Quentin Tarantino: Chapter 1 – Reservoir DogsPrologue

1992 ഇൽ പുറത്തിറങ്ങിയ ഹോളിവുഡ്സിനിമകൾ പരിശോധിച്ചാൽ ആ വർഷം നന്നായി ഓടിയത് ‘Aladdin’, ‘The Bodyguard’, ‘Home Alone – 2, ‘Wayne’s World’, ‘Lethal Weapon 3, ‘Batman Returns’, ‘A few good men’, ‘Sister Act’, ‘Dracula’, ‘Basic Instinct’ തുടങ്ങിയ സിനിമകളാണ്. ആ വർഷം തന്നെയാണ് ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത Unforgiven എന്ന സിനിമയും പുറത്ത് വന്നത്. അതിന് 4 ഓസ്കാറുകളും  ലഭിച്ചു. എല്ലാ വർഷവും ഇങ്ങനെയുള്ള പ്രധാനപ്പെട്ട സിനിമകൾ ശ്രദ്ധിക്കുകയാണെങ്കിൽ ഓഡിയൻസിന്റെ ട്രെന്റ് മനസ്സിലാക്കാം. അതുപോലെ സിനിമാ നിർമ്മാതാക്കൾ എങ്ങിനെയുള്ള സിനിമകൾ എടുക്കാനാണ് താല്പര്യപ്പെടുന്നതും നന്നായി വ്യക്തമാകും.

ഒരു ആനിമേഷൻ സിനിമ, ഒരു റൊമാൻസ് സിനിമ, ഒരു കോമിക്സ് സിനിമ, ഒരു ആക്ഷൻ സിനിമ, ഒരു പ്രേതസിനിമ, ഒരു ഡ്രാമ എന്നിങ്ങനെയാണ് ആ വർഷം തകർത്തോടിയ സിനിമകൾ. ഈ സിനിമകൾക്കിടയിൽ 1992 ന്റെ അവസാനം പുറത്തുവന്ന Reservoir Dogs എന്ന സിനിമ, ഇവയിലെ നിന്നെല്ലാം പാടെ മാറി, അവിടെ നിന്നും ഓഡിയൻസിന് ഒരു ഗംഭീരമായ സിനിമാ അനുഭവം നൽകാൻ തുടങ്ങി. ആ അനുഭവം ഇന്നും ക്വെന്റിൻ ടരന്റിനോയുടെ സിനിമകൾ മൂലം സിനിമാപ്രേമികൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോഴും റിസർ വോയർ ഡോഗ്സ് സിനിമ കാണുമ്പോൾ പുത്തൻ സിനിമയൊരെണ്ണം കാണുന്നത് പോലെ ഒരനുഭവം തരുന്നതാണ് അതിന്റെ മഹത്വം. ആ സിനിമ മാത്രമല്ല, ടരന്റിനോയുടെ എല്ലാ സിനിമകളും അങ്ങിനെയാണ് (Death Proof ഒഴികെ).

കഴിഞ്ഞ മൂന്ന് ആഴ്ചകളായി, , I was totally obsessed with Tarantino like never before. എനിക്ക് ഇഷ്ടമുള്ള സംവിധായകനാണ് ടരന്റിനോ എന്നാലും, വേറേയും ചില സംവിധായകരെ എനിക്കിഷ്ടമാണ്. എന്നാൽ ഒരു പ്രത്യേക രീതിയിൽ എങ്ങിനെയുള്ള സിനിമകളാണ് എനിക്കിഷ്ടമുള്ളത് – ഞാൻ എങ്ങിനെയുള്ള സിനിമകളാണ് തിരശ്ശീലയിൽ കാണാൻ ആഗ്രഹിക്കുന്നത് – അങ്ങിനെയുള്ള സിനിമകളാന് ടരന്റിനോയുടെ സിനിമകൾ എന്ന് ഒരു വെളിപാട് പോലെ ഞാൻ മനസ്സിലാക്കിയത് മൂന്ന് ആഴ്ചകൾക്ക് മുമ്പാണ്. അതുകൊണ്ടാണ് ടരന്റിനോയുടെ എല്ലാ സിനിമകളും പല തവണ തിരിച്ചും മറിച്ചും കണ്ടത്. അദ്ദേഹത്തിന്റെ തിരക്കഥകൾ പലപ്രാവശ്യം വായിച്ചു. അദ്ദേഹവുമായുള്ള അഭിമുഖങ്ങൾ (ശരിക്കും പറഞ്ഞാൽ, 320 പേജുകൾ) ആവർത്തിച്ച് വായിച്ചു. അദ്ദേഹത്തിനെപ്പറ്റിയുള്ള ധാരാളം വീഡിയോകൾ കണ്ടു. എനിക്ക് എങ്ങിനെയുള്ള അനുഭവങ്ങളാണ് ഉണ്ടായതെന്ന് ഒരു പരിധി വരെ ഈ ലേഖനം വായിക്കുന്നവർക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടെങ്കിൽ I will be real happy. അങ്ങിനെയല്ലെങ്കിലും ഇഷ്ടപ്പെട്ട സിനിമകളെപ്പറ്റി സംസാരിക്കുന്നത് തന്നെ രസമല്ലേ?

