സൂപ്പർ കൂളിങ് ഫ്രോഗ് – സനൽ കുമാർ ശശിധരൻ

വെള്ളം തണുത്തുറഞ്ഞ് ഐസാകുന്നു. ഐസ് ചൂടേറ്റുരുകി വെള്ളമാവുന്നു. ഒരു ജീവിയെ ഈ പ്രക്രിയയിലൂടെ സങ്കല്പിക്കുക. തണുത്തുത്തുറഞ്ഞ അവസ്ഥ പഴയ താപനിലയിലേയ്ക്ക് തിരിച്ചുപോയാലും ജീവിക്ക് തന്റെ പഴയ അവസ്ഥയിൽ, ജീവിതത്തിൽ, തിരിച്ചെത്താനാവില്ല. തണുത്തുറഞ്ഞ അവസ്ഥയിൽ ജീവനോടെ തുടർന്നാൽ പോലും പഴയ താപനിലയിൽ ജീവിതം തിരിച്ചെടുക്കാനാവില്ല. കാരണം, കോശാന്തരങ്ങളിലെ ഐസ് ക്രിസ്റ്റലുകൾ കോശാവരണങ്ങളെ തകർക്കും. പക്ഷേ, തണുത്തുറയലിനെ അതിജീവിക്കാൻ കഴിവുള്ള ചില തവളകളുണ്ട്. ഇവയുടെ ശരീരത്തിലെ സവിശേഷാൽ പ്രോട്ടീനുകളുടെ സാന്നിധ്യത്തിൽ ഐസ് ക്രിസ്റ്റലുകൾ ഉണ്ടാവില്ല, ഉണ്ടായാൽ പോലും വളരില്ല. ആകയാൽ, വളരെ കൃത്യമായി പറഞ്ഞാൽ, ഉടലിന്റെ താപനില പൂജ്യം ഡിഗ്രിയിൽ താണാലും ഈ തവളകൾ തണുത്തുറയില്ല. ശരീരത്തിലെ ജലാംശങ്ങൾ ദ്രാവകമായിത്തന്നെ തുടരും. സൂപ്പർ കൂളിങ്ങ്. എന്തൊരു അനുഗ്രഹീതാവസ്ഥ! പക്ഷേ, ഈ അവസ്ഥ പ്രാപിച്ചൊരു തവളയുടെ ജീവൻ അതിലോലമാണ്. നാം ഏറ്റവും ലഘുവായി ശല്യപ്പെടുത്തിയാൽ‌പ്പോലും (അരുമിക്കാനായി വിരൽ കൊണ്ട് മൃദുവായൊന്ന് തൊട്ടാൽ‌പ്പോലും) ഉടലിലെ ജലം പെട്ടെന്ന് ഹിമമായി അത് ചത്തു പോകും.മേതിൽ രാധാകൃഷ്ണൻ, ആത്മഹത്യ – ജീവിതം കൊണ്ട് മുറിവേറ്റവന്റെ വാക്ക് എന്ന പുസ്തകത്തിനെഴുതിയ അവതാരികയിൽ നിന്ന്.

സനൽ കുമാർ ശശിധരന്റെ ഫ്രോഗ് എന്ന ഷോർട്ട് ഫിലിം കണ്ടപ്പോൾ ആദ്യം മനസ്സിലെത്തിയത് മേതിൽ എഴുതിയ ആ തവളയെയാണ്. പക്ഷേ ഇതിൽ തണുത്തുറയുന്നത് മനുഷ്യൻ ആയത് കാരണം പൂജ്യം ഡിഗ്രിയിലായാലും മൃദുവായൊന്ന് തൊട്ടാൽ മരിച്ചു പോകില്ലെന്ന് തോന്നി.

