ഇരുട്ടിലേയ്ക്ക് നോക്കുന്നു….ക്ഷമാപണം: എന്റെ എല്ലാ തെറ്റുകുറ്റങ്ങൾക്കും മാപ്പ് തരുക. ഇനിയൊന്നും ആവർത്തിക്കാനാവാത്തവിധം പ്രായമേറിപ്പോയി ഈയുള്ളവന്. അല്ലെങ്കിൽ....അല്ലെങ്കിൽ.....

ഇരുട്ടിലേയ്ക്ക് നോക്കില്ലായിരുന്നു...........

* * * * * * * * * *

ഇരുട്ടിലേയ്ക്ക് നോക്കുന്നു......എല്ലാത്തിന്റേയും തുടക്കം ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. ആദ്യം നീണ്ട ഇടനാഴിയിലൂടെ നടക്കുന്നത് പോലെയും പാരച്യൂട്ടിൽ പറന്നിറങ്ങുന്നത് പോലെയും കുളത്തിൽ മുങ്ങാങ്കുഴിയിടുന്നത് പോലെയുമായിരുന്നു. അല്ലെങ്കിൽ അത് പോലെ എന്തെങ്കിലും തള്ളിത്തള്ളിയെത്തിച്ചത്. ഒന്നും വ്യക്തമല്ല. ഓർമ്മയുടെ അവസാനത്തെ കച്ചിത്തുരുമ്പിൽ ഒരിടത്ത്, വെളിച്ചം ഒട്ടുമില്ലാത്ത ഒരിടത്ത്, ഇരിക്കുന്നത് മാത്രം ഉണ്ട്.

ഞങ്ങൾ സംസാരിക്കുകയായിരുന്നു. വളരെ നേരം. അവസാനിക്കാത്ത ഇടനാഴി പോലെ.

എന്നിട്ട്..

എല്ലാ സംഭാഷണങ്ങളും വിരസതയിലേയ്ക്കുള്ള വരമ്പുകളാണെന്ന് തോന്നിത്തുടങ്ങിയപ്പോൾത്തന്നെ അത് സംഭവിച്ചു. പെട്ടെന്നൊരു കാർമേഘം വന്ന് മൂടിയത് പോലെ ഞങ്ങൾ നിശ്ശബ്ദരായി. ഇരുന്നുള്ള സംഭാഷണം അവസാനിക്കുമ്പോൾ മനുഷ്യർ എഴുന്നേറ്റ് പോകുന്നു. സ്ഥലകാലങ്ങളിൽ നിന്നുള്ള പലായനം എന്തൊക്കെയോ തിരിച്ച് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഞാനും അയാളും അങ്ങിനെയെന്തൊക്കെയോ അവരവരുടെ രീതിയിൽ ചിന്തിച്ച് കാലുകൾക്ക് എല്ലാം വിട്ടുകൊടുത്തു.

ഇരുട്ടായിരുന്നു.

കൂറ്റാക്കൂറ്റിരുട്ട്…

ജീവിതത്തിൽ ഇത്രയും കനത്ത ഇരുട്ട് കണ്ടിട്ടില്ലെന്ന് അയാൾ പറഞ്ഞു.

പക്ഷേ അതും ഒരു പുതിയ സംഭാഷണത്തിന് വഴിമരുന്നിടുന്നില്ലെന്ന് ദു:ഖത്തോടെ ഞാൻ മൂളി.

അത്രയും നേരം ഞങ്ങൾ എവിടെ/എന്തിനെക്കുറിച്ച് സംസാരിക്കുകയായിരുന്നെന്നാണ് ഞാനപ്പോൾ ആലോചിച്ചത്. പ്രത്യേകിച്ചൊന്നുമില്ലായിരുന്നു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ജീവിക്കുന്നതിന്റെ അസ്വസ്ഥതകൾ മാത്രമായിരുന്നു.

ഉം…

ആരോ മൂളി.

മൂന്നാമതൊരാൾ ഒപ്പമുണ്ടായിരുന്നെന്ന അറിവ് ഇരുട്ടത്ത് പാമ്പിനെ ചവുട്ടിയത് പോലെ ഭയാനകമായിരുന്നു എനിക്ക്.

‘ചെരുപ്പിൽ ചവിട്ടാതെ ഭായ്’ അയാൾ പറഞ്ഞു. അയാൾ എന്റെ മുന്നിലാണ് നടക്കുന്നതെന്നും അപ്പോഴാണറിഞ്ഞത്.

പിന്നീടയാൾ ദാലിയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി, യാതൊരു പ്രകോപനവുമില്ലാതെ. ചിലപ്പോൾ രണ്ടാമൻ എന്തെങ്കിലും തുടങ്ങി വച്ച് കാണും എന്ന് സ്വന്തം അല്പബോധത്തെ പഴിച്ചു.

