കൈസർമുഖവുര:

ഇന്ത്യയിൽ സ്വാതന്ത്ര്യസമരം മൂർദ്ധന്യത്തിലെത്തിയിരിക്കുന്ന സമയമായിരുന്നു അത്. മോഹൻ ദാസ് കരംചന്ദ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആയിരുന്നു ബ്രിട്ടനിലും ഇന്ത്യയിലും ഉണ്ടായിരുന്ന സാമ്രാജ്യത്വ തല്പരരുടെ പ്രധാന ചർച്ചാ വിഷയം. രാജ്യത്തിന്റെ പല കോണുകളിലും സായുധസമരങ്ങളും അരങ്ങേറിയിരുന്നു. ലഹളക്കാരെ അടിച്ചമർത്താൻ ബ്രിട്ടീഷ് സൈന്യത്തിനും പെടാപ്പാട് പെടേണ്ടിയിരുന്നു. മർദ്ദനം തന്നെയായിരുന്നു അവർ കണ്ട പ്രധാന പോം വഴി. അത് കാരണം കൊല്ലപ്പെടുന്നവരുടേയും മുറിവേൽക്കുന്നവരുടേയും എണ്ണം ക്രമാതീതമായിത്തീർന്നു. എത്ര തല്ല് കൊണ്ടിട്ടും പോരാട്ടം അവസാനിപ്പിക്കാത്ത ഇന്ത്യാക്കാരുടെ മനോഭാവം ബ്രിട്ടീഷ് ഭരണകൂടത്തിന് തലവേദനയായിരുന്നെന്ന് പറയണ്ടല്ലോ. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രം വായിക്കുന്നത് അഭികാമ്യം.

തന്മൂലം ചികിത്സയ്ക്കായി ഇംഗ്ലണ്ടിൽ നിന്നും കൂടുതൽ ഡോക്ടർമാരുടെ സേവനം ആവശ്യമായി വന്നു. അങ്ങിനെ 1942 മാർച്ച് മാസം മുപ്പത് ഡോക്ടർമാരുടെ സംഘം ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലെത്തി. എത്തിയയുടൻ അവരെയെല്ലാം രാജ്യത്തിന്റെ നാനാഭാഗങ്ങളിലേയ്ക്ക് അയയ്ക്കപ്പെടുകയും ചെയ്തു.

-------------------------------------
ഒന്ന്

അതിലൊരാളായിരുന്നു ഡോ. വില്യം മക്കാർത്തി (എഫ് ആർ സി എസ്). യുദ്ധവും ലഹളവും അക്രമവും ഇഷ്ടപ്പെടാതിരുന്ന കാമുകഹൃദയനായിരുന്ന വില്യം സായിപ്പ് മനസ്സില്ലാമനസ്സോടെയാണ് കപ്പൽ കയറിയത്. കുറച്ച് നാളുകൾക്ക് മുമ്പ് സംഭവിച്ച പ്രണയത്തകർച്ച നൽകിയ നൈരാശ്യവും കാരണമായെന്ന് പറയാവുന്നതാണ്. ബോംബേയിൽ എത്തിയ വില്യം സായിപ്പിനോട് ഉടനേ തന്നെ കൽക്കത്തയിലേയ്ക്ക് തിരിക്കാനായിരുന്നു ആർഡർ. അടുത്ത തീവണ്ടിയ്ക്ക് തന്നെ അദ്ദേഹം കൽക്കത്തയ്ക്ക് പോകുകയും ചെയ്തു.

സ്വതവേ വിഷാദസ്വഭാവക്കാരനായിരുന്ന വില്യം സായിപ്പിന് കൂട്ടായിരുന്നത് കൈസർ എന്ന വേട്ടപ്പട്ടിയായിരുന്നു. കൈസർ വില്യം സായിപ്പിന്റെ നിഴൽ പോലെയായിരുന്നു എന്നും പറയാം. കൽക്കത്തയിലെ പ്രക്ഷുബ്ധമായ അന്തരീക്ഷം കൈസറിന് രസിച്ചില്ലെങ്കിലും മേഞ്ഞ് നടക്കാൻ വിശാലമായ പറമ്പും മൃഷ്ടാന്നഭോജനവും രസക്കേടുകളെയെല്ലാം തുടച്ച് നീക്കി. വില്യം സായിപ്പ് ജോലിയ്ക്ക് പോകുന്ന സമയത്തെല്ലാം കൈസർ ഒരു ചക്രവർത്തിയെപ്പോലെ ആ മതിൽക്കെട്ടിനുള്ളിൽ വിരാജിച്ചു.

