ഗ്യാങ്സ്റ്റർ(പുകവലി ആരോഗ്യത്തിന് ഹാനികരമാണ്)

പുക വലിയ്ക്കുന്ന ഒരാളോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത അയാളോട് തീ ചോദിക്കുന്നതാണ്. അതോടെ പുകയൂതുന്നതിന്റെ എല്ലാ ആസ്വാദനവും നഷ്ടപ്പെട്ട് വെറുമൊരു മരണാനന്തര ചടങ്ങ് പോലെയാകും അത്.


മൂന്നാമത്തെയാളും തീ ചോദിച്ച് വന്നപ്പോൾ അൻസാറിന് ദേഷ്യം വന്നു. രാത്രി വൈകിയപ്പോൾ അടയ്ക്കാൻ തുടങ്ങിയ പാൻ ഷോപ്പിൽ നിന്നും ധൃതിയിൽ ഒരു സിഗരറ്റ് വാങ്ങി കത്തിച്ചതാണ്. തീപ്പെട്ടി കൊണ്ടുനടക്കുന്ന ശീലമില്ലാത്തതിനാൽ ചോദിക്കുന്നവർക്കെല്ലാം കത്തിച്ച സിഗരറ്റ് കൊടുക്കേണ്ടി വരുന്നു. സമയം രാത്രി പതിനൊന്ന് മണിയോടടുക്കുന്നു. ഓഫീസിലെ ജോലിത്തിരക്ക് കാരണം നന്നേ വൈകിയാണിറങ്ങിയത്. കഴിക്കാൻ കിട്ടിയത് ഒരു പെട്ടിക്കടയിലെ തണുത്തു തുടങ്ങിയ ചായയും സമോസയും. ആകെ ഒരു നശിച്ച ദിവസം തന്നെയെന്ന് മനസ്സിൽ വിചാരിച്ച് അയാൾ ഇരുട്ടിലേയ്ക്ക് ഊളിയിട്ടു തുടങ്ങിയ തെരുവിലേയ്ക്ക് നോക്കി.

അപ്പോൾ രാത്രി കച്ചവടക്കാരെ ഓടിക്കാനും അടയ്ക്കാത്ത കടകൾ അടപ്പിക്കാനും വേണ്ടി റോന്തു ചുറ്റുന്ന പോലീസ് ജീപ്പ് എത്തിച്ചേർന്നു. ഇരകളെക്കാത്ത് നിൽക്കുകയായിരുന്ന വേശ്യകളും പ്രണയോലുപരായ ഹിജഡകളും മറവിലേയ്ക്ക് നീങ്ങി. രാത്രി സിഗരറ്റും ചായയും വിൽക്കാൻ വരുന്ന കുട്ടികൾ സഞ്ചികളെടുത്ത് ഓടി മറഞ്ഞു. പോലീസ് പോയിക്കഴിയുമ്പോൾ അവർ തിരിച്ചെത്തും. തെരുവിൽ അങ്ങിങ്ങായുള്ള ആളുകളെ പോലീസ് ലാത്തി വീശി ഓടിച്ചു.

‘ രാത്രിയായി..വീട്ടീപ്പോടാ സാലേ…’

പെട്ടെന്ന് തന്റെ മുന്നിൽ പോലീസ് ജീപ്പ് വന്നു നിന്നപ്പോൾ അൻസാർ ഒന്നു ഞെട്ടി. തടിച്ചൊരു പോലീസുകാരൻ ലാത്തി കൊണ്ട് ജീപ്പിന്റെ ഡോറിൽ അടിച്ചു. സിഗരറ്റ് താഴെയിട്ട് അയാൾ വേഗം നടന്നു.

രാത്രികാലത്ത് നഗരത്തിൽ അരങ്ങേറുന്ന അക്രമങ്ങൾക്ക് തടയിടാനാണ് ഈ പോലീസ് റോന്തുചുറ്റൽ. അതിനു അവർ കണ്ടെത്തിയ വഴി വൈകി വരുന്നവരേയും വെറുതേ സംസാരിച്ചു നിൽക്കുന്നവരേയും വീടുകളിലേയ്ക്ക് ഓടിയ്ക്കുന്നതാണ്. സംശയം തോന്നിയാൽ ചോദ്യം ചെയ്യും. അതുകൊണ്ട് എപ്പോഴും കമ്പനി ഐ ഡി കാർഡ് പോക്കറ്റിലിട്ടേ അയാൾ രാത്രി പുറത്തിറങ്ങാറുള്ളൂ. ചോദ്യം ചെയ്യപ്പെട്ടാൽ ഓഫീസിൽ നിന്നിറങ്ങാൻ വൈകിയെന്ന് പറയാം. പിന്നെ ഒരു താക്കീതോടെ പോകാൻ പറയുകയേയുള്ളൂ.

