മുരുകന് – ന:45“എറണാകുളം മേനക ജങ്ക്ഷന് സമീപം കുപ്പത്തൊട്ടിയിൽ നിന്നും എച്ചിൽ വാരിത്തിന്നുമ്പോഴാണ് ബ്രദർ മാവൂരൂസ് എന്റെ ജീവിതത്തിലേയ്ക്ക് വന്നത്. എച്ചിൽ തിന്നരുതെന്ന് അദ്ദേഹം ഉപദേശിച്ചു. എവിടെ താമസിക്കുന്നെന്ന് ചോദിച്ചു. ‘ അന്ധകാര കോളനി’ യെന്ന് മറുപടി പറഞ്ഞു. അന്ന് ഉദയാകോളനി, അന്ധകാര കോളനിയായിരുന്നു. പിന്നീടാണ് അന്ധകാരം ഉദയമായത്.              - മുരുകൻ

എച്ചിൽ കൂമ്പാരത്തിൽ കൈയ്യിട്ട് വാരിത്തിന്ന് വിശപ്പടക്കിയിരുന്ന ബാല്യകാലം മുരുകന് ഒരിക്കലും മറക്കാനാവില്ല. തെരുവിലായിരുന്നു ജീവിതം. കുപ്പ പെറുക്കി വിറ്റ് കിട്ടുന്ന പൈസയായിരുന്നു ഒരേയൊരു വരുമാനം. എച്ചിൽ കൂമ്പാരത്തിൽ ചികഞ്ഞ് കൊണ്ടിരിക്കെയാകും ‘ കഞ്ഞിപ്പുര വണ്ടിക്കാർ’ പിടിച്ച് കൊണ്ട് പോകുക. തെരുവിലെ കുട്ടികളെ കൊണ്ട് പോയി മൂന്ന് നേരം കഞ്ഞി വിളമ്പുന്ന, മാനസികരോഗികളും അനാഥരും അന്തിയുറങ്ങുന്ന അഗതിമന്ദിരത്തെയാണ് അവർ ‘ കഞ്ഞിപ്പുര’ എന്ന് വിളിക്കുന്നത്. അവരുടെ വണ്ടി കഞ്ഞിപ്പുര വണ്ടിയുമായി. അവരെ കാണുമ്പോൾ അവർ ഓടിയൊളിക്കും. ഒരു നാൾ അത് സാധിച്ചില്ല. അവരുടെ പിടിയിലായി, തടവിലായി എന്ന് പറയുന്നതായിരിക്കും യോജിക്കുക.

കഥ പറയുന്നത് എസ്.മുരുകൻ. കൊച്ചി നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്നു. തമിഴ്  നാട്ടിലെ ചെങ്കോട്ടയാണ് സ്വദേശം. അച്ഛൻ ഷണ്മുഖം, അമ്മ വള്ളി. പീരുമേട്ടിനടുത്ത് ഒരു എസ്റ്റേറ്റിൽ ജോലിക്കാരായിരുന്നു അവർ. അന്ന് മുരുകൻ കുഞ്ഞായിരുന്നു. അച്ഛൻ തങ്ങളെ വിട്ട് പോയപ്പോൾ അമ്മയാണ് കൂലിപ്പണിയ്ക്ക് പോയി കുടും ബം പോറ്റിയിരുന്നത്. കുട്ടിക്കാനത്തെ ഒരു ഇം ഗ്ലീഷ് മീഡിയം സ്കൂളിൽ മുരുകൻ പഠിക്കാൻ പോയിരുന്നു. കാലിൽ ചെരുപ്പില്ലാതെയാണ് സ്കൂളിൽ പോയിരുന്നത്. മറ്റ് കുട്ടികളുടെ ഷൂസും ഉടുപ്പുമെല്ലാം കൊതിയോടെ നോക്കിയിരുന്ന കാലം. ഫീസ് കൊടുക്കാൻ പറ്റാതായപ്പോൾ പഠനം നിലച്ചു. രണ്ട് വർഷത്തിന് ശേഷം അച്ഛൻ തിരിച്ചെത്തി. പീരുമേട്ടിൽ നിന്നും അവർ കൊച്ചിയിൽ അഭയം തേടി. കൊച്ചിയിലെ ഗാന്ധിനഗറിന് സമീപം ഉദയാ കോളനിയിൽ അവർക്കും കിട്ടി ഒരിടം. ഉദയാ കോളനി ഒരു ചേരിയാണ്.

മേനക ജങ്ക്ഷന് സമീപമുള്ള ബേക്കറിയിലെ എച്ചിലാണ് മുരുകന്റേയും കൂട്ടുകാരുടേയും പ്രധാന ഭക്ഷണം. വൈകുന്നേരമാകുമ്പോൾ എല്ലാവരും സ്ഥലത്തെത്തും. ബേക്കറിക്കാർ കൂടുകളിലാക്കി പുറത്തേയ്ക്കെറിയുന്നത് തൊട്ട് നക്കി വിശപ്പടക്കാൻ നോക്കും. പ്ലാസ്റ്റിക്കും മറ്റും പെറുക്കി വിറ്റ് കിട്ടുന്ന കാശ് കൊണ്ട് സിനിമ കാണാൻ പോകും.  കാശില്ലെങ്കിൽ സിനിമയില്ല. കുട്ടികളുടെ പാർക്കിനരികിൽ പോയിരിന്ന് സമയം പോക്കും.മുരുകന്റെ ഓർമ്മകൾക്ക് തെരുവിന്റെ ചൂടും ചൂരുമാണ്. നഗരത്തിലെ തെരുവുകളിൽ ഇരുട്ട് പിടിക്കുമ്പോൾ ജീവിതം കളങ്കപ്പെടുന്നതറിയാം. കൊച്ചിയുടെ സിരകളിലൂടെ രാവും പകലുമെന്നില്ലാതെ ഓട്ടോറിക്ഷ ഓടിക്കുമ്പോൾ, ജീവിതങ്ങൾ തകർന്ന് വീഴുന്നത് നേരറിവുകളാണ്.

