മൂന്ന് കൊലപാതകകഥകൾ (ഒരു ചോദ്യവും) *
റഷ്യ, ഒരു മഞ്ഞുകാലം


പതിനെട്ടാം നൂറ്റാണ്ടിൽ പീറ്റർ രണ്ടാമന്റെ മരണത്തിന് ശേഷം അന്ന ഇവാനോവ്ന അധികാരത്തിലെത്തിയ സമയത്തായിരുന്നു ഇവാൻ മാകോവിച്ച് എന്ന സീരിയൽ കില്ലർ റഷ്യയെ നടുക്കിയത്. കാതറീൻ ചക്രവർത്തിനിയുടെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഇവാൻ വളരെ ഉൾവലിഞ്ഞ പ്രകൃതക്കാരനായിരുന്നു. അയാൾ ആരുമായും വലിയ സൌഹൃദം കാത്തുസൂക്ഷിച്ചിരുന്നില്ല. ചിലപ്പോഴെല്ലാം, ഭ്രാന്തമെന്ന് തോന്നുന്ന വിധം മറ്റുള്ളവരെ അരോചകപ്പെടുത്തുമായിരുന്നു അയാൾ. അങ്ങിനെയിരിക്കേ ഒരു ദിവസം കൊട്ടാരത്തിലെ കാവൽക്കാരുമായി വഴക്കിട്ടതിന് ഇവാൻ തടവറയിലടയ്ക്കപ്പെട്ടു. വിചാരണയൊന്നും കൂടാതെ, കൊട്ടാരത്തിന്റെ കാവലിന്റെ മേൽനോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ അയാളെ ആദ്യം മർദ്ദിക്കുകയും പിന്നീട് തടവറയിലാക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവാൻ മാനസികരോഗിയാണെന്ന് വരുത്തിത്തീർക്കാൻ അവർക്കായി. അങ്ങിനെ ജോലിയിൽ നിന്നും പിരിച്ചു വിടപ്പെട്ട ഇവാൻ ഒരു ആശുപത്രിയിൽ ചികിത്സയെന്ന പേരിൽ ജീവപര്യന്തം തടവനുഭവിച്ച് വരുകയായിരുന്നു.

ആ സമയത്തായിരുന്നു കാതറീൻ ചക്രവർത്തിനിയുടെ മരണവും പീറ്റർ രണ്ടാമന്റെ സ്ഥനാരോഹണവും. റഷ്യ നടുക്കത്തിനും പുതിയ ഉണർവിനും ഇടയിലായിരുന്നു. ബാലനായ പീറ്റർ രണ്ടാമൻ അധികാരത്തിലെത്തുന്നതിന്റെ അസ്വഥതകൾ ആയിരുന്നു ആയിടയ്ക്ക് സെന്റ് പീറ്റേഴ്സ്ബർഗിലെ പ്രധാന ചർച്ചാ വിഷയം. അങ്ങിനെ ചൂട് പിടിച്ച ചർച്ചകൾ നടക്കുന്നതിനിടയിൽ ഇവാൻ മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടു. സ്വന്തം രൂപം തന്റെ കാമുകിയായിരുന്ന വെറോനിക്കയ്ക്ക് പോലും തിരിച്ചറിയാനാവാത്ത വിധം മാറ്റിയെടുത്ത ഇവാൻ കുറച്ചു വർഷങ്ങൾ ആരുടേയും കണ്ണിൽ പെടാതെ ജീവിച്ചു. പീറ്റർ രണ്ടാമന്റെ അകാലമരണം ഏൽ‌പ്പിച്ച ആഘാതത്തിൽ സെന്റ് പീറ്റേഴ്സ്ബർഗ് നടുങ്ങിയ അവസരത്തിൽ ഇവാൻ തന്റെ ആദ്യത്തെ കൊലപാതകം ചെയ്തു. അത് മറ്റാരുമായിരുന്നില്ല; ആ മേലുദ്യോഗസ്ഥൻ തന്നെ.