‘കൈസർ ഐ ഫീൽ സാഡ്’ വില്യം സായിപ്പ് ഒരിക്കൽ പറഞ്ഞു. കൈസർ പകരം ചെയ്തത് സായിപ്പിന്റെ കാൽ നഖം വെട്ടുകയായിരുന്ന വേലക്കാരന്റെ കഴുത്തിൽ കടിച്ച് കുടയുകയായിരുന്നു.

എന്നിട്ടും വില്യം സായിപ്പിന്റെ ഏകാന്തതയ്ക്ക് കുറവൊന്നുമില്ലായിരുന്നു. ജോലി കഴിഞ്ഞെത്തുന്ന സന്ധ്യനേരങ്ങൾ അയാളെ കൂടുതൽ ദു:ഖത്തിലാഴ്ത്തി. ജോലിയ്ക്കിടയിൽ മുറിവേറ്റ് വേദന കൊണ്ട് പുളയുന്ന മനുഷ്യർ അയാളുടെ ഉറക്കം കെടുത്തി. തിരികെ ഇംഗ്ലണ്ടിലേയ്ക്ക് പോകാനുള്ള ശ്രമങ്ങളെല്ലാം പാഴായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കൊടുത്ത് തിരികെ പൊയ്ക്കൂടേയെന്ന് മേലധികാരിയോട് തർക്കിക്കുന്നത് വരെ കാര്യങ്ങൾ എത്തി. അതിന് പകരമായി കിട്ടിയത് ഇംഗ്ലണ്ടിൽ നിന്നും ശകാരവും ഒരു കുഗ്രാമത്തിലേയ്ക്കുള്ള സ്ഥലം മാറ്റവും ആയിരുന്നു.
കലിപ്പൂർ എന്ന ഗ്രാമത്തിലെത്തിയ വില്യം സായിപ്പ് മരണതുല്യനായിപ്പോയി. ഒരു കുഗ്രാമമായിരുന്നു കലിപ്പൂർ. പോരാത്തതിന് സായുധസമരക്കാർ ഒളിത്താവളമായി ഉപയോഗിക്കുന്ന കാടുകളാൽ ചുറ്റപ്പെട്ടതും. സുഭാഷ് ചന്ദ്രബോസിന്റെ അനുയായികൾ എന്ന് അവകാശപ്പെടുന്ന സേനാനികളും ഗറില്ലാ പോരാളികളും അവിടെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. അവരും ബ്രിട്ടീഷ് പട്ടാളവും തമ്മിൽ പോരാട്ടങ്ങൾ പതിവായിരുന്നു. അങ്ങിനെ പരിക്കേൽക്കുന്ന പട്ടാളക്കാരെ ചികിത്സിക്കേണ്ടത് വില്യം സായിപ്പായിരുന്നു. സഹായത്തിന് രണ്ട് നഴ്സുമാരും ഒരു ക്ലർക്കും മാത്രം. കൈസറിന് എത്രത്തോളം ആ സ്ഥലം ഉപദ്രവമായിത്തീർന്നെന്നത് അവന്റെ മലം പരിശോഷിച്ചാൽ മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. ഇഷ്ടമുള്ള ആഹാരം ലഭിക്കാതെ, കിട്ടുന്നതെല്ലാം ദഹനപ്രശ്നങ്ങളുണ്ടാക്കി എപ്പോഴും വയറിളക്കം ബാധിച്ച നിലയിലായി കൈസർ. വില്യം സായിപ്പ് നിസ്സഹായനായിത്തീർന്നു. കൈസറിനെ തനിയ്ക്ക് നഷ്ടപ്പെടുമോയെന്ന് അയാൾ ഭയപ്പെട്ടു. ഒന്നുച്ചത്തിൽ കുരയ്ക്കാൻ പോലുമാകാതെ എപ്പോഴും അവശനായി കിടക്കുന്ന കൈസർ അയാളെ ആധിയിലാക്കി.


