെ പിടയ്ക്കുന്ന എന്നെക്കണ്ട് അവന്‍ അകമേ ചിരിക്കുന്നുണ്ടായിരിക്കുമോ?പറഞ്ഞ് വരുമ്പോള്‍ രതിപ്രിയയെയല്ല, സ്റ്റീഫനെയാണ്‌ ആദ്യം പരിചയപ്പെട്ടത്. നഗരത്തിലെ ചെറുകിട ടൂര്‍ ഓപ്പറേറ്റര്‍ , ട്രാവല്‍ ഏജന്റ്. മിക്കപ്പോഴും യാത്രയിലായിരിക്കും . ആദ്യമായി അവളുടെ ചുമതല എന്നെയേല്പ്പിച്ച് എവിടേയ്ക്കോ യാത്ര തിരിച്ചപ്പോള്‍ അവന്‍ എന്തെങ്കിലും മനസ്സില്‍ കണക്ക് കൂട്ടിയിട്ടുണ്ടാകുമോ. ഞാന്‍ അവന്റെ വീട്ടിലേയ്ക്ക് ഒരാഴ്ചത്തേയ്ക്ക് താമസം മാറ്റി. ഇരുട്ടിനെ പേടിക്കുന്ന, ഒരു നിഴലനങ്ങുന്നത് കണ്ടാല്‍ നിലവിളിക്കുന്ന അവളുടെ പുതുപ്പെണ്ണിന്‌ കൂട്ടിരിക്കാന്‍ വേണ്ടി.നിന്നെ എനിക്ക് ഭയമില്ലെന്ന് അവന്‍ പറഞ്ഞത് ഏതർഥത്തിലായിരിക്കും? നീയുള്ളപ്പോൾ എനിക്ക് എവിടെപ്പോയാലും സമാധാനമാണെന്ന് പറഞ്ഞത്?ഇരുട്ടിനോട് അവള്‍ക്ക് ഭയമില്ലെന്നും നിഴലുകളെ സ്നേഹിക്കുന്നെന്നും അറിഞ്ഞ രാത്രി ആദ്യമായി അവള്‍ എന്റെ കൈത്തണ്ടയില്‍ വിഷമിറക്കി. പേടിച്ച മാൻപേടയുടെ കണ്ണുകൾ മാഞ്ഞു. സർപ്പങ്ങൾ വിഷം ചീറ്റുന്ന പോലെ നോട്ടം. എല്ലാം മുന്‍ കൂട്ടി തീരുമാനിച്ചുറപ്പിച്ചത് പോലെ എന്റെ സ്വകാര്യതയില്‍ അവള്‍ പുതച്ച് കിടന്നു. ഞങ്ങളിൽ ആരേയാണ് അവൾ ചതിക്കുന്നത്? അല്ലെങ്കിൽ വിഡ്ഡിയാക്കുന്നത്?അന്നത്തെ മോഹാലസ്യത്തില്‍ നിന്നും ഞാനൊരിക്കലും ഉണര്‍ന്നില്ല.0കുറ്റകൃത്യങ്ങള്‍ ക്കിടയിലെ ഇടവേള പോലെ ഒരു അവധിദിവസം . എന്റെ മാത്രം ഒരു ദിവസം ടി വിയില്‍ ഗ്ലോബല്‍ വാമിങിനെക്കുറിച്ച് പരിപാടി. വാര്‍ത്താചാനലുകളില്‍ വേനല്‍ക്കാലം പ്രധാനവിഷയം. സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതക്ഷാമ . നഗരത്തിലെ പവര്‍ കട്ട് സമയം വര്‍ ദ്ധിപ്പിക്കേണ്ടി വരുമെന്ന് അധികൃതര്‍. പ്രേതസിനിമ കാണുന്നത് പോലെയുണ്ടായിരുന്നു വാര്‍ത്തകള്‍. നെറ്റിയില്‍ നിന്നും വിയര്‍പ്പ് ഒലിച്ചിറങ്ങിയപ്പോഴാണ്‌ കനത്ത ഉഷ്ണത്തിലാണ്‌ എന്റെ ഇരുപ്പെന്ന് ഓര്‍ മ്മിച്ചത്. ഒന്ന് കൂടി കുളിക്കണമെന്ന് തോന്നി. ഞാന്‍ എന്നെ മണത്ത് നോക്കി. ഓറഞ്ച് സോപ്പിന്റെ ഗന്ധം പാടെ പോയിട്ടില്ല. സൂക്ഷമായി ഘ്രാണിച്ചാല്‍ പാട പോലെ ആ ഗന്ധം എന്നെപ്പൊതിഞ്ഞിരിക്കുന്നത് അറിയാം . രതിപ്രിയയെ പിരിഞ്ഞ് പോരുമ്പോഴെല്ലാം മണിക്കൂറുകളോളം അവളുടെ മണം കൂടെയുണ്ടാകും .അവള്‍ ഉപയോഗിക്കുന്ന പെര്‍ ഫ്യൂമിന്റെ, മുഖത്ത് തേയ്ക്കുന്ന ക്രീമിന്റെ അങ്ങിനെയെന്തെങ്കിലും. സ്റ്റീഫന്‍ ഓരോ തവണ യാത്ര കഴിഞ്ഞ് വരുമ്പോഴും അവള്‍ക്ക് സൌന്ദര്യവര്‍ ദ്ധക സമഗ്രികള്‍ കൊണ്ടുവരും . പല ഫ്ലേവറുകളില്‍ , നിറങ്ങളില്‍, കുപ്പികളില്‍. ഒരിക്കലെങ്കിലും അവന്‍ അതിലേതെങ്കിലും തിരിച്ചറിഞ്ഞെന്ന് വരില്ല. കൈമാറുന്നതോടെ ഉപേക്ഷിക്കപ്പെടുന്നതാണവനെല്ലാം . കൈമാറിയോ!ഒരു പോപ്പ് ഗായകന്റെ രൂപമാണ്‌ സ്റ്റീഫന്. ജോലിത്തിരക്കില്ലാത്തപ്പോഴൊക്കെ ആഘോഷങ്ങളില്‍ മുഴുകിയിരിക്കുന്നവന്‍. നഗരത്തിലെ ഇരുണ്ട ഗലികളുടെ രഹസ്യം അവനറിയാം . കഞ്ചാവിന്റേയും ഭാംഗിന്റേയും രുചി എന്റെ സിരകളില്‍ ആവാഹിച്ചിറക്കിയത് അവനാണ്‌. ജോ പാസ്സിന്റെ ഗിറ്റാര്‍ വായന കേട്ടുകൊണ്ട് മണിക്കൂറുകളോളം ഞങ്ങള്‍ ചേര്‍ ന്നിരിക്കും . അവന്‍ ചിലപ്പോള്‍ എന്നെ കെട്ടിപ്പിടിക്കും .ജോലിയൊന്നുമില്ലാതെ നിര്‍ദ്ദയമായ ദിവസങ്ങളെ പഴിക്കുന്ന എനിക്ക് അതെല്ലാം സ്വപ്നം പോലെ. പുക മൂടിയ മുറിയിലിരുന്ന് ഞങ്ങള്‍ ബോബ് മാര്‍ലിയെ കേള്‍ക്കുമായിരുന്നു. ചിലപ്പോള്‍ ആ ധാരയില്‍ ലയിച്ച് അന്തമില്ലാതെ സംസാരിക്കുമായിരുന്നു. ഒരിക്കല്‍ മാത്രം താന്‍ സ്നേഹിക്കുന്ന ഭാര്യയെക്കുറിച്ച് അവന്‍ പറഞ്ഞു. അവള്‍ വെറും തോന്നലാണെന്ന്. കഞ്ചാവ് തന്ന സുഖമാണെന്ന്. ലഹരിയുടെ മങ്ങിയ കാഴ്ചയിലാണ് അവൾ സുന്ദരിയെന്ന്.അവന്റെ സഹായം കൊണ്ട് ഒരു ജോലി തരപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞു. ആഴ്ചയിലെ വലിയൊരു വിടവ് പോലെയുള്ള ഞായറാഴ്ചകളില്‍ മാത്രമായി ഞങ്ങളുടെ ഒത്തുചേരല്‍ .അവന്‌ ഭ്രാന്താണെന്ന് തീരുമാനിക്കാന്‍ തോന്നിയ നിമിഷങ്ങളില്‍ എന്നിലേയ്ക്ക് ഭ്രാന്ത് പകര്‍ന്ന് തന്ന് എന്‍ ഫീല്‍ഡ് ബുള്ളറ്റിന്റെ കനത്ത ശബ്ദത്തോടൊപ്പം നഗരവീഥികളിലേയ്ക്ക് അവന്‍ മുങ്ങാങ്കുഴിടും .അപ്പോഴും ഞാന്‍ അവന്റെ മാത്രം തോന്നലായ രതിപ്രിയയെ കണ്ടിട്ടില്ല. പക്ഷേ, അവളെക്കുറിച്ച് ഓര്‍ക്കാന്‍ തുടങ്ങിയിരുന്നു.