അവരുടെ ആകാശം, ഭൂമി1

സെമിത്തേരിയുടെ മുന്നിൽ വച്ച് ട്രാഫിക് ബ്ലോക്ക് ആയപ്പോൾ ഐസക്ക് പതിവ് മടുപ്പോടെ ചുറ്റും നോക്കി. ഉടനെയൊന്നും അഴിയുന്ന കുരുക്കല്ല എന്ന് മനസ്സിലായി. അപ്പോഴാണ് സെമിത്തേരിയുടെ ഗേറ്റിന് മുന്നിലെ പുതിയ ബോർഡ് ശ്രദ്ധിച്ചത്. ‘ശവമടക്കാൻ സ്ഥലമില്ല; ആവശ്യക്കാർ ക്ഷമിക്കണം‘ എന്നായിരുന്നു അത്. ഒരു കറുത്ത ഫലിതമാണ് ആദ്യം മനസ്സിലൂടെ കടന്ന് പോയതെങ്കിലും അടുത്ത നിമിഷം ആ ഭീകരാവസ്ഥയെക്കുറിച്ചുള്ള ഉൽക്കണ്ഠ അയാളെ അസ്വസ്ഥനാക്കി. മരിക്കുക എന്നത് ഒഴിവാക്കാനാകാത്തതാകുകയും ശവമടക്കുക എന്നത് ജീവിച്ചിരിക്കുന്നവരുടെ ഉത്തരവാദിത്തമാകുകയും ചെയ്യുമ്പോൾ ഇതൊരു നിസ്സാര പ്രശ്നമല്ല. സെമിത്തേരികളും ചുടലപ്പറമ്പുകളും കബറിസ്താനുകളും നിറഞ്ഞ് നിറഞ്ഞ് ചുറ്റും തിക്കിത്തിരക്കുന്ന ഫ്ലാറ്റുകൾക്കിടയിലെ ഇടവഴികൾ മാത്രം അവശേഷിക്കുന്ന അവസ്ഥയിൽ വരാൻ പോകുന്നത് വലിയ ദുരന്തം തന്നെയാണ്. പ്രത്യേകിച്ചും മതപരമായ ശാഠ്യങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം.

പെട്ടെന്ന് വണ്ടികൾ അനങ്ങാൻ തുടങ്ങിയപ്പോൾ അയാൾ തിടുക്കത്തിൽ ഗിയർ മാറ്റി ശ്മശാനചിന്തയിൽ നിന്നും ഡ്രൈവിങ്ങിലേയ്ക്ക് ശ്രദ്ധ പതിപ്പിച്ചു. പ്രധാനറോഡ് പിന്നിട്ട് ഫ്ലാറ്റിലേയ്ക്കുള്ള ഇടവഴിയിലേയ്ക്ക് കയറിയപ്പോൾ അയാൾ വീണ്ടും അതിനെക്കുറിച്ച് ആലോചിക്കാൻ തുടങ്ങി. ഒപ്പം ഇന്നോ നാളെയോ എന്നും പറഞ്ഞ് കിടക്കുന്ന അപ്പച്ചന്റെ മെലിഞ്ഞ രൂപവും ഓർമ്മ വന്നു. ഗ്രാമത്തിൽ നിന്നും അപ്പച്ചനെ നഗരത്തിലെത്തിച്ചത് കൂടുതൽ കുഴപ്പങ്ങളുണ്ടാക്കിയതേയുള്ളൂ. അസുഖം വഷളായി. രണ്ടാഴ്ചയോളം ആശുപത്രിയിൽ കിടന്നു. ഞങ്ങൾക്കിനി ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടർമാർ കൈമലർത്തിയപ്പോൾ തിരിച്ച് ഫ്ലാറ്റിലേയ്ക്ക് കൊണ്ടു വന്നു. മൂന്ന് ബെഡ് റൂം ഫ്ലാറ്റിലെ ഉപയോഗിക്കാതെ കിടക്കുകയായിരുന്ന ഒരു കിടപ്പുമുറിയിൽ മരണവും കാത്ത് കിടക്കാൻ അപ്പച്ചന് സൌകര്യമുണ്ടാക്കിക്കൊടുത്തു; മേരിക്കതിൽ അമർഷമുണ്ടെങ്കിലും. എന്തായാലും മേരിയോട് വിശദമായി ചർച്ച ചെയ്യണം.

‘ഓ…ആദ്യമായിട്ടാണോ കാണുന്നേ…ഞാൻ കുറഞ്ഞത് മൂന്ന് സെമിത്തേരിയിലെങ്കിലും ആ ബോർഡ് കണ്ടിട്ടുള്ളതാ. ഇന്നാള് ഒരു മുസ്ലിം ശ്മശാനത്തിലും കണ്ടിരുന്നു. എന്നാ ചെയ്യാനാ, ആളുകൾ ജനിച്ച് ജനിച്ച് മരിക്കുവല്ലേ..’