‘ഹ ഹാ…അറിയാമോ ഇത്രയും പേടിപ്പിക്കുന്ന ചിത്രങ്ങൾ വരച്ച ദാലിയ്ക്കുണ്ടായ അനുഭവം?’

‘എന്താ അത്?’

‘സ്പാനിഷ് സംവിധായകനായ ലൂയി ബുനുവേലിന്റെ കൂടെ ഒരു സിനിമ പിടിക്കുന്ന സമയത്തായിരുന്നു. ആൻ അൻഡലൂഷ്യൻ ഡോഗ്. അതിൽ ഒരു മനുഷ്യന്റെ കൃഷ്ണമണി കത്തി കൊണ്ട് മുറിച്ചെടുക്കുന്ന രംഗമുണ്ട്. ഒരു കാളക്കണ്ണായിരുന്നു അതിനുപയോഗിച്ചത്. അത് മുറിയ്ക്കുന്ന രംഗം കണ്ട് ദാലി ബോധം കെട്ട് വീണത്രേ..ഹ ഹാ..‘

‘ഊഹുഹുഹു…അത് കലക്കി…ഒള്ളതാണോ?’ പുതിയൊരു ശബ്ദം പെരുമ്പറ കൊട്ടുന്ന മുഴക്കത്തിൽ ചോദിച്ചു. അപ്പോൾ നാലാമനും!!

‘ആ എവിടെയോ വായിച്ചതാണ്’

‘ഒന്ന് വേഗം നടക്ക് ചങ്ങാതീ’ നാലാമൻ പറഞ്ഞു. അയാളുടെ സ്ഥാനം എന്റെ പുറകിലായിരുന്നു.

അപ്പോഴൊക്കെ മൌനം പാലിച്ചിരുന്ന രണ്ടാമൻ എന്തോ പറഞ്ഞു.

‘ഇന്നലത്തെയാ…’ ആരോ പറഞ്ഞു.

‘ങാ ഇന്നലത്തെ പത്രത്തിലായിരുന്നു വാർത്ത…നോക്കട്ടെ…’

സ്വന്തം കൈകൾ പോലും കാണാൻ പറ്റാത്ത ആ ഇരുട്ടിൽ പത്രത്താളുകൾ മറിയുന്ന പടപടപ്പ് കേട്ടു.

‘ഏതാ…രണ്ട് പിള്ളാരെ മുക്കിക്കൊന്ന വാർത്തയാണോ?’

‘അല്ല’

‘കാമുകനും ഭാര്യയും ചേർന്ന് ഭർത്താവിനെ വിഷം കൊടുത്ത് കൊന്നത്?’

‘അല്ല’

‘പിന്നേയേതായിരിക്കും…ഓ മുന്നൂറ്റിയെഴുപത്തഞ്ച് പേർ ചേർന്ന് ഒരു പെണ്ണിനെ ബലാത്സംഗം ചെയ്ത് കൊന്നത്…. നല്ല രസമുള്ള വാർത്തയായിരുന്നു’

‘അതൊന്നുമല്ലന്നേ…ആ ബസ്സപകടം…. അതിലെ മൊത്തം ആളുകളും ഒറ്റയടിക്ക് ചത്തില്ലേ…അത്’

‘ഹാ അതീ പത്രത്തിലല്ല…. രണ്ട് ദിവസം മുമ്പായിരുന്നു..നൂറ്റിപ്പത്ത് ആളുകൾ…ഒറ്റയടിയ്ക്ക്…നല്ല രസമായിരിക്കുന്നിരിക്കും കാണാൻ അല്ലേ?’

എനിക്ക് ദേഷ്യം വന്നു.

‘അത്രയും ആളുകൾ മരിക്കുന്നത് കാണാൻ എന്താ ഇത്ര രസം?’ ഞാൻ ചോദിച്ചു.


‘ഓ’ നൈരാശ്യം കലർന്ന മൂളലുകൾ അങ്ങിങ്ങായി ഉയർന്നു. പത്തോ നൂറോ ആയിരമോ പതിനായിരമോ മൂളലുകൾ. ഒരു മനുഷ്യക്കടലിന്റെ നടുവിലാണ് ഞാനിപ്പോൾ എന്നറിഞ്ഞപ്പോൾ പലതരം അലർച്ചകൾ എനിക്കൊന്നിച്ച് തോന്നി.

‘നൂറ്റിപ്പത്ത് ആളുകൾ ജീവനോടെ ഇരിക്കുന്നത് കാണുന്നതിനേക്കാൾ രസമായിരിക്കും‘ ആരോ പറഞ്ഞു.

‘നിങ്ങളൊക്കെ ആരാ? വേറൊന്നും പറയാനില്ലേ?’

