മത്തായിയുടെ സുവിശേഷം
ദീനാമ്മയുടെ കിടപ്പ് കണ്ടപ്പോൾ മത്തായിയ്ക്ക് സഹിച്ചില്ല. മൂത്രം ഇറ്റിറ്റായി വീഴുന്ന പ്ലാസ്റ്റിക് കൂട് കട്ടിലിന്റെ ഒരു കാലിൽ ഞാന്നു കിടക്കുന്നു. എപ്പോഴും നനവൂറുന്ന കണ്ണുകളുമായി ദീനാമ്മ കിടക്കുന്നു.

“ദീനാമ്മേ” മത്തായി വിളിച്ചു.

‘ഉം’ ഒരു ഞരക്കം ദീനാമ്മയിൽ നിന്നുമുണർന്നു.

“ദീനാമ്മയുടെ ഈ കിടപ്പ് കണ്ടിട്ട് എനിക്ക് സഹിക്കണില്ല….”

ഉരുൾ പൊട്ടി വന്ന കരച്ചിൽ ഒരു കൈ കൊണ്ട് തടുത്ത് മത്തായി വേദപുസ്തകം തുറന്ന് വായിച്ചു.

ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞതു എന്തു? നിന്റെ മേച്ചല്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നതു എന്തു?’

സങ്കീർത്തനങ്ങൾ 74:1

അപ്പോൾ ദീനാമ്മയുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു പ്രതികരണം വെളിപ്പെട്ടു. മത്തായി അത് ശ്രദ്ധിച്ചു.

“ദീനാമ്മേ…ഞാൻ പോയി നാളെ വരാം…”

ഞരക്കം.

വീട്ടിലേയ്ക്കു നടക്കുന്ന വഴി ദീനാമ്മയ്ക്കു വേണ്ടി ഒരു ദിവസം കൂടി ഉപവാസം ചെയ്യണമെന്ന് മത്തായി മനസ്സിലുറപ്പിച്ചു.

ദൈവമേ…ദീനാമ്മ….


ചുവരിൽ ഞാത്തിയിട്ടിരുന്ന കുരിശുരൂപത്തിനു് മുന്നിൽ നിന്ന് പ്രാർഥിച്ച ശേഷം മത്തായി കണ്ണുകൾ തുടച്ചു. ദു:ഖം മേഘങ്ങൾ പോലെ തലയ്ക്കു മുകളിൽ കനക്കുന്നത് അയാളെ വീണ്ടും കരയിച്ചു. കലങ്ങിയ കണ്ണുകളുമായി കുളിമുറിയിൽ ചെന്ന് മുഖം കഴുകി. രാവിലെ മുതൽ കരയുകയാണ്; മുഖം നീരു വന്നതു പോലെ വീർത്തിരിക്കുന്നു. കണ്ണുകൾ ചുവന്നിരിക്കുന്നു.

‘ദൈവമേ…’

മത്തായി പൊട്ടിപ്പൊട്ടിക്കരഞ്ഞു. കുളിമുറിയിലെ വഴുക്കുന്ന തറയിൽ നില തെറ്റാതിരിക്കാനായി വാഷ് ബേസിനിൽ പിടിച്ചു നിന്ന് കരഞ്ഞു. നെഞ്ചിൽ ഒരു കടലിരമ്പുന്നു. ശരീരം തളരുന്നു. ഒരു വിധത്തിൽ ഒന്നുകൂടി മുഖം കഴുകി കിടപ്പുമുറിയിലേയ്ക്ക് പോയി. മരണാനന്തര ചടങ്ങുകളിൽ മാത്രം ധരിക്കാറുള്ള പാന്റ്സും ഷർട്ടും ഇസ്തിരിയിട്ട് വച്ചിരുന്നത് അണിഞ്ഞു. കറുത്ത ഷർട്ടിൽ പരേതാത്മാക്കളുടെ വേദനകൾ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടെന്ന് തോന്നി.

വീണ്ടും ഒരു കരച്ചിലിനു ത്രാണിയില്ലാതെ മന്ദിച്ച ശിരസ്സുമായി മത്തായി വേദപുസ്തകമെടുത്ത് കണ്ണുകളടച്ച് ഒരു ഭാഗം തുറന്നു.

ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു.
ഞാന്‍ നിലയില്ലാത്ത ആഴമുള്ള ചേറ്റില്‍ താഴുന്നു; ആഴമുള്ള വെള്ളത്തില്‍ ഞാന്‍ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങള്‍ എന്നെ കവിഞ്ഞൊഴുകുന്നു.
എന്റെ നിലവിളിയാല്‍ ഞാന്‍ തളര്‍ന്നിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാന്‍ എന്റെ ദൈവത്തെ പ്രതീക്ഷിച്ചു എന്റെ കണ്ണു മങ്ങിപ്പോകുന്നു.
കാരണംകൂടാതെ എന്നെ പകെക്കുന്നവര്‍ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാന്‍ ഭാവിക്കുന്നവര്‍ പെരുകിയിരിക്കുന്നു; ഞാന്‍ കവര്‍ച്ചചെയ്യാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു.

സങ്കീർത്തനങ്ങൾ 69

‘പിതാവേ..എന്തിനിത്ര ദു:ഖം നീ ഞങ്ങൾക്കു തരുന്നു?’

നിറഞ്ഞ കണ്ണുകളോടെ മത്തായി വീടു പൂട്ടിയിറങ്ങി. വലിയ ചെറിയാച്ചന്റെ ശവമടക്ക് ഇന്നാണ്. മിനിയാന്ന് വൈകുന്നേരം പോലും വലിയ ചെറിയാച്ചന്റെ വീട്ടിൽ പോയി പ്രാർഥിച്ചതായിരുന്നു. കട്ടിലിൽ ശോഷിച്ച ഒരു രൂപമായി കിടക്കുന്ന ചെറിയാച്ചന്റെ മുഖത്ത് എങ്ങിനെയെങ്കിലും മരിച്ചാൽ മതിയെന്ന ഭാവമായിരുന്നു. പരസഹായമില്ലാതെ ഒന്ന് തിരിഞ്ഞു കിടക്കാൻ പോലും പറ്റാത്ത ആ അവസ്ഥയിൽ നിന്നും ചെറിയാച്ചൻ രക്ഷപ്പെടണമെന്ന് ഉള്ളുരുകി പ്രാർഥിച്ചു. ഇന്നലെ രാവിലെ പള്ളിയിൽ കൂട്ടമണി കേട്ടപ്പോൾ കരുതിയത് മാളികയിലെ ഔസേപ്പിന്റെ അമ്മച്ചി ദീനാമ്മയാണെന്നാണ്. കുറേ കാലമായല്ലോ ഒരേ കിടപ്പ് കിടക്കുന്നു. മലവും മൂത്രവും പോകാൻ വയറു തുളച്ച് റ്റ്യൂബിട്ടിരിക്കുകയായിരുന്നു. അമ്മച്ചി ആ ദുരവസ്ഥയിൽ നിന്നും രക്ഷപ്പെടട്ടേയെന്ന് എത്ര പ്രാർഥിച്ചിരിക്കുന്നു. പക്ഷേ നറുക്ക് വീണത് വലിയ ചെറിയാച്ചനും. പിന്നെ നടുവൊടിഞ്ഞ് തളർന്നു കിടക്കുന്ന കുന്നേലെ വർഗീസും വരിയിലുണ്ടായിരുന്നു. പക്ഷേ, വർഗീസിന്റെ മൂത്ത മകൻ ഫ്രാൻസിസ് കുറേ പൈസയൊക്കെ ചിലവാക്കി ചികിത്സിച്ച് അപ്പനെ വീൽ ചെയറിയിലാക്കിയെടുത്തു. വർഗീസിപ്പോൾ ഒന്നും സംഭവിക്കാത്തത് പോലെ വീടും ഭരിച്ച് സുഖമായിരിക്കുന്നു (അതോർത്തപ്പോൾ മത്തായിക്ക് വീണ്ടും കണ്ണു നിറഞ്ഞു. ഇനി മരണം വരെ ഒരു ഇരുചക്രവാഹനത്തിൽ!!! ഹോ…മാതാവേ…).

ദു:ഖിക്കാനിന്നിയെന്തുവേണം
ദു:ഖങ്ങൾ നിത്യനിദാനമല്ലോ
മനുഷ്യനെ കാണുവാൻ അവൻ വരുമ്പോൾ
വേണം, ദു:ഖങ്ങൾ പങ്കുവയ്ക്കാൻ
വേണം, ദു:ഖങ്ങൾ പങ്കുവയ്ക്കാൻ
പങ്കുവയ്ക്കാനിനി ദു:ഖമെന്ത്
ദു:ഖങ്ങൾ തന്നെയാ ദു:ഖങ്ങൾ…
ദു:ഖങ്ങൾ തന്നെയാ ദു:ഖങ്ങൾ…


മത്തായി പഴയൊരു പള്ളിപ്പാട്ട് ഓർത്തെടുത്തു. എത്ര അർഥപൂർണ്ണമായ വരികളെന്ന് മനസ്സിൽ പറഞ്ഞു. മിഴികൾ ഈറനണിഞ്ഞു…