മേരി തുണികൾ മടക്കിക്കൊണ്ട് അലസമായി അത് പറഞ്ഞപ്പോൾ ഐസക്കിന് ആധി കൂടിയതേയുള്ളൂ.

‘അപ്പോ അപ്പച്ചൻ?’ അറിയാതെ അയാളുടെ ആധി പുറത്തുചാടി.

‘അപ്പച്ചനെന്നാ? അതൊക്കെ സമയകാകുമ്പോ എങ്ങനേലും ശരിയാവുന്നേ’

അയാൾ അപ്പച്ചന്റെ മുറിയിലേയ്ക്ക് പോയി. തങ്ങളുടെ സംഭാഷണം കേട്ടിരിക്കാൻ വഴിയുണ്ട്. ഹാളിൽ ഒരു സൂചി വീണാൽ പോലും കേൾക്കാൻ പറ്റുന്നതാണ് മറ്റ് മുറികളും. അപ്പച്ചൻ തളർന്ന കണ്ണുകൾ തുറന്ന്, പ്രയാസപ്പെട്ട് ശ്വസിച്ച് അയാളെ നോക്കി.

‘മോനേ’ അപ്പച്ചന്റെ തളർന്ന ശബ്ദം അയാളെ വീണ്ടും വിഷമിപ്പിച്ചു.

‘എന്നാ അപ്പച്ചാ?’ അയാൾ കട്ടിലിലിരുന്ന് അപ്പച്ചന്റെ മുഖത്തോട് ചെവി ചേർത്തു.

‘എന്നെ നാട്ടിലെ പള്ളീല് അടക്കിയാ മതി കേട്ടാ…ത്രേസ്യക്കൊച്ചിന്റെ അട്ത്ത്..’

‘ഉം’ അയാൾ അത്ര ഉറപ്പില്ലാതെ മൂളി. നാട്ടിലെ സ്വത്തുവകകളൊക്കെ ഭാഗം വച്ച് മക്കളെല്ലാവരും അവരവരുടെ ഓഹരി വിറ്റ് സ്വന്തം കാര്യം നോക്കി പോയി. അപ്പച്ചനെ ഉപേക്ഷിക്കാൻ മനസ്സ് വരാത്തത് കൊണ്ട് സഹോദരങ്ങൾ പറഞ്ഞ വൃദ്ധസദനം താൻ എതിർത്തു. ഒടുക്കം അപ്പച്ചന്റെ കാര്യം തന്റെ മാത്രം ഉത്തരവാദിത്തമായി. ഇത് വല്ലതും അപ്പച്ചനറിയാമോ? നാട്ടിൽ നിന്നും പത്ത് മുന്നൂറ് കിലോമീറ്റർ അകലെയുള്ള ഈ നഗരത്തിൽ അപ്പച്ചൻ എന്ത് ചെയ്യുകയാണ്? മരണം കാത്ത് കിടക്കുന്നു. അത് തന്നെയാണ് ഇപ്പോഴത്തെ പ്രശ്നവും. അപ്പച്ചാ ഉടനേയൊന്നും മരിക്കണ്ട എന്ന് പറയാൻ തോന്നി ഐസക്കിന്.

അപ്പച്ചന്റെ കണ്ണുകൾ തളർന്നു. അറിയാതെ ഒരുറക്കത്തിലേയ്ക്ക് അപ്പച്ചൻ ആഴ്ന്നു പോയി. ഐസക്ക് ഹാളിലേയ്ക്ക് തിരിച്ചെത്തിയപ്പോൾ മേരി എന്തോ ഒരു നോട്ടീസുമായി കാത്തിരിക്കുന്നുണ്ടായിരുന്നു.

‘ദേ ദ് കണ്ടോ?” അവൾ നോട്ടീസ് അയാൾക്ക് നീട്ടി.

അതത്ര വിശ്വസനീയവും തൃപ്തികരവുമായി തോന്നിയില്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കാം എന്ന് തന്നെ അയാൾ തീരുമാനിച്ചു. വരുന്ന ഞായറാഴ്ച അവരുടെ റീജണൽ ഓഫീസിൽ വച്ചുള്ള ഫ്രീ ഡെമോയ്ക്ക് കൂടെ വരാമെന്ന് മേരിയും സമ്മതിച്ചു.