ആ സമയത്തായിരുന്നു അനുരാ മുഖർജി എന്ന ഒരു യുവതി വില്യം സായിപ്പിന്റെ ജീവിതത്തിലേയ്ക്ക് കടന്ന് വന്നത്. പോരിനിടയിൽ മുറിവേറ്റ് ഓടിയ അനുരാ എത്തിച്ചേർന്നത് വില്യം സായിപ്പിന്റെ വീടിന്റെ അടുത്തുള്ള കുളക്കരയിലായിരുന്നു. രക്തം വാർന്ന്, ക്ഷീണം താങ്ങാൻ വയ്യാതെ അവൾ ഒരു മുരിക്കുമരത്തിന്റെ ചുവട്ടിൽ വീണു. അവളുടെ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. ഏറെ നാളുകൾ കാട്ടിലും മേട്ടിലുമായി അലഞ്ഞതിന്റെ ലക്ഷണങ്ങൾ അവളുടെ ദേഹമെമ്പാടും കാണാമായിരുന്നു. ഒരു ഡോക്ടർ എന്നതിനേക്കാൾ വില്യം സായിപ്പിന്റെ കാമുകഹൃദയമായിരുന്നു തകർന്ന് പോയത്. അവളെ ക്ലിനിക്കിലേയ്ക്ക് കൊണ്ടുപോകുന്നത് അപകടമാണെന്ന് അയാൾക്ക് അറിയാമായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിന്റെ കൈകളിൽ അകപ്പെട്ടാൽ അവൾ അനുഭവിക്കാൻ പോകുന്ന യാതനകൾ എത്ര ക്രൂരമായിരിക്കുമെന്നോർത്ത് അയാൾ വിവശനായി. ആരോരുമറിയാതെ തന്റെ ബംഗ്ലാവിലേയ്ക്ക് അവളെ കൊണ്ടുപോയി ശുശ്രൂഷകൾ ചെയ്തു. കൈസർ പോലും അറിയാതെയായിരുന്നു എല്ലാം. അവളെ പരിശോധിക്കുന്ന സമയങ്ങളിൽ കൈസറിന്റെ ഒരു മുരിങ്ങമരത്തിൽ കെട്ടിയിട്ടു. കൈസറിന് കയറിച്ചെല്ലാൻ സാധിക്കാത്ത ഒരു മുറിയിൽ അവളെ കിടത്തി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾ സുഖം പ്രാപിക്കാൻ തുടങ്ങുകയും ഒരു രാത്രി ആരോരുമറിയാതെ ബംഗ്ലാവിൽ നിന്നും ഒളിച്ചോടുകയും ചെയ്തു അവൾ.

ആ സംഭവം വില്യം സായിപ്പിനെ തളർത്തി. എന്തെന്നില്ലാത്ത ഒരു പരവേശം അയാളെ പിടികൂടി. അവളെ താൻ ജീവന് തുല്യം സ്നേഹിക്കാൻ തുടങ്ങിയിരുന്നതായി കൈസറിനോട് പറഞ്ഞു. ഒരു വലിയ മുരൾച്ചയോടെ മുറ്റത്ത് അറിയാതെ എത്തിപ്പെട്ട ഒരു കൊടിച്ചിപ്പട്ടിയെ കടിച്ചോടിച്ച് കൈസർ തന്റെ സാമ്രാജ്യത്തിലേയ്ക്ക് ഊളിയിട്ടു.

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കൊഴിഞ്ഞു പോയി. വില്യം സായിപ്പ് ഒരു പ്രേതത്തെപ്പോലെ ജോലിയെടുത്തു. കൈസറുമായുള്ള ബന്ധത്തിന് പഴയ ഉറപ്പില്ലാത്തത് പോലെ അവർ തമ്മിലുള്ള സംഭാഷണങ്ങൾക്ക് ഇടിവുണ്ടായി. എപ്പോഴും അനുരയുടെ വടിവൊത്ത മുഖം മാത്രം മനസ്സിൽ ധ്യാനിച്ച് അയാൾ ജീവിക്കുന്നെന്ന് വരുത്തി. അങ്ങിനെയിരിക്കേ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോകുകയാണെന്ന ശ്രുതി പരക്കാൻ തുടങ്ങി. എത്തിച്ചേരാൻ പോകുന്ന സ്വാതന്ത്ര്യത്തിന്റെ അലകൾ രാജ്യമെമ്പാടും മറ്റൊലിയിടാൻ തുടങ്ങി.