പിന്നീട് ദിവസേനയെന്ന കണക്കിൽ ഇവാൻ ആളുകളെ കൊന്ന് തള്ളി. നഗരത്തിന്റെ ഏത് മൂലയിലും എപ്പോൾ വേണമെങ്കിലും ഒരു ജഢം പ്രതീക്ഷിക്കാമെന്ന അവസ്ഥയിലെത്തി. ഉന്നത ഉദ്യോഗസ്ഥർ മുതൽ ഭിക്ഷക്കാർ വരെ ഇവാന്റെ പകയ്ക്ക് ഇരയായി. എന്നിട്ടും ആർക്കും ഒരു ഊഹത്തിലും എത്തിച്ചേരാൻ കഴിയാത്ത വിധമായിരുന്നു ഇവാന്റെ പ്രവർത്തികൾ. ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്ന് വൈദ്യന്മാർ വിധിയെഴുതിയ ഇരുപത്തിയേഴ് മരണങ്ങൾ നടന്നത് ഇവാന്റെ കരങ്ങളിലൂടെയായിരുന്നു.

ആദ്യമെല്ലാം നഗരത്തിൽ നടക്കുന്ന അസ്വാഭാവികമരണങ്ങളെ കാര്യമായി എടുക്കാത്ത ചക്രവർത്തിനിയെ ഞെട്ടിച്ച സംഭവമായിരുന്നു കൊട്ടാരത്തിലെ പ്രധാന ഉദ്യോഗസ്ഥന്മാരിലൊരാളായ നിക്കോളിന്റെ ദാരുണമായ കൊലപാതകം. തല അറുത്ത് മാറ്റിയ നിലയിൽ കാണപ്പെട്ട നിക്കോളിന്റെ ശരിരം മുഴുവൻ കൂർത്ത ആയുധം കൊണ്ട് കീറിമുറിച്ചിരുന്നു. ക്രൂരതയുടെ പാരമ്യം എന്നായിരുന്നു ചക്രവർത്തിനി അതിനെ വിശേഷിപ്പിച്ചത്. അതിനെത്തുടർന്ന് നഗരത്തിലെ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു പ്രത്യേകസംഘത്തിനെ നിയമപ്പെടുത്തി. പക്ഷേ ഇവാനെപ്പോലെയുള്ള കൌശലക്കാരനെ പിടികൂടുക അത്ര എളുപ്പമല്ലായിരുന്നു. അന്വേഷണസംഘം ഇരുപത്തിനാല് മണിക്കൂറും നഗരം നിരീക്ഷിക്കുമ്പോഴും നേരം വെളുക്കുമ്പോൾ ഏതെങ്കിലും ഒരു മൂലയിൽ നിന്നും ഒരു ജഢം കിട്ടുമായിരുന്നു. പരിഭ്രാന്തിയിലായ ജനം വീടുകളിൽ നിന്നും പുറത്തിറങ്ങാൻ മടിച്ചു. ഒരോ രാത്രിയും തങ്ങളുടെ അവസാനത്തെ രാത്രിയാണെന്ന് ചിന്തയിൽ അവരുടെ ഉറക്കം മുടങ്ങി. ഏത് നിമിഷവും മരണത്തിനെ നേരിടാൻ അവർ മാനസികമായി തയ്യാറായി. റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീതി നിറഞ്ഞ നാളുകളായിരുന്നു അത്.

അതേ സമയം ഇവാനാകട്ടെ തന്റെ കാമുകിയായ വെറോണിക്കയുമായിയുള്ള അടുപ്പം പുതുക്കി അവളുടെയൊപ്പം ജീവിക്കാനാരംഭിച്ചു. താനാണ് കൊലപാതകങ്ങളെല്ലാം ചെയ്യുന്നതെന്ന് അവൾ ഒരിക്കലും അറിയാതിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു. പകൽ നേരങ്ങളിൽ ഒരു സാധാരണക്കാരനെപ്പോലെ കൂലിയ്ക്ക് കത്തെഴുതിക്കൊടുക്കുന്നതായിരുന്നു അയാളുടെ ജോലി. വേറോണിക്കയുമായി സമയം ചിലവഴിച്ചും രാത്രികാലങ്ങളിൽ ചോരയുടെ ഗന്ധം തേടിയലയുന്ന ചെന്നായായും അയാൾ ജീവിതം തുടർന്നു.

കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് തന്നെ അയാളുടെ കൈപ്പടയും ഭാഷാനൈപുണ്യവും ശ്രദ്ധേയമായിരുന്നു. ഒരു ദിവസം ഇവാൻ എഴുതിക്കൊടുത്ത ഒരു കത്ത് അന്വേഷണസംഘത്തിന് കിട്ടുകയും കൈപ്പട വച്ച് അത് ഇവാൻ ആണെന്ന് അവർ തിരിച്ചറിയുകയും ചെയ്തു. മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട ഇവാനെ പിടികൂടാൻ അവർ തീരുമാനിച്ചു. വേഷപ്രച്ഛന്നരായി ഇവാന്റെയടുത്ത് കത്തെഴുതിക്കാനെന്ന വ്യാജേന ചെന്ന അവർ അയാളുടെ രൂപമാറ്റം കണ്ട് അമ്പരന്ന് പോയി (പിന്നീട് ഷെർലക് ഹോംസ് എന്ന കുറ്റാന്വേഷകൻ ഇവാന്റെ രീതികൾ പിന്തുടർന്നിട്ടുള്ളതായി പറയപ്പെടുന്നു. അവർ ഇവാനെ അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് നഗരത്തിലെ കൊലപാതകങ്ങൾ അവസാനിച്ചിരിക്കുന്നതായി അവർ ശ്രദ്ധിച്ചത്. സംശയം തോന്നിയ അവർ ഇവാനെ ചോദ്യം ചെയ്തു. ക്രൂരമായ ചോദ്യം ചെയ്യലിൽ ഇവാൻ എല്ലാം താനാണ് ചെയ്തതെന്ന് സമ്മതിച്ചു. അതിനകം 532 കൊലപാതകങ്ങൾ ആ ചുരുങ്ങിയ കാലയളവിൽ ഇവാൻ ചെയ്തിട്ടുണ്ടായിരുന്നു. ചക്രവർത്തിനി ഇവാനെ തൂക്കിക്കൊല്ലാൻ വിധിച്ചു. മൂന്ന് മാസവും നാല് ദിവസവും കഴിഞ്ഞപ്പോൾ ഇവാൻ തൂക്കിലേറ്റപ്പെട്ടു.

അതിനകം ഇവാൻ നഗരത്തിലെ ചർച്ചാവിഷയമായി മാറിയിരുന്നു. വേഷം മാറി നടക്കുന്നതിലേയും കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതിലേയും വൈദഗ്ധ്യം ഏവരേയും അമ്പരപ്പിച്ചു. ദിവസങ്ങൾക്കകം ഒരു സീരിയൽ കില്ലർ എന്ന നിലയിൽ നിന്നും റഷ്യ കണ്ട ഏറ്റവും കിറുക്കനും ബുദ്ധിമാനുമായ മനുഷ്യൻ എന്ന പേരിൽ ഇവാൻ ചർച്ച ചെയ്യപ്പെടാൻ തുടങ്ങി.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് ശേഷം ഇവാന് അത്മീയ ഉപദേശങ്ങൾ നൽകാൻ പോയിരുന്ന പാതിരി ഇവാനുമായുള്ള സംഭാഷണങ്ങൾ ഡയറിക്കുറിപ്പുകളായി സൂക്ഷിച്ചിരുന്നു.

പിൽക്കാലത്ത് ലോകപ്രശസ്തനായി മാറിയ ഫയദർ ദസ്തേവ്സ്കി എന്ന എഴുത്തുകാരൻ പോലും ഇവാന്റെ ആരാധകനായിരുന്നു എന്ന് പറയപ്പെടുന്നു. തന്റെ പ്രശസ്തമായ ‘കുറ്റവും ശിക്ഷയും‘ എന്ന നോവലിലെ പ്രധാന കഥാപാത്രത്തിന്റെ രൂപീകരണത്തിൽ ഇവാന്റെ സ്വാധീനമുണ്ടെന്ന് അദ്ദേഹം തന്റെ കാമുകിയോട് പറയുമായിരുന്നത്രേ.