2

‘ഗുഡ് മോണിങ്, ഞാൻ ഡോ. പരുൾ പാണ്ഡേ. എന്നെ ചെറുതായി ഒന്ന് പരിചയപ്പെടുത്താം. ഞാൻ ഫിസിക്സിൽ മാസ്റ്റർ ബിരുധധാരിയാണ്. എന്റെ ഡോക്ടറേറ്റ് സ്പേസ് ടെക്നോളജിയിലാണ്. അമേരിക്കയിൽ ആണ് ഗവേഷണം ചെയ്തത്. അതിന് ശേഷം കുറച്ച് വർഷങ്ങൾ അവിടെ പ്രൊഫസർ, റിസർച്ച് ഗൈഡ് എല്ലാം ആയി ജോലി ചെയ്തിരുന്നു. നാസയുടെ ക്യൂരിയോസിറ്റി എന്ന ചൊവ്വാഗ്രഹപര്യവേഷണത്തിൽ ഭാഗമാകാൻ സാധിച്ചെന്നും പറയട്ടെ. ഒരിക്കൽ അവധിയ്ക്ക് നാട്ടിൽ വന്നപ്പോൾ എനിക്ക് തോന്നിയ ഒരു ആശയമാണ് ഈ പ്രസ്ഥാനമായി വളർന്നിരിക്കുന്നത്. അതെ, ബ്രോഷറിൽ നോക്കിയാൽ അറിയാം, ഞങ്ങൾക്ക് അമേരിക്കയിലും യൂറോപ്പിലും എല്ലാം ശാഖകളുണ്ട്. അടുത്ത പത്ത് വർഷത്തേയ്ക്കുള്ള ബുക്കിങ്ങ് ഞങ്ങൾക്ക് ലഭിച്ചു കഴിഞ്ഞുവെന്നും പറയട്ടെ.

ശരി, അപ്പോൾ എന്താണ് ഞങ്ങൾ നൽകുന്ന സേവനം? അതിന് മുമ്പ് നമ്മുടെ ഭൂമി നേരിടാൻ പോകുന്ന ഒരു വലിയ ദുരന്തത്തിനെക്കുറിച്ച് ചെറുതായി വിശദീകരിക്കാം. കേൾക്കുമ്പോൾ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല. പക്ഷേ, അതാണ് സത്യം. നമ്മുടെ ഭൂമി സെമിത്തേരികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ജപ്പാനിൽ ലോട്ടറി സമ്മാനമായി ശവമടക്കാനുള്ള സ്ഥലം കൊടുക്കുന്നു എന്ന വാർത്ത നിങ്ങൾ കേട്ടിരിക്കും. നമുക്ക് അതൊരു കൌതുകവാർത്തയാണെങ്കിലും വലിയൊരു ആശങ്കയ്ക്കുള്ള വാതിൽ കൂടിയാണ്. നമ്മുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം അടക്കാൻ സ്ഥലമില്ലെങ്കിൽ എന്ത് ചെയ്യും? ഉയർന്ന വൈദ്യുതി നിരക്കും പരിപാലിക്കാനുള്ള ബുദ്ധിമുട്ടും കാരണം ഇലക്ട്രിക് ശ്മശാനങ്ങൾ ഓരോന്നായി അടച്ചു പൂട്ടുകയാണ്. ശവപ്പറമ്പുകൾ പോലും ആളുകൾ വിലയ്ക്കെടുത്ത് കൂറ്റൻ ഫ്ലാറ്റുകളും ഷോപ്പിങ് മാളുകളും പണിയുകയാണ്. എന്ന് വച്ചാൽ സാമൂഹികമായും പാരിസ്ഥിതികമായും ഈ അടക്കാനാവാത്ത ശവങ്ങൾ നമ്മളെ ശ്വാസം മുട്ടിക്കാൻ പോകുന്നു…’

ഇത്രയും കേട്ടപ്പോൾത്തന്നെ ഐസക്കിന് ശ്വാസം മുട്ടാൻ തുടങ്ങി. അയാൾ മേരിയോട് കണ്ണുകൊണ്ട് ‘പോകാം‘ എന്ന ആംഗ്യം കാണിച്ചു. മേരി ദേഷ്യഭാവത്തിൽ നെറ്റി ചുളിച്ച് അവിടെയിരിക്ക് എന്ന് പറഞ്ഞു.

പരുൾ പാണ്ഡേ തുടർന്നു : ‘അനന്തമായ ഒരു പ്രപഞ്ചം നമുക്കുള്ളപ്പോൾ ഈ ഭൂമിയിൽ ഒതുങ്ങിക്കൂടുന്നതെന്തിന് എന്നതായിരുന്നു എന്റെ ആദ്യത്തെ സംശയം. എന്തിന് അനുദിനം ദുർബലയായിക്കൊണ്ടിരിക്കുന്ന ഈ ഭൂമിയെ വീണ്ടും വീണ്ടും ശവമടക്കാനുള്ള സ്ഥലം മാത്രമായി ചുരുക്കണം? ഞാൻ എന്റെ സഹപ്രവർത്തകരുമായി ആലോചിച്ചു. അവരും എന്റെയൊപ്പം അനേകം ഗവേഷണങ്ങളിൽ ഏർപ്പെട്ടു. അവസാനം ഞങ്ങൾ ഒരു പരിഹാരം കണ്ടെത്തി. ‘ശൂന്യാകാശം’‘

അപ്പോൾ ഹാളിലെ വിളക്കുകൾ അണഞ്ഞു. പ്രൊജക്റ്ററിൽ നിന്നും സ്ക്രീനിലേയ്ക്കുള്ള ദൃശ്യം മാത്രം തെളിഞ്ഞു. നക്ഷത്രങ്ങൾ കൊണ്ട് നിറഞ്ഞ ആകാശത്തിന്റെ വീഡിയോ ആയിരുന്നത്.