ഒരു തരത്തിൽ വില്യം സായിപ്പിന് ആ വാർത്ത ആശ്വാസമായിരുന്നു. അനുരയുടെ ഓർമ്മകൾ ഉറങ്ങുന്ന ആ നാടും ബംഗ്ലാവും ഉപേക്ഷിച്ച് പോകാമല്ലോയെന്ന് അയാൾ കഠിനമെങ്കിലും ആസ്വാദ്യകരമായി ചിന്തിച്ചു. അപ്പോൾ ഒരു ദിവസം അയാളെത്തേടി ഒരു കത്ത് എത്തിച്ചേർന്നു. വൃത്തിയില്ലാത്ത കൈയ്യക്ഷരത്തിൽ എഴുതിയ ആ കത്തിന്റെ രത്നച്ചുരുക്കം ഇതായിരുന്നു : ഇന്ന് രാത്രി കാളീമന്ദിർ വരെ വരാൻ പറ്റുമെങ്കിൽ സന്തോഷം. ഞാൻ കാത്തിരിക്കും, അനുരാ മുഖർജി.
വർഷങ്ങൾക്ക് ശേഷം മഴ കണ്ടവനെപ്പോലെ വില്യം സായിപ്പ് തുള്ളിച്ചാടി. രാത്രിയൊന്നണയുവാനായി തുടി കൊണ്ടു. കൈസറിനെ വളരെ കാലത്തിന് ശേഷം കെട്ടിപ്പിടിച്ച് ചുംബിച്ചു. കൈസറാകട്ടെ, ഏതോ അക്രമിയുടെ സാന്നിധ്യം കണ്ടെത്തിയത് പോലെ മൂക്ക് വിടർത്തി മണം പിടിച്ചു.

രാത്രി കാളീമന്ദിരിൽ കാത്തിരുന്ന വില്യം സായിപ്പ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെ കടന്ന് പോയി. അനുരാ തന്റെ എല്ലാ സൌന്ദ്യവും പുറത്തെടുത്ത് ഒരു നാടൻ ബംഗാളി പെൺകുട്ടിയായി എത്തിച്ചേർന്നു. അവൾ ഒട്ടും മടിക്കാതെ അയാളോടുള്ള തന്റെ അനുരാഗം വെളിപ്പെടുത്തി.

‘ഇവിടെ ഈ കാട്ടിൽ വച്ച് സംസാരിക്കണോ? നമുക്ക് എന്റെ ബംഗ്ലാവിലേയ്ക്ക് പോകാം?’ അയാൾ ചോദിച്ചു.

‘ആഗ്രമില്ലാഞ്ഞിട്ടല്ല, പക്ഷേ ഞാൻ ഇപ്പോഴും നോട്ടപ്പുള്ളിയാണ്. സമരങ്ങൾ അവസാനിപ്പിച്ചുവെങ്കിലും പോലീസ് എന്നെ പിടികൂടിയാൽ കുഴപ്പമാകും’

‘അങ്ങിനെ പേടിക്കണ്ട, എന്റെ ബംഗ്ലാവ് സുരക്ഷിതമാണ്’

‘ശരി, ഞാൻ വരാം. നാളെ അർദ്ധരാത്രി 12 മണിയ്ക്ക് ഞാൻ ബംഗ്ലാവിന്റെ പിൻ വശത്തൂടെ വരാം’

അങ്ങിനെ തീരുമാനിച്ച് അവർ പിരിഞ്ഞു. 1947 ആഗസ്റ്റ് 13 നായിരുന്നു മേൽ‌പ്പറഞ്ഞ സംഭാഷണം ഉണ്ടായത്. അതിനടുത്ത ദിവസം അർദ്ധരാത്രി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയാണ്. ദേശമെങ്ങും മുദ്രാവാക്യങ്ങളും വിജയാഘോഷങ്ങളും പൊടിചിതറി. എത്രയും പെട്ടെന്ന് അനുരായേയും കൂട്ടി ഇംഗ്ലണ്ടിലേയ്ക്ക് പോകണമെന്ന് അയാൾ പദ്ധതിയിട്ടു. ബംഗ്ലാവിൽ തിരിച്ചെത്തിയപ്പോൾ കെട്ടിയിട്ട നിലയിലുള്ള കൈസർ രോഷാകുലനായി കുതറുന്നതാണ് കണ്ടത്. അന്ന് സന്ധ്യയ്ക്ക് ബംഗ്ലാവിലെ മൂന്ന് ജീവനക്കാരെ അകാരണമായി കടിച്ച് കുടഞ്ഞെന്ന് അറിയാൻ കഴിഞ്ഞു. കൈസറിനെ സമാധാനിപ്പിക്കാൻ അടുത്ത് ചെന്ന വില്യം സായിപ്പിനെ പകയോടെ നോക്കിയ കൈസർ പതിയെ ശാന്തനായി. കൈസറിന് പേ പിടിച്ചിരിക്കുമെന്ന അഭിപ്രായം അയാൾ തള്ളിക്കളഞ്ഞു. കെട്ടഴിച്ച് വിട്ടപ്പോൾ ഒന്നും സംഭവിക്കാത്തത് പോലെ കൈസർ മുറ്റത്ത് കൂനിക്കൂടിക്കിടന്നു.

