വൈറ്റില


ബസ്റ്റോപ്പിൽ പതിവിലും വൈകി ബസ് കാത്ത് നിൽക്കുന്നതിന്റെ എല്ലാ അക്ഷമകളും ആശങ്കകളും അപ്പോൾ എന്നെ കീഴടക്കി. പറയുകയാണെങ്കിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലാത്ത കാര്യമാണെങ്കിലും ഓഫീസിൽ പതിവിൽ കൂടുതൽ മുഷിഞ്ഞിരുന്ന് ജോലി ചെയ്തതിന്റെ അസ്വസ്ഥത വിഴുപ്പ് പോലെ തലയിൽ ഭാരിച്ചു.  ഒടുവിൽ എനിക്ക് പോകാനുള്ള ബസ്സ് വന്നെത്തി. ഓറഞ്ച് നിറമുള്ള ശീതീകരിച്ച സർക്കാർ ബസ്സ്. മൂന്നിരട്ടി ചാർജ്ജ് കൊടുക്കേണ്ടിവരുമെന്നോർത്തപ്പോൾ ഒന്ന് മടിച്ചെങ്കിലും എങ്ങനെയെങ്കിലും വീട് പറ്റാനുള്ള ആഗ്രഹം എന്നെ ബസ്സിലേയ്ക്ക് തള്ളിയിട്ടു.
പലപ്പോഴും അത്തരം ബസ്സിലെ തിരക്ക് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. തിരക്കിത്തിരക്കി ശീതീകരണിയെ തളർത്തും വിധം നിറഞ്ഞ് പോകുന്ന ബസ്സ്. ലോക്കൽ ബസ്സിലെ വിയർപ്പ് നാറുന്ന പ്രഭാതയാത്രകൾക്കിടയിൽ എപ്പോഴെങ്കിലും മുഖം ജനാലയ്ക്ക് നേരെ എത്തിക്കാൻ കഴിയുന്ന നിമിഷങ്ങളിലെല്ലാം കാണുന്നത് കപ്പൽ പോലെ നീങ്ങുന്ന ആ ബസ്സിലെ തിരക്കാണ്. ഒരു പക്ഷേ അതിൽ വിയർപ്പ് നാറ്റം അറിയാൻ കഴിയില്ലായിരിക്കും. ചേർന്ന് നിൽക്കുന്നവരുടെ ചൂടും. എന്തോ, നേരം വൈകിയത് കൊണ്ടായിരിക്കും ഒട്ടും തിരക്കില്ലായിരുന്നു. ഒഴിഞ്ഞ ഇരിപ്പിടങ്ങളായിരുന്നു മിക്കതും. സമയത്തിന് ഓഫീസിൽ നിന്നിറങ്ങാൻ കഴിഞ്ഞവർ തിരക്കുകളെ ആദ്യം തന്നെ ബസ്സുകളിൽ കയറ്റിക്കൊണ്ട് പോയിരിക്കും.
ഈ ബസ്സിലെ മുഖാമുഖമുള്ള ഇരിപ്പിടസംവിധാനം സത്യത്തിൽ അരോചകമാണ്. അന്യന് മുഖം കൊടുത്തിരിക്കുമ്പോഴുണ്ടാകുന്ന അസ്വാസ്ഥ്യത്തെ സർക്കാർ എങ്ങിനെ വിലയിരുത്തുന്നുണ്ടാകുമോ എന്തോ! അതോ, അപരിചിതരായ മനുഷ്യർക്കിടയിൽ പരസ്പരം എന്തെങ്കിലും ഗുണം ഉണ്ടാക്കാനുള്ള ചിന്തയായിരിക്കുമോ? എന്തായാലും എതിരേയുള്ള സീറ്റ് ഒഴിഞ്ഞിരുന്നത് അല്പമെങ്കിലും ആശ്വാസം നൽകി. മാത്രമല്ല ഉയരം കൂടിയവർക്ക് സ്വസ്ഥമായി ഇരിക്കാൻ കഴിയുന്നതല്ല സംവിധാനം. അല്ലെങ്കിൽ എതിരെ ഇരിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം കാലുകളെ ഒതുക്കാൻ പരിശ്രമിക്കേണ്ടിയിരിക്കുന്നു. തൽക്കാലത്തേയ്ക്ക് അത്തരം കുഴപ്പങ്ങളൊന്നുമില്ലാത്തതിനാൽ ഞാൻ പുറം കാഴ്ചകളിൽ മുഴുകാൻ ശ്രമിച്ചു. ഇതിനിടയിൽ എപ്പോഴോ കണ്ടക്ടർ ടിക്കറ്റ് തന്ന് പോയി. ആദ്യത്തെ രണ്ട് മൂന്ന് സ്റ്റോപ്പുകൾ വരെ എല്ലാം ആഗ്രഹിച്ചത് പോലെയായിരുന്നു. അധികം ആളുകൾ ഇറങ്ങുകയും കുറച്ച് ആളുകൾ കയറുകയും ആയത് കൊണ്ട് ബസ്സിലെ ഒഴിവിടങ്ങൾക്ക് ബാലൻസിങ് ഉണ്ടായിരുന്നു. പിന്നത്തെ ഒരു സ്റ്റോപ്പിൽ വച്ചാണ് എന്നെ സംബന്ധിച്ചിടത്തോളം ലോകമഹായുദ്ധത്തേക്കാൾ ഭീകരമായ ഒരു സംഭവം അരങ്ങേറുന്നത്. മുൻ വശത്തെ വാതിലിലൂടെയല്ലാത്തതിനാൽ ആദ്യം ശ്രദ്ധിച്ചില്ല. ഇടത്തോട്ട് ചെരിഞ്ഞിരുന്ന് കാഴ്ചകൾ കാണുകയായിരുന്ന എന്നെ ഉലച്ചുകൊണ്ട് അയാൾ എനിക്കെതിരേയുള്ള ഇരിപ്പിടത്തിൽ ഇരിക്കാൻ തുടങ്ങുന്നു.അല്ല ഇരുന്നു. ഞാൻ ചുറ്റും നോക്കി. മിക്കവാറും ഒഴിഞ്ഞ് തന്നെയിരിക്കുന്നു. എനിക്കെന്തോ വല്ലാതെ തോന്നി. നൈരാശ്യവും സങ്കടവും നിസ്സഹായതയും അനുബന്ധവാക്കുകളും എന്നിൽ നിറഞ്ഞ് കരച്ചിലിന്റെ വക്കിലെത്തി. വാസ്തവത്തിൽ ഈ ബസ്സിൽ കയറേണ്ടവനല്ലായിരുന്നു ഞാൻ. പത്ത് മിനിറ്റ് മുമ്പേ റോഡ് മുറിച്ച് കടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഏതെങ്കിലും ചുവന്ന ലോക്കൽ ബസ്സിൽ കയറിപ്പറ്റി വിയർത്ത് മുഷിഞ്ഞ് ഞെരുങ്ങി യാത്ര ചെയ്യേണ്ടവനായിരുന്നു. പക്ഷേ ആവശ്യത്തിലധികം ഗതാഗതക്കുരുക്കുള്ള ആ പാതയിൽ റോഡ് മുറിച്ച് കടക്കുകയെന്നത് ഒരു സിദ്ധിയാണ്. പാഞ്ഞ് വരുന്ന വാഹനങ്ങളുടെ വേഗവും നമുക്ക് അക്കരെയെത്താൻ വേണ്ട സമയവും കണക്കാക്കി സാഹസികതയോടെ പ്രവർത്തിച്ചാൽ മാത്രമേ അത് സാധ്യമാകൂ. ചെറുപ്പം മുതലേ ഒരു കാര്യത്തിലും കലാകാരനല്ലാത്തതിനാൽ എനിക്കെല്ലാം പ്രയാസം നിറഞ്ഞതായി അനുഭവപ്പെടുന്നു. അല്ലെങ്കിൽ ഒരു വിധത്തിൽ സമയം കണക്കാക്കി മുന്നോട്ടായുമ്പോൾ വേഗം കുറഞ്ഞ ഒരു വാഹനം അല്ലെങ്കിൽ പൊടുന്നനെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഒരു സൈക്കിൾ എന്നിങ്ങനെ എന്റെ സമയബോധത്തെ ചോദ്യം ചെയ്ത് മുന്നോട്ട് വച്ച കാൽ പേടിയോടെ തിരിച്ചെടുപ്പിക്കുന്ന നിമിഷങ്ങൾ കടന്ന് പോയത് പത്തെണ്ണമായിരുന്നു. അതിനിടയിൽ അക്കരെ എനിക്ക് ആവശ്യമുള്ള ബസ്സുകൾ വരുന്നതും പോകുന്നതും ഇക്കരെ നിന്ന് നോക്കി വിഷമിക്കേണ്ടി വരില്ലായിരുന്നു. ആരെയും കുറ്റം പറയുന്നില്ല. എന്റെ കഴിവില്ലായ്മ, എന്റെ പിടിപ്പുകേട്..അല്ലാതെന്ത്..!