സിനിമ ചിത്രീകരിക്കുമ്പോൾ നായ അപ്പിയിടുമ്പോഴെല്ലാം ഓടി വന്ന് അത് വൃത്തിയാക്കുന്ന ജോലിയായിരുന്നു ടരന്റിനോ ആദ്യം ചെയ്തിരുന്നത്. അതിനുശേഷം പോൺ സിനിമകൾ കാണിക്കുന്ന ഒരു തിയേറ്ററിൽ ആളുകൾക്ക് ടോർച്ച് തെളിച്ച് ഇരിപ്പിടം കാണിച്ചു കൊടുക്കുന്ന ജോലി കുറച്ചു കാലം ചെയ്തിരുന്നു. പിന്നീടും ഇതുപോലെയുള്ള ചെറിയ ജോലികൾ ചെയ്തിരുന്നപ്പോൾ ആദ്യമായി സിനിമകളോട് ചേർന്നിരിക്കുന്ന ജോലി കിട്ടി. ഒരു വീഡിയോ കടയിൽ. Video Archives എന്ന ആ കടയിൽ ഏകദേശം ആറ് വർഷങ്ങൾ അദ്ദേഹം ജോലി ചെയ്തിരുന്നു. ഇഷ്ടം പോലെ സിനിമകൾ കണ്ട്, സിനിമകളെപ്പറ്റി അവിടെ വരുന്നവരോടും കൂടെ ജോലി ചെയ്യുന്നവരോടും സംസാരിച്ച് (സഹജോലിക്കാരന്റെ പേര് – റോജർ ഓവെറി) ജീവിതം മുന്നോട്ട് നീങ്ങി. സിനിമകളിൽ മുഴുവനായും ഇഴുകിച്ചേർന്നപ്പോൾ, സംവിധായകനാകണമെന്ന് ആഗ്രഹം അദ്ദേഹത്തിന്റെ മനസ്സ് നിറയാൻ തുടങ്ങിയ സമയം. എൺപതുകളുടെ രണ്ടാം പകുതി. അദ്ദേഹം തിരക്കഥകൾ തിരക്കിട്ടെഴുതാൻ തുടങ്ങി. തിടുക്കത്തിൽ അവയെല്ലാം പല സ്ഥാപനങ്ങൾക്കും അയച്ചു കൊടുത്തു. അങ്ങിനെ അയച്ച ഒരു സ്ഥാപനം, ടരന്റിനോയുടെ ഏജന്റിന് അയച്ച ഒരു മറുപടി താഴെ:

Dear Fucking Cathryn,
How dare you send me this fucking piece of shit. You must be out of your fucking mind. You want to know how I feel about it? Here’s your fucking piece of shit back. Fuck you.

ഇങ്ങനെ ഒരു മറുപടി കിട്ടിയ തിരക്കഥയാണ് – True Romance. അതിനെപ്പറ്റി തീർച്ചയായും പിന്നീട് സംസാരിക്കുന്നുണ്ട്. ഇങ്ങനെ കലി പൂണ്ട മറുപടികൾ ലഭിക്കാനുള്ള കാരണം – തിരക്കഥകളിൽ ടരന്റിനോ ഉപയോഗിച്ചിരുന്ന മോശം വാക്കുകളാണ്. എന്നാൽ അതൊന്നും കൊണ്ട് മനസ്സ് തളരാത്ത അദ്ദേഹം, തന്റെ കൂട്ടുകാരെ ചേർത്ത് സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്തു. ആ സിനിമയുടെ പേരാണ് – My best friend’s wedding. ഏകദേശം മൂന്ന് വർഷങ്ങളെടുത്തു ആ സിനിമ പിടിക്കാൻ. ആദ്യത്തെ രണ്ട് വർഷങ്ങളിൽ എടുത്ത ഷോട്ടുകളെപ്പറ്റി ടരന്റിനോയെ ‘എങ്ങിനെയെല്ലാം ഒരു സിനിമ എടുക്കാൻ പാടില്ല എന്ന് പഠിപ്പിച്ച അനുഭവങ്ങളാണ്’ എന്ന് പറയുന്നുണ്ട്. അവസാനത്തെ ഒരു വർഷത്തിലാണ് ഒരു സിനിമ എങ്ങിനെ എടുക്കണമെന്ന് ടരന്റിനോയ്ക്ക് മനസ്സിലായത്. കോളേജിൽ പോയി സിനിമ പഠിക്കാതെ, സിനിമയിലെ ജോലികൾ അറിയാതെ എങ്ങിനെ നിങ്ങൾക്ക് ഗംഭീരമായ സിനിമകൾ എടുക്കാൻ കഴിയുന്നെന്ന ചോദത്തിന്, ‘I didn’t go to film school, but I went to Films’ എന്ന് പറയുന്നതാണ് ടരന്റിനോയുടെ ശീലം. അദ്ദേഹത്തിന്റെ ആ അനുഭവവും, സിനിമ കാണാനുള്ള ആവേശവുമാണ് കാരണം. അടിസ്ഥാനപരമായി ടരന്റിനോ ഒരു movie geek ആണ്. ഏത് സിനിമയായാലും അതിന്റെ മുഴുവൻ വിവരങ്ങളും അറിയാവുന്നയാൾ. അതുകൊണ്ട് തന്നെ തന്റെ സിനിമകളിലെ ദൃശ്യാവിഷ്കാരം, സംഗീതം തുടങ്ങിയവ ഏത് സിനിമയിൽ നിന്നും എങ്ങിനെയെല്ലാം സ്വീകരിക്കണമെന്ന് നന്നായി മനസ്സിലാക്കിയിട്ടുണ്ട്.

Reservoir Dogs പുറത്ത് വന്നത് 1992 ലാണ്. ടരന്റിനോ സിനിമാലോകത്തിലെത്തിയിട്ട് 22 വർഷങ്ങൾ ആയിരിക്കുന്നു. തന്റെ 29 മത്തെ വയസ്സിൽ ആദ്യത്തെ സിനിമ സംവിധാനം ചെയ്ത ടരന്റിനോയ്ക്ക് ഇപ്പോൾ 51 വയസ്സായി. എന്നാലും ടരന്റിനോയുടെ അഭിമുഖങ്ങൾ വായിക്കുംപ്പ്ഴും അദ്ദേഹത്തിന്റെ വീഡിയോകൾ കാണുമ്പോഴും, എപ്പോഴും തന്റെ സുഹൃത്തുക്കളുടെ കൂടെ ആവേശത്തോടെ സംസാരിച്ച്, ജോളിയായി തമാശ പറഞ്ഞ് എപ്പോഴും ചുറുചുറുക്കോടെയുള്ള ഒരു കൂട്ടുകാരനെ കാണുന്നത് പോലെയുണ്ടാകും. അദ്ദേഹത്തിനെ ഒരു legend, Icon എന്നൊന്നും വിളിക്കാൻ തോന്നില്ല. കാരണം, ആദ്യം പറഞ്ഞത് തന്നെ. പ്രത്യേക താല്പര്യവുമായി ഒരു സിനിമ കാണാൻ പോകുമ്പോൾ ഞാൻ ഏതെല്ലാം സിനിമകൾ കാണാൻ ആഗ്രഹിക്കുന്നുവോ, ആ സിനിമകൾ കാണുമ്പോൾ സന്തോഷം തോന്നുന്നുവോ, അങ്ങിനെയുള്ള സിനിമകൾ തുടർച്ചയായി എടുക്കുന്നയാളാണ് അദ്ദേഹം.

The Story


ക്വെന്റിൻ ടരന്റിനോ ജോലി ചെയ്തിരുന്ന വീഡിയോ കടയിലുള്ള എല്ലാ സിനിമകളും അദ്ദേഹത്തിന് കാണാപ്പാഠമായത് കൊണ്ട്, ജോലി മുഷിയാതിരിക്കാൻ ഇടയ്ക്കിടെ സ്വയം സിനിമാമേളകൾ ഉണ്ടാക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഏതെങ്കിലും ഒരു genre എടുത്ത് ആ വകയിലുള്ള സിനിമകൾ എല്ലാം കാണുന്നതും ഈ സിനിമാമേളയിൽ ഉൾപ്പെടും. അങ്ങിനെയൊരിക്കൽ Heist സിനിമകൾ ഒന്നൊന്നായി കണ്ട ടരന്റിനോ, ‘കുറേ വർഷങ്ങളായി ഒരു നല്ല Heist വരുന്നില്ലല്ലോ?’ എന്ന് ആലോചിക്കാൻ തുടങ്ങി. So, I wrote one എന്ന് കൂളായി പറയുന്നതാണ് ടരന്റിനോയുടെ സ്റ്റൈൽ. എല്ലാ അഭിമുഖങ്ങളിലും ഇങ്ങനെ പല വിഷയങ്ങളെപ്പറ്റി വലരെ ജോളിയായി just like that എന്ന് പറയുന്നതും ടരന്റിനോയുടെ പതിവാണ്.

അങ്ങനെ ഒരു തിരക്കഥ മൂന്ന് ആഴ്ചകൾ കൊണ്ട് എഴുതാൻ കഴിഞ്ഞു ടരന്റിനോയ്ക്ക്. എഴുതിക്കഴിഞ്ഞതും തിരക്കഥ തന്റെ കൂട്ടുകാരോടൊപ്പം ഒരു 16 എം എം ക്യാമറയിൽ ബ്ലാക്ക്& വൈറ്റിൽ എടുക്കണമെന്നായി ടരന്റിനോയുടെ ലക്ഷ്യം. അതനുസരിച്ച് പ്രി-പ്രൊഡക്ഷൻ ജോലികൾ തുടങ്ങി. പക്ഷേം ടരന്റിനോയുടെ കൂട്ടുകാരനായിരുന്ന ലോറൻസ് പെന്റർ എന്നയാൾ (do you remember the name?) ഒരു അഭിനയക്കളരിയിൽ ചേർന്ന് അഭിയയം പഠിക്കുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന് അഭിനയം പഠിപ്പിച്ചിരുന്ന അദ്ധ്യാപകന്റെ ഭാര്യ Actors Studio എന്ന പ്രശസ്തമായ സ്ഥാപനത്തിലായിരുന്നു. ആ സ്ഥാപനം, ഹോളിവുഡിന്റെ പാരമ്പര്യമുള്ള അഭിനയക്കളരികളിൽ ഒന്നായിരുന്നു. അവിടത്തെ പ്രശസ്തനായ ആദ്യകാലവിദ്യാർഥികളിൽ ഒരാളായിരുന്നു ലീ സ്ട്രാസ്ബെർഗ്. എന്തായാലും, ലോറൻസ് പെന്ററിന്റെ ഗുരുനാഥന്റെ ഭാര്യ, Actors Studio യിൽ ആയത് കൊണ്ട് അവിടെയുണ്ടായിരുന്ന പ്രശസ്തരായ അഭിനേതാക്കളിൽ ഒരാളായ ഹാർവി കയ്ടെൽ (Harvey Keitel) ന്റെ സുഹൃത്തുമായിരുന്നു. ആ നിലയിൽ, ടരന്റിനോയുടെ തിരക്കഥ വായിച്ച കൂട്ടുകാരൻ ലോറൻസ് പെന്റർ അതിനെ തന്റെ ഗുരുനാഥനെ കാണിച്ച്, അത് വായിച്ച് വിയർത്ത് പോയ ഗുരുനാഥൻ ഭാര്യയോട് അതിനെപ്പറ്റി പറഞ്ഞ്, തിരക്കഥ വായിച്ച ഭാര്യ വളരെ ഇമ്പ്രസ് ആയി അത് ഉടനെ തന്നെ തന്റെ സുഹൃത്ത് ഹാർവി കയ്ടെലിനെ കാണിച്ചു. ഹാർവി ആ തിരക്കഥ വായിച്ചു.

മൂന്ന് ദിവസങ്ങൾ കഴിഞ്ഞ്, ടരന്റിഓയുടെ കുടുസ്സുമുറിയിലേയ്ക്ക് ഒരു ഫോൺ വരുന്നു. ഫോൺ എടുത്തതും, തന്റെ സ്വതസിദ്ധമായ സ്വരത്തിൽ ‘ഞാൻ ഹാർവി കയ്ടൽ. നീയാണോ ടരന്റിനോ? നിന്റെ തിരക്കഥ വായിച്ചു. എനിക്കിഷ്ടമായി. ഞാൻ ഉടനേ അങ്ങോട്ട് വരുന്നുണ്ട്. ഈ സിനിമയെടുക്കാൻ എനിക്കും താല്പര്യമുണ്ട്.’ എന്ന് പറഞ്ഞ് ഫോൺ വച്ചു കയ്ടെൽ.

അതിന് ടരന്റിനോയുടെ റിയാക്ഷൻ എങ്ങിനെയായിരുന്നെന്ന് താഴെയുള്ള വീഡിയോയിൽ കാണാം. Reservoir Dogs എന്ന സിനിമയുടെ പത്താമത്തെ anniversary ആഘോഷിക്കുന്നതിനായി 2002 ഇൽ പുറത്ത് വന്ന ഡിവിഡിയിൽ behind the scenes ൽ ഉള്ള വീഡിയോ ആണത്. ആ വീഡിയോ മറക്കാതെ കാണുക. 1992 ഇൽ റിസർവോയർ ഡോഗ്സ് സിനിമ വന്നാപ്പോൾ ടരന്റിനോ എങ്ങിനെയായിരുന്നെന്നും അദ്ദേഹത്തിന്റെ പ്രതികരണവും ആ വീഡിയോയിൽ കാണാം. കണ്ട് കഴിഞ്ഞതും, ജോളിയായി തെരുവിൽ കറങ്ങിത്തിരിഞ്ഞ് സിനിമകൾ കാണുന്ന ഒരു ചെറുപ്പക്കാരൻ ഇങ്ങനെയേയുണ്ടാകൂയെന്ന് നിങ്ങൾക്ക് മനസ്സിലാക്കാം. ആ ചെറുപ്പക്കാരന്റെ ആഗ്രഹങ്ങൾ എന്തൊക്കെയായിരിക്കും? കൈയ്യിൽ കിട്ടുന്ന പണം കൊണ്ട് വീഡിയോ കാസറ്റുകൾ വാങ്ങണം; വലിയ സംഗീതറെക്കാർഡുകൾ (LP) വാങ്ങണം; സിനിമാപോസ്റ്ററുകൾ വാങ്ങി മുറിയിലെങ്ങും ഒട്ടിക്കണം; സിനിമകൾ കാണണം; ഹോട്ടലുകളിൽ പോയി കഴിക്കണം; എന്നൊക്കെയായിരിക്കും. ഇതെല്ലാം ടരന്റിനോ പറയുന്നത് ശ്രദ്ധിക്കൂ.

സിനിമാഭ്രാന്തനായിരുന്ന ആ ചെറുപ്പക്കാരന്, തന്റെ തിരക്കഥ സിനിമയാക്കാൻ ആദ്യമായി  ഒരു അവസരം കിട്ടിയാൽ എങ്ങിനെയുണ്ടാകും? അത്യുത്സാഹത്തിൽ ഇറങ്ങിയ ടരന്റിനോയുടെ ഗംഭീരമായ സിനിമകളിൽ ആദ്യത്തേതായിരുന്നു റിസർവോയർ ഡോഗ്സ്.