‘‘അന്നേ വരെ റഷ്യ കണ്ടതിൽ വച്ച് ഏറ്റവും ഉൾവലിഞ്ഞ മനുഷ്യൻ’ എന്നായിരുന്നു ദസ്തേവ്സ്കി ഇവാനെ വിശേഷിപ്പിച്ചത്.

ഇവാന്റെ ജീവിതകഥ പാതിരിയുടെ ഡയറിക്കുറിപ്പുകളുടെ സഹായത്തോടെ എഴുതിയ കുറ്റത്തിന് വിക്തർ പാവൊവിച്ച് എന്ന എഴുത്തുകാരൻ ശിക്ഷിക്കപ്പെട്ടിരുന്നു. ആജീവനാന്തം എഴുത്തിൽ നിന്നും വിലക്കുന്നതായിരുന്നു ശിക്ഷ. മനം നൊന്ത അയാൾ ആത്മഹത്യ ചെയ്തു. എങ്കിലും അയാളുടെ പുസ്തകം രഹസ്യമായി റഷ്യയിൽ പ്രചരിച്ചിരുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ലോകമെങ്ങും പരിഭാഷപ്പെടുത്തപ്പെട്ട ആ പുസ്തകത്തിന്റെ പേരാണ് ‘ഇവാന്റെ അമ്മ’.

നോബൽ സമ്മാനം നേടിയ ഏണസ്റ്റ് ഹെമിങ് വേ പറഞ്ഞു: ‘കാളപ്പോരിനേക്കാൾ ഉജ്വലമാണ് ഇവാന്റെ ജീവിതം’.

**************

കൊളമ്പിയ, ഒരു വേനൽക്കാലം

പാബ്ലോ എസ്കോബാർ കൊളമ്പിയ അടക്കി വാണിരുന്ന കാലം. ബൊഗോട്ടയിൽ കൊലപാതകങ്ങളും ഗുണ്ടകളുടേയും മയക്കുമരുന്ന് കള്ളക്കടത്തുകാരുടേയും വഴക്കുകൾക്കിടയിൽ ദിവസേന കൊല്ലപ്പെടുന്നവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതായിരുന്നു. അതിനിടയിൽ ആരാരും ശ്രദ്ധിക്കപ്പെടാതെ പോയ കൊലപാതകങ്ങളും നടക്കുന്നുണ്ടായിരുന്നു. അങ്ങിനെ ഒന്നായിരുന്നു വീട്ടമ്മമാരെ ദാരുണമായി കൊല ചെയ്യുന്ന അലജാണ്ട്രോയുടേതും. ബൊഗോട്ട യൂണിവേഴ്സിറ്റിയിൽ വിദ്യാർഥി ആയിരുന്ന അലജാണ്ട്രോ ചെറുപ്പം മുതലേ വിചിത്രമായ സ്വഭാവം പ്രകടിപ്പിക്കുന്നയാളായിരുന്നു. ആരുമായും അധികം സംസാരിക്കാത്ത അയാൾ ഓന്തുകളേയും വിഷപ്പാമ്പുകളേയും കൊല്ലുന്നത് ഹരമായി കണ്ടു. കോളേജിൽ എത്തിയ അദ്യവർഷം അയാൾക്ക് മെലേന എന്ന പെൺകുട്ടിയുമായി പ്രണയമായി. അവളാകട്ടെ മറ്റൊരാളുമായി വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. അലജാണ്ട്രോ അവളുടെ നിരാസത്തിനെ അത്ര കാര്യമായി എടുത്തിരുന്നില്ല. പക്ഷേ, ഒരു ദിവസം എല്ലാവരേയും ഞെട്ടിപ്പിച്ചു കൊണ്ട് മെലേനയുടെ ജഢം ഒരു പുഴക്കരയിൽ കണ്ടെത്തി. അലജാണ്ട്രോയെ ആരും സംശയിച്ചില്ല. പക്ഷേ പിന്നീട് നഗരത്തിൽ തുടർച്ചയായി അലജാണ്ട്രോ കൊലപാതകങ്ങൾ നടത്തി. ഭീതിതമായ അവസ്ഥ ആദ്യം മുതലേയുണ്ടായിരുന്ന ബൊഗോട്ടയിൽ അതെല്ലാം ശ്രദ്ധിക്കപ്പെടാതെ പോയി. അതിനിടെ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ അലജാണ്ട്രോ എസ്കോബാറിന്റെ സംഘത്തിലെ ഒരാളെ പരിചയപ്പെട്ടു. മയക്കുമരുന്നിന് പകരം അയാൾ പറയുന്നതെല്ലാം ചെയ്യാൻ അലജാണ്ട്രോ തയ്യാറായിരുന്നു. അധോലോകത്തിലെ ഒരു പുത്തൻ അദ്ധ്യായം ആകുകയായിരുന്നു അലജാണ്ട്രോ. ക്രൂരതയുടെ കാര്യത്തിൽ എസ്കൊബാറിനെപ്പോലും അയാൾ ഞെട്ടിച്ചു. എതിരാളിയുടെ തല വെട്ടിയെടുത്ത് പന്ത് കളിക്കുന്ന അലജാണ്ട്രോയെ ഹിറ്റ്ലറേക്കാൾ ക്രൂരൻ എന്നായിരുന്നു എസ്കോബാർ വിശേഷിപ്പിച്ചത്.