എന്നെപ്പോലെ തന്നെ ആവശ്യത്തിൽ കൂടുതൽ ഉയരമുള്ള ഒരാളായിരുന്നു എനിക്കെതിരെ ഇടം പിടിച്ചത്. പേടിസ്വപ്നം എന്നൊക്കെ പറയാവുന്ന അവസ്ഥ. അത്രയും ഇടുങ്ങിയ സ്ഥലത്ത് ഞങ്ങൾ രണ്ടുപേരും കാലുകളെ എവിടെ ഒതുക്കി വയ്ക്കും എന്ന് ഞാൻ ആലോചിച്ചു. അയാൾ ഒന്നും ആലോചിക്കുന്നതായി തോന്നിയില്ലെങ്കിലും. അയാളുടെ മുഖം കാണാതിരിക്കാൻ ഞാൻ കൂടുതൽ ഇടത്തോട്ട് ചെരിഞ്ഞിരുന്ന് മുഴുവനായും പുറം കാഴ്ചകളിലേയ്ക്ക് ശ്രദ്ധയെ മാറ്റി. പക്ഷേ ഇടയ്ക്കെല്ലാം അയാൾ കാലുകളുടെ സ്ഥാനം മാറ്റുന്നത് എന്റെ ശ്രദ്ധയിൽ വളവുകളും തിരിവുകളും ഉണ്ടാക്കി. കുറച്ച് നേരം കഴിഞ്ഞപ്പോൾ എനിക്ക് ഒരേ രിതിയിൽ കാലുകൾ മടക്കി വച്ചിരിക്കുന്നത് കൊണ്ട് ചെറിയൊരു വേദന അനുഭവപ്പെട്ടു. ഉടനെയെങ്കിലും നിവർന്നിരുന്നില്ലെങ്കിൽ മാരകമായ എന്തെങ്കിലും എന്റെ കാലുകൾക്ക് സംഭവിക്കുമെന്ന് ഉറപ്പായപ്പോൾ ഞാൻ കീഴടങ്ങി. മുഖാമുഖം ഇരുന്നാൽ മാത്രമേ ഇനിയുള്ള യാത്ര കുറഞ്ഞ പക്ഷം വേദനപ്പെടാത്തതെങ്കിലുമാകൂയെന്ന് എനിക്ക് ബോധ്യമായി. ഞാൻ നിവർന്നിരുന്നു. അപ്പോൾ ഞങ്ങളുടെ കാലുകൾ കൂട്ടിമുട്ടുകയും കൊളുത്തിപ്പിടിക്കുകയും ചെയ്തതെല്ലാം ഇനി കുറേ കാലത്തേയ്ക്ക് വിമ്മിഷ്ടമുണ്ടാക്കാൻ പോരുന്നതായിരുന്നു. പണ്ടൊരിക്കൽ ഉപ്പ് തിന്നുന്നതായി സ്വപ്നം കണ്ട് കുറേ ദിവസങ്ങൾ തൊണ്ട വരളുന്നതായി തോന്നി എപ്പോഴും വെള്ളം കുടിച്ചിരുന്നത് പോലെ.
ഒരു സന്ധിസംഭാഷണത്തിന് അയാൾ ഒരുമ്പെടുന്നത് പോലെ തോന്നി. അപ്പോഴാണ് അയാളുടെ മുഖം ഞാൻ ശ്രദ്ധിക്കുന്നത്. ഒട്ടും താല്പര്യം തോന്നാത്തതിനാൽ അയാളെക്കുറിച്ച് എന്തെങ്കിലും മനസ്സിൽ രൂപപ്പെടാൻ ഞാൻ അനുവദിച്ചില്ല. അയാൾ ആരുമായിക്കോട്ടെ, എന്തുമായിക്കോട്ടെ..എനിക്ക് എന്ത് കാര്യം? എന്നെ സംഭന്ധിച്ചിടത്തോളം ഒരു യാത്രയെ മുഷിപ്പിച്ച ഏതോ ഒരാൾ മാത്രം. ചിലപ്പോൾ അയാളും എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ കരുതുന്നുണ്ടാകാം. എനിക്കെതിരെ വന്നിരുന്നതിൽ പശ്ചാത്തപിക്കുന്നുണ്ടാകാം. ആയിക്കോട്ടെ..