     കറുത്ത കോട്ടും സ്യൂട്ടും ധരിച്ച് ശീതീകരിച്ച ശവപ്പെട്ടിയിൽ അന്തിയുറങ്ങുന്ന വലിയ ചെറിയാച്ചനെ ഒരു മാത്ര നോക്കിയതേയുള്ളൂ. വലിയ ചെറിയാച്ചൻ ആയ കാലത്ത് വലിയ പുള്ളിയായിരുന്നു. ഇഷ്ടം പോലെ റബ്ബർ എസ്റ്റേറ്റുകൾ, ഷാപ്പ് ലേലം, കുലശേഖരപുരത്ത് വാഴത്തോട്ടം, മൈസൂരിൽ മുന്തിരിത്തോട്ടം, പാലക്കാട്ട് നെൽ‌പ്പാടങ്ങൾ പാട്ടത്തിനെടുത്ത് കൃഷി, നെല്ലിയാമ്പതിയിൽ കപ്പലണ്ടി കൃഷി, പോരാത്തതിന് പട്ടണത്തിൽ നാല് വ്യാപാരസ്ഥാപനങ്ങൾ. പഴയൊരു വില്ലീസ് ജീപ്പിൽ വലിയ ചെറിയാച്ചൻ വരുന്നതൊന്ന് കാണണം. ഒരു മദയാനയുടെ വീര്യമായിരുന്നു. എന്നിട്ടെന്താ, പെട്ടെന്നൊരു ദിവസം അങ്ങ് വീണു. പിന്നെ എണീറ്റിട്ടില്ല. അഞ്ചാറു വർഷങ്ങൾ ഒരേ കിടപ്പ്. മക്കൾ എല്ലാവരും അപ്പന്റെ വഴിക്കുള്ളവരായതു കാരണം വ്യാപാരമെല്ലാം പഴയതിനേക്കാൾ നന്നായി നടന്നു. മൂത്ത മകൻ ഫിലിപ്പാണ് ഇപ്പോൾ ഇടവകയിലെ പ്രധാന പ്രമാണി. പള്ളിലച്ചൻ പോലും ഫിലിപ്പിനെ കണ്ടാൽ എഴുന്നേറ്റ് നിന്ന് ബഹുമാനം കാണിക്കും. അപ്പന്റെ മോൻ തന്നെ. ചെറിയവൻ നെപ്പോളിയൻ, അപ്പന്റെ ഷാപ്പ് ലേലം മാത്രം കൈകാര്യം ചെയ്ത് അത്യാവശ്യം വെട്ടും കുത്തുമായൊക്കെ രാജാവായി ജീവിക്കുന്നു. എന്നിട്ടെന്താ, കിടക്കുന്ന കിടപ്പ് കണ്ടില്ലേ…സഹിക്കാൻ പറ്റുമോ…..(മത്തായി അറിയാതെ പൊട്ടി മുളച്ച കണ്ണീർ ശകലം ആരുമറിയാതെ തുടച്ചു).

ചെറിയാച്ചനെ അവസാനമായി ഒരുനോക്കു കാണാൻ വരുന്നവർക്കായി മത്തായി ഒരോരത്തേയ്ക്ക് മാറി നിന്നു. വർഷങ്ങളായി എല്ലാ ദിവസവും താൻ ചെറിയാച്ചന്റെ മോചനത്തിനായി പ്രാർഥിച്ചിരുന്നല്ലോയെന്നോർത്തു. അപ്പോഴെല്ലാം ചെറിയാച്ചൻ തന്റെ മുഖത്ത് നോട്ടം തറപ്പിയ്ക്കുമായിരുന്നു. എന്തൊക്കെയോ പറയാനുള്ളത് പോലെ ചുണ്ടുകളിൽ നേർത്ത വിറയൽ കാണും. ചിലപ്പോൾ ഫിലിപ്പ് വീട്ടിലുണ്ടെങ്കിൽ അധിക നേരം അവിടെ ചിലവഴിക്കാതെ മത്തായി തിരിച്ചു വരും. ഒന്നുകിൽ ദീനാമ്മയുടെ മോചനത്തിനായി പ്രാർഥിക്കാൻ പോകും അല്ലെങ്കിൽ അവശരേയും അശരണരേയും ഈ ലോകത്തു നിന്നും മോചിപ്പിക്കണേയെന്ന് ഉള്ളുരുകി പ്രാർഥിക്കും.