ടരന്റിനോയുടെ തിരക്കഥയിൽ ആകർഷിതനായ ഹാർവി കെയ്ടെൽ, ലോസ് ഏഞ്ചലസിലുള്ള ടരന്റിനോയേയും ലോറൻസ് പെന്ററേയും തന്റെ സ്വന്തം ചിലവിൽ ന്യൂ യോർക്കിലേയ്ക്ക് കൊണ്ടുവന്ന് താ‍മസിപ്പിച്ച്, മറ്റ് അഭിനേതാക്കളെ കണ്ടെത്തുന്നതിനും സഹായിച്ചു. ഓരോരുത്തരായി സിനിമയിൽ എത്തിപ്പെട്ടു. മൈക്കിൾ മാഡ്സൺ (Mr. Blonde), സ്റ്റീവ് ബൂഷെമി (Mr. Pink), ലോറൻസ് ഡിയർനി (Joe Cabot), ക്രിസ് ബെൻ (Nice guy Eddie), ടിം റാത് (Mr. Orange), ഏഡ്വേർഡ് ബങ്കർ - ഇദ്ദേഹം യഥാർഥ ജീ‍വിതത്തിലും ബാങ്ക് കൊള്ളക്കാരനായിരുന്നു, ഇവരോടൊപ്പം ടരന്റിനോ തന്നെ Mr. Brown ആയി അഭിനയിച്ചു.

ടരന്റിനോയുടെ പ്രശസ്തമായ വേറൊരു കാര്യം – അദ്ദേഹത്തിന്റെ സിനിമകളിൽ മുമ്പുള്ള സിനിമകളിൽ നിന്ന് എടുക്കപ്പെടുന്ന സംഗീതമാണ് കൂടുതലും ഉപയോഗിക്കുകയെന്നതാണ്. അതിനുള്ള വിത്ത് റിസർവോയർ ഡോഗ്സിൽ തന്നെയാണുള്ളത്. ആ സിനിമ എഴുതുമ്പോൾത്തന്നെ എഴുപതുകളിലെ രസികൻ പാട്ടുകൾ വച്ച് തന്നെ പശ്ചാത്തലസംഗീതം ചമയ്ക്കണമെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. കാരണം എന്താണെന്നാൽ, അതിനുമുമ്പ് വന്നിരുന്ന അങ്ങിനെയുള്ള സംഗീതങ്ങൾ തിരശ്ശീലയിൽ അനുഭവിച്ച് അമ്പരന്നിരുന്നു അദ്ദേഹം. ഉദാഹരണത്തിന്, റിച്ചാർഡ് വാഗ്നറുടെ സംഗീതത്തിലുള്ള Ride of the Valkyrie, Apocalypse Now എന്ന സിനിമ വന്നതിനു ശേഷമാണ് പലരും അറിഞ്ഞതെന്നത് ടരന്റിനോ പറയുന്നു. അതുപോലെയാണ് സ്കാർസേസിയുടെ Mean Streets (ഹാർവി കയ്ടെനായിരുന്നു നായകൻ) സിനിമയുടെ ടൈറ്റിലിൽ വരുന്ന Be my Baby എന്ന പാട്ട്. ആ പാട്ട് എവിടെ കേട്ടാലും ആ സിനിമ ഓർമ്മ വരുമെന്നാണ് ടരന്റിനോ പറയുന്നത്. അങ്ങിനെയാണ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പാട്ടുകൾ റിസർവോയർ ഡോഗ്സിൽ ഉണ്ടാകണമെന്ന് തീരുമാനിക്കുന്നത്. വേറൊരു പാട്ട് - Singin’ in the Rain. ക്ലോക്ക് വേർത് ഓറഞ്ച് കണ്ടവർക്ക് ഈ പാട്ട് ഓർമ്മ വരും. ഈ പാട്ടിന്റെ സ്പെഷ്യാലിറ്റി – പാട്ട് ഉപയോഗിച്ചിരിക്കുന്നത് ഒരു ടോർച്ചർ രംഗത്തിലാണ്. അങ്ങിനെയൊന്ന് കൂടി താഴെ)
ഇങ്ങനെ തന്റെ ആദ്യത്തെ സിനിമയ്ക്കായി പാട്ടുകൾ തിരഞ്ഞെടുത്തു ടരന്റിനോ. സിനിമയുടെ ടൈറ്റിൽ സംഗിതമായി, Little Green Bag തിരഞ്ഞെടുത്തു. സിനിമയുടെ തുടക്കത്തിൽ വരുന്ന ദൈർഘ്യമുള്ള മഡോണ സംഭാഷണത്തിനെ തുടർന്ന് എല്ലാവരും പുറത്ത് വരുമ്പോൾ ആ പാട്ട് തുടങ്ങും. പാട്ടിലുള്ള ആ റിഥം, അഭിനേതാക്കളുടെ ആഹ്ലാദം നിറഞ്ഞ നിമിഷങ്ങളെ മനോഹരമായി പ്രതിഫലിപ്പിക്കുന്നു. അതുപോലെ സിനിമയിൽ ഇടയ്ക്കിടെ റേഡിയോയിൽ പറയുന്നത് പോലെ ഒരു ശബ്ദം വരുന്നുണ്ട്. അതെല്ലാം typical ടരന്റിനോ അച്ച് തന്നെ.
സാധാരണയായി തന്റെ സിനിമകളുടെ പ്രേക്ഷകരെ താൻ വിചാരിച്ചത് പോലെ വരുതിയിലാക്കുന്നത് ടരന്റിനോയ്ക്ക് ഇഷ്ടമാണ്. അതിനും ഈ സിനിമയിൽ പല ഉദാഹരണങ്ങളുണ്ട്. ആദ്യം സിനിമ തുടങ്ങിയതും മഡോണയെപ്പറ്റിയുള്ള സംഭാഷണം തുടങ്ങുന്നു. അതിനുശേഷം ടിപ്സ് കൊടുക്കുന്നതിനെപ്പറ്റി ഒരു അഭിപ്രായം വരും. ഇതെല്ലാം പ്രേക്ഷകർക്ക് ചിരിയുണ്ടാക്കുന്ന കാര്യങ്ങളാണ്. അതിനുശേഷം ഈ ടൈറ്റിൽ സീക്വൻസ്. അത് കഴിഞ്ഞതും ക്രൂരമായ ഒരു സീക്വൻസ് തുടങ്ങുന്നു. ടിം റാത് കാറിൽ വയറിൽ വെടി കൊണ്ട് രക്തം ഒഴുകി പിടഞ്ഞു കൊണ്ടിരിക്കുന്ന കാഴ്ച ആരംഭിക്കുന്നു. ആ കാഴ്ച അവസാനിച്ചതും ഹാർവി കയ്ടെലും ടിം റാത്തും സിനിമയിലെ ഗോഡൌണിൽ എത്തുന്നു. അവിടെ സ്റ്റീവ് ബൂഷെമി എത്തുന്നു. റാത്തിനെ തറനിൽ കിടത്തി അയാളോട് സംസാരിക്കാൻ തുടങ്ങുന്നു ഹാർവി കയ്ടെൻ. അപ്പോൾ ഫ്ലാഷ് ബാക്കുകൾ വന്നുകൊണ്ടിരിക്കും. പിന്നീട് അവിടെ മൈക്കേൽ മാഡ്സൺ വരുന്നു. അയാളെ ഒരു സൈക്കോ എന്ന് വിളിക്കുന്നു കയ്ടെൻ. കാരണം, കൊള്ളയടിക്കാൻ പോയ സ്ഥലത്ത് അയാൾ പലരേയും വെടി വയ്ക്കുന്നുണ്ടായിരുന്നു. അപ്പോൾ മൈക്കിൾ മാഡ്സണിന്റെ കാറിൽ കുടുങ്ങിയിരുന്ന ഒരു പോലീസുകാരനെപ്പറ്റി മാഡ്സൺ പറയുന്നു. അയാളെ അകത്ത് കൊണ്ടുവന്ന് കെട്ടിയിട്ട് അവിടെ വരുന്ന ക്രിസ് ബെൻ എന്ന കഥാപാത്രത്തിനൊപ്പം എല്ലാവരും പുറത്ത് വരുന്നു. അപ്പോൾ അകത്ത് ഒരു ചതിയൻ ഉണ്ടെന്ന് എല്ലാവർക്കും മനസ്സിലാകുന്നു. ഒറ്റയ്ക്കായതും മൈക്കിൾ മാഡ്സൺ, ഉല്ലാസത്തോടെ ആ പോലീസിന്റെ അടുത്തേയ്ക്ക് പോകുന്നു. അപ്പോൾ വരുന്ന പാട്ടാണ് – Stuck in the middle with you (Stealers Wheel). ഈ പാട്ട് അയാൾ മൂളിക്കൊണ്ട് നൃത്തം ചെയ്യുന്നത് മനോഹരമായ ദൃശ്യമാണ്. ഇതിനു മുമ്പുള്ള ദൃശ്യങ്ങൾ കണ്ട് അല്പം ഭയന്നിരിക്കുന്ന പ്രേക്ഷകർ ഈ പാട്ട് കേട്ടതും ആശ്വസിക്കുന്നു. കാരണം അത് ഒരു പ്രശസ്തമായ പാട്ടാണ്. എന്നാൽ ആ പാട്ടാണ് സിനിമയിലെ ക്രുരമായ കാഴ്ചകളിൽ ഒന്നിന് തുടക്കമിടുന്നതും.