‘നോക്കൂ…ഈ പ്രപഞ്ചം അനന്തമാണ്. അതിന് ഒരു അതിരു കണ്ടെത്തുക സാധ്യമല്ല. നമുക്ക് കാണാവുന്നിടത്തോളം പ്രപഞ്ചത്തിന്റെ ദൃശ്യങ്ങൾ മാത്രമാണിത്. അതിനുമപ്പുറം എത്രയോ പരന്ന് കിടക്കുന്നതാണ് ഈ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം. കോടാനുകോടി ഗ്രഹങ്ങളും ഉൽക്കകളും നക്ഷത്രങ്ങളും ഗാലക്സികളും….അവിശ്വസനീയം അല്ലേ? എന്നാൽ ഈ അവിശ്വസനീയതയാണ് ഞങ്ങൾ ഉപയോഗപ്പെടുത്തുന്നത്. അതെന്താണെന്ന് പറയാം’

‘ഭൂമിയിൽ നമ്മുടെ മരണപ്പെട്ട ബന്ധുക്കൾക്ക് ആകാശത്തിൽ സ്ഥലം നൽകുകയാണ് ഞങ്ങളുടെ ഉദ്ദേശ്യം. പരീക്ഷണാടിസ്ഥാനത്തിൽ ഞങ്ങൾ റോക്കറ്റുകൾ വഴി ഡമ്മി ബോഡികൾ ശൂന്യാകാശത്തിൽ ഉപേക്ഷിച്ചു. അവയെല്ലാം നമ്മുടെ താരാപഥത്തിൽ ഒഴുകി നടക്കുന്നു. അടുത്ത പടിയായി ശരിക്കും മനുഷ്യന്റെ മൃതദേഹങ്ങൾ അഞ്ചെണ്ണം ഞങ്ങൾ റോക്കറ്റിൽ കയറ്റി അയച്ചു. അവയേയും പ്രപഞ്ചത്തിൽ ഉപേക്ഷിച്ച് റോക്കറ്റുകൾ തിരിച്ചെത്തി. അങ്ങിനെ ഞങ്ങൾ ഒരു അമേരിക്കൻ റോക്കറ്റ് നിർമ്മാണ കമ്പനിയുമായി ധാരണയിലെത്തിയതിന്റെ ഫലമാണ് ഈ കമ്പനി. ഇനി നിങ്ങൾക്കും ശ്മശാനം തേടി അലയണ്ട. ഭൂമിയിലെന്ന പോലെ പരേതരുടെ ആത്മാക്കൾക്ക് ആകാശത്ത് സ്വർഗം തേടാം. ചിലപ്പോൾ കണ്ടെത്താനും സാധിച്ചാലോ അല്ലേ? ഇതിന് വലിയ തുകയൊന്നും ഞങ്ങൾ ഈടാക്കുന്നില്ല. വർദ്ധിച്ചു വരുന്ന ആവശ്യക്കാർ തന്നെ കാരണം. അടുത്ത പത്ത് വർഷത്തേയ്ക്കുള്ള ബുക്കിങ് ഇതിനകം തന്നെ ആയിക്കഴിഞ്ഞൂ എന്ന് പറയുമ്പോൾത്തന്നെ ഊഹിക്കാമല്ലോ. കൂടുതൽ വിവരങ്ങൾ അറിയണമെന്നുള്ളവർക്ക് എപ്പോൾ വേണമെങ്കിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഞങ്ങളുടെ ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്.’

പരുൾ അത്രയും പറഞ്ഞതിന് ശേഷം പ്രൊജക്റ്റർ കെടുത്തി. ഹാളിൽ വിളക്കുകൾ തെളിഞ്ഞു. ഒരു മരണവീട് പോലെ നിശ്ശബ്ദത അവിടെ നിറഞ്ഞു. ആരൊക്കെയോ ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്ന ഒച്ച കേൾക്കാമായിരുന്നു.

‘വാ, പോകാം’ ഐസക്ക് പറഞ്ഞു. അയാളുടെ വിളറിയ മുഖം കണ്ടിട്ടാകനം, മേരി ഒന്നും പറയാതെ എഴുന്നേറ്റു.