ഒരു ദിവസം അവന്‍ വന്നു. പതിവില്ലാതെ ആഴ്ചദിവസം . രതിപ്രിയയെ എനിക്ക് പരിചയപ്പെടുത്താന്‍ പോകുകയാണെന്ന് പറഞ്ഞു. എനിക്ക് രക്തം വറ്റിയ പോലെ തോന്നി. അവന്റെ വീട്ടിലേയ്ക്ക് കയറിയപ്പോള്‍ പ്രേതയാമങ്ങളില്‍ ശ്മശാനത്തിലേയ്ക്ക് പോകുന്നവന്റെ ഉള്ളിടിപ്പായിരുന്നു. നര്‍ ത്തകിയുടെ അംഗലാവണ്യമുള്ള അവന്റെ തോന്നല്‍ എന്നെ പരിചയപ്പെട്ടു. ഏതെങ്കിലും ജ്വല്ലറിയുടെ കലണ്ടറിന്‌ പറ്റിയതായിരുന്നു അവളുടെ രൂപം . എന്നെക്കൂടാതെ ആരും ഇതുവരെ അവിടേയ്ക്ക് ക്ഷണിക്കപ്പെട്ടിട്ടില്ലെന്നറിഞ്ഞപ്പോള്‍ ആഹ്ലാദം തോന്നി. രതിപ്രിയയുടെ ഗന്ധം ആദ്യമായി ആസ്വദിച്ച ആ ഫ്ലാറ്റില്‍ എന്റെ ഏകാന്തത മരിച്ച് വീണു.പിന്നീട് അവൾ സ്നേഹിച്ചിട്ടുണ്ടാകുക മുഷിഞ്ഞ വസ്ത്രം പോലെ ഞാൻ ഉപേക്ഷിച്ച ഏകാന്തതയെ ആയിരിക്കണം. കാരണം ആ വിജയം എന്നിൽ നിഗൂഢമായ ഒരു അഹങ്കാരം ജനിപ്പിച്ചിരുന്നു.2സ്റ്റീഫന്‍ ടൂര്‍ പകുതിയില്‍ നിര്‍ത്തി തിരിച്ചെത്തി. സീസണ്‍ തുടങ്ങിയിട്ടും വേണ്ടത്ര ബുക്കിങ് ഇല്ല പോലും . രതിപ്രിയയുടെ വിഷാദം കലര്‍ന്ന ശബ്ദം എന്റെ റിസീവറില്‍ മേഘങ്ങളെ നിരത്തി. എന്റെ ശരീരം ചൂട് പിടിച്ചു. അവളുടെ ഗന്ധത്തിനായി കൊതിച്ചു. അവളെ എനിക്ക് വിട്ട് തരാന്‍ സ്റ്റീഫനോട് അപേക്ഷിക്കണമെന്ന് അവള്‍ പറഞ്ഞു. എന്നെ അവള്‍ ക്ക് വിട്ട് കൊടുക്കാന്‍ എന്നോട് അപേക്ഷിക്കുന്നത് പോലെ തോന്നി അത്.മടി പിടിച്ച് അവധിയെടുത്തിരിക്കുകയായിരുന്നു ഞാന്‍. ആരും വരാനിടയില്ലാത്ത നിര്‍ജ്ജീവമായ ഒരു ദിവസം . ഒരു കുപ്പി റം ഫ്രിജ്ജിലിരിക്കുന്നതിനെ ആശ്രയിക്കാം എന്ന് കരുതി. കുറേ നാളുകളായി അതിന്റെ കഴുത്ത് പൊട്ടിക്കുന്നതിനെക്കുറിച്ചാലോചിക്കുന്നു. ഇനിയെങ്കിലും അത് ചെയ്തില്ലെങ്കില്‍ താഴേയ്ക്ക് ചാടി അത് ആത്മഹത്യ ചെയ്തേക്കും. രതിപ്രിയയെ കണ്ടില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തേക്കുമെന്ന പോലെ.ഉയര്‍ന്ന താപനിലയില്‍ എന്റെ മുറി വിയര്‍ത്തു. അത്ഭുതം പോലെ രതിപ്രിയ വന്നെത്തുന്നത് വരെ ആ കുപ്പിയെ മനസ്സിലിട്ടുരുട്ടുകയായിരുന്നു ഞാന്‍ .അവള്‍ ഓറഞ്ച് സോപ്പ് തേച്ച് കുളിച്ചിട്ടുണ്ടായിരുന്നു. അവൾ ദിവസം എത്ര പ്രാവശ്യം കുളിക്കുമെന്ന് ചോദിക്കാൻ തോന്നി. ചുവന്ന കുര്‍ത്തയും നീല ജീന്‍സും ധരിച്ചിരുന്നു. സോഫയില്‍ ചേര്‍ന്നിരുന്ന് ഞങ്ങള്‍ റം കുടിച്ചു. അവള്‍ പതിവില്ലാതെ മൌനത്തിലായിരുന്നു. എന്റെ നെഞ്ചില്‍ തല ചായ്ച്ച് അവള്‍ കിടന്നു. പക്ഷേ കരയുന്നുണ്ടായിരുന്നില്ല.