വാസ്തവത്തിൽ നടക്കുന്നത് ഗുണ്ടകൾക്കും തെമ്മാടികൾക്കും അഴിഞ്ഞാടാനുള്ള വേദിയൊരുക്കലാണ്. തെരുവുകൾ വിജനമായിക്കഴിയുമ്പോൾ, പട്രോളിങ് എന്ന പ്രഹസം അവസാനിക്കുമ്പോൾ അവർ പെരുച്ചാഴികളെപ്പോലെ പുറത്തിറങ്ങുന്നു. തമ്മിൽത്തല്ലുന്നു. മോഷ്ടിക്കുന്നു. ഏതെങ്കിലും മറവിൽ ഹിജഡകളെ കൊണ്ടുപോയി മുഷ്ടിമൈഥുനം ചെയ്യിക്കുന്നു. വേശ്യകളേയും കൂട്ടി മുറിയന്വേഷിക്കുന്നു. ഇതിനിടയിൽ പെട്ടു പോകുന്ന സാധാരണക്കാർ കൊടുക്കേണ്ട വില വലുതാണ്. പണം അപഹരിക്കുന്നത് മാത്രമല്ലാതെ മർദ്ദനവും ഏൽക്കേണ്ടിവരും. ചെകിടടച്ചൊരടിയാണ്. ഒരിക്കൽ അൻസാറിനും കിട്ടിയിരുന്നു. മല്ലയ്യയുടെ ഗുണ്ടകളായിരുന്നു. രാത്രി സിനിമ കഴിഞ്ഞ് വൈകി വീട്ടിലേയ്ക്ക് നടക്കുമ്പോൾ ഗുണ്ടകൾ വളഞ്ഞു. പോക്കറ്റിൽ അവശേഷിച്ചിരുന്ന പണം പിടിച്ചെടുത്ത്, തുക കുറവാണെന്ന് കണ്ടപ്പോൾ ചെകിടത്ത് ഒറ്റയടി. തല കറങ്ങിപ്പോയി. പിന്നെ കേട്ടാലറയ്ക്കുന്ന തെറിയും. പ്രതികരിക്കാൻ ശ്രമിച്ചാൽ തന്റെ ശവം പോലും കിട്ടില്ലെന്നറിയാവുന്നത് കൊണ്ട് എല്ലാം സഹിച്ച് അപമാനിതനായി വീട്ടിലേയ്ക്ക് നടന്നു. കുറച്ചു ദിവസത്തേയ്ക്ക് മുഖത്ത് നീരുണ്ടായിരുന്നു.

പ്രധാന തെരുവിൽ നിന്നും ഒട്ടേറെ വളവുകളും തിരിവുകളും കടന്നു വേണം വീട്ടിലെത്താൻ. വഴിയിൽ മിക്കവാറും വഴിവിളക്കുകൾ ചത്തിരിക്കും. ഓടയിൽ ഇടറിവീഴാതെ സൂക്ഷിച്ചു വേണം നടക്കാൻ. രണ്ട് വളവുകൾ കഴിഞ്ഞപ്പോൾ അയാളുടെയുള്ളിൽ ഭയം മുളച്ചു തുടങ്ങി. കാരണം, ഇനിയങ്ങോട്ട് മല്ലയ്യയുടെ സാമ്രാജ്യമാണ്. അയാളുടെ ഗുണ്ടകൾ ഏതെങ്കിലും കടത്തിണ്ണയിൽ ഉണ്ടാകും. വേറെ പണിയൊന്നുമില്ലെങ്കിൽ അസമയത്ത് വരുന്നവരെ ഒന്ന് തോണ്ടി വിടുന്നതാണ് അവരുടെ വിനോദം. ഇരുട്ട് കനക്കുന്നിടത്ത് മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ച് അയാൾ നടന്നു. ഏതാണ്ടെല്ലാ വീടുകളും ഉറക്കത്തിലേയ്ക്ക് വിളക്കണച്ചു കഴിഞ്ഞിരിക്കുന്നു. എവിടെയൊക്കെയോ തെരുവുപട്ടികളുടെ കുര കേൾക്കാമെന്നല്ലാതെ വേറെ ശബ്ദമൊന്നുമില്ലായിരുന്നു. അകത്ത് ബൾബെരിയുന്ന ഒരു അടഞ്ഞ കട കഴിഞ്ഞ് ഏതാനുമടികൾ വച്ചപ്പോൾ കാല് കനമുള്ള എന്തിലോ തട്ടി അയാൾക്ക് വേദനിച്ചു. എന്തോ ഒരു ലോഹം നിരങ്ങുന്ന ഒച്ചയും കേട്ടു. ടോർച്ച് നിലത്തേയ്ക്ക് നീട്ടി അയാൾ നോക്കി. ഉപേക്ഷിച്ചു കളയാനുള്ള ഉരുപ്പടിയല്ലെന്ന് കണ്ടപ്പോൾ ചുറ്റും നോക്കി ആരുമില്ലെന്നുറപ്പു വരുത്തി അതെടുത്ത് പോക്കറ്റിലിട്ടു. പിന്നെ നടക്കുകയല്ലായിരുന്നു. ഓട്ടം തന്നെ. എങ്ങിനെയെങ്കിലും തന്റെ മുറിയിലെത്തി സാധനം നല്ല വെളിച്ചത്തിൽ കാണാനുള്ള ധൃതി കൊണ്ടുള്ള ഓട്ടം.