3

അപ്പച്ചൻ കേൾക്കുമെന്നതുകൊണ്ടായിരിക്കും മേരി ശബ്ദം താഴ്ത്തിയാണ് വഴക്കിട്ടത്. അവളുടെ അഭിപ്രായത്തിൽ എത്രയും വേഗം അപ്പച്ചനുള്ള സീറ്റ് ബുക്ക് ചെയ്യണമെന്നാണ്. നാട്ടിലേയ്ക്ക് ശവവും കൊണ്ടു പോയി അവിടെ അടക്കാൻ പറ്റാതെ തിരിച്ച് എത്തിക്കുന്നതിനേക്കാൾ നല്ലതാണ് ഇപ്പോഴേ ഉറപ്പുള്ള ഒരു സ്ഥലം ബുക്ക് ചെയ്യുന്നതെന്നായിരുന്നു അവളുടെ വാദം.

‘എടീ, മണ്ണിടുക എന്നൊരു ചടങ്ങുണ്ട് നിനക്കറിയാമോ? എന്നാലേ അപ്പച്ചനെ യാത്രയാക്കിയെന്നാവൂ…ഇത് ശരിയാവില്ല…അപ്പച്ചനെ അങ്ങനെ ആകാശത്തേക്ക് വിടാനൊന്നും പറ്റില്ല’ ഐസക്ക് അമർത്തിയ ശബ്ദത്തിൽ പറഞ്ഞു.

‘മണ്ണിടണ്ടന്ന് ആരാ പറഞ്ഞേ? അതൊക്കെ കയറ്റി അയക്കേണേനും മുന്നേ ചെയ്താപ്പോരേ? ഈ വീട്ടിത്തന്നെ ചെയ്യാലോ..എന്നിട്ട് ബാക്കിയെല്ലാം അവർ നോക്കിക്കോളും എന്നല്ലേ പറഞ്ഞേ…ഇതിയാന് പിന്നെന്നാ വേണ്ടേ?’

‘എന്നാലും മേരീ…അപ്പച്ചനെ അങ്ങനങ്ങ്…’

‘ഒരെന്നാലുമില്ല….ഇതിയാൻ നാളെത്തന്നെ പോയി അപ്പച്ചനുള്ള സ്ഥലം ബുക്ക് ചെയ്യ്’

അപ്പോൾ അപ്പച്ചന്റെ മുറിയിൽ നിന്നും എന്തോ ഒച്ച കേട്ടു. ഐസക്ക് ഓടിപ്പോയി നോക്കിയപ്പോൾ കട്ടിലിൽ നിന്നും വീഴാൻ പാകത്തിന് ഒരു അറ്റത്തെത്തിയിരിക്കുകയാണ് അപ്പച്ചൻ.

‘അപ്പച്ചാ..ഇപ്പോ ഇത് എന്നാത്തിനാ?’

‘ഞരക്കം മതിയാക്കി അപ്പച്ചൻ കുറേ നേരം ദീർഘശ്വാസം വലിച്ചു. ഒരു വിധം സംസാരിക്കാം എന്നായപ്പോൾ ഐസക്കിന്റെ തലയിൽ കൈ വച്ചു. അതെന്തിനാണെന്ന് മനസ്സിലായ ഐസക്ക് ചെവി അപ്പച്ചന്റെ മുഖത്തോട് അടുപ്പിച്ചു.

‘മോനേ…എന്നെ എന്റെ ത്രേസ്യാകൊച്ചിന്റട്ത്ത് തന്നെ അടക്കണം ട്ടാ…അല്ലാണ്ട് ഇവടന്നും വേണ്ട…എനക്ക് നമ്മടെ നാട്ടിലെ പള്ളീല്ത്തന്നെ കെടക്കണം’

‘ഓ…ശരി അപ്പച്ചാ…’ ദേഷ്യം മറച്ചു വയ്ക്കാതെ അയാൾ പറഞ്ഞു. അടുത്ത ദിവസം തന്നെ അപ്പച്ചന്റെ കാര്യത്തിൽ ഒരു തീരുമാനമാക്കണമെന്നും ഉറപ്പിച്ചു. മേരി പറഞ്ഞത് ശരിയാണ്. എന്തിനാണ് ഇത്ര ബുദ്ധിമുട്ടി ഒരു ശവമടക്ക്. കുർബാനയും ഒപ്പീസും ഒക്കെ കഴിഞ്ഞാൽ അവർ വന്ന് ശവം കൊണ്ടു പോയ്ക്കോളും. പിന്നെ അപ്പച്ചന് സ്വർഗരാജ്യം അന്വേഷിച്ച് ശൂന്യാകാശത്തിൽ….

ഓർത്തപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു.

4

മാർക്കറ്റിങ് മാനേജറുമായി സംസാരിക്കുകയായിരുന്നു അയാൾ. അതിനിടയിൽ ഒരു പെൺകുട്ടി പൂരിപ്പിക്കാനുള്ള കടലാസുകളുടെ കെട്ടുമായി വന്നു.

‘മി. ഐസക്ക്, നിങ്ങൾ ഏത് സ്കീം ആണ് ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നത്?‘

‘സ്കീം?’