എന്തും ആയിക്കോട്ടെ. എല്ലായിടത്തും പരാജയം നേരിടുന്നവന് ഇതൊന്നും ഒരു വെല്ലുവിളിയല്ല. വെല്ലുവിളി ഏറ്റെടുക്കുന്നവർക്കല്ലേ വിജയം. എനിക്ക് വിജയിയാകണ്ട. ഇനി മുതൽ ഞാൻ അയാളുടെ ഇംഗിതങ്ങൾക്കനുസരിച്ച് എന്റെ കാലുകളെ അനുസരിപ്പിക്കാൻ പോകുന്നു. അല്പനേരത്തിനകം അത് സംഭവിക്കുകയും ചെയ്തു. അയാൾ നേർത്ത പുഞ്ചിരിയോടെ കാലുകൾ കുറച്ചകത്തി വച്ചു. അപ്പോൾ എന്റെ ഒരു കാൽ അയാളുടെ കാലുകളുടെ ഇടയിലേയ്ക്ക് ആയിപ്പോയി. അങ്ങേയറ്റം അശ്ലീലം മണത്ത എനിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത വിധം ഒരു ബ്ലാക്ക് ഹോളിൽ അകപ്പെട്ട പോലെ എന്റെ ഒരു കാൽ അവിടെ കുടുങ്ങിപ്പോയി. സ്വതന്ത്രനെന്ന് കരുതിയ മറ്റേ കാൽ ചുവരിനും അയാളുടെ കാലിനിനുമിടയിൽ നിസ്സഹായതയോടെ ഞെരുങ്ങി. ആദ്യമേ തീരുമാനിച്ചത് പോലെ ഞാൻ കീഴടങ്ങളിലേയ്ക്ക് തിരിച്ച് പോയി. ഇപ്പോൾ വേദനയൊന്നുമില്ല. അങ്ങിനെ തന്നെയിരിക്കട്ടെ. കൂടി വന്നാൽ ഏതാനും കിലോമീറ്ററുകൾ മാത്രം നീണ്ടുനിൽക്കുന്ന ആ പരാജയബോധത്തെ ഞാൻ സഹിക്കാൻ തീരുമാനിച്ചു. അതിനെക്കുറിച്ച് കൂടുതൽ അലോചിക്കാതിരിക്കാനായി കഴുത്ത് ഇടത്തേയ്ക്ക് ചെരിച്ച് പുറത്ത് നോക്കിയിരിക്കാൻ തുനിഞ്ഞത് മറ്റൊരു വേദന കൂടി സംഭാവന ചെയ്യാനേ ഉപകരിച്ചുള്ളൂ.
അടച്ച് പൂട്ടിയ ബസ്സായതിനാൽ പുറത്തെ കാറ്റേറ്റ് യാത്ര ചെയ്യുന്ന സുഖം പറ്റിയില്ല. തണുത്ത കാറ്റ് പമ്പ് ചെയ്യുന്ന ചെറിയ ഫാനുകൾ സീറ്റിന് മുകളിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അത് ഏതെങ്കിലും വശത്തേയ്ക്ക് തിരിച്ച് നെറുകയിൽ വന്നടിയുന്ന തണുപ്പിനെ അകറ്റണമെന്ന് തോന്നിയെങ്കിലും അനങ്ങാൻ പോലുമാകാത്ത ആ നിമിഷത്തിൽ എല്ലാം വ്യഥാസ്വപ്നങ്ങളായി കണക്കാക്കി. അപ്പോൾ രണ്ടാമത്തെ സംഭവം ഉണ്ടായി. അതും തുടങ്ങിവച്ചത് അയാൾ തന്നെ.

