ജീവിതം സിനിമയിലേയ്ക്ക് ചേക്കേറുമ്പോൾമെക്സിക്കൻ സിനിമാരംഗത്തെ പ്രമുഖനായ കാർലോസ് റേയ്ഗഡാസ് തന്റെ സിനിമകളിൽ കൂടുതലും അഭിനയവുമായി വലിയ ബന്ധമൊന്നുമില്ലാത്തവരേയാണ് ഉപയോഗിക്കാറുള്ളത്. പ്രൊഫഷണലുകളല്ലാത്ത നടീനടന്മാർ അതുകൊണ്ട് തന്നെ കാർലോസിന്റെ സിനിമകൾക്ക് പരുക്കനെങ്കിലും യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്ന അനുഭവം നൽകാൻ സഹായിക്കാറുണ്ടെന്ന് തോന്നുന്നു. റോ (raw) ആയ അഭിനേതാക്കളും അത്ര തന്നെ മെരുക്കമില്ലാത്ത ഭൂപ്രകൃതിയും ചേർന്ന്, സിനിമയുടെ അന്തസത്തയ്ക്ക് കടുത്ത നിറം കൊടുക്കുന്നു. റേയ്ഗഡാസ് വലിയ കഥകളൊന്നും സിനിമയിലൂടെ പറയാറില്ല, പക്ഷേ പ്രേക്ഷകർക്ക് അനുഭവിക്കാനാവുന്നത് ജീവിതത്തിലെ തന്നെ ആഴം നിറഞ്ഞ ചോദ്യങ്ങളും പദപ്രശ്നങ്ങളുമാണ്. ഒരുപക്ഷേ, പരിശീലനം ലഭിച്ചവരോ, പ്രതിഭാധനരോ ആയ അഭിനേതാക്കൾ ആയിരുന്നെങ്കിൽ ആ കഥാപാത്രങ്ങൾക്ക് ഇത്ര യാഥാർഥ്യത്തോടെ പെരുമാറാൻ കഴിയുമായിരുന്നോ എന്ന് സംശയമാണ്. ചിന്തേരിട്ട അഭിനയത്തേക്കാൾ ചിലപ്പോൾ ഫലം ചെയ്യുക പരുക്കൻ അരികുകളുള്ള വെറും സാന്നിദ്ധ്യങ്ങളായിരിക്കും.


റേയ്ഗഡാസിന്റെ സിനിമകളിലെ അഭിനേതാക്കളെപ്പറ്റി തിരഞ്ഞാൽ ചിലപ്പോൾ അധികം വിവരങ്ങളൊന്നും കിട്ടാനിടയില്ല. മിക്കവാറും രണ്ടോ മൂന്നോ സിനിമകളിലൊക്കെയേ അവരെ കാണാൻ കിട്ടൂ. പക്ഷേ, അഭിനയിച്ച കുറച്ച് സിനിമകൾ അവരെ ലോകസിനിമയിലെ എന്നും ഓർക്കപ്പെടുന്ന കഥാപാത്രങ്ങൾ ആക്കി മാറ്റുന്നു. റേയ്ഗഡാസിനെപ്പോലെയുള്ള സംവിധായകരുടെ കൈയ്യിലെത്തുമ്പോൾ അവർക്ക് തിളക്കം വയ്ക്കുന്നു.

റേയ്ഗഡാസിനെ ഒരു സംവിധായകൻ എന്ന നിലയിൽ പ്രശസ്തനാക്കിയ സിനിമയാണ് 2002 ഇൽ ഇറങ്ങിയ ജപോൺ. ഒട്ടേറെ പുരസ്കാരങ്ങൾ ജപോൺ നേടി. അതിലെ പ്രധാന കഥാപാത്രമായ ‘പേരില്ലാത്ത ചിത്രകാരനെ’ അവതരിപ്പിച്ചത് മെക്സിക്കോക്കാരനായ അലജാൻഡ്രോ ഫെറെറ്റിസ് ആണ്. സിനിമയിലെ ഒരു പ്രൊഡക്ഷൻ ജോലിക്കാരൻ മാത്രമായിരുന്ന ഫെറെറ്റിസ് അദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നത് ജപോണിലൂടെയാണ്. ജപോണിലെ അഭിനയത്തിന് അദ്ദേഹം നിരൂപകപ്രശംസയും പുരസ്കാരങ്ങളും നേടുകയുമുണ്ടായി. ദു:ഖകരം എന്ന് പറയട്ടെ, ജപോൺ അദ്ദേഹം അഭിനയിച്ച അവസാനത്തേയും സിനിമയായിരുന്നു. മെക്സിക്കോയിലെ തന്റെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു ഫെറെറ്റിസ്.
സ്വന്തം മരണത്തിനെത്തേടി ഒരു കുഗ്രാമത്തിലെത്തുന്ന ചിത്രകാരനായിട്ടാണ് ജപോണിൽ ഫെറെറ്റിസ് പ്രത്യക്ഷപ്പെടുന്നത്. മരണം പോലെത്തന്നെ ഏകാന്തവും ക്രൂരവുമാണ് അയാളെത്തിപ്പെടുന്ന ഗ്രാമം. ഫെറെറ്റിസ് അന്വേഷിക്കുന്നത് ആ ഗ്രാമത്തിൽ കണ്ടെത്തിയെന്ന് തോന്നും. തന്റെ പോളിയോ ബാധിച്ച് ഞൊണ്ടലുള്ള കാലും സിനിമയിലെത്തിച്ച് ഫെറെറ്റിസ് തീരുമാനിച്ചത് എന്തായിരിക്കും?

ജീവിതം സിനിമയിലേയ്ക്ക് ചേക്കേറുമ്പോൾ ജീവിതം സിനിമയിലേയ്ക്ക് ചേക്കേറുമ്പോൾ Reviewed by Jayesh/ജയേഷ് on August 27, 2016 Rating: 5