അവസാനത്തെ തിരിവും കഴിഞ്ഞ് നോക്കിയപ്പോൾ റസിയയുടെ കിടപ്പറയിലെ വിളക്കണഞ്ഞിട്ടില്ലെന്ന് കണ്ടു. അവൾ ഉറങ്ങില്ല. എത്ര വൈകിയാലും താൻ മുറിയ്ക്കുള്ളിൽ കയറി വിളക്കണയുന്നതു വരെ അവൾ പഠിക്കുന്നതായി നടിച്ച് കാത്തിരിക്കും. അദൃശ്യമായ ചുംബനങ്ങൾ കൈമാറിക്കഴിഞ്ഞ് താൻ വിളക്കണച്ചാലേ അവളുറങ്ങൂ.

‘ഡാ..ആരാഡാ അത്?....നിക്കടാ..‘

പെട്ടെന്ന് ആ ശബ്ദം കേട്ട് അയാളുടെ മനസ്സിൽ നിന്നും റസിയ മാഞ്ഞു പോയി. മല്ലയ്യയുടെ ആളുകളാണ്. അവർ തന്നെ കണ്ടു.

‘എങ്ങോട്ട് പോവ്വാണെടാ കൂത്തിച്ചിമോനേ?’ താടി വളർത്തിയ ഒരുവൻ ചോദിച്ചു. അവർ അഞ്ചാറാളുണ്ടായിരുന്നു. അവർ അയാളെ വളഞ്ഞു.

‘അറിയില്ലേ ഭായ്…ഇവൻ ആ ക്ലർക്ക്…’

‘ഓ..നീയാ….എന്താടാ ഈ നേരത്ത് ഒരു ചുറ്റിക്കളി?’

‘ഓഫീസീന്ന് വരുന്ന വഴിയാ…’ അയാൾ ഒരു തരത്തിൽ പറഞ്ഞൊപ്പിച്ചു.

‘ങാ…ഇങ്ങനെ പണിയെടുത്ത് കാശു കൂട്ടിവയ്ക്കാതെ ആർക്കെങ്കിലും വല്ല ഉപകാരോം ചെയ്യ്..’

ഒരാൾ അയാളുടെ കൈ പിന്നോട്ട് പിടിച്ചു തിരിച്ചു. വേറൊരാൾ പോക്കറ്റിൽ കൈയ്യിടാൻ തുടങ്ങി.

‘എന്റെ കൈയ്യിൽ ഒന്നുല്ല അണ്ണാ…മാസാവസാനമല്ലേ…ശമ്പളം വരാൻ ഒരാഴ്ച കഴിയും…’

‘ഓ…പ്രാരാബ്ധക്കാരൻ…ങാ…വിട്ടേക്കടാ പിള്ളേരേ…’

ഒരാൾ വന്ന് ചെകിടടച്ച് അടിച്ചു. പള്ളയ്ക്ക് ഒരു കുത്തും കിട്ടി. കൈ പിടിച്ചിരുന്നയാൾ ബലം കൂട്ടിയപ്പോൾ സന്ധികൾ തകരുന്നതു പോലെ തോന്നി.

‘’മതി..വിട് ശവത്തിനെ… മാ കീ….’

അവർ അയാളെ വിട്ടു. എന്നിട്ട് കൂട്ടത്തോടെ ചിരിക്കാൻ തുടങ്ങി. അയാൾ ഒരു തരത്തിൽ ഓടി വീട്ടിലെത്തി. ജനലിലൂടെ നോക്കിയപ്പോൾ റസിയയുടെ മുറിയിൽ വെളിച്ചം അണഞ്ഞിട്ടില്ലെന്ന് കണ്ടു. കർട്ടനു പിന്നിൽ അവളുടെ നിഴലനങ്ങുന്നുണ്ടായിരുന്നു.

അയാൾ ഒരു ഫ്ലൈയിങ് കിസ്സ് അയച്ച് ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ മുറിയിലെ വെളിച്ചം അണഞ്ഞു. അവൾ എല്ലാം കണ്ടിട്ടുണ്ടാകും. അയാളിൽ അടിയേക്കാൾ വലിയ വേദന നിറഞ്ഞു.

പോക്കറ്റിൽ സാധാരണയേക്കാൾ കനം തോന്നുന്നത് അപ്പോഴാണ് ഓർത്തത്. കുറച്ച് പോറൽ പറ്റിയ ഒന്നായിരുന്നു അത്. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള കാഴ്ചയിൽ പാവമെന്ന് തോന്നുമെങ്കിലും ഒരു ജീവനെടുക്കാൻ ശേഷിയുള്ള അത് എന്തു ചെയ്യണമെന്ന് അറിയാതെ അയാൾ കുഴങ്ങി. ഗുണ്ടകൾ തമ്മിലുള്ള സംഘട്ടനത്തിൽ ആർക്കെങ്കിലും നഷ്ടപ്പെട്ടതായിരിക്കണം. അങ്ങിനെയാണെങ്കിൽ അവരാരും ഇനിയത് അന്വേഷിക്കാൻ പോകുന്നില്ല. തിരിച്ചും മറിച്ചും നോക്കി അതിൽ തിരയുണ്ടോയെന്ന സംശയത്തിലെത്തി. എവിടേയും അമർത്താനോ തിരിക്കാനോ ധൈര്യം വന്നില്ല. അറിയാതെ ഒരു വെടിയൊച്ച മുറിയിൽ കേട്ടാൽ…..

രാവിലെ നോക്കാം എന്ന് കരുതി അതിനെ സുരക്ഷിതമായൊരിടത്ത് ഒളിച്ചു വച്ചു. ഉറങ്ങാൻ കിടന്നപ്പോൾ വേദനകൾ തിരിച്ചെത്തി. അണപ്പല്ലിൽ കടുത്ത വേദന. ഒരു പ്രതികരണവുമില്ലാതെ റസിയയുടെ ജനാല അടഞ്ഞ വേദന. കഴുത കഴുത…സ്വയം പ്രാകിക്കൊണ്ട് അയാൾ ഉറങ്ങാൻ ശ്രമിച്ചു.രാവിലെ ബസ് സ്റ്റോപ്പിലേയ്ക്ക് നടക്കുമ്പോൾ പതിവു പോലെ ഓടിയെത്താറുള്ള റസിയയെ കണ്ടില്ല. വേഗം കുറച്ച് കഴിയുന്നത്ര സാവധാനം നടന്നു. ഒരു പക്ഷേ അവൾ ഇറങ്ങാൻ വൈകിയതാണെങ്കിലോ. നേരത്തേ പോകാൻ സാധ്യതയില്ല. ഏതാനും അടികൾ കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ അവൾ വരുന്നത് കണ്ടു. അയാൾ കാത്തുനിന്നു.

‘എന്താ റസിയാ….’

‘ഒന്നൂല്ല’

‘പിന്നെന്താ മിണ്ടാത്തേ?’

‘ഉം..നിങ്ങളൊരു പാവത്താനാ….ഇന്നലെ നടന്നതൊക്കെ ഞാൻ കണ്ടു…’

‘ഞാൻ ഒറ്റയ്ക്ക് എന്തു ചെയ്യാനാണ്? അവരൊക്കെ ഗുണ്ടകളാണെന്നറിയില്ലേ?’

‘പിന്നേ…എന്റെ അബ്ബ ആയിരുന്നെങ്കിൽ എല്ലാരേം വെടി വച്ചിട്ടേനേ..’

‘നിന്റെ അബ്ബ പട്ടാളക്കാരൻ..ഞാൻ ഒരു പാവം ക്ലർക്ക്. ഓഫീസിൽ മുതലാളിയുടെ ചീത്ത, പുറത്തു വന്നാൽ ഗുണ്ടകളുടെ അടി….ഇപ്പോൾ നീയും എന്നെ തള്ളിപ്പറയുന്നു.’

‘ഞാൻ തള്ളിപ്പറഞ്ഞതൊന്നുമല്ല. ആണുങ്ങളായാൽ കുറച്ച് ധൈര്യം വേണം’

‘എനിക്ക് അത്ര ധൈര്യമില്ല റസിയാ…ഇനി വേണമെങ്കിൽ ഞാൻ ഒരു തോക്ക് സംഘടിപ്പിക്കാം…എന്നിട്ട് എല്ലാവരേയും വെടി വച്ചു കൊല്ലാം…മതിയോ?‘

‘അയ്യോ..വേണ്ട…വേണ്ട…എന്നാലും വെറുതേ അടിയും വാങ്ങി പോയി കിടന്നുറങ്ങിയല്ലോ…നാണമില്ലാതെ’

ബസ് സ്റ്റോപ്പിൽ എത്താറായപ്പോൾ അവർ അപരിചിതരാ‍യി അകലം പാലിച്ചു നടന്നു. അവളുടെ അമ്മാവന്മാർ ചുറ്റുവട്ടത്ത് കാണും. അവർ എന്തെങ്കിലും മണത്തറിഞ്ഞാൽ മല്ലയ്യയുടെ ഗുണ്ടകളെപ്പോലെയല്ല, നെഞ്ചിൽ കത്തി കയറ്റും.