‘അതെ, മൂന്ന് മാസം, ആറ് മാസം അങ്ങിനെ സ്കീം ഉണ്ട് ഞങ്ങൾക്ക്. മരിണസാധ്യതയുടെ തോത് അനുസരിച്ച് നിങ്ങൾക്കത് തീരുമാനിക്കാവുന്നതാണ്. നിങ്ങൾക്കറിയാമല്ലോ, കൃത്യമായ ഒരു ഊഹമില്ലാതെ ഞങ്ങൾക്ക് ബഹിരാകാശയാത്രകൾ ആസൂത്രണം ചെയ്യാനാവില്ല. അത് നിങ്ങൾക്കും ഞങ്ങൾക്കും വരുത്തി വയ്ക്കുന്ന നഷ്ടം അത്ര ചെറുതല്ല. ഞങ്ങളുടെ കസ്റ്റമേഴ്സെല്ലാം കൃത്യമായ തിയ്യതിയും ഉറപ്പിച്ചിട്ടാണ് വരാറുള്ളത്.’

ഐസക്ക് അല്പ നേരം ആലോചിച്ചു. അപ്പച്ചൻ എത്ര നാൾ കിടക്കും എന്നൊന്നും ഡോക്ടർമാർ പറഞ്ഞിരുന്നില്ല. ചോദിച്ചതുമില്ല. എങ്ങിനെ ചോദിക്കും? ഒരു പക്ഷേ മേരി ചോദിച്ചിരിക്കും. എന്നാലും എല്ലാ ഡോക്ടർമാരും ഒരേ പോലെ കൈ വിടുമ്പോൾ അധികകാലം ഇങ്ങനെ കിടക്കാൻ വഴിയില്ല.

‘മൂന്ന് മാസം…ആ സ്കീം മതി’ ഐസക്ക് പറഞ്ഞു.

‘ആർ യൂ ഷുവർ?’

‘യെസ്…പക്ഷേ….’

‘ഹ ഹാ…നിങ്ങളുടെ വ്യാകുലത എനിക്ക് മനസ്സിലായി. പേടിക്കണ്ട…നിങ്ങൾക്ക് സമ്മതമാണെങ്കിൽ മൂന്ന് മാസം മതിയാകുമെന്ന് ഞങ്ങൾ ഉറപ്പ് തരാം…പരിചയസമ്പന്നരായ ഡോക്ടർമാർ ഞങ്ങളുടെ അടുത്തുണ്ട്.’

‘എന്നു വച്ചാൽ?’

‘മി. ഐസക്ക്…അങ്ങിനെയൊക്കെ ചോദിച്ചാൽ….നിങ്ങൾ തന്നെ ശരിക്കും ഒന്നാലോചിക്കൂ. എന്തിനാണ് ഇങ്ങനെയൊരു കമ്പനി? എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഇത്രയും കസ്റ്റമേഴ്സ്?..’

‘ഉം…എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. എന്തായാലും മൂന്ന് മാസം മതി’

അയാൾ കടലാസുകൾ എല്ലാം പൂരിപ്പിച്ച് അഡ് വാൻസ് കൊടുത്തു.

‘പേടിക്കണ്ട. മരണാനന്തര ചടങ്ങുകളെല്ലാം നിങ്ങളുടെ രീതിയിൽ ഞങ്ങൾ നടത്തിത്തരും. സൌജന്യമായി…’

ഐസക്ക് തലയാട്ടി. ടൈ കെട്ടിയ ആ വെളുത്ത രൂപത്തിന് ഷേക്ക് ഹാന്റ് കൊടുത്ത് പുറത്തിറങ്ങി. നേരം സന്ധ്യയായിരുന്നു. ശീതീകരിച്ച മുറിയിൽ നിന്നും പെട്ടെന്ന് പുറം ലോകത്തിലേയ്ക്ക് ഇറങ്ങിയപ്പോൾ തൊണ്ട വരണ്ടു. ചുട്ടു പൊള്ളിയ ഒരു ദിവസത്തിന്റെ ഉഷ്ണം മുഴുവൻ അഴിച്ചുവിട്ടതു പോലെയുണ്ടായിരുന്നു.

അയാൾ മേരിയെ വിളിച്ച് വിവരങ്ങൾ എല്ലാം അറിയിച്ചു. മേരിയിൽ നിന്നും ആശ്വാസത്തിന്റെ ഒരു മൂളൽ കേട്ടു. അയാൾ തിരക്കി നീങ്ങുന്ന റോഡിലേയ്ക്ക് കാറെടുത്തു. നഗരത്തിലെ മുന്തിയ ബാറുകളിലൊന്നിനെ ലക്ഷ്യമായി നീങ്ങി.

