സവർക്കറും നവ-ഉദാരവൽക്കരണവും ചേർത്തരച്ചതാണ് മോദി: പങ്കജ് മിശ്ര


ഇന്ത്യയെ ഹിന്ദുരാഷ്ട്രം എന്ന സങ്കൽപ്പത്തിൽ തളച്ചിട്ട്, മുസ്ലീംങ്ങളേയും ദളിതരേയും പീഢിപ്പിക്കുന്ന രീതിയിലേയ്ക്കാണു നിലവിലെ രാഷ്ട്രീയ/സാംസ്കാരിക പ്രവർത്തനങ്ങൾ നീങ്ങുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ നവോത്ഥാന ചിന്തകൾ കൊണ്ടുവന്ന കുതിപ്പിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന തരത്തിലാണ് ഇന്നത്തെ ചിന്തകളുടെ രൂപം കൊള്ളൽ. പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പങ്കജ് മിശ്ര തന്റെ പുതിയ പുസ്തകമായ ഏജ് ഓഫ് ആങ്കർ: എ ഹിസ്റ്ററി ഓഫ് ദ പ്രസന്റിൽ വിചാരണയ്ക്കെടുക്കുന്നതും ഈ വിഷയം തന്നെയാണ്.

മനുഷ്യൻ മതത്തിന്റെ പിടിയിലേയ്ക്കു തിരിച്ചു പോകുന്നതു 19 ആം നൂറ്റാണ്ടിൽ ആണെന്നു അദ്ദേഹം പറയുന്നു. മനുഷ്യൻ ചപലവും ദുർബലവുമായ ജീവിയാണെന്നും നിലനിൽപ്പിനായി ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം ആവശ്യമാണെന്നുമുള്ള ചിന്തകൾ ഉയർന്നു വന്നു. പാരമ്പര്യവും മതവും പോലെയുള്ളവയ്ക്കു പ്രാധാന്യം കിട്ടിത്തുടങ്ങുന്നതു അപ്പോൾ മുതലാണെന്നും മിശ്ര പറയുന്നു.

ഈ മാറ്റം ഹിന്ദുരാഷ്ട്രം എന്ന സങ്കൽപ്പത്തിലേയ്ക്കു ഇന്ത്യ നീങ്ങിയതുമായി ബന്ധപ്പെടുത്തുന്നുണ്ട്. യുക്തിവാദിയെന്നും പുരോഗമനവാദിയെന്നും കണക്കാക്കപ്പെടുന്ന സവർക്കറിനെയാണ് മിശ്ര ഉദാഹരണമായി പറയുന്നത്. സവർക്കർ നവോത്ഥാനത്തിന്റെ ഉൽപ്പന്നം ആണെങ്കിലും യൂറോപ്യൻ ദേശീയവാദത്തിന്റെ പാതയാണു പിന്തുടർന്നിട്ടുള്ളത്. ഒരേ രീതിയിൽ ചിന്തിക്കുന്ന മനുഷ്യരുടെ സമൂഹം അദ്ദേഹം സ്വപ്നം കണ്ടു. ഭൂതകാലത്തിന്റെ, പാരമ്പര്യത്തിന്റെ, അകമ്പടിയോടെയുള്ള വർത്തമാനകാലമായിരുന്നു സവർക്കറിന്റെ രാഷ്ട്രീയത്തിന്റെ അടിത്തറ. ജർമ്മനിയിലും ഇറ്റലിയിലും സംഭവിച്ചതു പോലെ ദേശീയതയിൽ ഊന്നിയ രാഷ്ട്രീയത്തിൽ സവർക്കറും എത്തിപ്പെട്ടു.

നരേന്ദ്ര മോദിയുടെ കാര്യത്തിൽ മിശ്രയുടെ കാഴ്ചപ്പാട് സവർക്കറുടേതുമായി ചേർത്തു വയ്ക്കുന്നതാണ്. സവർക്കറുടെ പാത പിന്തുടരുന്നതിനോടൊപ്പം സമകാലീനമായ നവ-ഉദാരവൽക്കരണത്തിന്റെ വക്താവ് കൂടിയാകുകയാണു മോദിയെന്ന് മിശ്ര പറയുന്നു. ഒന്നുമില്ലായ്മയിൽ നിന്നും വളർന്നു വന്ന നേതാവ് എന്ന ബിംബം ആയിട്ടാണു മോദി സ്വയം കാഴ്ചവയ്ക്കാൻ ശ്രമിക്കുന്നത്. ചായക്കടക്കാരന്റെ മകൻ എല്ലാ പ്രതിബന്ധങ്ങളേയും നേരിട്ട് രാജ്യത്തിന്റെ പ്രധാനമന്ത്രിയായ വീരകഥ.


അങ്ങിനെയൊരു കഥ മുന്നോട്ട് വച്ച് അതേ പാതയിൽ സഞ്ചരിക്കാൻ മോദി അനുയായികളോട് ആഹ്വാനം ചെയ്യുന്നു. അങ്ങിനെ വരുമ്പോൾ മോദി ഒരു ഹിന്ദു ദേശീയവാദി മാത്രമല്ല, കഴിഞ്ഞ 30 വർഷങ്ങളിലെ പ്രത്യയശാസ്ത്രത്തിനൊപ്പം നീങ്ങുന്ന ഒരാൾ കൂടിയാകുന്നു. വ്യക്തിപരതയ്ക്കു പ്രാധാന്യം നൽകിയുള്ള പ്രത്യയശാസ്ത്രമാണു മോദിയുടേതെന്നു മിശ്ര പറയുന്നു.

നാരദാ ന്യൂസിൽ എഴുതിയത്

Buy Age of Anger: A History of the Present

സവർക്കറും നവ-ഉദാരവൽക്കരണവും ചേർത്തരച്ചതാണ് മോദി: പങ്കജ് മിശ്ര സവർക്കറും നവ-ഉദാരവൽക്കരണവും ചേർത്തരച്ചതാണ് മോദി: പങ്കജ് മിശ്ര Reviewed by Jayesh/ജയേഷ് on December 06, 2017 Rating: 5

No comments: