കള്ള് ചെത്തുകാരന്റെ കാഴ്ചകൾ - ബെൻ ഒക്രി

ഒരിടത്ത് ഒരു മിടുക്കനായ കള്ള്ചെത്തുകാരനുണ്ടായിരുന്നു. അയാൾ പന കയറുന്നതും കള്ള് ചെത്തുന്നതും എന്തിനേക്കാളേറെ ആസ്വദിച്ചിരുന്നു. ഒരു രാത്രി അയാൾ കള്ള് ചെത്തുന്നതിനിടയിൽ പനയിൽ നിന്നും വീണ് മരിക്കുന്നതായി സ്വപ്നം കണ്ടു. സ്വപ്നം കണ്ട് അസ്വസ്ഥനായ അയാൾ തന്റെ സുഹൃത്തും പ്രശസ്ത നാട്ടുവൈദ്യനുമായ ടബാസ്കോയെ കാണാൻ പുറപ്പെട്ടു. പക്ഷേ, അന്ന് രാത്രി ടബാസ്കോ വളരെ തിരക്കിലായത് കാരണം അയാൾ പറയുന്നതൊന്നും കാര്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അയാളുടെ അനേകം ഭാര്യമാരുടെ പരാതികൾ കാരണം വിഷമത്തിലായ നാട്ടുവൈദ്യൻ മുരുമുളക് ചവച്ചും പനങ്കള്ള് കൊണ്ട് വായ നനച്ചുമിരുന്നു. കള്ള്ചെത്തുകാരൻ തിരികെ പോകാനൊരുങ്ങിയപ്പോൾ നാട്ടുവൈദ്യൻ അയാളെ അരികിൽ വിളിച്ച് കൌതുകകരമായ ഒരു കാര്യം പറഞ്ഞു:

‘ എനിക്കറിയാവുന്ന ഒരു വേട്ടക്കാരൻ ഒരു ദിവസം വേട്ടയ്ക്ക് പോയപ്പോൾ ഒരു വിചിത്രമായ കലമാനിനെ കണ്ടു. കലമാൻ ഒരു ചിതൽ പുറ്റിനരികിലെത്തുന്നത് വരെ അയാളതിനെ പിന്തുടർന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കലമാൻ ഒരു സ്ത്രീയായി മാറി അപ്രത്യക്ഷമായി. ആ സ്ത്രീ തിരിച്ച് വരുന്നതും കാത്ത് അയാൾ ചിതൽ പ്പുറ്റിനരികിൽ കാത്തിരുന്നു. അയാൾ അവിടെ ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ നിലം മുഴുവൻ ചുവന്ന വെള്ളമായിരുന്നു. എഴുന്നേറ്റ് നോക്കിയപ്പോൾ തനിക്ക് ചുറ്റും കൂടി നില്ക്കുന്ന ഒമ്പത് ആത്മാക്കളെ കണ്ടു. അയാൾക്ക് തീർച്ചയായും വട്ട് പിടിച്ചു. അയാളുടെ തലയ്ക്കുള്ളിൽ കടന്ന് സുഖപ്പെടുത്തുന്നതിന് എനിക്ക് മൂന്ന് ആഴ്ചകൾ വേണ്ടി വന്നു. അയാളുടെ കുറച്ച് വട്ട് എനിക്കും പകർന്നു. നാളെ നീ മൂന്ന് ആമകളേയും ഒരു വലിയ പൊതി നിറയെ കോലക്കായ്കളും കൊണ്ട് വരാമെങ്കിൽ നിന്റെ സ്വപ്നത്തിന് എന്തെങ്കിലും ചെയ്യാൻ നോക്കാം. പക്ഷേ ഇന്ന് രാത്രി എനിക്ക് തിരക്കാണ്’.

കള്ള്ചെത്തുകാരൻ നൈരാശ്യത്തോടെ സമ്മതിച്ചു. വീട്ടിലേയ്ക്ക് തിരിക്കും വഴി നീളെ അയാൾ ചുരയ്ക്കാത്തോട് നിറയെ പനങ്കള്ള് കുടിച്ചു. ഉറങ്ങുമ്പോഴേയ്ക്കും സ്വപ്നത്തെക്കുറിച്ച് മറക്കാൻ അയാൾക്ക് കഴിഞ്ഞു.

രാവിലെ അയാൾ തന്റെ കയറുകളും മാന്ത്രികമരുന്നുകളും സൈക്കിളിൽ കെട്ടി വച്ച് അന്നത്തെ ജോലി തുടങ്ങാൻ കാട്ടിലേയ്ക്ക് പോയി. കുറേ നേരം സൈക്കിളോടിച്ച് നീങ്ങിയപ്പോൾ ഒരു പരസ്യപ്പലകയിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കണ്ടു : ഡെൽറ്റാ ഓയിൽ കമ്പനി : ഈ സ്ഥലം ഖനനം ചെയ്ത് കൊണ്ടിരിക്കുന്നു. അതിക്രമിച്ച് കടക്കുന്നവർ അപകടത്തിലാകും. കള്ള്ചെത്തുകാരൻ അമ്പരപ്പോടെ അത് നോക്കി നിന്നു. കുറച്ച് നേരം കഴിഞ്ഞ് അയാൾ പനകളുടെ വിചിത്രമായ കൂട്ടം കണ്ടു. കട്ടി പിടിച്ച് കിടക്കുന്ന ചിലന്തിവലകൾക്കിടയിലൂടെ അയാൾ പനകൾക്ക് നേരെ നീങ്ങി. ചുവപ്പും പച്ചയുമായ പനമ്പട്ടകളുടെ ഗന്ധം അയാളെ മത്ത് പിടിപ്പിച്ചു. അയാൾ തന്റെ മാന്ത്രികമരുന്നുകൾ ഒരു മരക്കൊമ്പിൽ കെട്ടി വച്ച് കയറെടുത്ത് പന കയറാൻ തുടങ്ങി. പനയുടെ ഇരുവശവും കാലുകൾ ഉറപ്പിച്ച്, പരുക്കൻ പനന്തടിയിൽ കയർ ചുറ്റി അയാൾ മുകളിലേയ്ക്ക് കയറിത്തുടങ്ങി, നെഞ്ച് വേദനിക്കും വരെ. പ്രഭാതസൂര്യന്റെ കൂർത്ത കിരണങ്ങൾ അയാളെ അന്ധനാക്കി. സുവർണ്ണരശ്മികൾ കണ്ണിൽ കുത്തിയപ്പോൾ പനമ്പട്ടകൾ അകന്ന് പോകുന്നത് പോലെ തോന്നി. മുപ്പത് വർഷത്തിരിടയിൽ ആദ്യമായി പനയിൽ നിന്നും വീണു.

എഴുന്നേറ്റപ്പോൾ തനിക്ക് വേദനിക്കുന്നില്ലെന്ന് കണ്ട് അയാൾക്ക് അത്ഭുതം തോന്നി. വീഴ്ചയ്ക്ക് ശേഷം നല്ല സുഖം തോന്നുന്നുണ്ടെന്ന വിചിത്രമായ തോന്നലുമുണ്ടായി. അയാൾക്ക് അവിശ്വനീയമാം വിധം കനം കുറഞ്ഞത് പോലെ അനുഭവപ്പെട്ടു. ചിലന്തിവലകളുടെ തിളങ്ങുന്ന അലങ്കാരങ്ങൾക്കിടയിലൂടെ എങ്ങോട്ടെന്നില്ലാതെ അയാൾ നടന്നു. മിന്നാമിനുങ്ങുകൾ മൂക്കിലൂടേയും ചെവികളിലൂടേയും കയറി കണ്ണിലൂടെ പുറത്ത് വന്നു. അയാൾ കുറേ നേരം നടന്നു. അപ്പോൾ വേറൊരു പരസ്യപ്പലകയിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കണ്ടു : ഡെൽറ്റാ ഓയിൽ കമ്പനി. അതിക്രമിച്ച് കടക്കുന്നവർ ശിക്ഷിക്കപ്പെടും. അയാൾക്ക് ചുറ്റും മൺ കൂനകളും ശവക്കല്ലറകളും ഒരു പനയും തിളങ്ങുന്ന കണ്ടൽ വേരുകളും ഉണ്ടായിരുന്നു. അയാൾ മരത്തിൽ ഒരു അടയാളം വരച്ചു. പെട്ടെന്ന് അതൊരു പഴുത്ത മുറിവായി മാറി. പിരിഞ്ഞ വേരുകൾ താണ്ടി നടന്നപ്പോൾ വെളുത്ത ചലം കൊണ്ട് അസ്വസ്ഥരായ വേരുകൾ അയാളെ വട്ടം ചുറ്റിപ്പിടിച്ചു. അവ അയാളെ ഇക്കിളിപ്പെടുത്തി. അയാൾ ചിരിക്കാൻ തുടങ്ങിയപ്പോൾ അവ അയാളെ വെറുതെ വിട്ടു.

വെള്ളം കട്ടിയായി നിശ്ചലമായ ഒരു പുഴയ്ക്കരികിൽ അയാളെത്തി. പുഴയോരത്ത് ഒരു മാളമുണ്ടായിരുന്നു. മൂന്ന് ആമകൾ മാളത്തിൽ അലസരായിരുന്ന് അയാളെ നോക്കി. ഒരു ആമയ്ക്ക് ടബാസ്കോയുടെ മുഖഛായയുണ്ടായിരുന്നു. എന്തോ പറയാൻ തുടങ്ങിയപ്പോൾ പലനിറങ്ങളുള്ള ഒരു പാമ്പ് മാളത്തിൽ നിന്നും പുറത്ത് വന്ന് ഇഴഞ്ഞ് പോയി. പാമ്പ് പുഴയിലിറങ്ങിയപ്പോൾ വെള്ളം സുതാര്യവും തിളങ്ങുന്നതുമായി മാറി. ഒരു ചുവന്ന ജ്വാല പാമ്പിന്റെ തൊലി കത്തിച്ച് കളഞ്ഞു. കള്ള്ചെത്തുക്കാരൻ നോക്കിക്കൊണ്ടിരിക്കേ പിന്നിൽ നിന്നും ഒരു ശബ്ദം പറഞ്ഞു :

‘ തിരിഞ്ഞ് നോക്കരുത് ‘

അയാൾ അതേ പോലെ തന്നെ നിന്നു. കണ്ണാടി പോലുള്ള കണ്ണുകൾ കൊണ്ട് മൂന്ന് ആമകൾ അയാളെ നോക്കി. ടബാസ്കോയുടെ മുഖഛായയുള്ള ആമ അയാൾക്ക് നേരെ മൂത്രമൊഴിച്ചു. ആമ അത് ആസ്വദിക്കുന്നതായി തോന്നി. അതിന്റെ മുഖത്ത് നിറഞ്ഞ നിർവൃതി അതിന് പൈശാചികത നൽകി. കള്ള്ചെത്തുകാരൻ ചിരിച്ചപ്പോൾ കനമുള്ള എന്തോ ഒന്ന് അയാളെ പിന്നിൽ നിന്നും തലയ്ക്കടിച്ചു. അയാൾ പതുക്കെ തിരിഞ്ഞ് നോക്കിയപ്പോൾ ഒന്നും കണ്ടില്ല. വീണ്ടും ചിരിച്ചപ്പോൾ കൂടുതൽ ശക്തിയിൽ അടി കിട്ടി. തന്റെ ബോധം അലിഞ്ഞ് പോകുന്നതായി അനുഭവപ്പെട്ടു. ഏറെ നേരത്തെ നിശബ്ദതയിൽ പുഴ പൊങ്ങിവരുന്നതായി തോന്നി.

‘ ഞാനെവിടെയാണ്? ‘ കള്ള്ചെത്തുകാരൻ ചോദിച്ചു.

വീണ്ടും മൌനമായിരുന്നു. തിളങ്ങുന്ന പാമ്പ് പുഴയിൽ നിന്നും തിരിച്ചിഴഞ്ഞ് വന്നു. അയാളുടെ അടുത്തെത്തിയപ്പോൾ പാമ്പ് തല പൊക്കി അയാൾക്ക് നേരെ തുപ്പി. സൂര്യന്റെ വെളിച്ചത്തിൽ തിളങ്ങിക്കൊണ്ട് പാമ്പ് മാളത്തിലേയ്ക്ക് കയറി. അയാൾ പേടിച്ച് വിറയ്ക്കാൻ തുടങ്ങി. വിറയൽ നിന്നപ്പോൾ വല്ലാത്ത പ്രശാന്തത അയാളിൽ നിറഞ്ഞു. ചുറ്റും നോക്കിയപ്പോൾ താൻ രണ്ടായി മാറിയതായി കണ്ടു. തന്റെ മനസ്സാണോ ശരീരമാണോ അകത്തേയ്ക്കും പുറത്തേയ്ക്കും ഒഴുകുന്നതെന്ന് അയാൾക്ക് ഉറപ്പിക്കാൻ കഴിഞ്ഞില്ല.

‘ ഞാനെവിടെയാണ്?

ആരും ഒന്നും പറയുന്നില്ല. പിന്നീട് കാൽ‌പ്പെരുമാറ്റം അകന്ന് പോകുന്നത് കേട്ടു. തനിക്ക് ചുറ്റും ആരൊക്കെയോ സംസാരിക്കുന്നതും അയാൾ അവിടെയില്ലാത്തത് പോലെ അയാളെപ്പറ്റി പറയുന്നതും കേട്ട് ഉറങ്ങാൻ പോലും കഴിഞ്ഞില്ല.

ആ ലോകത്തിൽ സൂര്യനസ്തമിച്ചതുമില്ല, ഉദിച്ചതുമില്ല. ഒതൊരു അനങ്ങാത്ത ഒറ്റക്കണ്ണായിരുന്നു. വൈകുന്നേരം സൂര്യൻ ഒരു വലിയ സ്ഫടികമായിരുന്നു. രാവിലെ തിളയ്ക്കുന്ന ലോഹം പോലെയും. കള്ള്ചെത്തുകാരൻ ഒരിക്കലും കണ്ണുകൾ അടയ്ക്കാൻ അനുവദിക്കപ്പെട്ടിരുന്നില്ല. ഒരു ദിവസത്തെ അലച്ചിലിന് ശേഷം പനങ്കള്ള് സ്വപ്നം കണ്ട് ഒരു മാളത്തിനരികിൽ കിടന്നപ്പോൾ ദുർഗന്ധം വമിക്കുന്ന ഒരു ജന്തു വന്ന് അയാളുടെ കണ്ണുകൾ നിറയെ ചിലന്തിവല കൊണ്ട് കുത്തിനിറച്ചു. അത് കണ്ണുകൾക്ക് ചൊറിച്ചിലുണ്ടാക്കുകയും വിചിത്രമായ എന്തോ ദർശനത്തിന്റെ തുടക്കം പോലെ തോന്നുകയും ചെയ്തു. കള്ള്ചെത്തുകാരൻ കണ്ണുകൾ തുറന്ന് വച്ച് ഉറങ്ങാൻ ശ്രമിക്കുമ്പോൾ തനിക്ക് ചുറ്റുമുള്ള ലോകം ചുവന്ന വെളിച്ചത്തിൽ തിരിയുന്നതായി കണ്ടു. ദൂരെയുള്ള ചന്തകളിലേയ്ക്ക്, തങ്ങൾക്ക് കേൾക്കാൻ കഴിയാത്ത ശബ്ദങ്ങളാൽ പിന്തുടരപ്പെട്ട്, പോകുന്ന സ്ത്രീകളെ അയാൾ കണ്ടു. ലോകത്തിലെ പരസ്യപ്പലകകൾ വലുതായി വരുന്നു. ഓയിൽ കമ്പനിയിലെ തൊഴിലാളിൽ കാട് വെട്ടിത്തെളിക്കുന്നത് കണ്ടു. വിശന്നപ്പോൾ അയാൾക്ക് കാണാൻ കഴിയാത്ത വേറൊരു ജന്തു ഓന്തുകളേയും തേരട്ടകളേയും മരത്തൊലിയും കുഴമ്പ് രൂപത്തിലാക്കി ഊട്ടിക്കൊടുത്തു. ദാഹിച്ചപ്പോൾ ആ ജന്തു ചോരുന്ന ചുരയ്ക്കാത്തോടിൽ പച്ച ദ്രാവകം കൊടുത്തു. രാത്രി, ലില്ലിച്ചെടിയുടെ ഗന്ധമുള്ള വേറൊരു ജന്തു അയാളുടെ മുകളിൽ കിടന്ന് സംഭോഗം ചെയ്ത് ആ രാത്രി ഇരുവരുടേയും സംഭോഗം മൂലമുണ്ടായ മുട്ടകൾ ഉപേക്ഷിച്ച് പോയി.

ഒരു ദിവസം അയാൾ ആ മുട്ടകൾ എണ്ണിനോക്കാൻ ധൈര്യപ്പെട്ടു. അവ ഏഴെണ്ണമുണ്ടായിരുന്നു. അയാൾ നിലവിളിച്ചു. പുഴയിലെ വെള്ളം ഉയർന്നു. പാമ്പ് മാളത്തിൽ നിന്ന് തല പൊക്കി നോക്കി. മരണത്തിന്റെ അട്ടഹാസം സൂര്യനിൽ നിന്നും ഉയർന്നു. അട്ടഹാസം അയാളുടെ മേൽ പതിച്ചു, അയാളെ കുടഞ്ഞു, തലയ്ക്കുള്ളിൽ ശൂന്യത നിറച്ചു.

ആ രാത്രി അയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ എല്ലാം അയാൾക്കൊപ്പം ഓടി. കുറേ കഴിഞ്ഞ് അയാൾ ഓട്ടം നിർത്തി. ആ സ്ഥലത്തേയും അവിടത്തെ അന്തേവാസികളേയും നിശ്ചലമായ പ്രദേശങ്ങളേയും അയാൾ ചീത്ത വിളിച്ചു. രക്ഷപ്പെടാനാകാതെ ദേഷ്യത്തോടെ ശപിച്ചു. മറുപടിയായി അയാൾക്ക് നല്ല അടികൾ കിട്ടി. മുട്ടകൾക്കുള്ളിൽ ഭയാനകമായ പിറവികൾ നടക്കുന്നതിന്റെ മുന്നോടിയെന്ന പോലെയുണ്ടായ അരോചകമായ ഒച്ചകളാൽ പീഢിപ്പിക്കപ്പെട്ടപ്പോൾ അയാൾ ക്ഷമിക്കാൻ ശീലിച്ചു. അയാൾ ആകാശത്തെ നിരീക്ഷിക്കാൻ പഠിച്ചു, മദ്യപിച്ച് നോക്കുമ്പോഴെന്ന പോലെ വിത്യാസമൊന്നുമില്ലായിരുന്നു ആകാശത്തിന്. മുട്ടകൾക്കുള്ളിലെ പിറവികളുടെ ഒച്ച കേൾക്കാതിരിക്കാൻ അയാൾ ശീലിച്ചു. താൻ നിശ്ചലനാകുമ്പോൾ ചുറ്റുമുള്ളതെല്ലാം നിശ്ചലമാകുന്നുവെന്നും അയാൾ അറിഞ്ഞു.

പിന്നീട്, മറ്റൊരു ദിവസം ഒരു അശരീരി അയാളോടിങ്ങനെ പറഞ്ഞു :

‘നിന്റെ ലോകത്തിലുള്ളതിനെല്ലാത്തിനും എണ്ണമില്ലാത്ത പ്രതിരൂപങ്ങൾ മറ്റ് ലോകങ്ങളിലുണ്ട്. നിഴലുകളില്ലാത്ത ഒരു രൂപവും ഉന്മാദവും അനുഭവവും വിപ്ലവവും ഇല്ല. നിന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന കഥകൾ ഞാൻ പറയാം. നിങ്ങൾ മനുഷ്യൻ വളരെ പതുക്കെ പോകുന്നവരാണ് – നിങ്ങൾ ഞങ്ങളേക്കാൽ രണ്ടായിരം വർഷങ്ങൾ പിന്നിലാകുന്നു. ‘

ആ അശരീരി പെട്ടെന്ന് നിലച്ചു.

വേറൊരു അശരീരി അയാളോട് പറഞ്ഞു :

‘ രണ്ട് ദിവസങ്ങളായി നീ മരിച്ചിരിക്കുകയായിരുന്നു, എഴുന്നേൽക്ക് ‘

ഒരു ജന്തു വന്ന് അയാളുടെ കണ്ണുകളിൽ ചിലന്തിവല കുത്തിനിറച്ചു. അയാളുടെ കണ്ണുകൾ ചൊറിയാൻ തുടങ്ങുകയും യുദ്ധങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന് കാണുകയും ചെയ്തു. എന്തോ കാരണങ്ങളാൽ പൊട്ടിയിട്ടില്ലാത്ത, ഫാമുകളിൽ ഒളിപ്പിച്ച് വച്ചിരുന്ന ബോം ബുകൾ പൊട്ടി. യുദ്ധം അവസാനിച്ചെന്ന് കരുതിയ പട്ടിണിക്കാരായ ആളുകൾ ചിതറിത്തെറിച്ചു. അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്ന പാലങ്ങൾ തകർന്നു. വൻ കാടുകളിലേയ്ക്കും മലേറിയ നിറഞ്ഞ ചതുപ്പുകളിലേയ്ക്കും നീണ്ട് കിടക്കുന്ന റോഡുകളും, പേരില്ലാത്ത കടലിടുക്കുകളും, അളവില്ലാത്ത മലകളും കണ്ടു. അശ്രദ്ധരായ മനുഷ്യരുടേ അസ്ഥികൂടങ്ങൾ നിറഞ്ഞ പാതകൾ കണ്ടു. കാട്ടുവഴികളിലൂടെ മനുഷ്യരെ പിന്തുടരുന്ന നായകളെ കണ്ടു. അവ അപ്രത്യക്ഷമാകുകയും പിശാചുക്കളായി രൂപമെടുത്ത് വന്ന് ഏകാന്തരായി നടക്കുന്നവരെ വിഴുങ്ങുകയും ചെയ്തു.

പിന്നീട് അയാൾ കണ്ടത് കാട് വെട്ടിത്തെളിച്ച് എണ്ണഖനികളുണ്ടാനുള്ള പരാജയപ്പെട്ട ശ്രമങ്ങളാണ്. കാട്ടിൽ നിന്നും പിശാചുക്കളെ ഓടിക്കാൻ ശ്രമിക്കുന്ന മന്ത്രവാദികളെ കണ്ടു. അവർ പേമാരി തടയാനും സൂര്യാസ്തമയം താമസിപ്പിക്കാനും ശ്രമിച്ചു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ കമ്പനി നാടുകടത്തപ്പെട്ട ഒരാളെ നിയമിച്ചു. കഴിഞ്ഞ യുദ്ധത്തിൽ അവശേഷിച്ച സ്ഫോടകവസ്തുക്കളുമായി അയാൾ വന്നു. അയാൾ കാട്ടിൽ സ്ഫോടകവസ്തുക്കൾ നിരത്തുന്നത് കള്ള്ചെത്തുകാരൻ കണ്ടു. സ്ഫോടനത്തിന് ശേഷം കനത്ത പച്ചപ്പുകയുടെ മൂടൽ കണ്ടു. പുക മാറിയപ്പോൾ എണ്ണയും മൃഗങ്ങളുടെ അവയവങ്ങളും പുറത്തേയ്ക്ക് തെറിക്കുന്നത് കണ്ടു. ആ സ്ഥലം ക്രമേണ അപ്രത്യക്ഷമായി. യുദ്ധഭൂമിയിലെ ചോര പോലെ അഗാപാന്തസ് ചെടികൾ അവിടെ വളർന്നു.

രഹസ്യമായ അട്ടിമറിയിൽ കൊള്ളയടിക്കപ്പെട്ട ആളുകളെ കൂട്ടമായി വെടിവച്ച് കൊല്ലുന്നത് അയാൾ കണ്ടു. സ്വന്തം പേരെഴുതിയ വെടിയുണ്ടയേറ്റാണ് അവർ വിഴുന്നതെന്ന് അയാൾ ശ്രദ്ധിച്ചു. കണ്ണിലെ ചൊറിച്ചിൽ അടങ്ങിയപ്പോൾ കള്ള്ചെത്തുകാരൻ കലുഷിതമായ ആകാശത്തിന് ചുവട്ടിൽ, അനന്തതയിൽ അലയാൻ തുടങ്ങി. തനിക്ക് ചുറ്റും പക്ഷികളൊന്നുമില്ലെന്ന് അയാൾ മനസ്സിലാക്കി. മുറിവേറ്റ പനകൾ ചിലന്തിവലകൾ കൊണ്ട് പൊതിയപ്പെട്ടിരുന്നു.


പിന്നീടൊരു നാൾ , പുരാണനായകന്മാരുടെ തീപിടിച്ച ഓർമ്മകളിൽ അയാൾ ഒരു മാളത്തിനുള്ളിലേയ്ക്ക് നുഴഞ്ഞു. ആ വിചിത്രമായ അന്തരീക്ഷത്തിൽ പല നിറങ്ങളുള്ള പാമ്പ് ഒരു വെണ്ണക്കല്ലിൽ ചുറ്റിയിരിക്കുന്ന കാഴ്ച കണ്ടു. കുമിളകളുള്ള പച്ച തടാകത്തിൽ ചീങ്കണ്ണികളെ കണ്ടു. തലതിരിച്ച് പിടിച്ച് ബൈബിൾ വായിക്കുകയായിരുന്ന കിഴവൻ ഇരുന്ന ഇരിപ്പിൽ മരിച്ചത് കണ്ടു. എല്ലാം തീ പിടിച്ചത് പോലെ, പക്ഷേ പുക ഇല്ലായിരുന്നു. കട്ട പിടിച്ച എണ്ണ മതിലുകളിൽ ഊറുന്നു. എല്ലായിടത്തും ചുവന്ന തീ കത്തിക്കൊണ്ടിരുന്നു. അയാൾ പിന്നിൽ ഒരു ശബ്ദം കേട്ടു. തിരിഞ്ഞ് നോക്കിയപ്പോൾ ഒരു ജന്തു താലത്തിൽ കുഴഞ്ഞ പരുവത്തിലുള്ള എന്തോ അയാളുടെ കൈയ്യിൽ വച്ച് കൊടുത്തു. എന്നിട്ട് അയാളത് തിന്നണമെന്ന് ജന്തു ആംഗ്യം കാണിച്ചു. പല നിറങ്ങളുള്ള പാമ്പ് വെണ്ണക്കല്ലിൽ നിന്നും ഇറങ്ങി. കള്ള്ചെത്തുകാരൻ തിന്നാൻ തുടങ്ങിയപ്പോൾ പാമ്പ് മുഷിപ്പൻ തമാശകൾ പറയാൻ തുടങ്ങി. കടലിനക്കരെയുള്ള പടിഞ്ഞാറൻ പട്ടണങ്ങളിൽ കറുത്ത വർഗ്ഗക്കാരെ എങ്ങിനെയാണ് തൂക്കിലേറ്റുകയെന്നും ഒരു ഒച്ച പോലും വരുത്താരെ കുഞ്ഞിന്റെ തോലുരിച്ചെടുക്കുന്നതെന്നും അത് പറഞ്ഞു. പാമ്പ് പൊട്ടിച്ചിരിച്ചു. പാമ്പിന്റെ മണ്ടൻ ഭാവം കണ്ടിട്ട് അയാളും ചിരിച്ചു. കൂർത്ത മുനകളുള്ള ഉരുക്ക് കൊണ്ട് അയാളുടെ തലയ്ക്കടിച്ച് മാളത്തിന് പുറത്തേയ്ക്കെറിഞ്ഞു. അപ്പോൾ യുഗങ്ങൾ കടന്ന് പോയത് പോലെയുണ്ടായിരുന്നു.

ബോധം തെളിഞ്ഞപ്പോൾ അയാൾ തിരിച്ച് പോകാൻ തുടങ്ങി. ബൈബിൾ തലതിരിച്ച് പിടിച്ച് വായിക്കുന്നതിനിടയിൽ മരിച്ച് പോയ ആളെ കണ്ടപ്പോൾ അയാൾക്ക് തന്റെ ഛായയുണ്ടെന്ന് തോന്നി. അയാൾ മാളത്തിൽ നിന്നും പുറത്ത് ചാടി.

അയാളുടെ അസ്വസ്ഥത പുതിയ മാനങ്ങളിലെത്തി. നിലത്തെ കല്ലുകൾ അയാളെണ്ണി. ചിലന്തിവലകളും സൂര്യന്റെ നിറങ്ങളും പുഴയുടെ വേലിയേറ്റവും എണ്ണി. കാറ്റ് എത്ര പ്രാവശ്യം വീശിയെന്ന് കണക്കാക്കി. സ്വയം കഥകൾ പറഞ്ഞു. പക്ഷേ, തന്നോട് തന്നെ പറഞ്ഞതെല്ലാം തലയ്ക്ക് കിട്ടുന്ന പ്രഹരങ്ങളിൽ മായ്ക്കപ്പെട്ടിരുന്നു. അയാൾ പ്രഹരങ്ങൾ എണ്ണി. അയാൾക്കത് ശീലമായിത്തുടങ്ങി.

അപ്പോൾ ആ അശരീരി വീണ്ടും വന്നു. പതിവിനേക്കാൾ മൃഗീയമായിത്തോന്നി അത്. അശരീരി പറഞ്ഞു:

‘ നിനക്ക് ഇവിടെ ഇഷ്ടമായോ?’

‘ ഇല്ല’ . കള്ള്ചെത്തുകാരൻ പ്രഹരത്തിനായി കാത്തു. പക്ഷേ വന്നില്ല.

‘ നിനക്ക് ഇവിടെ നിന്ന് പോണോ?’

‘ വേണം’

‘ നിന്നെ എന്താണ് തടയുന്നത്?’

‘ എങ്ങിനെയാണെന്നറിയില്ല’

നിശ്ശബ്ദത

വേറൊരു അശരീരി പറഞ്ഞു:

‘ നീ മരിച്ചിട്ട് മൂന്ന് ദിവസങ്ങളായി’

ആകാശത്തിനേയും ഭൂമിയേയും പല കോണുകളിൽ കണ്ടിട്ടുള്ള, കള്ളിന്റെ രഹസ്യങ്ങളറിയാവുന്ന കള്ള്ചെത്തുകാരൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിഞ്ഞു. ഒന്നും ആലോചിക്കാതെ അയാൾ ശ്രദ്ധിച്ചു.

‘ നിനക്ക് പോകണമെങ്കിൽ.. ‘അശരീരി പറഞ്ഞു, ‘ ഞങ്ങൾ നിന്നെ അടിച്ച് പുറത്താക്കണം’

‘ എന്തിന്?’

‘കാരണം നിങ്ങൾ മനുഷ്യർ വേദന മാത്രമേ മനസ്സിലാക്കൂ’

‘ ഞങ്ങൾ അങ്ങിനെയല്ല’

വീണ്ടും നിശ്ശബ്ദത. അയാൾ പ്രഹരത്തിനായി കാത്തു. കിട്ടി. അയാളുടെ ചിന്തകൾ കാറ്റിൽ ചിലന്തിവലകളെന്നപോലെ ചിതറി. കള്ള്ചെത്തുകാരൻ അതേ നിലയിൽ നിന്നു, സൂര്യന്റെ മങ്ങിയ കിരണങ്ങൾക്കിടയിൽ. വളരെ നേരം കഴിഞ്ഞ് ശബ്ദം പറഞ്ഞു.

‘ നിന്നിൽ നിന്നും എടുത്തുകളഞ്ഞ ചിന്തകൾക്ക് പകരമായി വേറെ ചിന്തകളുണ്ട്, നിനക്ക് കേൾക്കണോ?’

‘ വേണം’

അശരീരി ഒന്ന് ചുമച്ചിട്ട് പറഞ്ഞു:

‘ ജീവിതത്തിലെ നല്ല കാര്യങ്ങൾ പോലും നിന്നെ വിഷമിപ്പിച്ചേക്കാം. മൂന്ന് തരത്തിലുള്ള ശബ്ദങ്ങളുണ്ട്, രണ്ട് തരത്തിലുള്ള നിഴലുകളുണ്ട്, തകർന്ന് തലകൾക്ക് ഒരോ ചുരയ്ക്കാത്തോടും, വളരെ ഉയരത്തിൽ കയറുന്നവന് ഏഴ് മാളങ്ങളുമുണ്ട്. വസ്തുതകൾ ആസ്വദിക്കുന്നതിൽ അമ്ലത്വമുണ്ട്. ശരീരത്തെ പൊള്ളിക്കാതെ വെറും ഉപ്പ് പോലെ മാംസത്തെ അലിയിച്ച് കളയുന്ന തീയുണ്ട്. വലിയ വായ ചെറിയ തല തിന്നുന്നു. നമ്മൾ പറത്തിക്കളഞ്ഞതിനെ കാറ്റ് തിരികെ കൊണ്ട് വരുന്നു. സ്വന്തം അഗ്നിയിൽ സ്വയം ദഹിക്കാൻ വളരെയധികം വഴികളുണ്ട്. കുഴപ്പം വരുന്നെന്ന് അറിയിക്കുന്ന പ്രത്യേകതരം ശബ്ദമുണ്ട്. നിന്റെ ചിന്തകൾ, നിന്റെ മനസ്സിലൂടെ നീ കടന്ന് പോയ നശിച്ച സ്ഥലങ്ങളിലെ നിന്റെ തന്നെ കാൽ‌പ്പാടുകളാണ്’

‘ നന്ദി’ കള്ള്ചെത്തുകാരൻ പറഞ്ഞു.

അശരീരി പോയി. അയാൾക്ക് ഉറക്കം വന്നു.

ഉണർന്നപ്പോൾ ആ മൂന്ന് ആമകൾ മാളത്തിന്റെ വക്കിൽ അലസമായി ഇരിക്കുന്നത് കണ്ടു. ടബാസ്കോയുടെ ഛായയുള്ള ആമ ഒരു കണ്ണടയും കഴുത്തിൽ സ്തെതസ്ക്കോപ്പും ധരിച്ചിരുന്നു. ആമകൾ കോലക്കായ പൊട്ടിച്ച് വീതിച്ചെടുത്തു. എന്നിട്ട് പ്രത്യേകിച്ച് വിഷയമൊന്നുമില്ലാതെ പാണ്ഠിത്യത്തോടെ ചർച്ച ചെയ്തു. പല നിറങ്ങളുള്ള പാമ്പ് മാളത്തിൽ നിന്നും പുറത്ത് വന്ന് പുഴയിലേയ്ക് നീങ്ങി. അത് ആമകളുടെ അടുത്തെത്തിയപ്പോൾ ഒന്ന് നിന്നു. പാമ്പിന്റെ തിളങ്ങുന്ന കണ്ണുകൾ കണ്ട് അയാൾ അന്തിച്ച് പോയി.

‘ ഇന്ന് രാത്രി ആറ് ചന്ദ്രന്മാരുണ്ടാകും ‘ ടബാസ്കോയുടെ ഛായയുള്ള ആമ പറഞ്ഞു.

‘ ഇന്ന് രാത്രി ആറ് ചന്ദ്രന്മാരുണ്ടാകും ‘. മറ്റ് ആമകൾ സമ്മതിച്ചു.

പാമ്പ്, തലയുയർത്തി തിളങ്ങുന്ന കണ്ണുകൾ ആകാശത്തേയ്ക്കയച്ച് പറഞ്ഞു

‘ ഇന്ന് രാത്രി ഏഴ് ചന്ദ്രന്മാരുണ്ടാകും ‘

ആമകൾ മൌനം പാലിച്ചു. പാമ്പ് പുഴയെ ലക്ഷ്യമാക്കി ഇഴഞ്ഞു. ടൊബാസ്കോയുടെ ഛായയുള്ള ആമ ഒരു കല്ലെടുത്ത് പാമ്പിനെ എറിഞ്ഞു. മറ്റ് ആമകൾ ചിരിച്ചു.

‘ ഇന്ന് രാത്രി പാമ്പുകൾ ഉണ്ടാവില്ല’ ടൊബാസ്കോയുടെ ഛായയുള്ള ആമ പറഞ്ഞു.

ഊഴം കാത്തിരുന്നത് പോലെ മറ്റ് ആമകളും പാമ്പിന് നേരെ തിരിഞ്ഞു. ടബാസ്കോ ആമ പാമ്പിന്റെ കഴുത്തിന് പിടിച്ച് സ്തെതസ്കോപ്പ് കൊണ്ട് പരിശോധിക്കാൻ തുടങ്ങി. മറ്റ് ആമകൾ അതിനെ കല്ല് കൊണ്ട് തലയ്ക്കടിക്കാൻ തുടങ്ങി. പാമ്പ് വാൽ കൊണ്ട് തടുത്തു. ടൊബസ്കോയും പാമ്പും ചുറ്റിപ്പിണഞ്ഞ് ഉരുണ്ട് മാളത്തിലേയ്ക്ക് വീണു. അതിൽ നിന്നും ഒച്ചകൾ കേൾക്കാമായിരുന്നു. കുറച്ച് കഴിഞ്ഞ് ടൊബാസ്കോ ആമ കണ്ണടയും സ്തെതസ്കോപ്പും ഇല്ലാതെ പുറത്ത് വന്നു. അത് മറ്റ് ആമകളുടെ ഒപ്പമിരുന്നു. അവർ മറ്റൊരു കോലക്കായ പൊട്ടിച്ചു. അപ്പോൾ ടൊബാസ്കോ ആമ പുക വലിക്കാനുള്ള വട്ടം കൂട്ടി, പുകയിലയ്ക്ക് പകരം കുരുമുളക് പൊടിയാണ് ഉപയോഗിച്ചത്. അത് പൈപ്പ് കത്തിച്ച് കള്ള്ചെത്തുകാരനെ അടുത്തേയ്ക്ക് വിളിച്ചു. മാളത്തിനരികിൽ ആമകളോട് ചേർന്ന് കള്ള്ചെത്തുകാരൻ ഇരുന്നു. ടബാസ്കോ ആമ കറുത്ത പുക അയാളുടെ മുഖത്തേയ്ക്കൂതിയിട്ട് പറഞ്ഞു:

‘ നീ മരിച്ചിട്ട് ആറ് ദിവസങ്ങളായി’

കള്ള്ചെത്തുകാരന് ഒന്നും മനസ്സിലായില്ല. ആമകൾ ആകാശത്തിലെ വിശുദ്ധശരീരങ്ങളെക്കുറിച്ചുള്ള ചർച്ചകളിലേയ്ക്ക് തിരിച്ച് പോയി.

കുറച്ച് കഴിഞ്ഞപ്പോൾ പുകയ്ക്ക് കള്ള്ചെത്തുകാരനെ പരിചിതമായ ലോകത്തിലൂടെ പറത്തിവിടാനുള്ള കഴിവുള്ളപോലെയായി. മൂക്കിൽ ഇക്കിളിയുണ്ടാക്കുന്നത് പോലെ. കുട്ടിക്കാലത്ത് തന്റെ അമ്മ തന്നെ ചുമലിലേറ്റി നൃത്തം കാണാൻ കൊണ്ട് പോയിരുന്ന നിമിഷത്തിലേയ്ക്ക് അയാൾ പറന്നു. അവിടെ ചുവന്ന പുകച്ചുരുളുകൾ ഊതിയുയർത്തി സാധാരണ ജനങ്ങളെ അത്ഭുതപ്പെടുത്തി ആചാരകർമ്മങ്ങൾ നടക്കുന്നു. അന്ന് മുഴുവൻ അയാളുടെ മൂക്ക് മുഴുവൻ പുകയുന്നുണ്ടായിരുന്നു. അന്ന് രാത്രി എല്ലാ പഴങ്കഥയിലേയും കഥാപാത്രങ്ങളും അയാളുടെ മൂക്ക് സ്വന്തം മുഖത്തുറപ്പിക്കാൻ മത്സരിക്കുന്നതായി സ്വപ്നം കണ്ടു. ആ സ്വപ്നത്തിലൂടെ അയാൾ വീണ്ടും കടന്ന് പോയി. പച്ചവെള്ളത്തിനെ ഇരുമ്പാക്കാൻ കഴിവുള്ള കൊല്ലനും, എളുപ്പത്തിൽ കുഴപ്പമുണ്ടാക്കാൻ കഴിവുള്ള ഭ്രാന്തനെപ്പോലത്തെ അപകടകാരിയായ ആമയും, ഒരു രഹസ്യത്തിലേയ്ക്കുമുള്ള താക്കോൽ കൈയ്യിലില്ലാത്ത മന്ത്രവാദിനിയും സ്വപ്നത്തിലുണ്ടായിരുന്നു. അവർ മത്സരിക്കുമ്പോൾ അയാളുടെ അമ്മ വന്ന് ഒരു താലം കുരുമുളകെറിഞ്ഞ് അവരെയെല്ലാം ഓടിച്ച് അയാളുടെ മൂക്കിലെ അസ്വസ്ഥതയ്ക്ക് ആക്കം കൂട്ടി.

