22 ഫീമെയിൽ പാല


ഹോസ്റ്റലിലെ ആദ്യ ദിവസം തന്നെ റാഗിങ്ങിൽ കുടുങ്ങേണ്ടതായിരുന്നു സ്റ്റെല്ല. ചങ്കിമേഡം തക്ക സമയത്ത് വന്ന് രക്ഷിച്ചില്ലായിരുന്നെങ്കിൽ എന്തൊക്കെ സംഭവിക്കുമായിരുന്നു എന്നോർത്ത് അവൾക്ക് ചങ്കിടിച്ചു. ചങ്കിമേഡം നല്ലവളാണ്. പണ്ട് ഒന്നിലധികം വനങ്ങളിൽ വഴിയാത്രക്കാരുടെ പേടിസ്വപ്നമായി വിഹരിച്ചിരുന്നു. എത്ര മന്ത്രവാദികൾ പല തവണയായി ബന്ധിച്ചിട്ടുണ്ട്; പക്ഷേ അതൊക്കെ നിഷ്പ്രയാസം പൊട്ടിച്ചെറിഞ്ഞ്  പ്രതികാരം ചെയ്ത് രക്തം കുടിച്ച്..ഹോ..ചെറുപ്പത്തിൽ ചങ്കിമേഡത്തിന്റെ കഥകൾ കേൾക്കുമ്പോൾ സ്റ്റെല്ലയ്ക്ക് കോരിത്തരിക്കുമായിരുന്നു. ഇപ്പോൾ അതേ ചങ്കിമേഡത്തിന്റെ സ്ഥാപനത്തിൽ തന്നെ പരിശീലനം നേടാൻ കഴിഞ്ഞതിൽ അവൾ അതീവ സന്തുഷ്ടയായിരുന്നു.

എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ യക്ഷിസുന്ദരിയായിരുന്നു സ്റ്റെല്ല. നല്ല പാല് പോലെ വെളുത്ത നിറം. ചോര തുടിക്കുന്ന കണ്ണുകൾ. ദംഷ്ട്രകളാകട്ടെ, ആനക്കൊമ്പിൽ തീർത്തത് പോലെ. അവൾ ചിരിക്കുമ്പോൾ വല്ലാത്ത ഭീതിയാണെന്ന് വാത്സല്യപൂർവ്വം ചങ്കിമേഡം പറഞ്ഞു. ഇനി വശ്യം കൂടി പഠിച്ചാൽ മതി, അവളെ വെല്ലാൻ വേറൊരു യക്ഷി അടുത്ത കാടുകളിലൊന്നുമില്ല. പ്രായപൂർത്തിയാപ്പോൾ തന്നെ അവൾ അത്യാവശ്യം വശ്യതന്ത്രങ്ങൾ പ്രയോഗിച്ച് തനിക്ക് വേണ്ട രക്തം സമ്പാദിക്കുമായിരുന്നു. ഇതിനകം അടുത്തുള്ള ഗ്രാമങ്ങളിലെ പതിനഞ്ചോളം ആണുങ്ങളുടെ രക്തം രുചിച്ചിട്ടുണ്ട്. അതോടൊപ്പം പരിചയക്കുറവ് കാരണം പല ഒടിയന്മാരുടെ മുന്നിലും ചെന്ന് പെട്ടിട്ടുണ്ട്. അന്നൊക്കെ എന്തോ ഭാഗ്യത്തിന് രക്ഷപ്പെട്ടു.
വര: ശ്രീകുമാര്‍ 

‘കുട്ടികളേ…നമ്മൾ ഏറ്റവും സൂക്ഷിക്കേണ്ടത് ഒടിയന്മാരെയാണ്. ചാത്തന്മാർ കുഴപ്പക്കാരല്ല. പക്ഷേ, ഒടിയന്മാർ വേഷം മാറി നമ്മളെ കുടുക്കാനിടയുണ്ട്. കുടുങ്ങിയാൽ പിന്നെ ഊരിപ്പോരാൻ വലിയ പ്രയാസമാണ്.’ ചങ്കിമേഡം ക്ലാസ്സിൽ പറഞ്ഞതാണിത്.