അവള്‍ കരയണമെന്ന് ഞാന്‍ എന്തിനാഗ്രഹിച്ചു!അവള്‍ പോയശേഷവും മുറിയില്‍ ഓറഞ്ചിന്റെ മണം തളം കെട്ടി നിന്നു. കുപ്പിയിലെ ദ്രാവകം ഞാന്‍ വെള്ളം തൊടാതെ വിഴുങ്ങി. തൊണ്ടയെ പൊള്ളിച്ച് കൊണ്ട് അത് എന്നിലേയ്ക്ക് കഠാര പോലെ കുത്തിയിറങ്ങി.ഞാന്‍ എന്നെ മണത്ത് നോക്കി. രതിപ്രിയയെ കിട്ടി. അതില്‍ മുഴുകിയിരുന്ന് അവിചാരിതമായ അവളുടെ വരവിനെക്കുറിച്ച് ആലോചിച്ചു. അവള്‍ ആഭിചാരം നിര്‍ത്തിക്കാണണം . ഇല്ലെങ്കില്‍ അവളൊന്ന് മനസ്സില്‍ വിചാരിച്ചാല്‍ ഞാന്‍ പുറപ്പെട്ടിരിക്കും .എനിക്ക് ഉറക്കം വന്നു. ഉഷ്ണം അതിന്റെ കൊടുമുടിയിലിരുന്ന് എന്നെ വേവിച്ചെടുത്തു. സോഫയില്‍ മലര്‍ന്ന് കിടന്ന് ഉറക്കത്തെ സ്വീകരിച്ചു. അവളെ സ്വപ്നം കാണുന്നതായി സ്വപ്നം കാണാൻ ശ്രമിച്ചു. അവൾ എന്നെ സ്വപ്നം കാണുന്നതായി സ്വപ്നം കാണാൻ ശ്രമിച്ചു. വാൻ ഗോഗ് പെയിന്റിങ് പോലെ പരന്ന് കിടക്കുന്ന നെൽ‌പ്പാടങ്ങൾ. വരമ്പിലൂടെ നടക്കുന്ന രതിപ്രിയ. അവളെ നോക്കി നോക്കി പിന്തുടരുന്ന ഞാൻ. അവൾ നെൽക്കതിരുകളെ ഉമ്മ വച്ചു.ചുരം കടന്നെത്തുന്ന കാറ്റിനെ കെട്ടിപ്പിടിച്ചു. ഞാൻ നെൽക്കതിരുകളെ വെറുക്കുന്നു. ചുരം കടന്നെത്തുന്ന കാറ്റിനെ വെറുക്കുന്നു.3എനിക്ക് ആരേപ്പറ്റിയും എങ്ങിനേയും വിചാരിക്കാം. ആർക്കും എന്നെപ്പറ്റി എങ്ങിനേയും വിചാരിക്കാം. സ്വകാര്യമായ ആ സ്വാതന്ത്ര്യത്തിൽ എനിക്ക് ഉളുപ്പ് തോന്നി. പരശരീരം കാമിക്കുന്ന കീടമാകുന്നോ ഞാൻ. എന്റെ വിചാരങ്ങളിൽ കൊല ചെയ്യപ്പെടുന്നവർ, ബലാത്സംഗം ചെയ്യപ്പെടുന്നവർ എന്നോട് എങ്ങിനെ പകരം വീട്ടും? ഞാൻ എന്നോട് എങ്ങിനെ പക കാണിക്കും?പൊടുന്നനെ സ്റ്റീഫന്‍. പഴയ നഗരത്തിലെ ഏതോ തെരുവില്‍ നിന്നാണ്‌ വരുന്നതെന്ന് മനസ്സിലായി. അവനെ കഞ്ചാവ് മണക്കുന്നുണ്ടായിരുന്നു. അവൻ എൽട്ടൺ ജോണിന്റെ സാക്രിഫൈസ് മൂളുന്നുണ്ടായിരുന്നു. വന്നപാടെ സോഫയിൽ എന്നെ തള്ളിയിട്ട് അവൻ രൂക്ഷമായി നോക്കി. പിന്നെ തിരമാല പോലെ വന്ന ചിരിയിൽ സ്വയം തള്ളിയിട്ടു.‘ ഐ ലൈക്ക് യു മൈ ഡിയർ ‘ അവൻ കഞ്ചാവിൽ ആടി. ഞാൻ പ്രത്യേകിച്ച് പ്രതികരണമൊന്നുമില്ലാതെ ഇരുന്നു. ആ സമയത്ത് അവൻ വന്നത് എനിക്കിഷ്ടമായില്ല. അവൻ ,എന്നെ രതിപ്രിയയിൽ കെട്ടിയിട്ടവൻ, എന്നിട്ട് അവളെ എനിക്ക് പിശുക്കി പിശുക്കി തരുന്നവൻ.