1947 ആഗസ്റ്റ് 14 അർദ്ധരാത്രി. ആഘോഷമുഖരിതമായ അന്തരീക്ഷം. രാത്രി കൃത്യം 12 മണിയ്ക്ക് രാജ്യം ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വതന്ത്രമാകുകയാണ്. വില്യം സായിപ്പാകട്ടെ അതിനേക്കാൾ ആഹ്ലാദത്തിൽ അനുരായേയും കാത്തിരുന്നു. ബംഗ്ലാവിലെ ജോലിക്കാരെല്ലാം ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയിരിക്കുന്നത് നന്നായെന്ന് അയാൾ കരുതി. കൈസർ ഒരു ഇറച്ചിക്കഷ്ണത്തിൽ പല്ലുകളാഴ്ത്തിക്കൊണ്ടിരുന്നു. പിന്നീട് ആ ശ്രമം ഉപേക്ഷിച്ച് തൊടിയിലേയ്ക്ക് മുങ്ങാങ്കുഴിയിട്ടു.

ബംഗ്ലാവിന്റെ വെളിച്ചം മാത്രമുള്ള യാമം. വിശാലമായ തൊടിയിൽ ഇരുട്ട് കനത്തു. വില്യം സായിപ്പ് കൈസറിനെ വിളിച്ചു. പ്രതികരണമൊന്നുമുണ്ടായില്ല. അയാൾ ടോർച്ച് എടുത്ത് പുറത്തിറങ്ങി. അനുരാ വരാമെന്ന് പറഞ്ഞിരുന്ന ദിക്കിലേയ്ക്ക് നടന്നു. അവിടെ കണ്ട കാഴ്ച അയാളുടെ രക്തം വറ്റിച്ചു. അനുരായുടെ കഴുത്തിൽ കടിച്ച് കുടയുന്ന കൈസർ. ജീവന്റെ അവസാനതുള്ളിയും ഉപേക്ഷിക്കാൻ തുടങ്ങുന്ന അവൾ.

‘കൈസർ’ അയാൾ അലറി.

അനുരായുടെ കഴുത്തിൽ നിന്നും കടി വിട്ട് കൈസർ കുരച്ച് ചാടി. വില്യം സായിപ്പിനെ മുരണ്ട് നോക്കിയിട്ട് ഇരുട്ടിലേയ്ക്ക് ഓടിപ്പോയി. ഹൃദയതാളം വീണ്ടെടുത്തപ്പോൾ അയാൾ അവളുടെ അടുത്തേയ്ക്ക് പാഞ്ഞു. കഴുത്തിൽ നിന്നും ചോര വാർന്ന് അവളുടെ ജീവൻ വിട പറഞ്ഞിരുന്നു. അപ്പോഴേയ്ക്കും ഔദ്യോഗികമായി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിരുന്നു.

രണ്ട്


പതിറ്റാണ്ടുകൾ കടന്ന് പോയി. ഒരുപാട് തവണ സ്വാതന്ത്ര്യദിനങ്ങൾ ആഘോഷിക്കപ്പെട്ടു. ചരിത്രം ചരിത്രമായി നിലകൊള്ളുന്ന അങ്ങിനെയൊരു ആഗസ്റ്റ് 15 ദിവസം ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തിലെ ഒരു കൊച്ചുഗ്രാമത്തിൽ ഇരുട്ട് പടരുന്ന നേരം വേലായുധൻ എന്ന ചെറുപ്പക്കാരൻ ഒരു വരമ്പ് മുറിച്ച് കടക്കുകയായിരുന്നു. വേലായുധന്റെ യാത്രയിലേയ്ക്ക് കടക്കുന്നതിന് മുമ്പ് അല്പം ഫ്ലാഷ് ബാക്ക്.