‘മാത്രമല്ല, ഒടിയന്മാരുടെ ചതിയിൽ പെടുന്നവർക്ക് കിട്ടുന്ന ശിക്ഷകൾ കടുത്തതായിരിക്കും. അതുകൊണ്ട് അവരെ എങ്ങിനെ തിരിച്ചറിയാമെന്ന് ആദ്യം പഠിക്കാം’

എല്ലാം കേട്ടിരുന്നെങ്കിലും സ്റ്റെല്ലയുടെ മനസ്സ് വേറെയെവിടെയോ ആയിരുന്നു. അവൾ സ്വപ്നങ്ങൾ കണ്ടു. നിലാവുദിക്കുന്ന രാവുകളിൽ വനാന്തരങ്ങളിലൂടെയും ഗ്രാമവീഥികളിലൂടേയും ഒരു ദു:സ്വപ്നം പോലെ അലഞ്ഞു തിരിയുന്ന സ്വപ്നം. വഴിയാത്രക്കാരെ വശീകരിച്ച് മയക്കി രക്തം കുടിക്കുന്ന സ്വപ്നം. സ്റ്റെല്ല എന്ന് കേൾക്കുമ്പോൾ നാട്ടുകാരുടെ ചങ്കിടിക്കുന്ന ശബ്ദം.

‘സ്റ്റെല്ല..നീ എന്താ സ്വപ്നം കാണുവാണോ? ഇന്ന് രാത്രി നീ പഠിച്ചതെല്ലാം പരീക്ഷിച്ച് നോക്കണം’ ചങ്കിമേഡം പറഞ്ഞു.

‘അയ്യോ…’ അവളുടെ മനസ്സ് പിടഞ്ഞു. ഒന്നും കേട്ടതുമില്ല മനസ്സിലായതുമില്ല. ഇക്കണക്കിന് എങ്ങിനെ രാത്രി ഒറ്റയ്ക്ക് പോകും!.

അന്ന് പാതിരാത്രിയായപ്പോൾ അവൾ മനസ്സില്ലാമൻസ്സോടെ പുറത്തിറങ്ങി. കൊടികുത്തിയ ഒടിയന്മാരും ചാത്തന്മാരും രക്ഷസ്സുകളും വിഹരിക്കുന്ന സ്ഥലമാണ്. മനുഷ്യൻ ഇതുവഴി യാത്ര ചെയ്യുന്നത് അപൂർവ്വവും. അവൾ വസ്ത്രം മാറി നിലാവിലൂടെ നടന്നു. കൂറ്റൻ മരങ്ങൾ പന്തലിച്ചു നിൽക്കുന്ന കാട്ടുവഴിയിലൂടെ നടന്നു. കുറേ നേരം ഒരു ഇലഞ്ഞിമരത്തിൽ കാത്തിരുന്നപ്പോൾ ആരോ നടന്നടുക്കുന്ന ശബ്ദം കേട്ടു. അവൾ മരത്തിൽ നിന്നും താഴെയിറങ്ങി. അതൊരു ആട്ടിൻ കുട്ടിയായിരുന്നു. എവിടെ നിന്നെങ്കിലും വഴിതെറ്റി വന്നതായിരിക്കും. അവൾക്ക് സങ്കടം തോന്നി. അതിനെ എടുത്ത് ഓമനിക്കാൻ തുടങ്ങി. പക്ഷേ അടുത്തു ചെയ്യതും കഥ മാറി. അതൊരു ഒടിയനായിരുന്നു. ആട്ടിൻ കുട്ടി പെട്ടെന്ന് മനുഷ്യരൂപമെടുത്ത് അവളെ ഒടിവേലയിൽ കുടുക്കി. പ്രതികരിക്കാൻ പറ്റാതെയായ അവളെ ഒരു മരച്ചുവട്ടിലേയ്ക്ക് വലിച്ചിഴച്ച് അയാൾ അവളെ….

അങ്ങേയറ്റം ക്ഷീണിതയായും മുറിവേറ്റും അവൾ ഹോസ്റ്റലിൽ തിരിച്ചെത്തി. അവിടെ അവളെ കാത്തിരുന്ന ശിക്ഷ കഠിനമായിരുന്നു. പാ‍ഠങ്ങൾ പഠിക്കാത്തതിനും ഒടിയനു കുടുങ്ങിയതിനും മുപ്പത്തിമൂന്ന് ദിവസം മുരിക്കുമരത്തിൽ ഒരു തുള്ളി  രക്തം  പോലും കഴിക്കാതെ ഇരിക്കണമെന്നായിരുന്നു ശിക്ഷ.

ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും അവളുടെ തിളക്കവും സൌന്ദര്യവും വറ്റിയിരുന്നു. പാലമരത്തിൽ സുഖമായി കഴിഞ്ഞിരുന്ന താൻ ഇങ്ങനെയായല്ലോയെന്നോർത്ത് അവൾക്ക് സങ്കടം വന്നു. അപ്പനേം അമ്മച്ചിയേം ഓർമ്മ വന്നു. അവർക്ക് അവൾ ഒറ്റമോളായിരുന്നല്ലോ.

‘ഇവളൊക്കെ വലിയ പാലമരക്കാരിയല്ലേ..നമ്മളൊക്കെ കൊന്നമരവും…അങ്ങിനെ തന്നെ വേണം’ അസൂയക്കാരികളായ യക്ഷികൾ പറഞ്ഞു. അവരൊക്കെ എന്നും രണ്ടും മൂന്നും ആളുകളെ കൊല്ലുന്നതാണ്. അവൾ ഒറ്റയ്ക്കിരുന്ന് കരഞ്ഞു. അപ്പോൾ ചങ്കിമേഡം അവളെ ആശ്വസിപ്പിച്ചു.

അതോടെ അവൾക്ക് സംശയങ്ങളായി.

‘യക്ഷികൾ ചാരിത്ര്യം സൂക്ഷിക്കേണ്ടവരാണ്. നല്ല വൃത്തിയിലും വെടിപ്പിലും വേണം ജീവിക്കാൻ’ മേഡം ക്ലാസ്സെടുത്തു.

‘അപ്പോൾ ഈ ബസ്റ്റാന്റിലൊക്കെ കാണുന്ന ചില സ്ത്രീകളെ യക്ഷി എന്നു വിളിക്കാറുണ്ടല്ലോ..അവരും നമ്മളും തമ്മിലുള്ള വിത്യാസം എന്താണ്?‘ അവൾ ചോദിച്ചു.

‘സ്റ്റെല്ല….ധിക്കാരം പറയുന്നോ?’ മേഡത്തിന് ദേഷ്യം വന്നു.

‘അവർ യക്ഷികളല്ല..അവർ നീചജാതികളായ മനുഷ്യസ്ത്രീകളാണ്. പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കുന്നവർ’

എന്തോ സ്റ്റെല്ലക്കങ്ങിനെ തോന്നിയില്ല. ഒട്ടിയ കവിളും വിശക്കുന്ന വയറുമായി കഠിനമായി ജോലി ചെയ്യുന്ന അവരോട് അവൾക്ക് സ്നേഹമായിരുന്നു. അത് ആലോചിച്ചതിന് അവൾക്ക് വീണ്ടും ശിക്ഷ കിട്ടി. ഒരു കുറ്റിച്ചൂലിന്റെ മുകളിൽ ഇരുപത്തിനാ‍ല് ദിവസം കഴിയണമെന്നായിരുന്നു അത്. ആ ഇരുപത്തിനാല് ദിവസവും അവളുടെ മനസ്സിൽ സംശയങ്ങൾ കരിമ്പനപ്പട്ട പോലെ പിടച്ചുകൊണ്ടിരുന്നു. യക്ഷികളുടെ ജീവിതവും അവർ അനുഭവിക്കുന്ന യാതനകളും ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്തതാണെന്ന് അവൾക്ക് തോന്നി. മാത്രമല്ല എന്ത് ഭീകരമായിട്ടാണ് ജനം അവരെ അവതരിപ്പിക്കുന്നത്. എഴുത്തുകാരും സിനിമാക്കാരും മുത്തശ്ശിക്കഥകളും ചേർന്ന് യക്ഷികളെ വെറുക്കപ്പെട്ട വർഗ്ഗമാക്കിത്തീർത്തിരിക്കുന്നു. എന്നിട്ടും അതൊന്നും അറിയാത്തത് പോലെ, ഒരു പരാതിയും ഇല്ലാത്തത് പോലെ ചങ്കിമേഡത്തിനെപ്പോലുള്ളവർ യക്ഷിജീവിതം ജീവിക്കുന്നു. എന്താണ് ചങ്കിമേഡത്തിന്റെ ജീവിതത്തിലുള്ളത്? കുറേക്കാലം ആളുകളെ പേടിപ്പിച്ചും ചോര കുടിച്ചും കുറേ പേരും പെരുമയും സമ്പാദിച്ചു. എന്നിട്ടോ? ഒന്നുമില്ല.ഇപ്പോഴിതാ ചെറുപ്പക്കാരികളായ യക്ഷികൾക്ക് ക്ലാസ്സെടുത്ത് ജിവിക്കുന്നു. ഒരു കുപ്പി രക്തം വേണമെങ്കിൽ ശിഷ്യകൾ കൊണ്ടു കൊടുക്കണം.