ഇതിനെപ്പറ്റി തന്റെ അഭിമുഖങ്ങളിൽ ടർന്റിനോ ഇങ്ങനെ പറയുന്നു. ’You’re supposed to laugh until I stop you laughing. ജോളിയായി പാട്ട് ആസ്വദിക്കുന്നു. നൃത്തം ചിരിയുണർത്തുന്നു. പെട്ടെന്ന് കത്തിയെടുത്ത് മൈക്കിൾ മാഡ്സൺ പോലീസിന്റെ മുഖത്ത് വരച്ച് എല്ലാ ചിരിയും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കുന്നു. പിന്നോട് പോലീസിന്റെ ചെവി മൈക്കിൾ മാഡ്സൺ അറുത്തെടുക്കുമ്പോൾ അതുവരെ നമ്മൾ ചിരിച്ചതിന് വിപരീതമായ ഭീതി ഉണർത്തുന്നു (സാധാരണ പ്രേക്ഷകരെപ്പറ്റി പറഞ്ഞതാണ്. എനിക്ക് പേടിയൊന്നും തോന്നിയില്ല). യഥാർഥ ജീവിതത്തിലെ ക്രൂരതകൾക്കും സിനിമയിൽ വരുന്ന ക്രൂരതകൾക്കുമുള്ള ബന്ധത്തിനെപ്പറ്റി ടരന്റിനോയോട് പലരും ചോദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഒരേ മറുപടിയാണ് വരുക. ‘ക്രൂരത എന്നത് സൌന്ദര്യാത്മകമാണ്. എങ്ങിനെ ചിലർക്ക് പ്രണയസിനിമകൾ ഇഷ്ടമാകുന്നുവോ അതുപോലെ എനിക്ക് ക്രൂരത ഇഷ്ടമാണ്. ഒരുപക്ഷേ നിങ്ങൾക്ക് പ്രണയ സിനിമകളോ അടിപിടി സിനിമകളോ പാട്ടുകളോ ഇഷ്ടമല്ലെങ്കിൽ, ലോകത്തിലെ അത്ഭുതകരമായ ഒരു പ്രണയസിനിമ ഞാൻ എടുത്താലും ഇഷ്ടമായില്ലെന്നേ നിങ്ങൾ പറയൂ. കാരണം അടിസ്ഥാനപരമായി നിങ്ങൾക്ക് പ്രണയസിനിമകൾ ഇഷ്ടമല്ല. എന്നാൽ നിങ്ങൾക്ക് ഇഷ്ടമല്ല എന്നുവച്ച് ഞാൻ അത് കാണിക്കാൻ പാടില്ലെന്ന് പറയുന്നത് എന്ത് ന്യായമാണ്? ധാരാളം സിനിമകളിൽ കോമഡി വരുന്നുണ്ടെന്ന് വച്ച്, അതുകൊണ്ട് ലോകത്ത് എല്ലാരും കോമഡിക്കാരായി മാറുമോ?
അങ്ങിനെയാണ് സിനിമകളിൽ വരുന്ന ക്രൂരത എല്ലാവരേയും ക്രൂരരാക്കുമെന്ന് പറയുന്നതും”.