ബസ്സ് രണ്ടു സ്റ്റോപ്പുകൾ പിന്നിട്ടപ്പോൾ അൻസാറിന് വേറൊരു ചിന്ത തോന്നി. അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ഓഫീസിലേയ്ക്ക് വിളിച്ച് നല്ല സുഖമില്ലെന്നും ആശുപത്രിയിലേയ്ക്ക് പോകുകയാണെന്നും പറഞ്ഞു. അടുത്തുള്ള സൈബർ കഫേയിൽ കയറി തോക്കുകളെപ്പറ്റി ഗൂഗിൾ ചെയ്തു. ഏറെ നേരം തിരഞ്ഞിട്ടും തനിക്കു കിട്ടിയ മോഡൽ കണ്ടെത്താൻ പറ്റാതായപ്പോൾ ഇറങ്ങി തിരിച്ച് ബസ്സ് കയറി. ഏതെങ്കിലും നാടൻ തോക്കാകാനായിരിക്കും സാധ്യത എന്ന അനുമാനത്തിൽ വീട്ടിൽ തിരിച്ചെത്തി. നല്ല വെളിച്ചത്തിൽ അതിനു ഒരു വിഷജന്തുവിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. കറുത്ത നിറം പരുപരുത്ത പിടി. ഏറെ ഉപയോഗിച്ചതു കൊണ്ടായിരിക്കണം കാഞ്ചിയിൽ വിരൽ തൊടുന്നിടത്ത് ചെറിയ നിറം മങ്ങൽ. വേറൊരു നിറത്തിലായിരുന്നെങ്കിൽ ദീപാവലിയ്ക്ക് കുട്ടികൾ പൊട്ടാസ് പൊട്ടിക്കാൻ വാങ്ങുന്ന കളിത്തോക്കാണെന്നേ കരുതൂ. അയാൾ സിനിമകളിൽ കണ്ടിട്ടുള്ളത് പോലെ പാന്റിന്റെ പിന്നിൽ അത് ഇറക്കി വച്ചു. ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല, അവർ എങ്ങിനെയാണത് താഴെ വീഴാതെ അതിനെ അവിടെയുറപ്പിച്ചു നിർത്തുന്നതെന്ന്. താനൊരു ഗാങ്സ്റ്റർ ആയി മാറിയതായി അയാൾക്കു തോന്നി. അതെ, ഒരു തോക്ക് കൈയ്യിലെത്തുന്നതോടെ പിന്നെയെല്ലാം അങ്ങിനെയാണ്.

തലേന്ന് രാത്രി ഗുണ്ടകൾ ആക്രമിച്ചപ്പോഴും അത് തന്റെ പോക്കറ്റിലുണ്ടായിരുന്നല്ലോയെന്ന് അപ്പോഴാണ് ഓർത്തത്. ഒന്നും വേണ്ടായിരുന്നു, വെറുതേ അതെടുത്ത് ചൂണ്ടിക്കാണിച്ചാൽ മതിയായിരുന്നു. അവർ ഓടിപ്പോയേനെ. അല്ലെങ്കിൽ അവരുടെ കൈയ്യിലുള്ള തോക്കുകളെടുത്ത് തന്നെ വെടി വച്ചേനേ. രണ്ടായാലും റസിയയ്ക്ക് തന്നോടുണ്ടായ പുച്ഛം ഒഴിവായിക്കിട്ടുമായിരുന്നു. എപ്പോഴും വൈകി വരുന്ന ആശയങ്ങളാല്ലോ തനിക്കെന്ന് വിചാരിച്ച് തോക്ക് തിരിച്ച് ഒളിപ്പിച്ചു വച്ചു.

ഇനിയും വൈകിയിട്ടില്ല. മല്ലയ്യയുടെ ഗുണ്ടകൾ ഇന്നു രാത്രിയും അവിടെ വഴിപോക്കരെ ഉപദ്രവിച്ചു കൊണ്ട് കടത്തിണ്ണയിലിരിക്കും. താൻ വരുന്നതും കാത്ത് റസിയ ജനലരികിൽ പഠിക്കുന്നതായി അഭിനയിച്ച് ഉറങ്ങാതിരിക്കും. ഗുണ്ടകൾ തന്നെ ഉപദ്രവിക്കാൻ ശ്രമിക്കും. അപ്പോൾ…അപ്പോൾ….