ഇരുപത്തിനാലാമത്തെ ദിവസം കുറ്റിച്ചൂലിൽ നിന്നിറങ്ങി അവൾ. ഇത്തവണ അവൾക്ക് വലിയ ക്ഷീണമൊന്നും തോന്നിയില്ല. ചിന്തകളും ആശയങ്ങളും അവളുടെ പ്രസരിപ്പിന് ആക്കം കൂട്ടിയതേയുള്ളൂ.

‘കുട്ടികളേ’ മേഡം ക്ലാസ്സ് തുടങ്ങി. ‘യക്ഷികളുടെ ജീവിതം സമർപ്പണമാണ്. നമ്മൾ ആരേയും അനാവശ്യമായി ഉപദ്രവിക്കുന്നില്ല. അബലകളും ചപലകളുമായ സ്ത്രീകളെ പറഞ്ഞുപറ്റിച്ച് അവരെ വഴിതെറ്റിക്കാനും പ്രാപിക്കാനും നടക്കുന്ന ദുഷ്ടന്മാരെ ശിക്ഷിക്കുകയാണ് നമ്മുടെ ധർമ്മം. രാത്രികാലങ്ങളിൽ ഇര തേടിയിറങ്ങുന്ന അത്തരക്കാർ നിർഭാഗ്യവശാൽ അനുദിനം വർദ്ധിക്കുകയാണ്. നമ്മുടെ ജോലി കൂടിയെന്ന് സാരം. പോരാത്തതിന് മാന്ത്രികന്മാരും പൂജാരികളും ജിന്നുകളും ഒടിയന്മാരും ചാത്തന്മാരും രക്തരക്ഷസ്സുകളും ചേർന്ന് നമുക്ക് വലിയ ഭീഷണി ഉണ്ടാക്കുന്നുണ്ട്. അവർ മൂലം ആരെങ്കിലും മരണപ്പെട്ടാലും അതെല്ലാം നമ്മുടെ തലയിൽ വീഴുന്നു. നമ്മളെക്കുറിച്ച് ആളുകൾക്ക് ഭീതിയുണ്ടാക്കുന്നു…’

‘ഞാൻ അതായിരുന്നു ഇത്രയും കാലം ആലോചിച്ചിരുന്നത് മേഡം’ സ്റ്റെല്ല പറഞ്ഞു. ‘നമ്മുടെ ഈ ജീവിതത്തിന് എന്ത് അർഥമാണുള്ളത്? പഴി കേൾക്കാനല്ലാതെ ആരും നമ്മളെ ഓർക്കുന്നുപോലുമില്ലല്ലോ’.

‘ധർമ്മം..കർമ്മം..അതിനെക്കുറിച്ച് മാത്രം ആലോചിക്ക് മോളേ’ മേഡം ക്ലാസ്സ് അവസാനിപ്പിച്ചു.

അന്ന് രാത്രി സ്റ്റെല്ല കാട്ടിലേയ്ക്കിറങ്ങി. കഴിഞ്ഞ തവണത്തെപ്പോലെ അബദ്ധം പറ്റരുതെന്ന് വിചാരിച്ച് അവൾ ഉയരം കൂടിയ ഒരു മരത്തിൽ കയറിയിരുന്നു. നേരം കുറേ കഴിഞ്ഞപ്പോൾ ആരോ നടന്നടുക്കുന്ന ശബ്ദം കേട്ടു. അതൊരു കത്തനാരായിരുന്നു. അവൾ ഭയന്ന് ഇലകൾക്കിടയിൽ ഒളിച്ചു. പക്ഷേ മഹാമാന്ത്രികനായ കത്തനാർ അവളെ കണ്ടു. മന്ത്രം ചൊല്ലി മയക്കും മുന്നേ അവൾ ചില്ലകൾക്കിടയിലൂടെ ചാടി രക്ഷപ്പെട്ടു. അടുത്ത തവണ ഒരു എമ്പ്രാന്തിരിയും പിന്നീട് ഒരു ഹാജിയാരും അവളെ കുടുക്കാൻ നോക്കി. അപ്പൊഴൊക്കെ അവൾ രക്ഷപ്പെട്ടു. മേഡം പറഞ്ഞത് പോലെ ദുഷ്ടന്മാരെ മാത്രം കണ്ടില്ല. ഇടയ്ക്കിടെ ഒടിയന്മാരും ചാത്തന്മാരും അവളെ കുരുക്കി അവരുടെ ഇംഗിതത്തിന് നിർബന്ധിക്കുകയും അവൾക്ക് എല്ലാത്തിനും വഴങ്ങേണ്ടി വരുകയും ചെയ്തു. അതിനെല്ലാം കനത്ത ശിക്ഷകളും അനുഭവിച്ചു.