അവൻ സോഫയിൽ ഇരുന്നു. മതിമറന്ന് സന്തോഷിക്കുകയാണവൻ. എന്തുണ്ടായോ എന്തോ. അവന്റെ നേർത്ത കുർത്ത വിയർപ്പിൽ കുതിർന്നിരുന്നു.‘ എന്ത് പറ്റി? ഇന്ന് വലിയ സന്തോഷത്തിലാണല്ലോ’ . ഞാൻ ചോദിച്ചു.‘ അവൾ ഇവിടെ വന്നിരുന്നോ?’ . സ്റ്റീഫൻഞാൻ മൂളി.‘ഉം...നിനക്കിഷ്ടമുള്ള ഓറഞ്ച് സോപ്പിന്റെ മണം എനിക്കും കിട്ടുന്നുണ്ട്. സത്യം പറയട്ടെ നിന്റെയടുത്ത് വരുമ്പോഴാണ് ഞാൻ ശരിക്കും അവളെ ആസ്വദിക്കുന്നത്. ‘‘സ്റ്റീഫൻ?’‘ ഹ..ഹ...അവൾക്ക് നിന്നെ വലിയ ഇഷ്ടമാണ്. എനിക്ക് അതിലേറെ’ ഇത്രയും പറഞ്ഞ് അവൻ എന്റെ ഷർട്ടിന്റെ കുടുക്കുകൾ അഴിച്ചു. രോമമില്ലാതെ മരുഭൂമി പോലത്തെ എന്റെ മാറിൽ തല ചായ്ച്ചു. ഉമ്മ വച്ചു. അവനെ അത്രയെങ്കിലും അനുവദിക്കണമെന്ന് എനിക്ക് തോന്നി. ഇടയ്ക്കെപ്പോഴോ രതിപ്രിയാ എന്ന് വിളിച്ച് എനന്റെ ചുണ്ടിൽ ഉമ്മ വയ്ക്കാൻ ശ്രമിച്ചപ്പോൾ ഞാൻ തടുത്തു.‘ ഓ’ അവൻ നൈരാശ്യപൂർവ്വം മൂളി. എന്നിട്ട് എന്റെ റം കുപ്പിയിൽ നിന്ന് കുറച്ച് കുടിച്ചു. സ്വതവേ ആടുന്ന അവൻ പിന്നേയും ആടി പുറത്തേയ്ക്ക് നടന്നു. നനഞ്ഞ കണ്ണാടിയിലൂടെ ഒരാളെ കാണുന്നത് പോലെ വികൃതമായിരുന്നു അവൻ.രതിപ്രിയയെ സ്വപ്നം കാണാൻ ശ്രമിച്ച് ഞാൻ കണ്ണടച്ച് കിടന്നു. ചില സമയങ്ങൾ എത്ര ദീർ ഘമായാലും ചെറുതാണെന്ന് തോന്നും.4മടി പിടിച്ചിരുന്നാൽ സ്ഥിരമായി വീട്ടിലിരിക്കേണ്ടി വരുമെന്ന് ഓർത്തപ്പോൾ ഓഫീസിൽ പോകാൻ തുടങ്ങി. ജോലിത്തിരക്കിനിടയിൽ രതിപ്രിയ മനസ്സിൽ വന്നെങ്കിലും മങ്ങിയ ഒരു ചിത്രം പോലെയേ ഉണ്ടായിരുന്നുള്ളൂ. കൂടെ ജോലി ചെയ്യുന്ന സുന്ദരികളുടെ നാട്യങ്ങൾ കുറച്ചൊക്കെ ആശ്വാസം തരുന്നുണ്ട്. അവളോളമില്ലെങ്കിലും.ഒന്ന് ശരിക്ക് കാണും മുന്നേ ഒരാഴ്ച കടന്ന് പോയി. വീണ്ടും വാരാന്ത്യം.അവധി. ഒറ്റ, ഏകാന്തത…രതിപ്രിയ ..എന്നിങ്ങനെ മനസ്സ് പൂപ്പലടിക്കാൻ തുടങ്ങി. അവളുടെ നമ്പറിലേയ്ക്ക് വിളിച്ചു. ഇത്രയും നാൾ മറന്ന് പോയതിന് ദേഷ്യപ്പെടുമായിരിക്കും.‘ നീ ഇങ്ങോട്ട് വാ..വേഗം’.. ഇത്രയുമേ അവൾ പറഞ്ഞുള്ളൂ.പതിവില്ലാത്ത വിധം വല്ലാത്ത മൂകതയാണ് എന്നെ വരവേറ്റത്. സ്റ്റീഫൻ അവിടെയില്ലെന്ന് മനസ്സിലായി. പക്ഷേ അവൾ ആവേശപൂർവ്വം എന്നെ കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്തില്ല. മഞ്ഞിനേക്കാൾ തണുത്ത ഭാവത്തോടെ എന്നോട് സോഫയിൽ ഇരിക്കാൻ പറഞ്ഞു.