പോലീസിന്റെ നോട്ടപ്പുള്ളി ആയതിനു ശേഷം അലജാണ്ട്രോയ്ക്ക് തന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അല്പം ബുദ്ധിമുട്ടുണ്ടായി. അയാൾ വേഷം മാറി നടക്കാൻ തുടങ്ങി. വേഷം മാറുന്നതിൽ അതിവിദഗ്ധനായിരുന്ന അയാളെ പലപ്പോഴും എസ്കോബാർ പോലും തിരിച്ചറിഞ്ഞില്ല. പിന്നീട് അലജാണ്ട്രോ മയക്കുമരുന്ന് സംഘങ്ങളുമായുള്ള ബന്ധങ്ങൾ എല്ലാം ഉപേക്ഷിച്ച് ചിലിയിലേയ്ക്ക് പോയി. അവിടെ അപ്പോൾ പിനോഷേയുടെ കിരാതഭരണം നടക്കുകയായിരുന്നു. അലജാണ്ട്രോ തന്റെ രൂപം മാറാനുള്ള കഴിവ് ഉപയോഗിച്ച് പണക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത് ജീവിച്ചു. പിനോഷെയുടെ കൂട്ടാളികൾക്കു വേണ്ടി രാഷ്ട്രീയകൊലപാതകങ്ങൾ ചെയ്യുന്നതിനിടയിൽ വീട്ടമ്മമാരെ കൊലപ്പെടുത്തുന്നതും അയാൾക്ക് ക്രൂരമായ വിനോദമായിരുന്നു. അയാളെക്കുറിച്ച് പത്രവാർത്തകൾ വന്നു. എന്നാലും കൃത്യമായ ഒരു ഫോട്ടോ ആർക്കും ലഭിക്കാത്തതിനാൽ അയാൾ സ്വതന്ത്രനായി ചിലിയിൽ ജീവിച്ചു. അതിനിടയിൽ മരിയാ എന്നൊരു തുന്നൽക്കാരിയുമായി അയാൾ പ്രണയത്തിലകപ്പെട്ടു. അലജാണ്ട്രോയുടെ അന്നുവരെയുള്ള ജീവിതത്തിൽ നിന്നും എല്ലാം വേർപെട്ട് അയാൾ മരിയയോടൊപ്പം ജീവിക്കാൻ ആഗ്രഹിച്ചു. അവർ വിവാഹിതരായി.