ഇതാണ് ടരന്റിനോ പറയുന്ന മറുപടി. എന്നാൽ ഇത് മുകളിൽ കണ്ട റിസവോയർ ഡോഗ്സ് behind the scenes വീഡീയോയിൽ ടരന്റിനോ പറയുമായിരുന്നിരിക്കും. അപ്പോൾ മുതൽ അദ്ദേഹം അങ്ങിനെയാണ്. ഇനിയങ്ങിനെ തുടരുകയും ചെയ്യും. സിനിമയുടെ പശ്ചാത്തലത്തിൽ വരുന്ന വെറൊരു സംഗീതവും ആ ദൃശ്യവും മനോഹരമായി ചേർന്ന് പോകും. അതാണ് Hooked on a Feeling – Blue Swede. അടുത്ത കാലത്ത് പുറത്ത് വന്ന Guardians of the Galaxy എന്ന സിനിമയിലും ഇതേ പാട്ട് അങ്ങിനെ തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഈ പാട്ടിന്റെ വശ്യത അങ്ങിനെയാണ്.


ഈ സിനിമയിൽ subtext എന്ന് പറയാവുന്ന ഒരു അടിയൊഴുക്ക് ഉണ്ട്. എന്നാൽ അങ്ങിനെയുള്ളത് ടരന്റിനോ പിന്നീടാണ് ശ്രദ്ധിച്ചത്. സിനിമയിൽ ബോസ്സ് ആയി വരുന്ന ലോറൻസിനെ ഏകദേശം ഒരു അച്ഛനെപ്പോലെയാണ് ഹാർവി കാണുന്നത്. എന്നാൽ ടിം റാത് എന്ന കഥാപാത്രത്തിനെ കാറിൽ കൊണ്ടുവരുമ്പോൾ അയാൾക്ക് തന്നെ അത് തന്റെ മകനെപ്പോലെ തോന്നുന്നു. അവനെ രക്ഷിക്കുന്നതാണ് തന്റെ ലക്ഷ്യം എന്ന് അയാൾ കരുതുന്നു. അതുകൊണ്ടാണ് ആ രംഗം മുഴുവനും ‘ജോ വന്നതും നിന്നെ രക്ഷിക്കാം’ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാ ടിം റാത്തിനെപ്പറ്റിയുള്ള സത്യം അദ്ദേഹത്തിനറിയില്ല. ടിം റാത്തിനാകട്ടെ തൻ ഒരു ചതിയനാണെന്നറിയാം. അതുകൊണ്ട് അയാൾ കുറ്റബോധത്തിലാണ്. അവസാനം ടിം റാത്തിന് വെടിയേൽക്കുമ്പോൾ തന്റെ അച്ഛനെക്കാൾ തന്റെ മകനാണ് തനിക്ക് വേണ്ടതെന്ന് തീരുമാനിക്കുന്നു. അതുകൊണ്ടാണ് ആ mexican standoff ക്ലൈമാക്സിൽ അവസാനിക്കുന്നത്. ഇത് മനസ്സിലാക്കിയതും ടരന്റിനോ വളരെ അതിശയിച്ച് പോയെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