‘ശ്ശേഡാ..ഇവനിതെവിടന്ന് വരുന്നു!‘

‘ഇവനെപ്പോലൊള്ള അരസികന്മാരെ ആദ്യം തട്ടണം’

‘ഇവന്റെ കെട്ട്യോളെ സമ്മതിക്കണം’

‘നിക്ക് നിക്ക്.. എല്ലാത്തിനും പരിഹാരമുണ്ടാക്കാനാണല്ലോ നമ്മൾ പോകുന്നത്’

‘അതെ അതെ’ കൂട്ടച്ചിരി.

‘എന്താ എന്താ?’ ഞാൻ അലറി.

‘ഭായ് വാ….’

‘നാസികൾ പണ്ട് വിഷം കുത്തിവച്ചും തണുത്ത വെള്ളത്തിൽ മുക്കിയും, തലച്ചോർ ജീവനോടെ പിഴുതെടുത്തും തടവുകാരിൽ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടല്ലോ..‘

‘സ്റ്റാലിനും അത് ചെയ്തിട്ടുണ്ടല്ലോ…തടവുകാരിലായിരുന്നു വിഷം കൊണ്ടുള്ള പരീക്ഷണങ്ങൾ നടത്തിയിരുന്നത്.’

‘ജീവനോടെ തലയോട്ട് അറുത്ത് തലച്ചോറിൽ പരീക്ഷണം നടത്തുക… എന്ത് രസമായിരിക്കുമല്ലേ?’

‘എന്ത് രസം?’ ഞാൻ കരച്ചിലിന്റെ വക്കോളമെത്തിയ സ്വരത്തിൽ ചോദിച്ചു’

അപ്പോൾ ഇരുട്ടിലെവിടെ നിന്നോ ഒരു കൈ എന്റെ തലയിൽ തലോടി. ഞാൻ അത് ഒരു ഞെട്ടലോടെ തട്ടി മാറ്റി. അപ്പോൾ അല്പം കൂടി ബലമുള്ള ഒരു പിടുത്തം തലയിൽ വീണു.

‘വളർച്ച പുറത്ത് മാത്രമേയുള്ളൂ…അകത്ത് ഒന്നുമില്ല’ ആരോ പറഞ്ഞു.

‘നിങ്ങളെന്താ എന്നെ ചെയ്യാൻ പോകുന്നത്..നിങ്ങളൊക്കെ ആരാ?’ ഞാൻ അലറി.

കൂട്ടച്ചിരി…ഒരു ലക്ഷം ആളുകളെങ്കിലും ഒന്നിച്ച് ചിരിച്ചാലേ ആകാശം ഭേദിക്കുന്ന ആ മുഴക്കമുണ്ടാകൂ എന്ന് തോന്നി.

‘നീയായിട്ട് വന്ന് കയറിയതാണ്…എന്നിട്ട് ഞങ്ങളെ ചോദ്യം ചെയ്യുന്നോ?’ അമർഷം കലർന്ന ഒരു ശബ്ദം ചോദിച്ചു.

എന്റെ രക്തം വറ്റി. പേശികൾ തളർന്നു. ഇനിയും നടക്കാനാകാതെ കുഴഞ്ഞ് വീഴാൻ തുടങ്ങിയപ്പോൾ ആരോ എന്നെ താങ്ങിപ്പിടിച്ചു. പിന്നീട് എന്റെ യാത്ര കൈകളും കാലുകളും ഒരു വടിയിൽ കെട്ടപ്പെട്ട് ഭൂമിയ്ക്ക് തിരശ്ചീനമായി തൂങ്ങിക്കിടന്നുകൊണ്ടായിരുന്നു.

‘മുടിഞ്ഞ ഭാരമാ ശവത്തിന്’ എന്നെ ചുമക്കുന്നവർ പറഞ്ഞു.

നിലത്തെ മുൾച്ചെടികൾ എന്റെ മുതുകിൽ ഉരയുന്നത് അറിയുന്നുണ്ടായിരുന്നു. ചൊറിയാനുള്ള അസഹ്യമായ പ്രേരണയിൽ കൈകൾ അഴിച്ചെടുക്കാൻ ശ്രമിച്ചു. പറ്റുന്നില്ലായിരുന്നു. മുള്ളുകൾ എന്റെ മുതുകിൽ ചോരച്ചാലുകൾ സൃഷ്ടിച്ചു.

യാത്ര അവസാനിച്ചപ്പോൾ അവരെന്നെ ലാഘവത്തോടെ താഴെയിട്ടു. ഉരുളൻ കല്ലുകൾക്ക് മുകളിൽ ഞാനൊരു ചാക്ക് കെട്ട് പോലെ വീണു.

‘ചത്തോന്ന് നോക്ക്’ ആരോ പറഞ്ഞു. ഒരു കൈ എന്റെ മൂക്കിന്റെ അരികിൽ വന്ന് ശ്വാസം നിരീക്ഷിച്ചു.