‘ എന്ത് പറ്റി എന്റെ യെരുസലേം പുത്രീ?’‘ സ്റ്റീഫൻ നിന്നെ കാണാൻ വന്നിരുന്നോ?’‘ ഉവ്വ്..കഴിഞ്ഞാഴ്ച. നീ വന്ന് പോയതിന് ശേഷം’‘ അവൻ എന്ത് പറഞ്ഞു?’‘ അവൻ ലഹരിയിലായിരുന്നു. എന്നെ വലിയ ഇഷ്ടമാണെന്ന് പറഞ്ഞു.പിന്നേ…’‘ പിന്നെ?’‘ പിന്നെ ഒന്നുമില്ല. കുറച്ച് നേരം ഇരുന്നിട്ട് പോയി.’‘ എങ്ങോട്ട്?’‘ അറിയില്ല. എന്തേ അവൻ ഇങ്ങോട്ടല്ലേ വന്നത്?’‘ അതിന് ശേഷം അവൻ വന്നിട്ടില്ല. പിന്നെ ഞാൻ കണ്ടിട്ടില്ല’‘ ങ്ങേ?എന്ന് വച്ചാൽ ?’‘ അവൻ പോയി..എന്നെ വിട്ട്, നിന്നെ വിട്ട്?’‘ രതിപ്രിയ,നീ എന്തൊക്കെയാ പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല.’‘ പക്ഷേ ഞാൻ പ്രതീക്ഷിച്ചിരുന്നു’‘ എന്ത്?’‘ നിനക്കറിയാമോ,സ്റ്റീഫൻ എന്തിനാണ് നിന്നെ എനിക്ക് പരിചയപ്പെടുത്തിയതെന്ന്?’‘ ഇല്ല’‘ എനിക്ക് ഒരു കൂട്ടായിരിക്കാൻ. അവൻ പോകുമ്പോൾ ഞാൻ ഒറ്റപ്പെടാതിരിക്കാൻ’‘ ഛെ..നീയിങ്ങനെ യക്ഷിക്കഥകൾ പറയാതെ വ്യക്തമായി പറയൂ’‘ അവന് എന്നെ വലിയ ഇഷ്ടമായിരുന്നു. എന്നെ അവനേക്കാൾ സ്നേഹിച്ചിരുന്നു. പക്ഷേ..’‘ പക്ഷേ?’‘ ആദ്യരാത്രിയിൽ നവവധുവിനോട് താൻ ഷണ്ഡനാണെന്ന് പറയേണ്ടി വരുന്ന ഒരാളുടെ അവസ്ഥ’‘ ഓഹ്..അതെനിക്കറിയില്ലായിരുന്നു’‘ അവൻ പറഞ്ഞു അത്. എന്നിട്ട് കിടപ്പുമുറിയിൽ നിന്നും ഇറങ്ങിപ്പോയി. ‘‘ അത് കൊണ്ടാണോ അവൻ എന്നെ…?’‘ അത് മാത്രമല്ല. അവന്റെ മനസ്സിൽ നീറ്റലുണ്ടായിരുന്നു.എന്നെ കാണുമ്പോഴൊക്കെ ആ നീറ്റൽ അവനെ പൊള്ളിക്കുമായിരുന്നു. അത് സഹിക്കാൻ പറ്റാതെ ഒരു ദിവസം എന്നെ വിട്ട് പോകുമെന്ന് അവനറിയാമായിരുന്നു, എനിക്കറിയാമായിരുന്നത് പോലെ.’‘ അപ്പോൾ ഞാൻ ?’‘ എന്നാണ് അവൻ കരുതിയിരുന്നത്.’എനിക്ക് ആ സമയത്ത് എന്ത് വികാരമാണ് ചേരുന്നതെന്ന് അറിയില്ലായിരുന്നു. ദുരന്തമാണോ,വീണ് കിട്ടിയ സൌഭാഗ്യമാണോ? രതിപ്രിയ ഇനി എന്നെന്നേയ്ക്കും എന്റേതാകുമെന്ന് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു. പൾപ്പ് നോവലുകളിലെപ്പോലെ അവിചാരിതമായ വഴിത്തിരിവുകൾ എന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് ആര് പ്രതീക്ഷിച്ചു.ഞങ്ങൾക്കിടയിൽ മൌനം പടർന്ന് പന്തലിച്ചു. അവൾ നിശ്ശബ്ദമായി കരയുകയായിരുന്നു.