കള്ള്ചെത്തുകാരൻ പരിചിതമായ ഇടങ്ങളിലൂടെ പറന്ന് നടക്കുമ്പോൾ താഴെ നിന്നും ഒരു അശരീരി വന്ന് അയാളെ നിലത്തിറക്കി. വേറൊരു അശരീരി പറഞ്ഞു:

‘ സമയം വൈകുന്നു, എഴുന്നേൽക്ക്’

അദൃശ്യമായ പ്രഹരങ്ങൾ അയാളിൽ വീണു. സുര്യന്റെ ഏറ്റവും അസ്വാഭാവികമായ നിമിഷമായിരുന്നു അത്. നീല നിറത്തിൽ നിന്നും മാറി അത് കണ്ണിലെ അന്ധകാരമായി മാറി. പ്രഹരങ്ങൾ അവസാനിച്ചപ്പോൽ മൂക്കിൽ ഉരുണ്ടുകൂടിയ ഒരു തുമ്മലിലൂടെ അയാൾ ആശ്വസിച്ചു. തുമ്മിയപ്പോൾ മുട്ടകൾ വിരിഞ്ഞു, പാമ്പിന് തിളങ്ങുന്ന കണ്ണുകൾ നഷ്ടപ്പെട്ടു, അശരീരി കൊതുകുകളുടെ മൂളൽ പോലെയായി. മാളത്തിൽ നിന്നും പച്ചദ്രാവകം ചീറ്റി പാമ്പിനേയും പരസ്യപ്പലകയേയും ആമകളേയും ദൂരേയ്ക്ക് തെറിപ്പിച്ചു. കള്ള്ചെത്തുകാരൻ പ്രകമ്പനങ്ങളിൽ നിന്നും മോചിതനായി ചുറ്റും നോക്കി. നീലമേഘം അയാളുടെ കണ്ണിൻ മുന്നിലൂടെ കടന്ന് പോയി. നാട്ടുവൈദ്യൻ ടബാസ്കോ അയാളുടെ മുകളിലിരുന്ന് ധൂപക്കുറ്റി വലിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന പുക വിട്ടു. അവരുടെ കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ ടൊബാസ്കോയിൽ നിന്നും ആഹ്ലാദത്തിന്റെ കരച്ചിൽ ഉയർന്നു. അയാൾ ക്ഷേത്രത്തിലെ വെണ്ണക്കൽ ദേവന് മദ്യം നിവേദിക്കാൻ പോയി. ദേവന് രണ്ട് പച്ച കണ്ണുകൾ ഉണ്ടായിരുന്നു. ക്ഷേത്രത്തിന്റെ നടയിൽ ഒരു പച്ചത്തളികയിൽ രണ്ട് ആമകൾ ഉണ്ടായിരുന്നു.

‘ ഞാനെവിടെയാണ്?’ കള്ള്ചെത്തുകാരൻ ചോദിച്ചു.

‘ എന്നോട് ക്ഷമിക്കണം, ആദ്യം ഞാൻ നിന്റെ സ്വപ്നത്തെ ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല’ നാട്ടുവൈദ്യൻ പറഞ്ഞു.

‘ പക്ഷേ, ഞാനെവിടെയാണ്?’

‘ നീ പനയിൽ നിന്നും താഴെ വീണു. നീ മരിച്ചിട്ട് ഏഴ് ദിവസമായി. നിന്നെ ഇന്ന് രാവിലെ ശവമടക്കാൻ കൊണ്ടുപാകാനിരുന്നതായിരുന്നു. നിന്നെ തിരികെ കൊണ്ടുവരാൻ ഞാൻ ശ്രമിക്കുകയായിരുന്നു. ഈ ചികിത്സയ്ക്ക് ഞാൻ പണം ഈ ടാക്കില്ല, വേണമെങ്കിൽ ഞാൻ നിനക്ക് പണം തരുകയും ചെയ്യാം. കാരണം നാട്ടുവൈദ്യൻ എന്ന നിലയിലുള്ള എന്റെ ഇത്രയും വർഷത്തെ അനുഭവത്തിൽ ഇത്ര രസം പിടിച്ച അനുഭവം ഉണ്ടായിട്ടില്ല. ഇത്ര രസമുള്ള സംഭാഷണവും.മൊഴിമാറ്റം : ജയേഷ്.എസ്
കള്ള് ചെത്തുകാരന്റെ കാഴ്ചകൾ - ബെൻ ഒക്രി കള്ള് ചെത്തുകാരന്റെ കാഴ്ചകൾ - ബെൻ ഒക്രി Reviewed by Jayesh/ജയേഷ് on August 02, 2010 Rating: 5

7 comments:

 1. എന്തൊരു കഥയാണിത്. ബോധതലങ്ങളെ മാറ്റി മറിക്കുന്ന ആഖ്യാനം. ഇത് വിവര്‍ത്തനം ആണല്ലെ. കഥയുടെ ഉള്‍ക്കരുത്ത് ഭാഷയില്‍ പലയിടത്തും ചോരുന്നുണ്ട്.

  നന്ദി ജയേഷ്. ഈ കഥ പങ്കു വച്ചതിന്.

  ReplyDelete
 2. അതി ഗംഭീരമായൊരു കഥയാണല്ലോ.
  കവിതയെന്നു വിളിക്കുകയാണ് കൂടുതല്‍ നന്നായിരിക്കുക.
  പ്രാദേശികമായ ബിംബങ്ങള്‍ക്കൊപ്പം ഭ്രമാത്മകമായ
  സര്‍ റിയലിസ്റ്റ് പ്രതലബോധം കൂടി പിരിച്ചെടുത്ത് നെയ്തുണ്ടാക്കിയ അതീവ ശില്‍പ്പചാരുതയാര്‍ന്ന ഒരു ഗോപുരം. കഥയും,കവിതയും,സംഗീതവും,ചിത്രവും എല്ലാം ഒന്നാകുന്ന ഘട്ടത്തിലുള്ള ഒരു രൂപലാവണ്യം !!!
  ആത്മാര്‍ത്ഥതയേറിയ മനോഹര പരിഭാഷക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍.

  ReplyDelete
 3. നന്നായിരിക്കുന്നു ഈ കഥ

  ReplyDelete
 4. nannaayittundu, manoharamayi paranjirikkunnu........

  ReplyDelete
 5. sathyam paranjaal enikkonnum manassilaayilla..oru pakshe budhi jeevikalkkayi maathramullathaavum, ille?
  Garuda saahithyam....
  Warm Regards ... Santhosh Nair
  http://www.sulthankada.blogspot.in/

  ReplyDelete
 6. http://snakemaster749.blogspot.com/

  ReplyDelete