ഒന്നിനേയും പേടിയില്ലാത്ത കോഴിക്കച്ചവടക്കാരൻ മരണത്തിന്റെ പ്രതിപുരുഷനെന്ന പോലെ സിനിമയിലുടനീളം നിറഞ്ഞു നിൽക്കുന്നു. (അയാളെ ഞാൻ മരണസഹായി എന്ന് വിളിക്കും) മരണത്തിന് എപ്പോഴും പുച്ഛമാണ് സ്ഥായീഭാവം. വലിപ്പച്ചെറുപ്പമില്ലാതെ, ആളും തരവും സമയവും നോക്കാതെ ജീവൻ തട്ടിയെടുക്കുന്ന ഇറച്ചിവെട്ടുകാരൻ. കോഴികളെ കൊല്ലാൻ കൊടുക്കുന്ന ഒരാളെന്ന നിലയിൽ അയാൾക്കും മരണത്തിന്റെ ചില ഭാവങ്ങൾ പകർന്ന് കിട്ടിയതായിരിക്കണം. കാരണം, വഴിയിൽ കാണുന്ന കമിതാക്കളെപ്പോലും അയാൾ വെറുതേ വിടുന്നില്ല. മരിക്കാൻ പോകുന്നവരുടെ ഗന്ധം അയാൾക്ക് പിടിച്ചെടുക്കാൻ കഴിയുന്നുണ്ട്. മരണം ഉറപ്പാക്കാനുള്ള സ്ഥലവും അയാൾക്കറിയാം. അതുകൊണ്ടായിരിക്കണം ആ ചെറുപ്പക്കാരൻ കൈ കാണിച്ചപ്പോൾ ആദ്യം നിർത്താതെ പോയിട്ട് മണം പിടിച്ച് സ്കൂട്ടർ തിരിച്ചത്. നല്ലൊരു ഇരയെക്കിട്ടിയതിന്റെ എല്ലാ ആഹ്ലാദവും അയാളുടെ പൊട്ടിച്ചിരിയിലുണ്ട്.

അതേ സമയം ഇരയാകട്ടെ, മേൽ‌പ്പറഞ്ഞ തവളയെപ്പോലെ പതുക്കെയൊന്ന് തൊട്ടാൽ മരിച്ച് പോകും വിധം മരണത്തിനോട് ചേർന്നിരിക്കുന്നു. അയാൾ ആത്മഹത്യ ചെയ്യാൻ പൊകുകയാണ്. മൂന്നാമത്തെ ശ്രമമാണെന്ന് പറയുന്നുമുണ്ട്. മരണസഹായിയ്ക്ക് അതെല്ലാം ചിരിക്കാനുള്ള വകയാണ്. ഒന്നിൽ പിഴച്ചാൽ മൂന്നെന്ന ആപ്തവാക്യം തെറ്റാതിരിക്കാൻ അയാൾ അവനെ പറ്റിയ സ്ഥലത്ത് കൊണ്ടു പോകാൻ തയ്യാറാണ്. കോഴികളെ കെട്ടിത്തൂക്കിയിടുന്ന പിൻ സീറ്റിൽ അവനും ഇരിക്കുന്നു. ഇവിടെ ഒരു തമാശയുണ്ട്. കൊല്ലാൻ കൊണ്ടുപോകുന്ന എല്ലാ കോഴികളും ചാകണമെന്ന് നിർബന്ധമൊന്നുമില്ല. ചാടിപ്പോകാനും മതി.

ഇടയ്ക്ക് മൂത്രമൊഴിക്കാൻ വണ്ടി നിർത്തുമ്പോൾ മരണസഹായി പറയുന്ന ഒരു കാര്യം ചില സൂചനകളിലേയ്ക്ക് വഴിമരുന്നിടുന്നുണ്ട്. നേരത്തേ അറിഞ്ഞിരുന്നെങ്കിൽ എന്ന് പരിഹാസത്തോടെയുള്ള ചിരി. ആ ചിരിയും തണുത്തുറഞ്ഞ തവളയെ കൊല്ലാൻ മാത്രം ശക്തിയുള്ളതല്ല. എന്നാലും ഉള്ളിലെ തണുത്തുറഞ്ഞ അവസ്ഥ ആ ചെറുപ്പക്കാരനെ ആത്മഹത്യയെക്കുറിച്ച് രണ്ടാമതൊന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നൊന്നുമില്ല.