ടെറസിലെ ഓപ്പൺ ബാറിലിരുന്ന് തണുത്ത ബിയർ രുചിക്കുമ്പോൾ അയാൾക്ക് അപ്പച്ചനെ ഓർമ്മ വന്നു. എന്തോ ഒരു തോന്നലിൽ അയാൾ വീതിയുള്ള സോഫയിൽ കാലുകൾ നീട്ടിയിരുന്നു. ആകാശത്ത് നക്ഷത്രങ്ങൾ തെളിഞ്ഞിരുന്നു.

അപ്പോൾ അയാൾക്ക് കുട്ടിക്കാലത്ത് അപ്പച്ചൻ പറഞ്ഞു കൊടുത്തത് ഓർമ്മ വന്നു : ‘മോനേ…ആകാശത്ത് ആ തിളങ്ങണത് കണ്ടാ, അത് മരിച്ചു പോയവരുടെ ആത്മാക്കളാണ്‘.


- സമകാലിക മലയാളം വാരിക, നവമ്പർ 2013
അവരുടെ ആകാശം, ഭൂമി അവരുടെ ആകാശം, ഭൂമി Reviewed by Jayesh/ജയേഷ് on October 06, 2013 Rating: 5

18 comments:

 1. ഈ മഷിയില്‍ വായിച്ചു വരും കാലം ഇങ്ങനെയേം ആകാം.മോനേ…ആകാശത്ത് ആ തിളങ്ങണത് കണ്ടാ, അത് മരിച്ചു പോയവരുടെ ആത്മാക്കളാണ്‘.ആ ഒരു വാചകം കഥയ്ക്ക്‌ ഏറ്റവും നന്നായി ഇണങ്ങി ചേര്‍ന്ന് നില്‍ക്കുന്നു.

  ReplyDelete
 2. അവസാനത്തെ ആ വാചകം ഉണ്ടല്ലോ ,അത് സൂപ്പര്‍ ആണ് ..പക്ഷെ ഈ ഐഡിയ നീ ആ നാസയിലെ പാവം സയന്റിസ്ടിന്റെ കയ്യില്‍ നിന്ന് അടിച്ചു മാറ്റിയതല്ലേ ?കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ അത് പറഞ്ഞു ഭയങ്കര കരച്ചില്‍ ആയിരുന്നു .ഞാന്‍ പിന്നെ കപ്പലണ്ടി മുട്ടായി വാങ്ങിക്കൊടുത്താ ഒന്ന് അടക്കി നിറുത്തിയത്

  ReplyDelete
 3. ആകാശവീഥിയിൽ ഉപേക്ഷിക്കപ്പെടുന്ന അച്ഛനമ്മമാർ തെരുവിലെ അഴുക്കുചാലുകളിൽ ഉപേക്ഷിക്കപ്പെടുന്ന അച്ഛനമ്മമാരേക്കാൾ ഭാഗ്യം ചെയ്തവർ.... ധനികരായ മക്കളുള്ള മാതാപിതാക്കൾ ഭാഗ്യം ചെയ്തിരിക്കുന്നു. കൽപ്പാന്തകാലത്തോളം ആകാശമേലപ്പിൽ മേഘക്കീറുകളെ ഉമ്മവെച്ച് ഈ ഭൂമിയെ നോക്കി സ്വന്തം ഭ്രമണപഥങ്ങൾ തുടരുക എന്നത് വലിയൊരു കാര്യം തന്നെ. മോക്ഷം എന്നു പറയുന്നത് ഒരുപക്ഷേ ഈ അവസ്ഥ ആയിരിക്കും......

  ReplyDelete
 4. ശൂന്യാകാശത്തില്‍ ശരീരങ്ങള്‍ ഭ്രമണം ചെയ്യുന്നുണ്ടാകാം എന്ന് കേട്ടിട്ടുണ്ട് . പലപ്പോഴും ഞാന്‍ അത് സങ്കല്‍പ്പിച്ചും നോക്കിയിട്ടുഉണ്ട്. നശിച്ചു പോയ ഉപഗ്രഹങ്ങളുടെ കൂടെ ഭ്രമണം ചെയ്യുന്ന ശരീരങ്ങള്‍!!!അത് നല്ലൊരു കഥയാക്കി വികസിപ്പിച്ചതിനു ഷേക്ക്‌ ഹാന്‍ഡ്‌.
  ഫോണ്ടിനു എന്തോ പ്രശ്നം ഉണ്ടല്ലോ. ട്ര,ക്ര തുടങ്ങിയ കൂട്ടക്ഷരങ്ങള്‍ ശരിക്ക് വന്നിട്ടില്ല .