‘ ഈ ബസ്സ് ഫോർട്ട് കൊച്ചിയ്ക്കല്ലേ? ‘ അയാൾ ആരോടെന്നില്ലാതെ ചോദിച്ചു. അത് കേട്ടത് ഞാൻ മാത്രമായതിനാൽ പെട്ടെന്നുണ്ടായ പ്രതികരണത്തെ മറച്ചുപിടിക്കാനായില്ല. ഞാനും ആ സംശയത്തിൽ അപ്പോഴേയ്ക്കും അകപ്പെട്ടിരുന്നു. എന്ത് ആലോചിച്ചാണ് ഞാൻ ബസ്സിൽ കയറിയത്. നെറ്റിയിൽ സ്ക്രോൾ ചെയ്യുന്ന സ്ഥലപ്പേരിലേതെങ്കിലും ഫോർട്ട് കൊച്ചി എന്നായിരുന്നോ? അല്ല, എനിക്കിറങ്ങേണ്ടത് വൈറ്റിലയിൽ ആണല്ലോ. വൈറ്റില എന്ന് വായിച്ചത് ഓർക്കാൻ ശ്രമിച്ചു. ഭീകരമായ ചുഴിയിൽ‌പ്പെട്ട് ഉഴലുകയായിരുന്നു ഞാൻ. കടന്ന് പോയ സ്റ്റോപ്പുകൾ ഓർക്കുന്നില്ല. അല്ലെങ്കിൽ എല്ലാം ഒരേ പോലെയുണ്ടായിരുന്നു. എനിക്ക് അലറിവിളിക്കണമെന്ന് തോന്നി. ആരെങ്കിലും പറയൂ..ഈ ബസ്സ് ഫോർട്ട് കൊച്ചിയിലേയ്ക്കോ കുറഞ്ഞ പക്ഷം വൈറ്റില വരെയെങ്കിലുമോ ആണെന്ന്. ആരും അനങ്ങുന്നില്ല. എല്ലാം അറിഞ്ഞിട്ടും ധാർഷ്ട്യം നിറഞ്ഞ ഭാവത്തോടെ അവർ ഇരിയ്ക്കുന്നു. എതിരാളിയാകട്ടെ ആ ചോദ്യത്തിന് ശേഷം കാര്യമായ സംഘർഷങ്ങൾ അനുഭവിക്കുന്നതായി തോന്നിയില്ല. എവിടേയ്ക്കാണെങ്കിലും കുഴപ്പമില്ലെന്ന ചങ്കൂറ്റത്തോടെ അയാൾ കൈകൾ നെഞ്ചിന് മുകളിൽ മടക്കി വച്ചു.
‘കണ്ടക്ടർ..’ ഞാൻ അലറി. ഇല്ല..ആരും അത് കേട്ടതായിപ്പോലും തോന്നുന്നില്ല. അതെ എന്റെ തൊണ്ടയിൽ നിന്നും ശബ്ദം പുറത്ത് വരുന്നില്ല. എഴുന്നേറ്റ് നോക്കാമെന്ന് വച്ചാൽ കാലുകൾ അയാളുടെ ബുദ്ധിപരമായ തടവിലാണ്. ഇക്കണക്കിന് വൈറ്റിലയെത്തിയാലും എനിക്കിറങ്ങാൻ കഴിയില്ല. എ സിയിലും ഞാൻ വിയർത്തു. നെറ്റിയിലൂടെയും കഴുത്തിലൂടെയും വിയർപ്പ് ഉറവ പൊട്ടി. നെഞ്ചിടിപ്പ് വ്യക്തമായി കേൾക്കാം. ശ്വാസം മുട്ടി പിടയാൻ പോകുന്നത് പോലെ. ഹാ..ആരെങ്കിലും എന്തെങ്കിലും പറയൂ..ഞാൻ നിലവിളിച്ചു. ഇല്ല.ഇല്ലശൂന്യമായ ബസ്സ് പോലെ നിശ്ശബ്ദം. പതിയെ എന്റെ ബോധം മറഞ്ഞു. തണുപ്പ് പറ്റിയിരിക്കുന്ന കണ്ണാടിയിലേയ്ക്ക് തല ചെരിച്ച് ഞാൻ പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടവനായി.