‘മത്തായിച്ചാ…’

ഔസേപ്പായിരുന്നു അത്. അവന്റെ മുഖത്ത് വിഷാദമുണ്ടായിരുന്നു. സ്വന്തം അമ്മച്ചിയെ ഇങ്ങനെ ഒരവസ്ഥയിൽ നരകിക്കാൻ വിട്ട് വലിയ ചെറിയാച്ചനെ രക്ഷപ്പെടുത്തിയ ദൈവത്തിനോടുള്ള അരിശമായിരിക്കും അതെന്ന് മത്തായി മനസ്സിൽ വിചാരിച്ചു.

‘ഔസേപ്പേ’

‘എല്ലാരും വന്നില്യോ? ഇനിയെന്നാത്തിനാ?’ ഔസേപ്പ് ആരോടോയെന്ന പോലെ ചോദിച്ചു. മത്തായിക്ക് എല്ലാം മനസ്സിലായി. അപ്പോൾ പുറത്ത് ഒരു ആളനക്കം. പള്ളീലച്ചൻ അന്ത്യകൂദാശ ചൊല്ലാൻ വരുകയാണ്. മത്തായി അച്ചനെ സ്തോത്രം ചൊല്ലി സ്വീകരിച്ചു.

വലിയ ചെറിയാച്ചൻ കുഴിയിലേയ്ക്കുള്ള യാത്ര തുടങ്ങിയപ്പോൾ സങ്കടം സഹിക്കാൻ കഴിയാതെ മത്തായി ആരും കാണാതെ വിങ്ങി. ദീനാമ്മയുടെ മുഖം ഓർമ്മ വന്നു. വർഗീസിന്റെ മുഖം ഓർമ്മ വന്നു. ഇനിയും വയ്യാതെ കിടന്ന് നരകിക്കുന്നവരെ ഓർത്തു. ഔസേപ്പ് സെമിത്തേരിയിലേയ്ക്കില്ലെന്ന് പറഞ്ഞു. അവന് സെമിത്തേരി കാണുന്നത് ഇഷ്ടമല്ല.

‘അദ് പിന്നേ മത്തായിച്ചാ…അമ്മച്ചീനെ ഞാൻ എറണാകുളത്ത് കൊണ്ടോയി ചികിത്സിക്കാൻ പോകേണ്…അവിടാകുമ്പം ങാ ഇത്തിരി പൈസാ പൊടിഞ്ഞാലുമെന്നാ, ഉഗ്രൻ ചികിത്സയല്യോ…’

ഒരു നടുക്കത്തോടെയാണ് മത്തായി ആ വാക്കുകൾ സ്രവിച്ചത്.

‘മോനേ..അമ്മച്ചീനെ ഇങ്ങനെ കിടത്തി നരകിപ്പിക്കാതെ വേഗമങ്ങ് പരമാത്മാവിലലിയാൻ വേണ്ടി പ്രാർഥിക്കുകയല്ലേ വേണ്ടത്?’

ഔസേപ്പ് ഒരു രൂക്ഷനോട്ടം അയച്ച് എങ്ങോട്ടോ പോയി.

മത്തായിയ്ക്ക് വീണ്ടും ദു:ഖം വന്നു. നെഞ്ചിൽ ഒരു കുടം തകർന്നതു പോലെ. ഇതിനാണോ ദിവസവും താൻ ഉള്ളുരുകി പ്രാർഥിച്ചത്? ഇതിനാണോ താൻ ഉപവാസമെടുത്തത്? മൂന്ന് വർഷങ്ങൾ മുടങ്ങാതെ വെള്ളിയാഴ്ച ഉപവാസമിരുന്നാണ് വലിയ ചെറിയാച്ചനെ ഒരു വിധത്തിൽ മോചിപ്പിച്ചത്. ദീനാമ്മയ്ക്കു വേണ്ടി എല്ലാ തിങ്കളാഴ്ചയും ഉപവാസമിരിക്കുന്നുണ്ട്. ഇപ്പോൾ ചൊവ്വാഴ്ചയും ഉപവാസമാണ്…ദീനാമ്മയ്ക്കു വേണ്ടി…വർഗീസിനു വേണ്ടിയുള്ള ഉപവാസം തുടങ്ങിക്കഴിഞ്ഞു. എന്നിട്ടിപ്പോൾ ഇതാ ഒരാൾ…

കണ്ണീർ അടക്കാനാകാതെ വന്നപ്പോൾ മത്തായി വീടിന്റെ പിന്നാമ്പുറത്തേയ്ക്കോടി. അവിടെയൊരു വാഴയുടെ മറവിൽ നിന്ന് കരഞ്ഞു. വാവിട്ടു കരഞ്ഞു. അതു കേട്ട് വാഴത്തലപ്പിലിരിക്കുകയായിരുന്ന ഒരു കാക്കയും ഒപ്പം കരഞ്ഞു.