തൊഴിൽ കൊണ്ട് ആശാരിയാണെങ്കിലും വേലായുധൻ ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയായിരുന്നു. സർവ്വസമ്മതൻ, ഉശിരുള്ള ചെറുപ്പക്കാരൻ, എല്ലാവരുടേയും കണ്ണിലുണ്ണി. അന്ന് ഞാ‍യറാഴ്ചയായതിനാൽ പണിയ്ക്ക് പോയില്ല വേലു എന്ന വേലായുധൻ. അവധിദിവസങ്ങൾ മറ്റ് ചെറുപ്പക്കാരെപ്പോലെ സിനിമയ്ക്ക് പോയും, കള്ള് കുടിച്ചും, ചീട്ട് കളിച്ചും ചിലവഴിക്കാൻ വേലായുധൻ തയ്യാറല്ലായിരുന്നു. നാട്ടിലെ സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കെടുക്കാനായിരുന്നു അയാൾക്ക് താല്പര്യം.

പക്ഷേ ആ ഞായറാഴ്ച ദിവസത്തെ പോക്ക് രാഷ്ട്രീയനേതാവും, യുവജനസംഘടനയുടെ ഭാരവാഹിയുമായ പൊന്നപ്പൻ ചേട്ടന്റെ വീട്ടിലേയ്ക്കായിരുന്നു. അദ്ദേഹത്തിന്റെ മാളികയുടെ മോന്തായത്തിൽ ചിതലരിക്കുന്നതായി വേലുവിനോട് അന്നൊരു ദിവസം പൊന്നപ്പൻ ചേട്ടൻ അറിയിച്ചിരുന്നു. അതൊന്ന് നോക്കുകയും വേണം മറ്റ് ചില കാര്യങ്ങൾ സംസാരിക്കുകയും വേണം എന്നൊക്കെ കരുതി ഇറങ്ങിയതായിരുന്നു വേലു.

മാളികയിൽ പൊന്നപ്പൻ ചേട്ടനുണ്ടായിരുന്നു. വേലുവിനെ സ്വാഗതം ചെയ്ത് അകത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി മോന്തായത്തിൽ ചിതലുണ്ടാകാനിടയുള്ള ഭാഗം കാണിച്ചു കൊടുത്തു. വേലു മുണ്ട് താറുപാച്ചി മോന്തായത്തിലേയ്ക്ക് വലിഞ്ഞു കയറി. അപ്പോഴേയ്ക്കും ആരോ കാണാൻ വന്നിട്ടുള്ളതിനാൽ പൊന്നപ്പൻ ചേട്ടൻ ഉമ്മറത്തേയ്ക്ക് പോയി. രണ്ടര നൂറ്റാണ്ട് മുമ്പ് മരത്തടിയിൽ കൊത്തിയെടുത്ത ശില്പം തന്നെയായിരുന്നു മോന്തായം. കാലപ്പഴക്കവും അറ്റകുറ്റപ്പണികളുടെ അഭാവവും പരുക്കേൽ‌പ്പിച്ചിട്ടുണ്ടെന്ന് വേലുവിന് മനസ്സിലായി. കൂടുതൽ വിശദമായ പരിശോധനയ്ക്കായി ഏതാനും ഓടുകൾ ഇളക്കി മാറ്റുന്നതിനിടയിലാണ് വേലു അത് കണ്ടത്. അതിസുന്ദരിയായ ഒരു യുവതി കട്ടിലിൽ മലർന്ന് കിടന്ന് പകൽക്കിനാവുകളിൽ മുഴുകുന്ന കാഴ്ച. വേലുവിന്റെ ഹൃദയം ഏതാനും നിമിഷങ്ങളിലേയ്ക്ക് നിലച്ചു പോയി. പൊന്നപ്പൻ ചേട്ടന്റെ വീട്ടിൽ ഇങ്ങനെയൊരു മാൻ കിടാവുള്ള കാര്യം വേലുവിന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാൽ ചരിത്രപരമായ അബദ്ധമായിരിക്കും. പിന്നീട് വേലു അറിയാനിടയായത് പോലെ പൊന്നപ്പൻ ചേട്ടന്റെ പെങ്ങളുടെ മകളായ അനുരാധയായിരുന്നു അത്. ചങ്ങനാശ്ശേരിക്കാരിയായ അവൾ പാലക്കാട്ടെ അമ്മാവന്റെ വീട്ടിൽ താമസിച്ച് പഠിക്കാനായി എത്തിയിരിക്കുന്നതാണ്.