‘ഇല്ല..’

‘ങാന്നാ അവടക്കെടക്കട്ടെ… നമുക്ക് പോകാം…’

അവർ നടന്ന് പോകുന്ന ശബ്ദം കേട്ടു. ഞാൻ ഒരു വിധത്തിൽ കെട്ടുകളഴിച്ച് എഴുന്നേറ്റിരുന്നു. ഇരുട്ടിൽ എങ്ങോട്ട് ആദ്യം നോക്കണമെന്നറിയാതെ കുഴങ്ങി.

‘ഒന്ന് നിക്കണേ’ ഞാൻ അലറി.

കാൽ‌പ്പെരുമാറ്റങ്ങൾ നിലച്ചു. ഇരുട്ടിനേക്കാൾ ഭീകരമായ നിശ്ശബ്ദത പരന്നു.

‘ഞാനെവിടെയാന്നൊന്ന് പറ….എന്തിനാ എന്നെ ഇവിടെക്കൊണ്ടിട്ടത്?’

‘എവിടെക്കൊണ്ടിട്ടെന്ന്?’ ഒന്നാമന്റെ ശബ്ദം ചോദിച്ചു. ചെമ്പുകുടത്തിനുള്ളിലിരുന്ന് സംസാരിക്കുന്നത് പോലെ.

’ ഇത്രേം നേരം എന്നെ കൊല്ലാക്കൊല ചെയ്ത് ഈ ആരുമില്ലാത്തിടത്ത് കൊണ്ടിട്ടിട്ട്…’

‘ഹാ…. നിന്നെ ആരും എങ്ങോട്ടും കൊണ്ടുപോയിട്ടില്ല…. വാ നടക്ക്…’

വിരസതയിലേയ്ക്കുള്ള വരമ്പ് വെട്ടിയ ഒരു സംഭാഷണത്തിന്റെ അവസാനം ഞങ്ങൾ എഴുന്നേറ്റു. പുറത്ത് ഇരുട്ടായിരുന്നു. ഞങ്ങൾ രണ്ടുപേരുടേതുമല്ലാത്ത കാലൊച്ചകൾക്കായി ഞാൻ കാതോർത്തു.

‘ഛെ… ചെരുപ്പിൽ ചവിട്ടല്ലെ ഭായ്’ മൂന്നാമൻ പറഞ്ഞു.

ഞാൻ ഇരുട്ടിലേയ്ക്ക് നോക്കി….. ഇരുട്ട് എന്നേയും…
ഇരുട്ടിലേയ്ക്ക് നോക്കുന്നു…. ഇരുട്ടിലേയ്ക്ക് നോക്കുന്നു…. Reviewed by Jayesh/ജയേഷ് on December 17, 2013 Rating: 5

11 comments:

 1. നല്ല കഥ.എനിക്ക് ഒത്തിരി ഇഷ്ടായി

  ReplyDelete
 2. ഇഷ്ടമായി കഥ ജയേഷ്.. വായിക്കാന്‍ പറ്റിയതില്‍ സന്തോഷം.

  ReplyDelete
 3. നന്നായിട്ടുണ്ട്
  ആശംസകള്‍

  ReplyDelete
 4. അല്ലെങ്കില്‍ ഇരുട്ടിലേക്ക് നോക്കില്ലായിരുന്നു......സോറി.
  എളുപ്പം.
  ഇഷ്ടപ്പെട്ടു.

  ReplyDelete
 5. ജീവിതത്തിൽ ആദ്യമായും അവസാനമായും കഞ്ചാവടിച്ച ദിവസം ഞാൻ ഇതേ അവസ്ഥ അനുഭവിച്ചു ജയേഷ്..... സത്യമായും ഇതെന്റെ അനുഭവമാണ്.....!!! എന്റെ അനുഭവം തന്നെയാണ് ....!!!

  - ഒരു വ്യത്യാസമേയുള്ളു. എനിക്ക് ആ അവസ്ഥയെ അക്ഷരങ്ങളിലേക്കും വാക്കുകളിലേക്കും വിവർത്തനം ചെയ്യാനറിയില്ലായിരുന്നു. ജയേഷിന് അത് അറിയാം..... അഭിനന്ദനങ്ങൾ

  ReplyDelete
 6. അശരീരികളുടെ കാട്

  ReplyDelete
 7. സിമ്പിൾ ഗുഡ് ,ഇരുട്ടിൽ എന്തൊക്കെ കാര്യങ്ങളാല്ലേ ......

  ReplyDelete
 8. As beautiful as Dark !
  Reccurring Decimals! :-)
  Shutter Island inte Malayalam version pole undu.

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. നല്ല കഥ ,നന്നായി പറഞ്ഞു

  ReplyDelete