എന്നിട്ടയാൾ ഒരിക്കൽക്കൂടി വലിയ ചെറിയാച്ചന്റെ ആത്മാവിനായി പ്രാർഥിച്ച് വീട്ടിലേയ്ക്ക് മടങ്ങി.

     എങ്ങിനെയെങ്കിലും പോയിക്കിട്ടിയാൽ മതിയെന്ന ഭാവത്തോടെ കിടക്കുന്ന ദീനാമ്മയെ കണ്ടപ്പോൾ മത്തായിയ്ക്ക് എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു. ദീനാമ്മേയെന്ന് ഉറക്കെ വിളിച്ച് കരഞ്ഞു. പാപികളും ദുഷ്ടന്മാരും പന പോലെ വളരുന്ന ഈ ലോകത്ത്, സുഖിമാന്മാരുടെ ചതിക്കുഴികൾ നിറഞ്ഞ ഈ ലോകത്ത് എന്തിനാ ദീനാമ്മേ നീ തിരിച്ചു വരാനാഗ്രഹിക്കുന്നത്..എന്റെ പ്രാർഥന നിന്റെ മോചനത്തിനു വേണ്ടിയല്ലേ…ദീനാമ്മേ ദീനാമ്മേ….

അടുത്ത ദിവസം ഔസേപ്പ് ദീനാമ്മയെ എറണാകുളത്തേയ്ക്ക് കൊണ്ടുപോയി. വലിയൊരു ആംബുലൻസിൽ കിടത്തിയായിരുന്നു ദീനാമ്മയെ കൊണ്ടുപോയത്. പോകുന്നതിനു മുമ്പേ മത്തായി അവിടെ ചെന്ന് പ്രാർഥിച്ചു. എന്നിട്ട് സ്വകാര്യമായി ദീനാമ്മയുടെ ചെവിയിൽ പറഞ്ഞു “പേടിക്കണ്ട ഈ യാത്ര നിന്റെ മോചനത്തിലേയ്ക്കുള്ളതാണെന്ന് വിചാരിക്കുക. ദയാലുവായ യഹോവ നിന്റെ പ്രാർഥന കേൾക്കാതിരിക്കില്ല..”

ദീനാമ്മ ദൈന്യം നിറഞ്ഞ കണ്ണുകളുമായി മത്തായിയെ നോക്കി. അത് എന്നത്തേയും പോലെ ദുരൂഹമായിരുന്നു.

മത്തായിക്ക് ദു:ഖം നിറഞ്ഞ് പിന്നീടൊന്നും പറയാൻ പറ്റാത്ത നിലയിലായി.

ദു:ഖങ്ങൾ നമ്മളെ തേടിയെത്തും
കണ്ണീർ പൊഴിക്കുവാൻ
വിണ്ണിൽ നോക്കി നാം
തേടിത്തേടിയലയുന്നൂ
ദു:ഖങ്ങൾ നമ്മളെ തേടിയെത്തും…

ആശാവഹത്തിന്റെ കണ്ണുനീർ തുള്ളികൾ
ജന്മങ്ങളായി നാം കുടിക്കുന്നുവോ
ആത്മാവിൽ നിറയും ദു:ഖം..
ആത്മാവിൽ നിറയും ദു:ഖം..
നാം നമ്മളെത്തേടിയലയും
ദു:ഖം നമ്മളെ തേടിയെത്തും…

നെറ്റിയിൽ മിന്നിത്തെളിയുന്ന ചുവന്ന വെളിച്ചവും കാതടപ്പിക്കുന്ന സൈറനുമായി ആംബുലൻസ് എറണാകുളം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയപ്പോൾ മത്തായി കണ്ണുകളടച്ച് വേദപുസ്തകം തുറന്നു..


ചേറ്റിൽനിന്നു എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ; എന്നെ പകെക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ വിടുവിക്കേണമേ.

ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴി എന്നെ അടെച്ചുകൊള്ളുകയുമരുതേ.

സങ്കീർത്തനങ്ങൾ 69

“ദീനാമ്മയെ അങ്ങെടുത്തോളേണമേ…“

മത്തായി കൂട്ടിച്ചേർത്തു….

മത്തായിയുടെ സുവിശേഷം മത്തായിയുടെ സുവിശേഷം Reviewed by Jayesh/ജയേഷ് on March 14, 2013 Rating: 5