പിന്നീടായിരുന്നു അലജാണ്ട്രോയുടെ യഥാർഥ മുഖം പുറത്തു വന്നത്. ജീവിതച്ചിലവിന് വഴിയില്ലാതെ അയാൾ വീണ്ടും കൊലപാതകങ്ങൾ ചെയ്യാൻ തുടങ്ങി. അതിലൊന്നായിരുന്നു ചിലിയിലെ പണക്കാരിലൊരാളായ റോഡിഗ്യൂസിന്റെ കൊലപാതകം. റോഡിഗ്യൂസിന്റെ ശരീരം പല കഷ്ണങ്ങളായി മുറിച്ച് നഗരത്തിന്റെ പല ഭാഗങ്ങളിൽ കെട്ടിത്തൂക്കിയിടുകയായിരുന്നു അയാൾ ചെയ്തത്. അതോടെ അലജാണ്ട്രോ കുപ്രസിദ്ധനായി. റോഡ്രിഗ്യൂസിന്റെ കൂട്ടാളികൾ അലജാണ്ട്രോയെ കൊല്ലാൻ തിട്ടമിട്ടു. അലജാണ്ട്രോ അമേരിക്കയിലേയ്ക്ക് ഒളിച്ചോടാനുള്ള ശ്രമം നടത്തി. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല. എല്ലായിടത്തും അയാളെ റോഡിഗ്യൂസിന്റെ ആളുകൾ തുരത്തി. അവസാനം ഒരു ഏറ്റുമുട്ടലിൽ അലജാണ്ട്രോ കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ടത് അലജാണ്ട്രോ ആയിരുന്നെന്ന് ആരും ആദ്യം മനസ്സിലാക്കിയില്ല. വേഷം മാറിയിരുന്ന അയാൾ ക്യൂബൻ വിപ്ലവകാരിയാണെന്നാണ് ആദ്യം തെറ്റിദ്ധരിക്കപ്പെട്ടത്. പിന്നീട് വിശദമായ പരിശോധനക്കിടയിലാണ് മരിച്ചത് അലജാണ്ട്രോ തന്നെയാണെന്ന് തീർച്ചപ്പെടുത്തിയത്. അലജാണ്ട്രോയെക്കുറിച്ച് മരിയ എഴുതിയ ഓർമ്മക്കുറിപ്പുകൾ പിന്നീട് ലാറ്റിൻ അമേരിക്കയിൽ പ്രസിദ്ധമായി. അലജാണ്ട്രോ ഒരു കൊലപാതകിയായിരുന്നില്ലെങ്കിൽ എന്റെ സിനിമകളിലെ പ്രധാന മേക്ക് അപ്പ് മാൻ ആയിരുന്നേനേ എന്ന് പിന്നീട് ആൽഫ്രഡ് ഹിച് കോക്ക് അഭിപ്രായപ്പെട്ടു.

അലജാണ്ട്രോയെക്കുറിച്ച് മരിയയുടെ ഓർമ്മകൾ രേഖപ്പെടുത്തിയ പുസ്തകമാണ് ‘എന്റെ അലജാണ്ട്രോ’.
************


മഴക്കാലത്തെ ഒരു ദിവസം

ഇവാന്റേയും അലജാണ്ട്രോയുടേയും കഥകൾ വായിച്ച് അയാൾ ഈർപ്പം നിറഞ്ഞ ദിവസത്തിന്റെ ഇരുളിൽ ചാരുകസേരയുടെ സൌഖ്യത്തിൽ ഇനിയെന്ത് എന്നാലോചിച്ചിരുന്നു. മഴ പെയ്യാൻ തുടങ്ങിയിട്ട് മൂന്ന് ദിവസങ്ങളായിരുന്നു. നഗരത്തിലെ വീഥികൾ പുഴകളായി മാറിയിരുന്നു. കാലവർഷക്കെടുതിയെക്കുറിച്ചുള്ള വാർത്തകൾ കൊണ്ട് റേഡിയോയും ടെലിവിഷനും നിറഞ്ഞു. പത്രങ്ങൾ മരണസംഖ്യകൾ എണ്ണുന്ന തിരക്കിൽ മുഴുകി. മഴ തിമിർത്ത് പെയ്തുകൊണ്ടിരുന്നു.