അപ്പോൾ മാന്ത്രികൻ തൊപ്പിയിൽ നിന്നും മുയലിനെ എടുക്കുന്നത് പോലെ തന്റെ കൈയ്യിൽ തോക്ക് പ്രത്യക്ഷപ്പെടും. ഒന്നും വേണ്ട, കാഞ്ചിയിൽ വിരലമർത്തി അവർക്കു നേരെ ചൂണ്ടിയാൽ മാത്രം മതി. ചിലപ്പോൾ അവർ തിരിച്ച് തോക്ക് ചൂണ്ടുമായിരിക്കും. എന്നെ വെടി വച്ചിടുമായിരിക്കും. അപ്പോഴും എന്റെ കൈയ്യിൽ മുറുക്കെപ്പിടിച്ച ഒരു ആയുധമുണ്ടാകും. റസിയാ…നിന്റെ പേടിത്തൊണ്ടൻ, നാണമില്ലാതെ അടിവാങ്ങി കിടന്നുറങ്ങുന്നവൻ നിന്റെ സ്വപ്നങ്ങളിലെ ധീരനായ നായകനാകും. ഇന്നു രാത്രി കൂടി നീ എനിക്കു വേണ്ടി ഉറങ്ങാതെ കാത്തിരിക്കൂ. അടുത്ത ദിവസം എന്നോട് ചോദ്യങ്ങൾ ചോദിക്കാതിരിക്കൂ. ഇന്നു രാത്രി കഴിയുമ്പോൾ മുതൽ ഞാൻ വെറുമൊരു പേടിത്തൊണ്ടൻ ക്ലർക്കല്ല. പകൽ ക്ലർക്കായും രാത്രി അപകടകാരിയായ ഗാങ്സ്റ്ററായും മാറുന്ന നായകനാണ്. ഒരു രാത്രി കൂടി, അത്ര മാത്രം.പാൻ ഷോപ്പ് അടയ്ക്കാൻ തുടങ്ങുകയായിരുന്നു. വേശ്യകളും ഹിജഡകളും ഇരകളെക്കാത്ത് ഇരുളിൽ നിരന്നു നിൽക്കുന്നു. രാത്രി കച്ചവടക്കാർ പോലീസ് റോന്തുചുറ്റൽ എന്ന ശല്യം കഴിയാൻ വേണ്ടി സഞ്ചികളുമായി അക്ഷമരായി. അൻസാർ പാൻ ഷോപ്പിൽ നിന്നും സിഗരറ്റ് വാങ്ങി കത്തിച്ചു. പ്രധാന വീഥിയിൽ വാഹനങ്ങളുടെ തിരക്കൊഴിഞ്ഞു തുടങ്ങി. എന്തോ ആരും തീ ചോദിച്ചു വന്നില്ല.

‘സാലേ…രാത്രിയായി..വീട്ടിലേയ്ക്ക് പോ….’

തന്റെ മുന്നിൽ നിർത്തിയ പോലീസ് ജീപ്പിനെ നിർവ്വികാരമായി നോക്കി അൻസാർ റോഡ് മുറിച്ചു കടന്ന് നടന്നു. വഴിവിളക്കുകൾ ചത്തുപോയ ഇടങ്ങളിൽ ഇരുട്ട് ഒട്ടും ഭയപ്പെടുത്തിയില്ല. കാലുകൾ എന്തോ തടയാൻ വേണ്ടി വെമ്പൽ കൊള്ളുന്നതു പോലെ.

‘ഡാ..ആരാ..നിക്കഡാ അവടെ…’

പ്രതീക്ഷിച്ച വിളി കേട്ടപ്പോൾ ഏതോ കീർത്തനം കേട്ടതുപോലെ ചെവികൾ പുളകം കൊണ്ടു. റസിയയുടെ മുറിയിൽ വെളിച്ചമുണ്ട്. അവൾ ജനൽ കർട്ടനു പിന്നിൽ നിന്ന് എല്ലാം കാണുന്നുണ്ടാകും.

ഗുണ്ടകൾ മീശ പിരിച്ച് അടുത്തു വന്നു. കഴുതപ്പുലികളെപ്പോലെ ഇരയെ വളയുന്നത് അവരുടെ ഒരു നിയമമാണെന്നു തോന്നുന്നു. അല്ലെങ്കിൽ സിനിമകളിൽ നിന്നും കിട്ടിയ പ്രചോദനം.

‘ഞാനാ…ഞാൻ…’ അൻസാർ ധൈര്യപൂർവ്വം പറഞ്ഞു.

‘ആഹ്..നീയോ…ശമ്പളം കിട്ടിയോടാ ബേൻ ചോദ്?’

‘ഉം…വാ..തരാം…’

അപ്പോൾ പിന്നിലൊളിപ്പിച്ച തോക്ക് അലറുന്നതു പോലെ തോന്നി. അവരിലൊരാൾ അടുത്തു വന്ന് രൂക്ഷമായി നോക്കി. ഒരു പേനാക്കത്തി കൊണ്ട് പുറം ചൊറിഞ്ഞു ചിരിച്ചു.