ഒരു യക്ഷിയെന്ന നിലയ്ക്ക് താനൊരു പരാജയമാണെന്ന് തോന്നൽ അവൾക്കുണ്ടായി. തന്റെ സൌന്ദര്യവും ബുദ്ധിയുമൊന്നും പ്രയോജനം ചെയ്യുന്നില്ല. ഹോസ്റ്റലിലും ഇതു പറഞ്ഞ് എല്ലാവരും അവളെ കളിയാക്കാൻ തുടങ്ങി. സഹികെട്ടപ്പോൾ ഒരു രാത്രി അവൾ ഹോസ്റ്റൽ ഉപേക്ഷിച്ചു.

അവൾ കാട്ടിലേയ്ക്ക് പോകാതെ ഗ്രാമവീഥികളിലൂടെ ഒരു ഭ്രാന്തിയെപ്പോലെ അലഞ്ഞു നടന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും കിട്ടുന്ന ദുഷ്ടന്മാരുടെ ചോര കുടിച്ചു. ചിലപ്പോൾ കുടുങ്ങി. അങ്ങിനെ കുറേ നാളുകൾ അവൾ യാതൊരു ലക്ഷ്യവുമില്ലാതെ അലഞ്ഞു. തിരിച്ച് പാലമരത്തിലേയ്ക്ക് പോകാൻ മനസ്സ് വന്നില്ല. പഠിക്കാനയച്ച മകൾ ഇങ്ങനെ തോറ്റ് തുന്നം പാടി വരുന്നത് അവളുടെ അമ്മയ്ക്ക് സഹിക്കില്ല.

അങ്ങിനെയൊരു രാത്രി, ഒരു ആൽ മരത്തിന്റെ ചുവട്ടിൽ അവളിരിക്കുകയായിരുന്നു. അപ്പോൾ പിന്നിൽ ആരോ വന്ന് നിന്നതായി തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ ഒരു സുന്ദരനായ യുവാവായിരുന്നു. അവൾക്ക് ദാഹം തോന്നി. ദംഷ്ട്രകൾ തരിച്ചു. ആവേശത്തോടെ അയാളുടെ ചോര കുടിക്കാൻ അവൾ നഖങ്ങൾ നീട്ടി അടുത്തേയ്ക്ക് ചെന്നപ്പോൾ ആ യുവാവ് ഒരു കള്ളച്ചിരിയോടെ അവളെ വട്ടം പിടിച്ചു. അയാളുടെ കരുത്തുറ്റ കൈകളിൽ നിന്ന് രക്ഷപ്പെടാൻ അവൾക്കായില്ല.

‘എന്റെ സുന്ദരീ..നീയിങ്ങനെ ബഹളം വയ്ക്കണ്ട. ചുറ്റും ആളുകളുണ്ട്.’ അയാൾ പറഞ്ഞു.

‘ആരാണ് നിങ്ങൾ?’. അവൾ ചോദിച്ചു. അയാൾ അവളെ സ്വതന്ത്രയാക്കി. എന്നിട്ട് പറഞ്ഞു:

ഞാൻ ഈ ആൽ മരത്തിലെ ഒരു ബ്രഹ്മരക്ഷസ്സാണ്. കുറേ രാത്രികളായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു. ഇത്ര സുന്ദരിയായ നീ എന്തിനിങ്ങനെ അലയുന്നെന്ന് എനിക്ക് കൌതുകം തോന്നി. പിന്നെപ്പിന്നെ നിന്നോട് ഇഷ്ടവും തോന്നി.’

അവൾക്ക് ഒന്നും മനസ്സിലായില്ലെങ്കിലും അയാളുടെ സ്നേഹം നിറഞ്ഞ വാക്കുകൾ അവളെ ലജ്ജിപ്പിച്ചു. എന്തിനേറെ, കുറച്ചു നേരത്തിനകം അവർ പ്രണയബദ്ധരായി. അവർ ആൽ മരത്തിലും, പുളിമരത്തിലും, വാകമരത്തിലും, വാഴച്ചോട്ടിലുമൊക്കെ കൈകോർത്ത് നടന്നു. ഓരോ നിമിഷവും പ്രേമത്തോടെ ഉമ്മകൾ കൈമാറി. അവൾ തന്നെ അയാൾക്ക് സമർപ്പിച്ചു. ഇതായിരുന്നു താൻ സ്വപ്നം കണ്ടിരുന്ന ജിവിതമെന്ന് അവൾ മനസ്സിലാക്കി. അയാളാകട്ടെ അവളോടുള്ള സ്നേഹം പറഞ്ഞു തീരാതെ അവളെ കൈക്കുമ്പിളിൽ കൊണ്ടുനടന്നു.