‘ നീ ഇപ്പോൾ പൊയ്ക്കോളൂ’ ഒടുവിൽ അവൾ പറഞ്ഞു. അത് അവസാനത്തെ യാത്ര പറച്ചിലാണെന്ന് എനിക്ക് തോന്നി. ഇനിയൊരിക്കലും അവളെ കാണില്ലെന്ന് ആരോ എന്റെയുള്ളിലിരുന്ന് പറഞ്ഞു. ഞാൻ എഴുന്നേറ്റ് എന്റെ മുറിയിലേയ്ക്ക് തിരിച്ചെത്തി.വിചാരിച്ച പോലെ പിന്നീടിരിക്കലും ഞാൻ അവളെ കണ്ടില്ല.(യഥാർ ത്ഥത്തിൽ ഈ നിമിഷത്തിൽ നിന്നായിരുന്നു ഈ കഥ തുടങ്ങേണ്ടിയിരുന്നത്. എഴുത്തുകാരന്റെ കരവിരുതിൽ പഴയ കാര്യങ്ങൾ ഒന്നൊന്നായി പൊലിപ്പിച്ചെടുക്കാമായിരുന്നു. വെറും കാമുകനായ എനിക്ക് അത്രയ്ക്കൊന്നും ഭാവനാശേഷിയില്ലാത്തത് കൊണ്ട് എല്ലാം വരുന്ന പോലെ പറഞ്ഞ് വയ്ക്കാനേ കഴിഞ്ഞുള്ളൂ.)5ഞാൻ ജോലി രാജി വച്ച് വീട്ടിലിരിക്കാൻ തുടങ്ങി. പിരിഞ്ഞപ്പോൾ കിട്ടിയ കുറച്ച് പണം കൊണ്ട് തൽക്കാലം കഴിഞ്ഞ് കൂടാം. രതിപ്രിയ ഒരു മുറിവായി മനസ്സിൽ നീറിക്കൊണ്ടിരുന്നു. അവൾ എങ്ങോട്ട് പോയെന്നോ എവിടെയാണെന്നോ അന്വേഷിക്കാൻ മിനക്കെട്ടില്ല. ഒരു ദു:സ്വപനമായിരുന്നിരിക്കണം.‘ ഡാ..നിനക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട്’ എന്റെ സുഹൃത്ത് പറഞ്ഞു.കുറേ നാള്‍ ഒന്നിച്ച് ജോലി ചെയ്തതിന്റെ അടുപ്പം അവനോടെനിക്കുണ്ടായിരുന്നു.' എന്ത് കുഴപ്പം ?'' ഞാന്‍ കുറേ നാളായി നിന്നെ ശ്രദ്ധിക്കുന്നു. നിന്റെ മനസ്സില്‍ എന്തോ അലട്ടുന്നുണ്ട്'' ഏയ്..അങ്ങിനെയൊന്നുമില്ല'' അല്ല.എന്തോ ഉണ്ട്. നോക്കൂ എനിക്കും ഇതേ പോലെ അലട്ടല്‍ ഉണ്ടായിരുന്നതാണ്‌'' എന്നിട്ട്?'' കല്ല്യാണം കഴിച്ചതോടെ അതങ്ങ് മാറി'' നീ എന്താ പറഞ്ഞ് വരുന്നത്?'' ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. നീ കന്യകനാണോ?'' അല്ല'ഞാന്‍ നിസ്സം ഗതയോടെ പറഞ്ഞു.' അല്ല?ഞാന്‍ വിശ്വസിക്കില്ല. എന്റെയറിവില്‍ നിനക്ക് ഏതെങ്കിലും പെണ്ണുമായി എന്തെങ്കിലും ഉള്ളതായി അറിവില്ല'അവനെ വിശ്വസിപ്പിക്കാനായി ഞാന്‍ രതിപ്രിയയുടേയും സ്റ്റീഫന്റേയും കഥ പറഞ്ഞു. അവന്‍ പൊട്ടിച്ചിരിച്ചു.' നിനക്ക് മാനസികമായി എന്തോ പ്രശ്നമുണ്ട്. അതാണ്‌ ഇങ്ങനെയൊക്കെ നടന്നതായി തോന്നുന്നത്'' എന്ന് വച്ചാല്‍ ഞാന്‍ നുണ പറയുകയാണെന്നോ?'' അല്ല,നിന്റെ മനസ്സില്‍ എന്തൊക്കെയോ വിഭ്രാന്തികള്‍ ഉണ്ട്.അതാണ്‌ ഇങ്ങനെയൊക്കെ'' എനിക്കെന്ത് വിഭ്രാന്തി? ഞാന്‍ പറഞ്ഞതെല്ലാം നടന്ന കാര്യങ്ങളാണ്‌'' ബ്യൂട്ടിഫുള്‍ മൈന്റ് എന്ന സിനിമ കണ്ടിട്ടുണ്ടോ നീ?''