എന്നിട്ടയാൾ പെൻ സിലും കടലാസും എടുത്തു (എപ്പോഴും ചെത്തിക്കൂർപ്പിക്കുന്നതിന്റെ സുഖം കാരണം അയാൾ പെൻസിൽ ഉപയോഗിക്കുന്നു)

ഇവാനും അലജാണ്ട്രോയും തമ്മിൽ ഒരു താരതമ്യപഠനം ആയിരുന്നു ഉദ്ദേശ്യം (ഒരു വാടകക്കൊലയാളി എന്ന നിലയ്ക്ക് ഇത്തരം പഠനങ്ങൾ വളരെ സഹാകമായിട്ടുണ്ടെന്ന് വലിയ വലിയ കൊലപാതകികൾ പറഞ്ഞ് കേട്ടിട്ടുണ്ട്.

ഇവാൻ
അലജാണ്ട്രോ
കൊലപാതകങ്ങളുടെ തുടക്കം ഒരു തരം മാനസികസമ്മർദ്ദം കാരണം
കൊലപാതകങ്ങളുടെ തുടക്കം ഒരു തരം മാനസികവൈകല്യം കാരണം
കൊലപാതകം തൊഴിലാക്കിയില്ല
കൊലപാതകം തൊഴിലാക്കി
മന:ശാസ്ത്രജ്ഞന്മാരും എഴുത്തുകാരും പഠനവിധേയമാക്കി
ആരും പഠനവിധേയമാക്കിയില്ല; കഴിവുകൾ ശ്രദ്ധിക്കപ്പെട്ടു എന്ന് മാത്രം
പിടിക്കപ്പെട്ടു
പിടിക്കപ്പെട്ടില്ല
അധോലോകസംഘത്തിൽ അംഗമായില്ല
അധോലോകസംഘത്തിൽ അംഗമായി
ജീവിതം മുഴുവൻ പക
ആരോടും പകയുണ്ടായിരുന്നില്ല
ഭരണകൂടത്തിന് എതിരായിരുന്നു
ഭരണകൂടത്തിന് എതിരായിരുന്നില്ല
കാമുകിയ്ക്ക് ഒന്നും അറിയില്ലായിരുന്നു
കാമുകിയ്ക്ക് എല്ലാം അറിയാമായിരുന്നു
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ബുദ്ധിരാക്ഷസനായിരുന്നു
ശരാശരി ബുദ്ധിയോടൊപ്പം നല്ല ആത്മവിശ്വാസവും ധൈര്യവും

ഇത്രയും എഴുതിയപ്പൊഴേയ്ക്കും അയാൾ ആശയക്കുഴപ്പത്തിലായി. എന്തിനാണ് ഇങ്ങനെയൊരു താരതമ്യം എന്ന് പോലും സംശയിച്ചു പോയി. സമയത്തെക്കുറിച്ച് അയാൾ ഒട്ടും ബോധവാനായിരുന്നില്ല. രാത്രിയാണോ പകലാണോയെന്ന് ചിന്ത അയാളെ അലട്ടിയില്ല. പ്രത്യേകിച്ചും ദിവസങ്ങളായി കനത്ത മഴ പെയ്യുന്നത് കൊണ്ട് അത്തരം ചിന്തകൾക്ക് സ്ഥാനമില്ലെന്ന പോലെ അയാൾ കാത്തിരുന്നു.

ഇന്നാണ് അയാൾ വരാമെന്ന് പറഞ്ഞിരിക്കുന്നത്. കലണ്ടറിൽ ഈ ദിവസം മാത്രം അടയാളപ്പെടുത്തിയിരുന്നു. മറ്റെല്ലാ ദിവസങ്ങളും അന്യമെന്നത് പോലെ. ഒരു വാടകക്കൊലയാളിക്ക് സമയം എത്ര പ്രധാനപ്പെട്ടതാണെന്നത് പോലും അയാൾ മറന്നെന്ന് തോന്നും. തയ്യാറെടുപ്പുകൾക്ക് മുമ്പ് ഇരയുടെ വ്യക്തമായ ചിത്രം കിട്ടേണ്ടതുണ്ട്. അതുകഴിഞ്ഞേയുള്ളൂ ബാക്കിയെല്ലാം. അതുകൊണ്ട് അയാൾ കാത്തിരുന്നു. മുഷിച്ചിൽ അസഹ്യമാകുമ്പോൾ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചും ചുവരിലെ കാളക്കണ്ണിൽ കത്തിയെറിഞ്ഞ് ഉന്നം പുതുക്കിയും സമയം നീക്കി. അയാൾ വരുന്നത് വരെ ഓരോ നിമിഷവും ദീർഘമായിരിക്കുമെന്ന് അറിയാമായിരുന്നത് കൊണ്ട്.