ഓടുകൾ ഇളക്കി മാറ്റിയ വിടവിലൂടെ ഒരു സുന്ദരൻ തന്നെ എത്തി നോക്കുന്നത് കണ്ട് അവൾ പുളകത്തോടെ പുഞ്ചിരിച്ചു. അത്രയും മതിയായിരുന്നു വേലുവിന്റെ ഹൃദയം അവൾക്ക് വേണ്ടി മിടിക്കാൻ തുടങ്ങാൻ.

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്ന് പോയി. കോളേജിൽ പോകുന്ന നേരത്തും തിരികെ വരുന്ന നേരത്തും വഴിയിലെവിടെയെങ്കിലും വേലുവിന്റെ സാന്നിധ്യം ഉണ്ടാകുന്നത് അവൾ ശ്രദ്ധിക്കാതിരുന്നില്ല. നല്ലവാക്കുകൾ കേട്ട് കേട്ട് അവൾക്കും വേലുവിനെ ഇഷ്ടമായിത്തുടങ്ങി എന്ന് പറഞ്ഞാലും തെറ്റില്ല.

ഒരു ദിവസം വേലുവിനെത്തേടി ഒരു കത്ത് വന്നു. വടിവൊത്ത കൈയ്യക്ഷരത്തിൽ എഴുതിയിരുന്ന ആ കത്തിന്റെ രത്നച്ചുരുക്കം ഇതായിരുന്നു: ഒന്ന് കാണണം, രാത്രി മുത്തിക്കാവിന്റെ അവിടെ വരുക – അനുരാധ.

രാത്രി മുത്തിക്കാവിന്റെയരികിൽ കാത്തിരുന്ന വേലു തന്റെ ജീവിതത്തിലെ സുവർണ്ണ നിമിഷങ്ങളിലൂടെ കടന്ന് പോയി. അനുരാധ തന്റെ എല്ലാ സൌന്ദ്യവും പുറത്തെടുത്ത് ഒരു നാടൻ മലയാളി പെൺകുട്ടിയായി എത്തിച്ചേർന്നു. അവൾ ഒട്ടും മടിക്കാതെ അയാളോടുള്ള തന്റെ അനുരാഗം വെളിപ്പെടുത്തി.

‘ഇവിടെ ഈ കാട്ടിൽ വച്ച് സംസാരിക്കണോ? വേറേ എവിടേയ്ക്കെങ്കിലും പോകാം?’ അയാൾ ചോദിച്ചു.

‘ആഗ്രമില്ലാഞ്ഞിട്ടല്ല, പക്ഷേ വഴിയിൽ ആളുകൾ ഉണ്ടാവില്ലേ? കുഴപ്പമാവില്ലേ?’

‘അത് പ്രശ്നമാണ്. എന്റെ വീട്ടിലേയ്ക്ക് പോയാലോ? അവിടെ ആരുമില്ല’

‘അതൊക്കെ കുഴപ്പമാകും. ഞാനൊരു പെൺകുട്ടിയല്ലേ ആരെങ്കിലും കണ്ടാൽ… ഒരു കാര്യം ചെയ്യ്, നാളെ രാത്രി 12 മണിയ്ക്ക് മാളികയുടെ പിൻ വശത്തൂടെ വന്നാൽ മതി. അമ്മാവനും അമ്മായിയും കോട്ടയത്തേയ്ക്ക് പോയിരിക്കുകയാണ്. പിന്നിലെ വാതിൽ തുറന്നിടാം’

അങ്ങിനെ തീരുമാനിച്ച് അവർ പിരിഞ്ഞു. 2013 ആഗസ്റ്റ് 14 നായിരുന്നു മേൽ‌പ്പറഞ്ഞ സംഭാഷണം ഉണ്ടായത്. അതിനടുത്ത ദിവസം സ്വാ‍തന്ത്ര്യദിനം പ്രമാണിച്ച് നാടെങ്ങും ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തിലായിരുന്നു. ഇനി കഥയിലേയ്ക്ക്…

വരമ്പുകൾ കടന്ന് വേലു നടന്നു. ഇനി ഒരു കോളനിയാണ്. അതിലൂടെയുള്ള യാത്ര തന്റെ ലക്ഷ്യത്തിന് തടസ്സമുണ്ടാക്കുമെന്ന് അയാൾ ഭയന്നു. നിറയെ പരിചയക്കാരാണ് അവിടെ. എന്നാലും ഈ അസമയത്ത് ആരും ഉണർന്നിരിക്കുന്നുണ്ടാവില്ലെന്ന ധൈര്യത്തിൽ മുന്നോട്ട് തന്നെ നടന്നു.