മൊത്തത്തിൽ നോക്കുമ്പോൾ Reservoir Dogs പോലെയുള്ള ഒരു തിരക്കഥ ഏത് കാലത്ത് വന്നാലും ചർച്ച ചെയ്യപ്പെടും. അതാണ് ആ തിരക്കഥയുടെ മേന്മയും. ഒരു കൊള്ളയടിയെപ്പറ്റി പറയുന്ന സിനിമയിൽ ആ കൊള്ള വരുന്നതേയില്ല. സിനിമ മുഴുവനും സംഭാഷണം നിറഞ്ഞിരിക്കുന്ന തിരക്കഥയാണത്. ആ സംഭാഷണങ്ങളും, ചുറ്റിലുമുള്ള സമൂഹത്തിനെ സൂക്ഷമായി നിരീക്ഷിച്ച് അതിനെപ്പറ്റി ഒരു അഭിപ്രായമായി തോന്നും. അങ്ങിനെയാകുമ്പോൾ ടർന്റിനോ പറയുന്നത് പോലെ, അദ്ദേഹത്തിന്റെ തിരക്കഥകൾ സാഹിത്യം തന്നെയാണ്. നല്ല സാഹിത്യമാണോ ചീത്ത സാഹിത്യമാണോയെന്നത് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്.


ഈ ലേഖനം വായിച്ചതിന് ശേഷം റിസർവോയർ ഡോഗ്സ് ഒന്ന് കാണൂ. പല കാര്യങ്ങൾ ഈ ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. എല്ലാം വായിച്ചത് പോലെ കാണുകയാണെങ്കിൽ സിനിമ ഗംഭീരമായ അനുഭവം തരും എന്നതിൽ സംശയമില്ല.

പിൻ കുറിപ്പുകൾ:

1 - ടരന്റിനോയുടെ സിനിമകളുടെ അവസാനം വരുന്ന Title Credit – പ്രത്യേകിച്ച് അതിന്റെ അവസാനം വിട്ടുകളയരുത്. അതിൽ നിന്നും എനിക്ക് ഒരുപാട് കിട്ടിയിട്ടുണ്ട്. പല പാട്ടുകൾ, സിനിമകൾ, അഭിനേതാക്കൾ എന്നിങ്ങനെ. നിങ്ങൾക്കും കിട്ടും.

2- സിനിമയിൽ അങ്ങിങ്ങ് ടരന്റിനോയ്ക്ക് ഇഷ്ടമുള്ള അംശങ്ങൾ തല കാണിക്കും . . Hooked on the Feeling എന്ന പാട്ട് വരുന്നതിന് മുമ്പ് വാതിലിൽ ഒട്ടിച്ചിരിക്കുന്ന Silver Surfer poster പോലെ.

3 – ഹാർവി കയ്ടെൻ എനിക്കും വളരെ ഇഷ്ടപ്പെട്ട നടനാണ്.

4- റിസർവോയർ ഡോഗ്സ് എന്നാലെന്താണ്? വീഡിയോ കടയിൽ ജോലി ചെയ്യുമ്പോൾ Au Revoir Les Enfants എന്ന സിനിമയെപ്പറ്റി പറയുമ്പോഴെല്ലാം ‘Oh that.. the Reservoir film’ എന്നാണ് ടരന്റിനോ പറയാറുള്ളത്. കാരണം അത് അദ്ദേഹത്തിന് അത് മനസ്സിലായിട്ടില്ല. അത് ഓർമ്മ വച്ചാണ് തന്റെ ആദ്യത്തെ സിനിമയ്ക്ക് Reservoir Dogs എന്ന് പേരിട്ടത്.

5 – കഴിയുമെങ്കിൽ സിനിമയിലെ പാട്ടുകൾ എല്ലാം കേൾക്കുക. പിന്നീട് സിനിമയിൽ അവയെല്ലാം എവിടെ വരുന്നെന്ന് നോക്കുക. അപ്പോൾ ടരന്റിനോയുടെ ക്രാഫ്റ്റ് മനസ്സിലാകും.

- - - രാജേഷ്
Web: http://karundhel.com/
Quentin Tarantino: Chapter 1 – Reservoir Dogs Quentin Tarantino: Chapter 1 – Reservoir Dogs Reviewed by Jayesh/ജയേഷ് on August 27, 2014 Rating: 5

7 comments:

 1. This comment has been removed by the author.

  ReplyDelete
  Replies
  1. ഇത് നോളനെപ്പറ്റിയല്ല ഭായ്...

   Delete
  2. സിസ്റം എറര്‍ deleting

   Delete
  3. ടരന്റിനോയുടെ സിനിമകളും കാണാറുണ്ട്.... വായിച്ചു തീര്‍ന്നപ്പോള്‍ ഒരു confusion അടിച്ചു.., അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു... :)

   Delete
 2. ങാഹാ... എന്നാല്‍പ്പിന്നെ ടറന്റിനോ സിനിമകള്‍ ടോറന്റിലുണ്ടോന്ന് നോക്കട്ടെ. ആദ്യം റിസര്‍വോയിര്‍ ഡോഗുകള്‍ തന്നെ കാണാം!

  ReplyDelete
 3. Man, i'm impressed, you have done a good research and the blog is pretty concise. I'm a fan of Quentin Tarantino, very talented guy.

  ReplyDelete
 4. Nalla ezhutthu!

  Njaan poyi cinema kandaecchum varaam..! Baakki vannittu!

  ReplyDelete