എന്നിട്ടവർ വളരെക്കാലം സ്നേഹത്തോടെ ജീവിച്ചു എന്ന് പറഞ്ഞ് നിർത്താമായിരുന്ന കഥയായിരുന്നു ഇത്. പക്ഷേ, യക്ഷിയായാലും ബ്രഹ്മരക്ഷസ്സായാലും വിധിയുടെ വിളയാട്ടങ്ങളെ തടുക്കാനാവില്ലല്ലോ. സംഭവിച്ചത് ഇങ്ങനെയാണ്:

ഒരു രാത്രി അവർ പ്രേമസല്ലാപങ്ങൾക്ക് വിട കൊടുത്ത് ഒരു പ്ലാവിന്റെ കൊമ്പിൽ വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. പൌർണ്ണമിയായതിനാൽ നല്ല വെളിച്ചമുണ്ടായിരുന്നു. ആ പ്ലാവിൽ നിറയെ വവ്വാലുകൾ തലകീഴായി കിടന്നിരുന്നു. പെട്ടെന്ന് രണ്ടുമൂന്ന് വവ്വാലുകൾ ഉണർന്ന് അവരെ വളഞ്ഞു. വാസ്തവത്തിൽ അവർ വേഷം മാറിക്കിടക്കുകയായിരുന്ന ഗുളികന്മാരായിരുന്നു.

‘കുറേ നാളായി കാണുന്നു, രണ്ടിന്റേം അഴിഞ്ഞാട്ടം.’ അവർ അലറി. അതിലൊരാൾ അവളെ വലിച്ചിഴത്ത് ദൂരെയൊരു കൊമ്പിൽ കൊണ്ടുപോയി മാനഭംഗപ്പെടുത്തി. മറ്റു രണ്ടുപേർ അവളുടെ കാമുകനെ മർദ്ദിച്ചവശനാക്കി.

അപ്പോഴേയ്ക്കും കൂടുതൽ ഗുളികന്മാർ ഓടിയെത്തി. അവരെല്ലാം ചേർന്ന് അവളെ ഒരു ആഞ്ഞിലിയിലും അയാളെ ആൽ മരത്തിലും ബന്ധിച്ചു. ഇനി ജീവിതത്തിലൊരിക്കലും ആ കുരുക്കിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ അവർ മന്ത്രിച്ച ചരടിലായിരുന്നു അവരെ തളച്ചത്.

അങ്ങിനെ 22കാരിയായ ആ പാലമരത്തിലെ പെൺ കുട്ടിയുടെ കഥ ചരിത്രമായി.

ശുഭം.

22 ഫീമെയിൽ പാല 22 ഫീമെയിൽ പാല Reviewed by Jayesh/ജയേഷ് on May 29, 2012 Rating: 5

10 comments:

 1. നന്നായിരിക്കുന്നു രചന.
  ആശംസകളോടെ

  ReplyDelete
 2. സദാചാര വിരുദ്ധന്‍ ആയ ആ ബ്രഹ്മ രക്ഷസ്സ് ആരായിരുന്നു?

  ReplyDelete
 3. കിടിലം !!!!!!!!!!!!!!!1

  ReplyDelete
 4. ബ്ലോഗ് യക്ഷി....


  കത്തനാരെ കൊണ്ടുവരണോ??

  ReplyDelete
 5. ഡാ തകര്‍ത്തു മോനെ ... കിടിലം എഴുത്ത് .. സൂപ്പര്‍

  ReplyDelete
 6. കഥ കലക്കി കേട്ടോ. :)

  "മുരിക്കുമരത്തിൽ ഒരു തുള്ളി രക്ഷം പോലും കഴിക്കാതെ ഇരിക്കണമെന്നായിരുന്നു ശിക്ഷ"

  "രക്തം" അല്ലേ?

  ReplyDelete
 7. ...samshayangal karimbanappattapole pidachu kondirunnu.
  Sherikkum paalakkaadan yakshi!

  ReplyDelete