അപ്രതീക്ഷിതമായിരുന്നു പിന്നിൽ നിന്നുമുള്ള ഉന്ത്. അടി തെറ്റിപ്പോയി. അപ്പോഴേയ്ക്കും അവർ കൂടുതലടുത്തെത്തിയിരുന്നു. എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പ് അടി വീണു. അപ്പോൾ മുടിക്കുത്തഴിഞ്ഞു വീഴുന്നതു പോലെ തന്നിൽ നിന്നും എന്തോ ചോർന്നു പോകുന്നത് അൻസാർ മനസ്സിലാക്കി. അയാൾ മുട്ടുകുത്തിയിരുന്ന് കൈകൂപ്പി. ഇടത്തു നിന്നും വലത്തുനിന്നും വന്ന അടി എവിടെയൊക്കെ കൊണ്ടുവെന്നറിയാതെ നിലത്തു വീണു.

‘ഒന്നിനും കൊള്ളാത്ത പട്ടി…ഇവനെയൊക്കെ വെടി വച്ച് കൊല്ലണം’ പേഴ്സ് തുറന്നു നോക്കി അതിലൊന്നുമില്ലെന്ന് കണ്ട് വലിച്ചെറിഞ്ഞ ഒരു ഗുണ്ട പറഞ്ഞു. എന്നിട്ട് ഒരു തൊഴി കൂടി കൊടുത്ത് അവർ പോയി. ഒരുവിധത്തിൽ എഴുന്നേറ്റ് നിന്ന് റസിയയുടെ ജനാലയിലേയ്ക്ക് നോക്കിയപ്പോൾ അവിടെ വിളക്കണച്ചിരിക്കുന്നതായി കണ്ടു.

കുറച്ചകലെ, അരണ്ട വെളിച്ചത്തിൽ അത് പ്രണയഭംഗം സംഭവിച്ചതു പോലെ അനക്കമറ്റു കിടക്കുന്നു..

- ചന്ദ്രിക ആഴ്ചപ്പതിപ്പ്, ജൂൺ 2013
ഗ്യാങ്സ്റ്റർ ഗ്യാങ്സ്റ്റർ Reviewed by Jayesh/ജയേഷ് on November 28, 2012 Rating: 5

18 comments:

 1. കഥ നന്നായി . പരിസര ചിത്രീകരണം മനസ്സില്‍ കാണാന്‍ കഴിയും വിധം നന്നായി പറഞ്ഞു . ചില വാചകങ്ങള്‍ ആവര്‍ത്തിക്കുന്നു (ഉദാ: റസിയയുടെ മുറിയില്‍ ലൈറ്റ് ഉണ്ടായിരുന്നു , രണ്ടു തവണ അടുത്തടുത്ത പാരഗ്രാഫില്‍ പറയുന്നുണ്ട് ) . അതുപോലെ തോക്ക് കിട്ടിയ ഭാഗത്ത് ഒരു ക്ലാരിറ്റി കുറവുണ്ട് . ക്ലിമാക്സ്‌ നായകനെപ്പോലെ വേദി വെച്ചിടും എന്ന് കരുതി . പ്രതീക്ഷകള്‍ അസ്ഥാനത്താക്കി നല്ലൊരു ക്ലൈമാക്സ് .

  ReplyDelete
  Replies
  1. അനാമിക. തോക്ക് കിട്ടിയ ഭാഗത്ത് മന:പൂർവ്വം അല്പം ക്ലാരിറ്റി കുറച്ചതാണ്. കഴിഞ്ഞ ആറ് വർഷങ്ങളായി താമസിക്കുന്ന ഒരു സ്ഥലത്തിനെ വരച്ചിടാൻ പ്രയാസമില്ല. കഥയിലെ മല്ലയ്യ ഇവിടെയുള്ളയാളാണ്. ഗുണ്ട തന്നെ. അയാൾ തെലുങ്കൻ ആയതു കാരണം ഈ കഥ വായിച്ച് എന്നെ കൊല്ലില്ല :)

   Delete
 2. മുന്നിട്ടിറങ്ങുമ്പോള്‍ പിന്നോട്ടും നോക്കണം.
  നന്നായിട്ടുണ്ട് കഥ
  ആശംസകള്‍

  ReplyDelete
 3. എല്ലാവര്ക്കും എല്ലാത്തിനും പറ്റില്ല. ചിന്തിക്കാനും പറയാനും ഉപദേശിക്കാനും ആര്‍ക്കും പറ്റും. പ്രവര്‍ത്തിക്കാനാണ് പ്രയാസം. മറ്റുള്ളവരുടെ കാഴ്ചകള്‍ക്ക് അനുസരിച്ച് ജീവിക്കാനും പ്രയാസമാണ്. കഴിയാത്തത് നേടണമെന്ന് മോഹിക്കുമ്പോഴാണു കൂടുതല്‍ അപകടം.
  വളരെ നന്നായിരിക്കുന്നു.