ഇരുട്ടിൽ മാളികയിലെ വിളക്കുകൾ തെളിഞ്ഞ് കാണാമായിരുന്നു. തുടിയ്ക്കുന്ന ഹൃദയത്തോടെ അയാൾ മതിൽ ചാടി. എത്രത്തോളം ആദർശം നിറഞ്ഞ ഹൃദയമായാലും ചോദനകൾ മനുഷ്യനെ മനുഷ്യനാക്കുമെന്നത് എത്ര ശരി. എങ്ങാനും പിടിക്കപ്പെട്ടാൻ തന്റെ പ്രതിച്ഛായ എന്നെന്നേയ്ക്കുമായി ഇല്ലാതാകും എന്നറിഞ്ഞിട്ടും ഈ സാഹസത്തിന് അയാൾ മുതിർന്നതിന് ഒരേയൊരു പേരേയുള്ളൂ: പ്രണയം.

ഇരുട്ടിൽ തപ്പിത്തടഞ്ഞ് ശബ്ദമുണ്ടാക്കാതെ അയാൾ മാളികയുടെ പിൻ ഭാഗത്തെത്തി. അവിടത്തെ വിളക്കുകൾ കെടുത്തിയിരുന്നു. അനുരാധയുടെ ബുദ്ധിയെക്കുറിച്ചോർത്ത് വേലായുധൻ സന്തോഷിച്ചു. മാളികയുടെ മുക്കും മൂലയും കാണാപ്പാഠമായിരുന്ന ആ‍യാൾക്ക് പ്രയാസം കൂടാതെ തന്നെ വാതിൽ കണ്ടെത്താൻ കഴിഞ്ഞു. വാതിലിന്റെ ഒരു പാളി തുറന്ന് പതുക്കെ അകത്തേയ്ക്ക് പ്രവേശിച്ചു. നീണ്ട ഇടനാഴികൾക്കിടയിലെ ഏത് മുറിയിലാണ് അവളെ പ്രതീക്ഷിക്കാവുന്നതെന്ന് ആലോചിക്കുന്നതിനിടയിൽ ഒരു മുരൾച്ചയിൽ അയാൾ ഉണർന്നു.

അരണ്ട വെളിച്ചത്തിൽ തിളങ്ങുന്ന കണ്ണുകളുമായി നിൽക്കുന്ന ഒരു കാളക്കൂറ്റന്റെ വലുപ്പമുള്ള പട്ടിയായിരുന്നു അത്. പൊന്നപ്പൻ ചേട്ടൻ എപ്പോഴാണ് പട്ടിയെ വാങ്ങിയതെന്ന് ആലോചിക്കുമ്പോഴേയ്ക്കും നാടിനെ കുലുക്കുന്ന കുരയുമായി അത് വേലുവിന്റെ നേരെ ചാടി.

അനുബന്ധം:

ചരിത്രത്തിലെ രേഖപ്പെടുത്താതെ പോയ വിവരങ്ങൾക്ക് ചിലപ്പോൾ കേട്ടറിഞ്ഞതിനേക്കാൾ സത്യങ്ങൾ വിളിച്ച് പറയാനുണ്ടാകും. അത്തരമൊരു വിഷമഘട്ടത്തിലാണിപ്പോൾ വേലുവിന്റെ കഥ അവസാനിക്കുന്നത്. സ്വാതന്ത്ര്യദിനം ആഘോഷിച്ച് കഴിഞ്ഞ് ഗ്രാമം ഉണരുമ്പോൾ കാത്തിരിക്കുന്നത് എന്തായിരിക്കുമെന്നത് ഇപ്പോൾ ഊഹിക്കാൻ പറ്റില്ല. ജയ് ഹിന്ദ്.
                                                                         
                                                         - മാധ്യമം വാരിക, ജൂൺ 20.

കൈസർ കൈസർ Reviewed by Jayesh/ജയേഷ് on June 19, 2016 Rating: 5

3 comments:

  1. ഇത് പുനർജന്മത്തിന്റെ കഥയാണോ?

    ReplyDelete
  2. എങ്ങിനെ വായിക്കുന്നുവോ അങ്ങിനെ.

    ReplyDelete
  3. "അനേകന്‍ " സില്‍മ പോലിണ്ട് .

    ReplyDelete