കഞ്ഞിപ്പുരക്കാരുടെ പിടിയിലായപ്പോൾ ജീവിതം അവസാനിച്ചെന്ന് കരുതിയതായിരുന്നു. അപ്പോഴാണ് എറണാകുളം ഡോൺ ബോസ്കോ സ്നേഹഭവനിലെ ബ്രദർ മാവുരൂസ് മാളിയേക്കലും സഹപ്രവർത്തകരും വന്ന് അവരെ സ്നേഹഭവനിലെത്തിച്ചത്. പിന്നീട് പത്ത് വർഷം അവിടെ നിന്നു. മലയാളം അറിയാത്തത് കൊണ്ട് സ്കൂളിൽ സ്ഥിരമായി സ്ഥാനം ലഭിച്ചില്ല. പകരം കൽ‌പ്പണി പഠിച്ചു. തെരുവിലെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഡോൺ ബോസ്കോ ചൈൽഡ് ലൈനിൽ വോളണ്ടിയറായി പ്രവർത്തിച്ചു. അതോടെ മുരുകന്റെ ജീവിതം ഒരു വഴിത്തിരിവിലെത്തുകയായിരുന്നു.

ഇപ്പോൾ മുരുകൻ, തെരുവോരപ്രവർത്തകർ എന്ന സന്നദ്ധസം ഘടനയുടെ ജനറൽ സെക്രട്ടറിയാണ്. ഇന്നോളം രണ്ടായിരത്തിലേറെ അനാഥക്കുട്ടികളെ രക്ഷിച്ചിട്ടുണ്ട്. മാനസികവൈകല്യമുള്ളവരും, ഭിക്ഷാടനമാഫിയക്കാരുടെ പിടിയിലായവരുമായവര്‍ അതില്‍ ഉള്‍പ്പെടുന്നു. കൊച്ചിക്കാർക്ക് സുപരിചിതമാണ് മുരുകനും മുരുകന്റെ ഓട്ടോറിക്ഷയും. തെരുവിൽ വലിച്ചെറിയപ്പെടുന്ന ജീവിതങ്ങൾക്കായി സ്വന്തം ജീവിതം ഉഴിഞ്ഞ് വച്ച മുരുകന് കയ്പ്പേറിയ അനുഭവങ്ങളും ഏറെ ഉണ്ടായിട്ടുണ്ട്. 


തെരുവോരങ്ങളില്‍ അലഞ്ഞ് തിരിയുന്നവരെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മാഫിയ സംഘങ്ങള്‍, ഭിക്ഷാടനമാഫിയ എന്ന് തുടങ്ങി പോലീസുകാരില്‍ നിന്നും അനാഥാലയങ്ങളില്‍ നിന്നും വരെ മുരുകന് തിരസ്ക്കാരവും അവഗണനയും നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും മുരുകന്‍ തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട് നീങ്ങുകയാണ്. അഞ്ചാം വര്‍ഷത്തിലേയ്ക്ക് തുടരുന്നു മുരുകന്റെ തെരുവോരപ്രവര്‍ത്തനം. എന്തിന് ഇതെല്ലാം എന്ന് ചോദിച്ചാല്‍ മുരുകന്‍ പറയും, മുരുകന്‍ ന: 45 എന്ന ഒര്‍മ്മ കാരണമെന്ന്.സ്നേഹഭവനിലെ മുരുകന്റെ നമ്പര്‍ ആയിരുന്നു 45. ഇപ്പോഴും മുരുകന്റെ പ്രിയപ്പെട്ട നമ്പര്‍ അത് തന്നെ. ഓര്‍മ്മകള്‍ക്ക് അവധി നല്‍കിക്കൊണ്ട് മുരുകന്റെ ഓട്ടോറിക്ഷ തെരുവുകളിലൂടെ ഓടുകയാണ്. യാത്രക്കാര്‍ക്ക് വേണ്ടിത്തന്നെ. ടിക്കറ്റും ഇറങ്ങേണ്ട സ്ഥലവുമുള്ളവര്‍ക്കല്ല, വഴിയറിയാതെ ജീവിതത്തിന്റെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് വേണ്ടി.


( തുടരും..)


മുരുകന്റെ മൊബൈല്‍ നമ്പര്‍ : 09846051098
ഇ മെയില്‍ ; autotheruvora@gmail.com
മുരുകന് – ന:45 മുരുകന് – ന:45 Reviewed by Jayesh/ജയേഷ് on October 17, 2010 Rating: 5

3 comments:

  1. "kochiyude sirakaliloode" anaadharude jeevithangalileykku Auto odikkunna MURUKAN e parichayappeduthiyathinu nanni, bhai!

    ReplyDelete