വളരെ നാളുകൾ കൂടി ഒരു ഇരയെ കിട്ടുന്ന ഉദ്വേഗം.

അപ്പോൾ അയാളെ കുഴക്കിയ ചിന്ത വേറൊന്നായിരുന്നു. ഇവാനെപ്പോലെ ഒരു സിരിയൽ കില്ലറിന്റേയും അലജാണ്ട്രോയെപ്പോലെ ഒരു വാടക്കൊലയാളിയുടേയും മാനസികവ്യാപാരങ്ങളെപ്പറ്റി. ഒരാളെ കൊല്ലുമ്പോൾ തനിക്ക് കിട്ടുന്ന സംതൃപ്തി എന്താണെന്ന ചോദ്യം ഒരു വലിയ ഇടിമിന്നൽ പോലെ അയാളുടെ മനസ്സിൽ പതിച്ചു. ആരാണ് ആഹ്ലാദം അനുഭവിക്കുന്നത്?

രണ്ട് കലാകാരന്മാരിൽ ആരാണ് മികച്ചത് എന്ന കടുപ്പമേറിയ ചോദ്യം പോലെ തോന്നി അയാൾക്ക്. അല്ലെങ്കിൽ രണ്ട് മുയലുകളിൽ ഏതിനാണ് ഭംഗി എന്നത് പോലെ.

അയാൾ വരുന്ന സമയം കൃത്യമായി അറിയിച്ചിട്ടില്ല. മിക്കവാറും പാതിരാത്രിയിലായിരിക്കും വരുക. ഇത്തരം കാര്യങ്ങൾക്ക് രാത്രികൾ വിരിയ്ക്കുന്ന ചുവന്ന പരവതാനി പ്രശംസനീയമാണ്.

ചുവപ്പ്!

അയാൾ മഴയിലേയ്ക്ക് നോക്കി. കട്ടിയുള്ള ഒരു തിരശ്ശീല പോലെ. കൈയ്യിലുണ്ടായിരുന്ന കത്തിയുടെ മൂർച്ചയ്ക്ക് വെള്ളിടിയുടെ ഭംഗി.

ഇര.

അയാൾ മഴയിലേയ്ക്കിറങ്ങി.

ഇവാനും അലജാണ്ട്രോയും ഒരുമിച്ച് മത്സരിക്കുന്ന ഒരു രാത്രി അയാൾ മനസ്സിൽ കണ്ടു.

നഗരം എന്തിനും തയ്യാറായി മൂടിപ്പുതച്ചുറങ്ങുന്നുണ്ടായിരുന്നു.

*****

ചോദ്യം

ഇനി കഥാകാരൻ ഒരു വേതാളത്തിനെപ്പോലെ നിങ്ങളുടെ മുതുകിൽ കയറിയിരിപ്പാണ്. അയാൾ ആരേയാണ് മികച്ചതായി തിരഞ്ഞെടുത്തത്? എന്ത് കൊണ്ട്?

***

*കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. ജീവിച്ചിരിക്കുന്നവരോടോ മരിച്ച് പോയവരോടോ സാദൃശ്യം തോന്നിയാൽ അത് യാദൃശ്ചികം മാത്രം.
** ചരിത്രത്തിനോട് ഒട്ടും നീതി പുലർത്തിയിട്ടില്ലാത്തതിനാൽ അതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം തരാൻ അടിയൻ ബാദ്ധ്യസ്ഥനല്ല.


മൂന്ന് കൊലപാതകകഥകൾ (ഒരു ചോദ്യവും) * മൂന്ന് കൊലപാതകകഥകൾ (ഒരു ചോദ്യവും) * Reviewed by Jayesh/ജയേഷ് on August 09, 2013 Rating: 5