  ReplyDelete
 5. എഴുത്തുകാരന്‍ പ്രവാചകനായി മാറുന്ന "അവരുടെ ആകാശം , ഭൂമി " എന്ന ജയേഷ് എഴുതിയ കഥ മറ്റു ചില്ലറ യുക്തികളെ മാറ്റി നിര്‍ത്തിയാല്‍ എണ്ണം പറഞ്ഞ കഥ തന്നെയാണ്. എല്ലാം കച്ചവടവല്‍ക്കരിക്കുന്ന ഇക്കാലത്ത് നഷ്ടപ്പെടുന്ന മൂല്യങ്ങളെക്കുറിച്ചുള്ള വ്യഥ നമുക്കവിടെ വായിക്കാന്‍ കഴിയുന്നു. ഹൈക്ലാസ് സൊസൈറ്റിയെന്ന പേരില്‍ കാണിക്കുന്ന വിഡ്ഢിത്തരങ്ങളെ നന്നായി പരിഹസിച്ച കഥ. അവസാനത്തെ ഒരൊറ്റ പാരഗ്രാഫില്‍ "വിതച്ചത് കൊയ്യുന്നവന്റെ" അനിവാര്യത അല്ലെങ്കില്‍ സത്യം ഒരു വിങ്ങലായി നില നില്‍ക്കുന്നു. ആഖ്യാനത്തില്‍ വളരെ പുതുമയുണ്ടെന്ന് പറയാന്‍ കഴിയില്ല എങ്കിലും ഓണ്‍ലൈനില്‍ എന്നും എടുത്തുകാണിക്കാവുന്ന കഥ.
  This is my opinion >> in the blog :)

  ReplyDelete
 6. കഥ ഇഷ്ടമായി, ജയേഷ്.. അഭിനന്ദനങ്ങള്‍.

  ReplyDelete
 7. ഈ മഷിയില്‍ വായിച്ചു... 'ഖബറടക്കാൻ സ്ഥലമില്ല, സഹകരിക്കുക' അഭിനന്ദനങ്ങള്‍ !!!

  ReplyDelete
 8. nice concept... nannaayi avatharippichu.. alppam short aakkaamaayirunnu..

  ReplyDelete
 9. ഇ-മഷിയില്‍ വായിച്ചു
  വാര്‍ഷികപ്പതിപ്പില്‍ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ് ഇതാണ്.
  ഇതെപ്പറ്റി (വാര്‍ഷികപ്പതിപ്പിലെ മറ്റുരചനകളെപ്പറ്റിയും) ഒരു ആസ്വാദനക്കുറിപ്പ് എഴുതണമെന്ന് പ്ലാനുണ്ട്. വൈകാതെ എന്റെ ബ്ലോഗില്‍ അത് ചെയ്യാന്‍ സാധിയ്ക്കുമെന്ന് കരുതുന്നു

  ReplyDelete
  Replies
  1. ഇ-മഷി എനിക്ക് കിട്ടിയിട്ടില്ല....

   Delete
 10. കഥ ഇഷ്ടമായി, ജയേഷ്.. അഭിനന്ദനങ്ങള്‍

  ReplyDelete
 11. ഇഷ്ടമായി. വളരെ നല്ല കഥ. ആശംസകൾ !

  ReplyDelete
 12. ഈ മഷിയില്‍ വായിച്ചു..

  ഇഷ്ടമായി
  .
  അഭിനന്ദനങ്ങള്‍ !!!

  ReplyDelete
 13. ‘മോനേ…ആകാശത്ത് ആ തിളങ്ങണത് കണ്ടാ, അത് മരിച്ചു പോയവരുടെ ആത്മാക്കളാണ്‘.

  ഈ വരി മാത്രം മതി ഈ കഥയെ മനസ്സോട്ചേര്‍ത്ത്‌ വെക്കാന്‍
  അഭിനന്ദനങ്ങള്‍ ജയേഷ്

  ReplyDelete
 14. Avasaanathe vari sherikkum nenjill kondu !

  ReplyDelete
 15. :(

  ചത്തവരെയും ചാകാനുള്ളവരെയും ഓര്‍ത്ത്!

  ശൂന്യാകാശത്ത് ഒഴുകിപ്പോയ റഷ്യാക്കാരന്‍ ബക്കുനിനെയും അടുക്കളക്കുഴിയില്‍ അടങ്ങേണ്ടിവന്ന കുമാരന്മാസ്റ്ററെയുമൊക്കെ ഓര്‍ത്തു!

  ReplyDelete
 16. ഈ-മഷിയില്‍ വായിച്ചിരുന്നു. പുതുമയുള്ള പ്രമേയവും പിടിച്ചുലയ്ക്കുന്ന ഒടുവിലത്തെ വാചകവും അന്നേ ശ്രദ്ധിച്ചിരുന്നു. എങ്കിലും കഥ വന്ന വഴിയെക്കുറിച്ച് കഥാകാരന്‍ തന്നെ എഴുതിയ കുറിപ്പ് വായിച്ചശേഷം ഒരിക്കല്‍കൂടി വായിച്ചപ്പോള്‍ കഥ വളരെ ആസ്വാദ്യകരമായി.

  ആര്‍ക്കും മനസിലാകുന്ന ലളിതമായ ആഖ്യാന രീതിയും വിഷയത്തിലെ പുതുമയും കഥക്ക് മാറ്റുകൂട്ടി.

  ReplyDelete