അല്പനേരം കഴിഞ്ഞ് ആരോ എന്നെ തട്ടിയുണർത്തി.

‘ എണീക്ക്..വൈറ്റിലയെത്തി ‘ ഒരു ശബ്ദം. യുഗങ്ങൾക്ക് ശേഷം കേൾവി തിരിച്ച് കിട്ടിയവനെപ്പോലെ ഞാൻ അത്ഭുതത്തോടെ നോക്കി. എതിർ സീറ്റിൽ അയാളുണ്ടായിരുന്നില്ല. എന്റെ കാലുകൾ ഇഷ്ടമുള്ളത് പോലെ ഒതുങ്ങിയിരിക്കുന്നു.
‘ ഇറങ്ങുന്നില്ലേ? ‘ കണ്ടക്ടറാണ് ശബ്ദത്തിന്റെ ഉടമ. അയാൾ അക്ഷമനാകുന്നു. ഞാൻ എഴുന്നേറ്റ് പുറത്തിറങ്ങി. യുദ്ധം അവസാനിച്ചെന്നും എതിരാളി കൂടുതൽ നോവിക്കാതെ എന്നെ വിട്ടുവെന്നും മനസ്സിലായി. ബസ്സ് കപ്പലിന്റെ പ്രൌഢിയോടെ മുന്നോട്ട് നീങ്ങി. രാത്രിവെളിച്ചങ്ങളിൽ ഏതാണ്ട് സ്വയം നഷ്ടപ്പെട്ട് വീട്ടിലേയ്ക്ക് നടക്കുമ്പോൾ ഒരു ചിന്ത എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു.