ഇടയ്ക്കൊരു ശരിക്കും തവളയും കഥാപാത്രമായി വരുന്നുണ്ട്. മേതിൽ പറഞ്ഞ ഇനമാണോയെന്നറിയില്ല. പോകുന്ന വഴിയെല്ലാം തണുപ്പാണ്. കോടമഞ്ഞാണ്. കയറ്റം കയറി മരണത്തിലേയ്ക്ക് അവർ ചക്രമുരുട്ടുകയാണ്.

കൂടുതൽ പറഞ്ഞ് സസ്പൻസ് കളയുന്നില്ല. ഒന്ന് രണ്ട് കാര്യങ്ങൾ കൂടി.

1, ക്യാമറ വർക്ക്. മനോഹരമായി സെറ്റ് ചെയ്തിരിക്കുന്ന ഫ്രെയിമുകൾ. ചില മൂവ് മെന്റ്സ് ശരിക്കും ഉള്ളിൽ ഭീതിയുണർത്തുന്നുണ്ട്.

2, പശ്ചാത്തലസംഗീതം. ക്യാമറാചലനത്തിനൊപ്പം നിന്ന് ഭീതിയുടെ ആക്കം കൂട്ടുന്നു.

3, ഈ സിനിമയിൽ ഒരു ഐറണി അല്ലെങ്കിൽ മനുഷ്യന് മരണഭയം എത്ര തീവ്രമാണെന്ന് മനസ്സിലാക്കിത്തന്ന സീൻ. മരണസഹായി കത്തിയെടുത്ത് കൊല്ലും ഞാൻ എന്ന് പറയുമ്പോൾ ആത്മഹത്യ ചെയ്യാൻ ഇറങ്ങിയവർ അയാളുടെ ഇംഗിതത്തിന് വഴങ്ങുന്നു.

4, അവസാനം റേഡിയോയിൽ പാടുന്ന പാട്ട് – രാഗങ്ങളേ മോഹങ്ങളേ… അനുയോജ്യം.

തിരിച്ച് മേതിലിലേയ്ക്ക്….

കാഫ്ക ആത്മഹത്യ ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് സ്പഷ്ടമായി കാണാം. സൂപ്പർ കൂളിങ്ങിൽ എത്തിയൊരു തവളയായിരുന്നു കാഫ്ക. പക്ഷേ, ആ അവസ്ഥ പൂകിയ ഒരാൾ ബാഹ്യമായ ഇടപെടലിൽ മരണം വരിച്ചതിന് ഉദാഹരണമുണ്ടോ?

ഫ്രോഗ് യുറ്റ്യൂബിൽ കാണാൻ:

http://www.youtube.com/watch?v=MxRpLZGBQSE
സൂപ്പർ കൂളിങ് ഫ്രോഗ് – സനൽ കുമാർ ശശിധരൻ സൂപ്പർ കൂളിങ് ഫ്രോഗ് – സനൽ കുമാർ ശശിധരൻ Reviewed by Jayesh/ജയേഷ് on October 23, 2013 Rating: 5

18 comments:

 1. This comment has been removed by the author.

  ReplyDelete
 2. ഈ കുറിപ്പിനു നന്ദി ജയേഷേ..
  ഫ്രോഗ് കണ്ടിട്ട് ഇഷ്ടപ്പെടാത്തവർ ബാഹ്യമായ കാര്യങ്ങൾ മാത്രം പറയുകയും (പ്രൊജക്ഷൻ ക്വാളിറ്റിയില്ല, മൂക്കിൽ വിരലിടുന്നു, പോസ്റ്ററിൽ ലിംഗം വെയ്ക്കുന്നു, ഫിലോസഫി ഉറക്കെപ്പറയുന്നു എന്നിങ്ങനെ) ഇഷ്ടപ്പെടുന്നവർ ആഴത്തിൽ കാണുകയും വേറിട്ട വായനകൾ നടത്തുകയും ചെയ്യുന്നത് കാണുമ്പോൾ ആത്മവിശ്വാസം കൂടുന്നു... ഫ്രോഗ് സൃഷ്ടാക്കളെ വിട്ട് ചാടിപ്പോയ സിനിമയാണ് :)

  ReplyDelete
 3. ജയേഷ് നന്നായി സിനിമ വിലയിരുത്തി.

  ReplyDelete
 4. ജയേഷിന്റെ എഴുത്ത് ഇത് കാണാനുള്ള ആഗ്രഹം വര്‍ദ്ധിപ്പിക്കുന്നു.

  ReplyDelete
 5. കണ്ടിട്ട് അഭിപ്രായം അറിയിക്കുന്നതായിരിക്കും. താങ്ക്സ് ജയേഷ്...+sanal Kumar Sasidharan

  ReplyDelete
 6. മരണമെത്തുന്ന വഴി...മരണത്തിന്റെ വിധി..കണ്ടു ഇഷ്ടപ്പെട്ടു.

  ReplyDelete
 7. കൊള്ളാമെടോ മിടുക്കാ , സിനിമക്കൊത്ത ആസ്വാദനം ! പക്ഷേ , പശ്ചാത്തലവണ്ടി ശബ്ദം അത്രക്കങ്ങട്‌ പോരാ ,, ( എന്തേലും ഒരു പോരായ്മ പറയണ്ടേ ! :)

  ReplyDelete

  ReplyDelete
 8. ഫ്രോഗ് കണ്ടില്ല ,അത് കൊണ്ട് ആസ്വാദനത്തെ പറ്റി പറയാനും വയ്യ

  ReplyDelete
 9. തവളയെ കാണാൻ ആഗ്രഹം തോന്നുന്നു.....

  ReplyDelete
 10. ഷോര്‍ട്ട് ഫിലിം കണ്ടിരുന്നു. മനോഹരമായി എടുത്തിരിക്കുന്നു. ക്യാമറ, അഭിനേതാക്കള്‍ ഒക്കെ മികച്ചു നിന്നു.

  ReplyDelete
 11. IFFK ൽ FROG നെ കണ്ടായിരുന്നു, Poster ൽ. പക്ഷെ മിസ്സ്‌ ആയി ! ഇപ്പോ കണ്ടു ! പൊന്മുടിയെ ഇത്രയും സൌന്ദര്യത്തോടെ മുൻപ് ഒരു സിനിമയിലും കണ്ടിട്ടില്ല ! സിനിമയുടെ അണിയറ ശിൽപ്പികൾക്ക് എല്ലാവിധ ആശംസകളും ! നല്ലൊരു suggestion നല്കിയ ജയേഷിനും !

  ReplyDelete
 12. ഷോര്‍ട്ട് ഫിലിം കണ്ടിരുന്നു. മനോഹരമായി എടുത്തിരിക്കുന്നു. ക്യാമറ, അഭിനേതാക്കള്‍ ഒക്കെ മികച്ചു നിന്നു.

  ReplyDelete
 13. ഈ ഷോർട്ട് ഫിലിം ഒന്ന് കാണണം .. കണ്ടിട്ട് വായിക്കാം ..അപ്പോഴേ വ്യക്തമായ ഒരു അഭിപ്രായം പറയാൻ സാധിക്കൂ ..എന്തായാലും മേതിലിന്റെ കുറിപ്പ് നന്നായി ..ശരിക്കും എല്ലാ തവളകളും അങ്ങിനെ തന്നെയാണോ ?

  ReplyDelete
 14. അടുത്ത കാലത്തു കണ്ട ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിം 

  ReplyDelete