  ReplyDelete
 4. ഫോണ്ട് സൈസ്‌ ഒന്ന് വലുതാക്കൂ.വായിക്കാന്‍ പ്രയാസം.

  ReplyDelete
  Replies
  1. ചേച്ചീ, എന്റെ ലാപ് ടോപ്പിൽ നന്നായി വായിക്കാൻ പറ്റുന്നുണ്ട്. എന്തായാലും ഫോണ്ട് മാറ്റിയിട്ടുണ്ട്. ഇപ്പോൾ എനിക്കെല്ലാം വെണ്ടക്കാ അക്ഷരത്തിൽ കാണാം

   Delete
  2. നന്ദി ജയേഷ്,ആദ്യം വല്ലാത്ത ബുദ്ധിമുട്ട് തോന്നി വായിക്കാന്‍.ജയേഷിന്റെ ഒരു കഥ അത് കാരണം വിട്ടു കളയാനും തോന്നിയില്ല. അതാ അങ്ങനെ പറഞ്ഞത്. നന്ദി ഈ കഥക്കും ഫോണ്ടിനും. ലാപ്പില്‍ എപ്പോഴും ഫോണ്ട് കുറച്ചു വലുതായി തോന്നും. പക്ഷെ ഡസ്ക് ആകുമ്പോള്‍ ഉറുമ്പ് കുഞ്ഞുങ്ങളെപ്പോലെ തോന്നും.

   Delete
  3. റോസാപ്പൂവെ,
   ഫോണ്ട് ചെറുതായിക്കാണുന്നുവെങ്കില്‍ കണ്‍ ട്രോള്‍ ബട്ടണും ‘+’ ബട്ടണും ഒന്നിച്ച് അമര്‍ത്തുക. ഫോണ്ട് സൂം ഇന്‍ ആകും. സൂം ഔട്ട് ആക്കണമെങ്കില്‍ ‘-’ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.

   Delete
 5. തങ്കപ്പൻ ചേട്ടാ, രാംജി മാഷേ...നന്ദി

  ReplyDelete
 6. കഥ നന്നായി ചേട്ടാ,
  ഇഷ്ടപ്പെട്ടു..

  ReplyDelete
 7. കഥയുടെ രണ്ടാംഭാഗത്തെ ആവർത്തനങ്ങളാണ് കൂടുതൽ ഇഷ്ടമായത്...
  കഥ ആകെ മൊത്തം ടോട്ടൽ എനിക്കങ്ങ് ഇഷ്ടമായി ജയേഷ്....

  ReplyDelete
 8. അൻസാർ ജയേഷെ,
  ആ തോക്ക് പൊടി തുടച്ചെടുത്തു വച്ചോ ക്രമേണ ശരിയാകും.

  ReplyDelete
 9. നന്നായിരിക്കുന്നു ജയേഷ്. നല്ല എഴുത്ത്...

  ReplyDelete
 10. പൊട്ടാത്ത തോക്കുകള്‍ കഥ പറയുന്നു .ഇടി കൊള്ളാതെ നോക്കിക്കോ മോനെ ജയേഷ് ..പിള്ളാര്‍ കളിച്ചിട്ടു കളഞ്ഞ തോക്കും കൊണ്ട് നടക്കുന്നു .ഹും

  ReplyDelete
 11. തോക്കും കയ്യില്‍ വെച്ച് അടിയും കൊണ്ട് വന്നിരിക്കുന്നു പ്യേടി, പ്യേടി,,,

  കഥ കൊള്ളാം കേട്ടോ,

  ReplyDelete
 12. ആ പ്രണയത്തിനു എന്ത് സംഭവിച്ചോ... കഥ നന്നായി കേട്ടോ...

  ReplyDelete
 13. കൊള്ളാം, നന്നായിട്ടുണ്ട്, ഒരു നിമിഷം ചിന്തകള്‍ കുറെ വര്ഷം പുറകിലോട്ട് പോയി!

  ReplyDelete
 14. Kadha peruthishtamaayi !

  Pinnoru kaariyam koodi, Jayesh Bhai, oru blog avumbo ingane eppozhum first class saadhanangal maathram share cheyyaruthu. Vallappozhumokke koothara kadhakalum koodi share cheythu eeyullavanu vimarshichu pandaaramadakkaan ulla avasaram undaakkitharanamennu kuzhithurunbu kaaranaaya our Malayali enna nilayill abhyardhikkunnu ! Abhivaadyangal !!!

  ReplyDelete