ബസ്സ് ഫോർട്ട് കൊച്ചിയിലേയ്ക്കായിരുന്നോ?!
വൈറ്റില വൈറ്റില Reviewed by Jayesh/ജയേഷ് on April 09, 2011 Rating: 5

13 comments:

 1. എറണാകുളത്തെ ട്രാഫിക്ക് ജാമില്‍ സ്ഥിരം പെട്ടുപോകുന്നവരുടെ നിസ്സഹായാവസ്ഥ. എവിടേക്കെന്ന് പോലും നോക്കാതെ വണ്ടിയില്‍ പിടഞ്ഞ് കേറേണ്ടി വരുന്നത് ഒട്ടേറെ എനിക്കും ഉണ്ടായിട്ടുണ്ട്. എങ്കിലും ജനറോമിലെ യാത്ര അത്ര മോശമല്ല ജയേഷ് :)

  ReplyDelete
 2. കഥ പോലെ ഭദ്രമായ ക്രാഫ്റ്റ്.
  വല്ലാത്തൊരു രാവണന്‍ കോട്ടയില്‍ കൊണ്ടു തള്ളി, ദുഷ്ടന്‍.

  ReplyDelete
 3. ടെന്ഷനാക്കി കളഞ്ഞല്ലോ മാഷെ. അവസാനവരി വരെയും വല്ലാത്തൊരു അസ്വസ്ഥത നിലനിന്നിരുന്നു.

  ReplyDelete
 4. ഡാ, മുന്‌വിധികളോടെ, അരോചകമായ ഒരു രൂപഘടനയ്ക്ക് മുന്നിലിരുന്ന് വിയർക്കേണ്ടി വന്നില്ല!....
  സ്വയം കെട്ടിയിടപ്പെട്ട് അനാവശ്യമായി വ്യാകുലതകളിലേയ്ക്ക് കാടു കയറേണ്ടിയും വന്നില്ല...
  നീ, കെട്ടുറപ്പുള്ള, വ്യക്തമായി വഴികാണിച്ച, ആരവാരങ്ങളും ആസ്വാദനവുമുള്ള നല്ലൊരു ബസ്സിൽ തന്നെയാ കയറ്റിയിരുത്തിയത്....
  ഇഷ്ടം....

  ReplyDelete
 5. അവസാനം എത്തിയപ്പോഴാ ഒരു സമാധനം ആയത്...നന്നായിട്ടുണ്ട്..കെട്ടുറപ്പുള്ള കഥ!

  ReplyDelete
 6. നന്ദി സുഹൃത്തുക്കളേ

  ReplyDelete
 7. നല്ല വായന. ഇഷ്ട്ടപ്പെട്ടു.

  ReplyDelete
 8. നല്ലൊരു വായാനുഭവം നല്കി. അഭിനന്ദനങ്ങള്‍ :)

  ReplyDelete
 9. ജയേഷ്,
  ആ ബസിലെ യാത്രക്കാരനായി ഞാനും.

  ReplyDelete
 10. അതിവിസ്ഥാരം ഒഴിവാക്കാമായിരുന്നു. ഏതിരെ ഇരിക്കുന്നവര്‍ തമ്മിലുള്ള സംവാദം വളരെ മനശാസ്ത്രപരമായിരുന്നുവെങ്കില്‍ കഥയ്ക്ക് കൂടുതല്‍ ഗുണം ചെയ്‌തേനേ.... ജീവിതത്തിലെ അപരിചിതവും സങ്കുചിതവുമായ സാഹചര്യങ്ങളോടുള്ള പ്രതികരണങ്ങളെ ആവിഷ്‌ക്കരിക്കുന്നത് കുറച്ചുകൂടെ കെട്ടുറപ്പോടെയാവുന്നതാവും ഉചിതം....

  അല്ലെ ജയേഷേ.... :)

  ReplyDelete
 11. സന്തോഷ് ജീ..പല വഴികള്‍ ...അങ്ങിനെയും ആകാം ..നന്ദി

  ReplyDelete
 12. നല്ല യാത്ര. അഭിനന്ദനങ്ങള്‍.
  http://surumah.blogspot.com

  ReplyDelete
 13. ബസ്സിന്റെ ബോര്‍ഡ്‌ പോലും നോക്കാതെ ചാടിക്കയരുന്നത് നല്ല ശീലമല്ല.

  ReplyDelete