ഇല്ല'' ശരി.നീ പറഞ്ഞ രതിപ്രിയ ഇപ്പോള്‍ എവിടെയുണ്ട്?'' അവള്‍ പോയെന്ന് പറഞ്ഞില്ലേ?'' എവിടെയാണവള്‍ താമസിച്ചിരുന്നത്?'' ഇനിയിപ്പോള്‍ അതൊന്നും നോക്കിയിട്ട് കാര്യമില്ല'' അവളുടെ പഴയ ഫോണ്‍ നമ്പര്‍ നിന്റെ കൈയ്യിലിണ്ടോ?'' ഇല്ല...'' അവള്‍ നിനക്കയച്ച കത്തുകള്‍ , ഗ്രീറ്റിങ്ങ് കാര്‍ ഡ് ,ഗിഫ്റ്റ് അങ്ങിനെയെന്തെങ്കിലും ?'' ഇല്ല'' പിന്നെ എന്തുണ്ട് നിന്റെ കൈയ്യില്‍ ?'' സോപ്പ് ‘' വാട്ട്?''അവളുടെ സോപ്പ്. ഓറഞ്ച് മണമുള്ള സോപ്പ്'.ഒരിക്കൽ അവളറിയാതെ ഞാൻ എടുത്തുകൊണ്ട് വന്ന സോപ്പ് കഷ്ണം.അവന്‍ കുലുങ്ങിച്ചിരിച്ചു. ഒരു മനോരോഗിയെ നോക്കുന്ന സൈക്കാട്രിസ്റ്റിനെപ്പോലെ അവന്‍ എന്നെ നോക്കി.' നീ ഇനി അധികം നാള്‍ ഇവിടെ നില്ക്കരുത്. എത്രയും വേഗം നാട് വിട്ടോ'' എന്തിന്?'' കൂടുതല്‍ കുഴപ്പമാകുന്നതിന്‌ മുന്പ് വീട് പറ്റാന്‍ നോക്ക്'അവനെ കഴുത്തിന്‌ പിടിച്ച് പുറത്താകാനാണ്‌ എനിക്ക് തോന്നിയത്.' എനിക്ക് കുഴപ്പമൊന്നുമില്ല. നീയായിട്ട് ഓരോന്ന് ഉണ്ടാക്കാതിരുന്നാല്‍ മതി' ഞാന്‍ പറഞ്ഞു.' ശരി.നിന്റെയിഷ്ടം പോലെ.' അവന്‍ യാത്ര പറഞ്ഞു.അവന്‍ പോയ ശേഷം ഞാന്‍ കുളിമുറിയില്‍ ചെന്ന് ആ സോപ്പ് തപ്പിയെടുത്തു. അലിഞ്ഞലിഞ്ഞ് ഒരു സ്ഫടികം പോലെ അതുണ്ടായിരുന്നു. എങ്കിലും ആ മണം തീവ്രമായിരുന്നു. ഞാന്‍ സോപ്പ് തേച്ച് കൈ കഴുകി.രതിപ്രിയയുടെ മണം എന്റെ കൈകളില്‍ . അതാസ്വദിച്ചുകൊണ്ട് ഞാനിരുന്നു.എല്ലാം എന്റെ വിഭ്രാന്തികളായിരുന്നെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു അപ്പോള്‍ .
വേനല്‍ക്കാലം വേനല്‍ക്കാലം Reviewed by Jayesh/ജയേഷ് on June 18, 2010 Rating: 5

8 comments:

 1. തകര്‍ക്കൂ..തകര്‍ത്തു തരിപ്പനമാക്കൂ..


  (രതിപ്രിയ! നടക്കട്ടെ,നടക്കട്ടെ. ചിലതൊക്കെ മനസ്സിലായി കൊച്ചു കള്ളാ..)

  ReplyDelete
 2. കൊള്ളാം നന്നായിരിക്കുന്നു ഈ കഥ

  ReplyDelete
 3. താന്‍ ആള് കൊള്ളാലോ

  ReplyDelete
 4. Very good story. Keep it up my dear :)

  ReplyDelete
 5. നല്ല കഥ .... നന്നായിട്ടുണ്ട്‌. ആശം സകൾ

  ReplyDelete
 6. കഥ ഇഷ്ടമായി .
  ആശംസകള്‍ .....

  ReplyDelete